X

സ്ഥാന മോഹിയല്ലാത്ത വിശുദ്ധ ഉമ്മന്‍ചാണ്ടിയും പിന്നെ വി എസ്സും

കെ എ ആന്റണി

ഉമ്മന്‍ചാണ്ടിയുടെ കാര്യത്തില്‍ തീരുമാനമായെന്ന് പറയാനായിട്ടില്ല. പ്രതിപക്ഷ നേതൃസ്ഥാനം തൃജിച്ച അല്ലെങ്കില്‍ ത്യജിക്കാന്‍ നിര്‍ബന്ധിതനായ ഒസിയെ യുഡിഎഫ് ചെയര്‍മാനാക്കാനുള്ള കേരളത്തിലെ ശ്രമങ്ങളെല്ലാം പാളിയെന്നു വേണം കരുതാന്‍. ഒസി ഒഴിഞ്ഞുമാറല്‍ തന്ത്രം തുടരുന്നതിനാല്‍ ഇനിയെല്ലാം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നാണ് പുതിയ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട രമേശ് ചെന്നിത്തല പറയുന്നത്.

നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും യുഡിഎഫിനും ഏറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് ഒസി പ്രതിപക്ഷ നേതൃസ്ഥാനം ത്യജിച്ചത് എന്നാണ് വെയ്പ്പ്. തെരഞ്ഞെടുപ്പില്‍ എ വിഭാഗത്തിന് കിട്ടിയതിനേക്കാള്‍ അധികം സീറ്റ് ലഭിച്ച ഐ വിഭാഗം ഒസിക്കു പകരം ചെന്നിത്തലയെ വാഴിക്കാന്‍ കരുനീക്കം നടത്തുന്നതിന് ഇടയിലായിരുന്നു പ്രതിപക്ഷ സ്ഥാനം ത്യജിക്കാനുള്ള തീരുമാനം എന്നതിനാല്‍ കാര്യങ്ങള്‍ അധികം വഷളാകാതെ കഴിഞ്ഞു. കോണ്‍ഗ്രസ് മുന്നണി തോറ്റമ്പിയെങ്കിലും ഇതൊന്നും തന്റെ കുറ്റം കൊണ്ടല്ലെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സുധീരന്‍. അതുകൊണ്ട് തന്നെ കേരളത്തില്‍ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഹൈക്കമാന്‍ഡ് പറയാതെ അദ്ദേഹം കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്ന് ആരും കരുതുന്നില്ല.

യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം തനിക്കുവേണ്ടെന്ന് ഉമ്മന്‍ചാണ്ടി കട്ടായം പറഞ്ഞിട്ടൊന്നുമില്ലെന്നാണ് കേള്‍ക്കുന്നത്. ആ പദവി ഏറ്റെടുക്കുന്നതിനോട് പൂര്‍ണ യോജിപ്പില്ല. അത്രയേയുള്ളൂ. എന്നുവച്ചാല്‍ അരസമ്മതം ഉണ്ടെന്ന്. സമ്മതം അരയായാലും പൂര്‍ണ്ണമായാലും ഏതാണ്ട് ഒന്നുപോലെയാണ്.

ഒസിയുടെ ലക്ഷ്യം കെപിസിസി പ്രസിഡന്റ് പദവിയാണെന്ന് ഒരു ശ്രുതിയുണ്ട്. മുഖ്യമന്ത്രിയായിരുന്നയാള്‍ പ്രതിപക്ഷത്ത് എത്തുമ്പോള്‍ പ്രതിപക്ഷ നേതാവ് ആകലാണ് പതിവ്. സ്വമേധയാ ആ സ്ഥാനം വേണ്ടെന്ന് വച്ചപ്പോള്‍ ആരും വല്ലാതങ്ങട് നിര്‍ബന്ധിച്ചുമില്ല. അതുകൊണ്ട് അദ്ദേഹം തന്നെ ചെന്നിത്തലയുടെ പേര് നിര്‍ദ്ദേശിച്ച് സ്വയം വിശുദ്ധനായി.

തോല്‍വിയുടെ ഉത്തരവാദിത്വം അല്‍പമെങ്കിലും ചെന്നിത്തല ഏറ്റെടുക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. സുധീരന് ആണെങ്കില്‍ ഒന്നും അറിഞ്ഞ ഭാവം തന്നെയില്ല. തെരഞ്ഞെടുപ്പില്‍ പരാജയം വിലയിരുത്താന്‍ വിളിച്ചു ചേര്‍ത്ത കെപിസിസി ക്യാമ്പില്‍ വിമര്‍ശനങ്ങള്‍ ഏറെയുണ്ടായെങ്കിലും അങ്ങനെ സംഭവിച്ചുവെന്നത് വെറും ദുഷ്പ്രചാരണമാണെന്ന് സുധീരന്‍ സധൈര്യം ആവര്‍ത്തിക്കുന്നു.

ഉമ്മന്‍ചാണ്ടിയുടെ നോട്ടം കെപിസിസി അധ്യക്ഷ പദവിയിലാണെന്ന് കോണ്‍ഗ്രസ് ഉപശാലകളില്‍ സംസാരമുണ്ട്. നിയമസഭ തെരഞ്ഞെടുപ്പോടെ എ ഗ്രൂപ്പ് കൂടുതല്‍ ദുര്‍ബലമായിരിക്കുന്നു. കണ്ണൂരില്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ചിരുന്ന യുവനേതാവ് സതീശന്‍ പാച്ചേനി തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഐയിലേക്ക് കൂറുമാറി. ഒരു സീറ്റിനുവേണ്ടിയായിരുന്നു കൂറുമാറ്റം. സീറ്റ് കിട്ടിയെങ്കിലും വിജയിക്കാനായില്ലെന്നത് വേറെ കാര്യം.

ദുര്‍ബലമായ എ വിഭാഗത്തിന് പഴയ പ്രതാപം വീണ്ടെടുക്കാന്‍ കഴിയണമെങ്കില്‍ ഉമ്മന്‍ചാണ്ടി യുഡിഎഫ് അധ്യക്ഷന്‍ ആയതു കൊണ്ട് കാര്യമില്ല. കെപിസിസി അധ്യക്ഷന്‍ തന്നെയാകണം. ഒസിയുടേയും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടേയും ഉള്ളിലിരിപ്പ് ഇതുതന്നെയാണ്.

സ്ഥാനമാനങ്ങള്‍ വേണ്ടെന്ന് പറഞ്ഞ് ഉമ്മന്‍ചാണ്ടി വിശുദ്ധ വേഷം കെട്ടിയാടുമ്പോള്‍ ഏറെ കുണ്ഠിതനായി മറ്റൊരാള്‍ സിപിഐഎമ്മില്‍ കാത്തിരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പു വേളയില്‍ തന്നെ ആവശ്യത്തിലേറെ ഉപയോഗിച്ചിട്ട് ഒടുവില്‍ കറിവേപ്പില പോലെ ഉപേക്ഷിച്ചതിലാണ് വിഎസിന് സങ്കടം. മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിച്ചിരുന്നുവെങ്കിലും അത് ലഭിച്ചില്ല. വാഗ്ദാനം ചെയ്യപ്പെട്ട കാബിനറ്റ് റാങ്കോടുകൂടിയാണ് ഉപദേഷ്ടാവ് സ്ഥാനവും എല്‍ഡിഎഫ് ചെയര്‍മാന്‍ പദവിയോ ഇനിയും കിട്ടിയിട്ടില്ല. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പാര്‍ട്ടിയിലും കാബിനറ്റിലും ഉണ്ടായെങ്കിലും എല്ലാം എല്‍ഡിഎഫിന് വിട്ടിരിക്കുകയാണ്. ഇനി എല്‍ഡിഎഫ് യോഗം എന്ന് എന്നറിയാതെയുള്ള കാത്തിരിപ്പിലാണ് അച്യുതാനന്ദന്‍.

ഉമ്മന്‍ചാണ്ടിയെ പോലെ വിശുദ്ധ വേഷം കെട്ടാനൊന്നും വിഎസ് തയ്യാറാകില്ല. ഇതിന്റെ സൂചന തന്നെയാണ് അതിരപ്പിള്ളി, മുല്ലപ്പെരിയാര്‍ വിഷയങ്ങളില്‍ പിണറായി വിജയന്‍ നടത്തിയ പ്രസ്താവനയ്ക്ക് എതിരെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കും കേന്ദ്ര നേതൃത്വത്തിന് കത്തയച്ചത്. പഴയ മട്ടില്‍ പരസ്യ പ്രസ്താവനയ്ക്ക് മുതിര്‍ന്നില്ലെന്ന് മാത്രം. വരാനിരിക്കുന്ന കൊടുങ്കാറ്റിന്റെ സൂചനയായി വേണം ഇതിനെ കാണാന്‍. പരസ്യ പ്രസ്താവന നടത്തി കിട്ടാനുള്ള സ്ഥാനമാനങ്ങള്‍ നഷ്ടപ്പെടുത്താന്‍ വിഎസ് ഒരുക്കമല്ല. പറഞ്ഞതും ആഗ്രഹിച്ചതും ലഭിച്ചില്ലെങ്കില്‍ അതിനും അദ്ദേഹം തയ്യാറാകുമെന്നു വേണം കരുതാന്‍.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

This post was last modified on June 9, 2016 10:39 am