X

വഴി മുട്ടിയ ഉമ്മന്‍ ചാണ്ടിയ്ക്ക് ഇനി ആര് വഴി കാട്ടും?

ഡി. ധനസുമോദ്

അരുവിക്കര ഉപതെരഞ്ഞെടുപ്പ് ചൂട് പിടിക്കുന്ന സമയം. മുന്‍ മന്ത്രിയും തിരുവനന്തപുരത്തെ സിപിഎമ്മിന്റെ സൗമ്യമുഖവുമായ എം.വിജയകുമാറിനെ രാഷ്ട്രീയ പരിചയമില്ലാത്ത കെ എസ് ശബരീനാഥനു നേരിടാനാകുമോ എന്ന ആശങ്ക നിറഞ്ഞു നില്‍ക്കുന്ന അന്തരീക്ഷം. ജനവിധി എന്തായാലും ഉത്തരവാദിത്വം താന്‍ എല്‍ക്കുന്നതായി ഉമ്മന്‍ ചാണ്ടി പറഞ്ഞത് മുതല്‍ മത്സരം വളരെ ഗൗരവം നിറഞ്ഞതായി. ശബരിനാഥ് വന്‍ ഭൂരിപക്ഷത്തിനു വിജയിച്ചതോടെ ഉമ്മന്‍ ചാണ്ടി ഉത്തരവാദിത്വം ഏറ്റെടുക്കും എന്ന് പറഞ്ഞാല്‍ അദ്ദേഹത്തിന്റെ മനസിലിരുപ്പ് പോലെ എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന തോന്നല്‍ ഉണ്ടാകും. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്വവും ഉമ്മന്‍ചാണ്ടി സ്വയം ഏറ്റെടുത്തപ്പോള്‍ എന്തോ സംഭവിക്കാന്‍ പോകുന്നുണ്ട് എന്ന് തോന്നി. അമിത ആത്മവിശ്വാസത്തില്‍ നിന്നും പറഞ്ഞതാണെന്ന് ഇന്നലെ രാവിലെ ഒന്‍പതു മണി മുതല്‍ മനസിലായി. ഫലം പുറത്തു വന്ന ശേഷം ഉത്തരവാദിത്വം ഏല്‍ക്കാന്‍ അദ്ദേഹം തയാറായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. പിന്നീട് കൂട്ട് ഉത്തരവാദിത്വത്തിലേക്കും, അതിൽ ശതമാനം കൂടുതൽ തനിക്കാണെന്ന രീതിയിലേക്കും പറഞ്ഞൊഴിഞ്ഞു.

ഉമ്മന്‍ചാണ്ടിക്ക് മുന്നില്‍ നാല് വഴികള്‍ ആണ് മുന്നില്‍ ഉള്ളത്. 1. പ്രതിപക്ഷ നേതാവായി പ്രവര്‍ത്തിക്കുക 2. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്തു പദവികളില്‍ നിന്നു മാറി നില്‍ക്കുകയും എം എല്‍ ആയി തുടര്‍ന്നുകൊണ്ടു എ ഗ്രൂപ്പിനെ ശക്തമാക്കുക 3.യുഡിഎഫ് കൺവീനർ ആകുക 4.പ്രവര്‍ത്തന മണ്ഡലം ദേശീയ രാഷ്ട്രീയത്തിലേക്ക് മാറ്റുക. 

കോണ്‍ഗ്രസ്സില്‍ അധികാര സ്ഥാനം കിട്ടുന്നതിനുള്ള പ്രധാന മാനദണ്ഡം ഗ്രൂപ്പ് സമവാക്യം തന്നെ ആണ്. എം എല്‍ എ മാരുടെ എണ്ണം കാണിച്ചാണ് മുഖ്യമന്ത്രി ആയ കാലത്ത് ഉമ്മന്‍ചാണ്ടി കെപിസിസി പ്രസിഡന്റിനെ വിരട്ടി നിര്‍ത്തിയത്. തെരഞ്ഞെടുപ്പിന് ശേഷം എ ഗ്രൂപ്പ് എം എല്‍ എ മാര്‍ ശുഷ്കിച്ചതാണ് വെല്ലുവിളി. 

കെ.സി.ജോസഫ്‌ , വിപി സജീന്ദ്രൻ, വിൻസെന്റ്, ഷാഫി പറമ്പിൽ, വിടി ബൽറാം, പിടി തോമസ്‌, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരാണ് എ ഗ്രൂപ്പ് എം എൽ എ മാർ. ഇവരിൽ വിടി ബൽറാം പരമാവധി നിഷ്പക്ഷൻ ആകുന്ന ഒരാളാണ്. ഒരു കാലത്ത് ഉമ്മൻചാണ്ടിയുടെ ചാവേർ ആയിരുന്ന പിടി തോമസ്‌ ഇത്തവണ സുധീരന്റെ ഇടപെടൽ കൊണ്ട് മാത്രം നിയമസഭയിൽ എത്തിയ ആളാണ്‌. അഭ്യന്തര മന്ത്രി പദവി എടുത്തു മാറ്റിയ ശേഷം തിരുവഞ്ചൂർ ഉമ്മൻചാണ്ടിയോട് അധികം അടുപ്പം കാണിക്കുന്നില്ല. ബാക്കി എം എൽ എ മാരായ കെ.മുരളീധരൻ, അടൂർ പ്രകാശ്, വിഡി സതീശൻ, വി എസ് ശിവകുമാർ, എ.പി. അനിൽകുമാർ, സണ്ണി ജോസഫ്‌, എ.സി. ബാലകൃഷ്ണൻ, എൽദോസ് കുന്നപ്പിള്ളി, അനിൽ ഐക്കര, ഹൈബി ഈഡൻ, കെ എസ് ശബരിനാഥൻ, റോജി ജോൺ എന്നിവരിൽ മുരളീധരനും അടൂർ പ്രകാശിനും ഇപ്പോൾ മനസുകൊണ്ട് രമേശിനോട് താല്പര്യമില്ല. എങ്കിലും ബാക്കിയുള്ളവരുടെ പിന്തുണ കിട്ടുന്നതോടെ പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക് വഴി തെളിയുന്നത് ഈ ചെന്നിത്തലക്കാരന് തന്നെയാണ്. വിഎം സുധീരൻ മൂന്നാമത് ഒരാളെ പിന്തുണച്ചാൽ ഒത്തു തീർപ്പ് സ്ഥാനാർഥി ആയിട്ടെങ്കിലും ഉമ്മൻചാണ്ടി വരുമെന്ന് പ്രതീക്ഷിക്കുന്ന എ ഗ്രൂപ്പുകാരുമുണ്ട്. 

എ ഗ്രൂപ്പ് എം എൽ എ മാരുടെ തലയെണ്ണി കാണിച്ചു മുഖ്യമന്ത്രി ആയ ഉമ്മൻചാണ്ടിക്ക് പ്രതിപക്ഷ നേതാവായി പ്രവര്‍ത്തിക്കുന്നതിനു പ്രധാന തടസം ഈ എണ്ണം തന്നെ ആണ്.

ആന്റണി ഇല്ലാത്ത എ ഗ്രൂപ്പ് ആണ് വർഷങ്ങളായി കേരളത്തിൽ ഓടുന്നത്. കുറേ നാളായി സത്യത്തിൽ അതൊരു “ഒ“ ഗ്രൂപ്പ് ആണ്. ഉമ്മൻചാണ്ടി തന്നെ ആണ് ഇതിന്റെ ഹൈക്കമാണ്ട്. കേരളത്തെ ഒരു പഞ്ചായത്തായി കണ്ടു ഓടി നടക്കുന്ന പഞ്ചായത്ത് അംഗം ആണ് ഉമ്മൻചാണ്ടി. താഴെ തട്ടിലെ എ ക്കാരെയും പേരെടുത്തു വിളിക്കാവുന്ന ബന്ധം. കോൺഗ്രസ്സിനുള്ളിലെ കേഡർ ഗ്രൂപ്പ് ആണ് എ വിഭാഗം. കെ.എസ്.യു , യൂത്ത് കോൺഗ്രസ് തുടങ്ങിയ പോഷക സംഘടനകളെ പിടിച്ചെടുക്കുന്നതിന് പിന്നിലെ കാരണം ഈ കേഡർ സ്വഭാവമാണ്.

വോട്ടെടുപ്പിന്റെ തലേ ദിവസം പോലും, യുഡിഎഫിന് വോട്ട് ചോദിച്ചു പരസ്യം നൽകിയത് ഉമ്മൻചാണ്ടി ആയിരുന്നു. ഉമ്മൻചാണ്ടി, ഉമ്മൻചാണ്ടിയെ മുൻനിർത്തി ഉമ്മൻചാണ്ടിയുടെ ഭരണ തുടര്‍ച്ചയ്ക്ക് വേണ്ടി നടത്തിയ പ്രചരണം ആയിരുന്നു വലതു പക്ഷത്തു കണ്ടത്. അതുകൊണ്ട് തന്നെ കോൺഗ്രസിനെ തറ പറ്റിച്ചതിന്റെ എല്ലാ ക്രെഡിറ്റും ഉമ്മൻചാണ്ടിക്ക് മാത്രം അവകാശപ്പെട്ടതാണ്. അതുകൊണ്ട് ഇനിയുള്ള അഞ്ചു വർഷം എ ഗ്രൂപ്പിനെ സജീവമാക്കാൻ ഉമ്മൻചാണ്ടിക്ക് ചെലവഴിക്കാം.

യുഡിഎഫ് കൺവീനര് ആയിരിക്കെ ആണല്ലോ എ കെ ആന്റണിയെ അട്ടിമറിച്ചു ഉമ്മൻചാണ്ടി അധികാരം പിടിക്കുന്നത്‌. അതുകൊണ്ട് പിപി തങ്കച്ചന് വി ആർ എസ് നൽകി ആ പദവി ഉമ്മൻചാണ്ടി ഏറ്റെടുത്താൽ അഞ്ചു വർഷം കഴിയുമ്പോൾ മുഖ്യമന്ത്രി പദത്തിലേക്ക് അവകാശവാദം ഉന്നയിക്കാം.  കെപിസിസി പ്രസിഡന്റ് ആയ രമേശിനെ കുറെ നാൾ മൂലക്കിരുത്താൻ കഴിഞ്ഞ ഉമ്മൻചാണ്ടിക്ക്, രമേശ്‌ പ്രതിപക്ഷ നേതാവയാലും പേടിക്കേണ്ട കാര്യമില്ല. അഞ്ചു വർഷം കൊണ്ട് വിഎം സുധീരൻ സൂപ്പർ പ്രതിപക്ഷ നേതാവായി വളർന്നില്ല എങ്കിൽ ഒന്നും പേടിക്കണ്ട.

ആന്റണിയുടെ പാത പിന്തുടർന്ന് ദേശീയ രാഷ്ട്രീയത്തിൽ സജീവമാകുക എന്നതാണ് വേറൊരു പോംവഴി. കനത്ത തോൽവിയെ തുടർന്ന് മധ്യപ്രദേശ് രാഷ്ട്രീയത്തിൽ നിന്നും മുന്‍ മുഖ്യമന്ത്രി ഡൽഹിയിലേക്കു സ്വയം പറിച്ചു നടുകയായിരുന്നു. കോൺഗ്രസ് മുക്ത ഇന്ത്യ പദ്ധതിയെ നേരിടാൻ പരിചയ സമ്പന്നരായ പ്രാദേശിക നേതാക്കന്മാരെ ഉപയോഗിക്കുന്നതിന്റെ ഭാഗമായി ഉമ്മന്ചാണ്ടിക്ക് ഫുഡ് ആൻഡ് അക്കോമഡേഷൻ നൽകാൻ ഹൈക്കമാന്റ് തയ്യാറായാൽ കോണ്ഗ്രസിന് നല്ലത്. ഉമ്മൻചാണ്ടിയെ പോലുള്ള ജന ബന്ധമുള്ള (മറ്റു ദേശീയ നേതാക്കളെ അപേക്ഷിച്ച് ) നേതാക്കളെ ഉപയോഗിക്കാൻ ഹൈക്കമാണ്ടിനു താല്പര്യമില്ല എന്നതാണ് രണ്ടാമത്തെ കാര്യം. ഒന്നാമത്തെ കാര്യം മറ്റൊന്നുമല്ല, ഉമ്മൻചാണ്ടിക്ക് കേരളത്തിൽ അല്ലാതെ ജീവിക്കാൻ കഴിയില്ല. ഡൽഹിയിൽ പോയാൽ അന്ന്  വൈകിട്ട് ഇന്ദിരാ ഗാന്ധി ഇന്റർനാഷണൽ എയർ പോർട്ടിൽ ടെർമിനലിന് മുന്നിൽ ഉമ്മൻചാണ്ടി ഓടിയെത്തും. എയർ ഇന്ത്യയുടെ എ ഐ 48 ഫ്ലൈ റ്റിൽ കയറി തിരുവനന്തപുരത്തേക്ക് പറക്കും. എന്നെയും ആന്റണിയെയും പോലെ ഉമ്മൻചാണ്ടി ഡൽഹിമാൻ അല്ല എന്ന് വയലാർ രവി പറഞ്ഞതോർക്കുന്നു.

നമ്മൾ ഇങ്ങനെയൊക്കെ ചിന്തിക്കുമ്പോഴും ഉമ്മന്‍ ചാണ്ടി അദ്ദേഹത്തിന്റേതായ കൃത്യമായ പ്ലാൻ ഉണ്ടാക്കിയിരിക്കും. അത് നടപ്പിലാക്കുകയും ചെയ്യും. കാരണം എഴുതിത്തള്ളാൻ കഴിയാത്ത നേതാവാണ്‌ ഈ പുതുപ്പള്ളിക്കാരൻ.

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

This post was last modified on May 26, 2016 6:04 pm