ഈ ഡോക്ടര്‍മാര്‍ക്ക് കഴിവില്ലാത്തതിന് ഞാന്‍ എന്നാ പെഴച്ചു? അല്ലേലും ഈ മോഡേണ്‍ മെഡിസിന്‍ കൊള്ളുല്ലെന്നേ. കാശും പോയി, എന്നിട്ട് ജീവനോട്ട് കിട്ടിയോ – അതൂവില്ല
എണ്‍പത്താറ് വയസ്സായല്ലോ അവറാച്ചന്. ഒരേ ഒരു മോന്‍ – ജോയ്‌മോന്‍ – അമേരിക്കാവിലെ ഒക്കലോ ഹോമോയില്‍ ഇഞ്ചിനീരാ. രാമന്‍കുട്ടി ഡോക്ടര്‍ക്ക് അവറാച്ചനെ പത്തു മുപ്പതു കൊല്ലമായി അറിയാം. അയല്‍ക്കാരാണ്, രണ്ടുപേരുടെയും ഭാര്യമാരും മരിച്ചു. അപ്പൊ നാച്ചുറലായി സുഹൃത്തുക്കള്‍ ആവുമല്ലോ. അവറാച്ചന്റെ ഡോക്ടറും ആണ് രാമന്‍കുട്ടി.
‘ഞാന്‍ ആര്‍ക്കും ഒരു ഭാരം ആവരുത്. മരിക്കാന്‍ ഞാന്‍ റെഡി ആയിക്കഴിഞ്ഞു, രാമാ. ജോയ്‌മോന്‍ വല്ലപ്പോഴും വന്നു നോക്കുവായിരിക്കും. ഞാന്‍ ഒരു എമണ്ടന്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഒക്കെ എടുത്തു കഴിഞ്ഞു’
രാമന്‍ കുട്ടി ഒന്നും മിണ്ടിയില്ല. ഈ വയസ്സില്‍ ഇന്‍ഷുറന്‍സ് എടുക്കാന്‍ ബാക്കി ഉള്ള സ്വത്തിന്റെ മുക്കാലും ചിലവാക്കിയിരിക്കുന്നു അവറാച്ചന്‍. കുഴപ്പമില്ല. എന്തായാലും എന്താ. ജോയ്‌മോന് ഇതിന്റെ ഒന്നും ആവശ്യമില്ല.
‘ഏയ് മരിക്കാനോ – താന്‍ ഇപ്പോഴും ചെറുപ്പം അല്ലെ – എന്നൊന്നും രാമന്‍ കുട്ടി പറഞ്ഞില്ല. മനുഷ്യര്‍ ചാവും എന്ന് ഉത്തമ ബോധ്യം ഉള്ള ഒരു ഡോക്ടര്‍ ആയിരുന്നു അദ്ദേഹം.
‘എന്നെ ആശുപത്രീല്‍ നിവര്‍ത്തി ഉണ്ടേല്‍ കൊണ്ട് പോവരുത്. ട്യൂബ് ഒന്നും ഇടരുത്. ഇന്‍ജെക്ഷന്‍ പോലും വല്ല വേദനക്കൊ, ഒറങ്ങാനോ ഒക്കെ മതി. മരിക്കാറാകുമ്പോ നീ അവനെ വിളിച്ച് കുഞ്ഞു മക്കളേം കൊണ്ട് ഒന്ന് വരാന്‍ പറയണം. പറ്റുവെങ്കി കാണാല്ലോ.’
അവറാച്ചന്‍ കാര്യമാത്ര പ്രസക്തമായാണ് അത് പറഞ്ഞത്. വല്യ വികാരം ഒന്നും കൊള്ളേണ്ട കാര്യം അവറാച്ചന് തോന്നിയില്ല. എന്തൊന്നിന്? ജീവിതം ഒരു മാതിരി ജീവിച്ചു തീര്‍ത്തു. ഭാര്യ പോയി. മോന്‍ വല്യ ആളായി. ആയ കാലത്ത് കൃഷീം കച്ചോടോം ഒക്കെ ചെയ്തു. കല്യാണത്തിന് മുന്‍പ് രണ്ടു പേരെ പ്രേമിച്ചു. അവരോട് പറഞ്ഞപ്പോ പോയി പണി നോക്കാന്‍ പറഞ്ഞു. പണി നോക്കിയത് കാരണം കാശ് ഉണ്ടായി. നല്ല ഒരു പെണ്ണിനെ കെട്ടുവേം ചെയ്തു.
കല്യാണം കഴിഞ്ഞും പത്തിരുപത് പേരോട് പ്രേമം തോന്നി. ആരോടും പറഞ്ഞില്ല. അവരാരും അതറിഞ്ഞുമില്ല. ഭാര്യയും അറിഞ്ഞില്ല. അങ്ങനെ അല്ലെ വേണ്ടത്?
പിന്നെ വല്ലപ്പോഴും വീശി, ചിലപ്പോള്‍ ചീട്ടു കളിച്ചു. അങ്ങനേം വേണ്ടേ? എന്തെ; കൊഴപ്പണ്ടൊ?
നിങ്ങക്ക് കൊഴപ്പണ്ടെങ്കിലും അവറാച്ചനെന്ത്? ഒരു ചുക്കുമില്ല.
‘നീ ഇത് ഉറപ്പാക്കണം. എന്റെ ബോധം പോയാല്‍ ആവശ്യവില്ലാതെ ചികില്‌സിക്കരുത് ‘അവറാച്ചന്‍, ആത്മമിത്രത്തോട് കല്‍പ്പിച്ചു.
രാമന്‍ കുട്ടി തലയാട്ടി. സത്യം പറഞ്ഞാല്‍ അറുപത്തഞ്ചു വയസ്സില്‍ തിമിര ഓപ്പറേഷന്‍ വേണം എന്ന് പറഞ്ഞിട്ട്, ജോയ്‌മോന്‍ വന്നിട്ട് മതി എന്ന് പറഞ്ഞു അഞ്ചു വര്‍ഷം കണ്ണ് ശരിക്ക് കാണാതെ തപ്പീം തടഞ്ഞും നടന്നു, അവറാച്ചന്‍. പത്തേഴുപത്തതു വയസായപ്പോ മുട്ട് വേദന കാരണം നടക്കാന്‍ പറ്റാതെ, മുട്ട് മാറ്റി വക്കണം എന്ന് വന്നപ്പോ അതും നടന്നില്ല. അന്ന് നല്ല ആരോഗ്യം ഉണ്ടായിരുന്നു അവറാച്ചന്. ഇപ്പൊ തീരെ വയ്യ. ഹാര്‍ട്ട് പണിമുടക്കില്‍ ആണ്. ഒരു അടി കിതക്കാതെ നടക്കാന്‍ വയ്യ. ഇനി ഇപ്പൊ എന്ത് മാറ്റി വക്കാന്‍?
ഇന്‍ഷുറന്‍സിന്റെ കാര്യോം, മരിക്കാന്‍ റെഡി ആയി മോനെന്നും ഒക്കെ ഫോണിലൂടെ കേട്ടപ്പോള്‍, പെട്ടന്ന് കുറ്റബോധം തോന്നി; ജോയ്‌മോന്. ജോയ്‌മോനാണെങ്കി ‘മോന്‍’ എന്ന് അവറാച്ചന്‍ വിളിച്ചാലും വയസ്സ് അന്‍പത്തഞ്ച് കഴിഞ്ഞു. പിള്ളേര്‍ ഒക്കെ വലുതായി ഫ്രീ ആയി ഇരിക്കയാണ്. മേരിക്കുട്ടി ആണെങ്കി മനസമാധാനം ആയി ഒരു മൂന്നു സ്‌കോച് വിടാന്‍ പോലും സമ്മതിക്കുന്നില്ല.
പെട്ടന്ന്, അപ്പനെ നോക്കണം, അപ്പനെ നോക്കണം, എന്ന അനതിസാധാരണം ആയ ഒരു വാഞ്ഛ, അല്ലെങ്കില്‍ തടുക്കാന്‍ പറ്റാത്ത ഒരുള്‍വിളി, ഡാം കെട്ടിയാല്‍ നില്‍ക്കാത്ത പ്രളയജലം പോലെ, ഇന്‍ഡോനേഷ്യയിലെ കൊടുങ്കാറ്റ് പോലെ, മനതാരില്‍ നിറഞ്ഞു.ഉടനെ പറന്നെത്തി. അപ്പനെ കെട്ടിപ്പിടിച്ചു.
‘എന്റമ്മോ – എന്നാ കെതപ്പാന്നെ – ഇതെന്നാ പറ്റി – ഈ രാമന്‍ കുട്ടിച്ചേട്ടനെക്കൊണ്ട് ഒരു കാര്യോവില്ല.’
‘ഓ – അത് കൊറെനാളായി ഇങ്ങനാ. നീ വന്നല്ലോ. അത് മതി.’ അവറാച്ചന്‍ പറഞ്ഞു.
വൈകുന്നേരം എല്ലാരും ഒത്തു കൂടിയപ്പോ ഇച്ചിരെ വീശി അവറാച്ചന്‍. ബാത്ത് റൂമില്‍ പോയപ്പോ ഒരു ചെറിയ തലകറക്കം പോലെ. പതുക്കെ നിലത്തേക്ക് അങ്ങ് കിടന്നത് കൊണ്ട് വീണില്ല.
‘അയ്യോ എന്നാ പറ്റി?, ആംബുലന്‍സ് വിളിയെടാ.’ ജോയ്‌മോന്‍ വീട് നോക്കുന്ന സുരേഷിനെ നോക്കി അലറി.
‘ഒന്നും വേണ്ട’ എന്ന് ആവും പോലെ പറഞ്ഞിട്ടും ജോയ്‌മോന്‍ കൂട്ടാക്കിയില്ല. നഗരത്തിലെ ഏറ്റവും മുന്തിയ ഹോസ്പിറ്റലില്‍ നിന്ന്, ഏറ്റവും പുതിയ രണ്ടു വെന്റിലേറ്റര്‍ ഉള്ള ആംബുലന്‍സ് ചീറി പാഞ്ഞു വന്നു. അതെന്തിനാ രണ്ടു വെന്റിലേറ്റര്‍?
ഒന്ന് സ്റ്റെപ്പിനി.
‘എന്താടാ പുല്ലേ നിലവിളി ശബ്ദം ഇടാത്തെ? കാശ് അല്യോ അങ്ങോട്ട് തരുന്നേ?’ ജോയ്‌മോന്‍ കയര്‍ത്തു.
‘മേ വോ , മേ വോ , മേ വോ —‘ ആംബുലന്‍സ് അതി ദയനീയമായ , അത്യുച്ചത്തില്‍ ഓളിയിട്ടു. ജോയ്‌മോന്‍ സംതൃപ്തിയോടെ ചാരി കിടന്നു. ഇത് കേട്ടതോടെ അവറാച്ചന്റെ ഉള്ള ബോധം പോയി. പേടിച്ചു കണ്ണടച്ച് കിടന്നു. ഉടന്‍ രണ്ടു സുന്ദരി നേഴ്‌സുമാര്‍ നെഞ്ചത് ശക്തിയായി ഞെക്കാന്‍ തുടങ്ങി. അവറാച്ചന്‍ കണ്ണ് തുറന്നു – ‘അയ്യോ’ എന്ന് കരഞ്ഞു. നേഴ്‌സുമാര്‍ ജാള്യതയോടെ നിര്‍ത്തി.
ആശുപത്രീല്‍ ചെന്ന ഒടനെ ഡോക്ടര്‍ വന്നു. പരിശോധിച്ചു. ‘കൊഴപ്പം ഒന്നൂല്ല എന്ന് തോന്നുന്നു, ഒന്ന് നോക്കീട്ട് ഒരു മണിക്കൂര്‍ കഴിഞ്ഞു വിടാം’ എന്ന് പറയാന്‍ ഡോക്ടര്‍ മുഖം ഉയര്‍ത്തി.
‘ഡോക്ടര്‍ – കാശ് എനിക്ക് ഒരു പ്രശ്‌നം അല്ല. അപ്പനെന്തെങ്കിലും പറ്റിയാല്‍.. അതെനിക്ക് സഹിക്കില്ല. ഒരു റിസ്‌കും എടുക്കരുത്. ഭയങ്കര കിതപ്പ് കണ്ടില്ലേ.’ ജോയ്‌മോന്‍ പറഞ്ഞു.
ജോയ്‌മോന് അപ്പനോട് ശരിക്കും സ്‌നേഹം ഉണ്ടായിരുന്നു. പക്ഷെ എന്താണ് വേണ്ടത് എന്ന് അപ്പനോട് ചോദിയ്ക്കാന്‍ ജോയ്‌മോന് തോന്നിയില്ല. വീട്ടില്‍ തിരിച്ചു പോണം. മേശപ്പുറത്തു ബാക്കി യുള്ള ചെറിയ സ്‌കോച് തീര്‍ക്കണം. താറാവിന്റെ കാല് കടിച്ചു വച്ചത്, തിരികെ എടുത്ത് അണ്ണാക്കില്‍ തീരുകണം, മോനോട് സംസാരിക്കണം.
”കൊച്ചു മക്കള്‍ ജോണിനെയും സാറയെയും നീ എന്നാടാ കൊണ്ട് വരുന്നത്?’- ഇതൊക്കെ ആണ് അവറാച്ചന്റെ മനസ്സില്‍ ഉണ്ടായിരുന്നത്.
നാട്ടുകാര്‍ എന്ത് വിചാരിക്കും? അപ്പനെ നോക്കേണ്ട പത്രാസില്‍ നോക്കണ്ടേ കാരക്കുടിയില്‍ ജോയി വര്‍ഗീസ് എന്ന ജോയിച്ചന്‍? – ഇത്തരം കാര്യങ്ങള്‍ ആയിരുന്നു ജോയ്‌മോന്റെ മനസ്സില്‍ കൂടുതല്‍ എന്ന് കൂട്ടിക്കോ.
‘എന്നാല്‍ ഐസിയുവില്‍ കേറ്റാം, അല്ലെ? ഒരു ചെക്ക് അപ് ആയിക്കോട്ടെ.’ ഡോക്ടര്‍ പറഞ്ഞു.
‘എന്താ സംശയം? പെട്ടന്ന് വേണോട്ടോ’ ജോയ്‌മോന്‍ പറഞ്ഞു.
അവറാച്ചനെ തൂക്കി എടുത്ത്, ഐ സി യുവില്‍ കേറ്റി. കൈയില്‍ കാനുലാ കേറ്റി. ഒരു പത്തുനൂര്‍ മില്ലി രക്തം എടുത്ത് പത്ത് രണ്ടായിരം ടെസ്റ്റ് ചെയ്തു. നെഞ്ചില്‍ പത്ത് പതിനഞ്ച് ഇലക്രോട് ഒട്ടിച്ച് ഒരു നാലഞ്ച് ടി വി സ്‌ക്രീനിലോട്ട് കണക്ട് ചെയ്തു. പീ , പീ , പീ എന്ന് ഹൃദയ മിടിപ്പ് മുഴങ്ങി.
രക്തത്തില്‍ സോഡിയം, പൊട്ടാസ്യം, കാല്‍സ്യം, ബെറീലിയം, യുറേനിയം ഒക്കെ ടെസ്റ്റ് ചെയ്തു. പത്തിരുപത്തിനായിരം ടെസ്റ്റുകള്‍ ചെയ്തപ്പോള്‍, അതാ കാല്‍സ്യം ലേശം കുറവ്. സോഡിയം അത്ര പോരാ. ഇത് ഡോക്ടര്‍ ആദ്യം മൈന്‍ഡ് ചെയ്തില്ല. പക്ഷെ ജോയ്‌മോന്‍ അത് കണ്ടു പിടിച്ചപ്പോള്‍ അതിന്റെ ടെസ്റ്റ് തുടങ്ങി.
ഡോക്ടര്‍ രാമന്‍ കുട്ടി ആശുപത്രീല്‍ വന്നു.
‘എന്നെ രക്ഷിക്കൂ രാമന്‍ കുട്ടീ ‘- അവറാച്ചന്‍ കരഞ്ഞു.
രാമന്‍ കുട്ടി പുറത്ത് വന്ന് ജോയ്‌മോനോട് പറഞ്ഞു: ‘നമുക്ക് വീട്ടില്‍ കൊണ്ടുപോയാലോ. അപ്പന്റെ ആഗ്രഹം അതാ?’
‘ഒന്ന് പോ ചേട്ടാ അങ്ങോട്ട്. അപ്പന്റെ ആഗ്രഹം ആരേലും ഇവിടെ ചോയ്‌ച്ചോ? അപ്പനെ ചികില്‌സിക്കണ്ടേ? താന്‍.. സോറി, ചേട്ടന്‍ സ്ഥലം വിടാന്‍ നോക്ക്.’ ജോയ്‌മോന്‍ സ്വരം കടുപ്പിച്ചപ്പോ ഡോക്ടര്‍ രാമന്‍ കുട്ടി മിണ്ടാണ്ട് അവിടന്ന് പോയി, വീട്ടില്‍ ചെന്ന് കൂര്‍ക്ക പറിച്ച് …സോറി , കൂര്‍ക്കം വലിച്ച് ഉറങ്ങി.
രാത്രി ഈ ഐ സീ യുവില്‍ ഒരു രസോമില്ല. നഴ്‌സുമാര്‍ ഓടി, ആളുകള്‍ ഞരങ്ങി. ഇടക്കിടക്ക് ഒരു ആര്‍ത്ത നാദം. വലത്തോട്ട് നോക്കിയാല്‍ ഒരാള്‍ ശ്വസന യന്ത്രത്തില്‍ കിടന്ന് കണ്ണൊക്കെ തള്ളി അവറാച്ചനെ സദാ തുറിച്ചു നോക്കി. പീ പീ പീ … ശബ്ദങ്ങള്‍ എല്ലാം പല കട്ടിലുകളില്‍ നിന്നും പല പോലെ വന്ന് ഒരു ഭീകര നാരകീയ താളമായി ചെവികളില്‍ വന്ന് അലച്ചു. രാവിലെ ആയപ്പോള്‍ അവറാച്ചന്റെ കിളി പോയി.
‘ബാക്കി സ്‌കോച്, താറാവും കാല്‍,.. എവിടെടാ?… ബാക്കി സ്‌കോച്ച് എടുത്ത് താടാ പട്ടീ…’ അവറാച്ചന്‍ ഡോക്ടറോടും, സിസ്റ്റര്‍മാരോടും അവറാച്ചനോടും, കട്ടിലിനടുത്തുള്ള വെന്റിലേറ്ററിനോടും, അണു വിമുക്ത കെമിക്കലുകള്‍ തിന്നു ജീവിക്കാന്‍ പഠിച്ച, അവിടത്തെ സ്ഥിരം അന്തേവാസിയുമായ അവറാച്ചന്റെ നെഞ്ചത്ത് ഓടി നടന്ന ഒരു പാറ്റയോടും കയര്‍ത്തു.
‘ദൈവമേ – ബോധമില്ല!’ അപ്പോഴേക്കും അഞ്ചെട്ട് വര്‍ഷങ്ങള്‍ കൂടുമ്പോള്‍ പോലും അവറാച്ചനെ കാണാന്‍ വരാത്ത പത്തമ്പത് ബന്ധുക്കളും സുഹൃത്തുക്കളും അവിടെ എത്തിയിരുന്നു.
‘സി ഡി സ്‌കാന്‍ ചെയ്യണം. ന്‍ ര്‍ ഐ സ്‌കാനും ചിലപ്പോള്‍ വേണ്ടി വരും.”
കവലയില്‍ ഷോപ്പിംഗ് കോംപ്ലക്‌സ് ഉള്ള അവറാച്ചന്റെ ചിറ്റപ്പന്റെ മോന്‍ അഭിപ്രായപ്പെട്ടു. ഒന്നും വേണ്ട , വാര്‍ഡിലേക്ക് മാറ്റി നോക്കാം എന്ന് ഡോക്ടര്‍!
‘എന്നാ തെണ്ടിത്തരവാ ഇയാളീ പറയുന്നേ – വേറെ ആശുപത്രീല്‍ കൊണ്ട് പോവാം.’ എല്ലാരും ചേര്‍ന്ന് വിധിച്ചു. കാര്യങ്ങള്‍ ജോയ്‌മോന്റേം കൈ വിട്ട് പോയി തുടങ്ങിയിരുന്നു.
‘മേ വൂ , മേ വൂ ‘ – ആംബുലന്‍സ് അടുത്ത പഞ്ച നക്ഷത്ര ആശുപത്രീലേക്ക് കുതിച്ചു. സി ടി , എം ര്‍ ഐ, ആന്‍ജിയോഗ്രാം, പീഡോ പോഡിയോഗ്രാം, ഗാലിയം സിന്റിസ്‌കാന്‍, എന്നീ സ്‌കാനുകള്‍ ചെയ്തു.
ടാണ്ടടാ – അതാ – സ്‌കാനുകളില്‍ തെളിഞ്ഞു കാണുന്നു. തൈറോയ്ഡില്‍ പാപ്പിലറി കാര്‌സിനോമ എന്ന കാന്‍സര്‍. പിന്നെ പ്രോസ്റ്റേറ്റിലും കാന്‍സര്‍ ഉണ്ട്!
‘റോബോട്ടിക് പ്രോസ്റ്റേറ്റ് സര്‍ജറി ആണ് ബെസ്റ്റ്. അതെ സമയത്ത് റോബോട്ടിക് തൈറോയ്ഡിക്ടമിയും ചെയ്യാല്ലോ.’ പുതിയ ഒരു ഡോക്ടര്‍ പറഞ്ഞു.
‘അവറാച്ചന്റെ പണ്ടത്തെ വലിയ ഒരാഗ്രഹം ആയിരുന്നു മുട്ട് മാറ്റി വക്കണം എന്നത്’ ഒരു അനന്തിരവന്‍ ഓര്‍മിപ്പിച്ചു.
‘ഓ – അതിനെന്താ. നമ്മുടെ ഓര്‍ത്തോ ഡോക്ടര്‍ അതിന്റെ സ്‌പെഷ്യല്‍ ട്രെയിനിങ് കഴിഞ്ഞ ആള്‍ ആണ്’
അങ്ങനെ കുറെ ഓപ്പറേഷനുകള്‍ കഴിഞ്ഞു. മൂക്കിലൂടെ ട്യൂബ് ഇട്ട് ഭക്ഷണം. ട്യൂബിലൂടെ മൂത്രം എടുക്കുന്നു. വെന്റിലേറ്ററിലൂടെ ശ്വാസം എടുക്കുന്നു. അവറാച്ചന് ബോധം വന്നപ്പോള്‍ മിണ്ടാന്‍ വയ്യ. ആരും സംസാരിക്കുന്നില്ല എന്ന് മാത്രമല്ല, ഒരാളും മുഖത്ത് ഒന്ന് നോക്കുന്ന പോലും ഇല്ല.
പെട്ടന്ന്, ഭാര്യ അന്നാമ്മയുടെ ഒരു ഫോട്ടോ കാണണം എന്നും, പേരക്കുട്ടികളെ ഒന്ന് നോക്കണം എന്നും, ഒരു അറുപത് എം ല്‍ സ്‌കോച് സിപ്പ് ചെയ്യണം എന്നും, ഒരു കുഞ്ഞു തുണ്ട്, ഒരേ ഒരു തുണ്ട്, പോര്‍ക്കും കഷ്ണം ചവച്ച് ഇറക്കണം എന്നും അവറാച്ചന് അദമ്യമായ ഒരു ആഗ്രഹം തോന്നി. അവറാച്ചന്‍ അവശേഷിച്ച ശക്തി മൊത്തം എടുത്ത്, കയ്യും കാലും ഇട്ടടിച്ചു.
‘ദേ – പേഷ്യന്റ് റെസ്റ്റലൈസ് ആണ് ‘
ഉടന്‍ ഡോക്ടര്‍, പേശികളെ തളര്‍ത്തുന്ന വിക്കറോണിയം എന്ന മരുന്ന് എടുത്തു ചാമ്പി. അതോടെ അവറാച്ചന്റെ അനക്കം നിന്നു.
പിന്നെ ഒരു രണ്ടു മൂന്നു മാസം അവറാച്ചന്‍ ആശുപത്രീല്‍ കിടന്നു കേട്ടോ. രക്തത്തില്‍ പഴുപ്പ് കേറി. അതിനു ആന്റി ബിയോട്ടിക്‌സ് കൊടുത്തു. കുപ്പിക്ക് പതിനായിരം രൂപ ഒക്കെ ഒള്ളത് കേറ്റിയിട്ടും വല്യ കാര്യം ഉണ്ടായില്ല. ഇതിനിടെ കഴുത്തു തുളച്ച് ട്രക്കിയോസ്റ്റമി ചെയ്തു. കിടന്നു ഉണ്ടായ പുണ്ണ് അടക്കാന്‍ ഉള്ള ഓപ്പറേഷന്‍ ചെയ്തു.
അപ്പോഴേക്കും ഇന്‍ഷുറന്‍സ് ലിമിറ്റ് ഒക്കെ കഴിഞ്ഞു, ജോയ്‌മോന് കൈയില്‍ നിന്നും കാശ് എടുക്കേണ്ടി വന്നു തുടങ്ങി. അത് പക്ഷെ നിവര്‍ത്തിയില്ലല്ലോ. മനുഷ്യന് അസുഖം ആയാല്‍ ചികില്‌സിച്ചല്ലേ പറ്റൂ.
അവസാന നിമിഷം വരെ അവറാച്ചന്റെ ജീവന് വേണ്ടി വൈദ്യശാസ്ത്രം ഘോര ഘോരം യുദ്ധം ചെയ്തു.
അവറാച്ചന്റെ ഹാര്‍ട്ട് പെട്ടന്ന് ഒരു ദിവസം നിന്നു. ഡിം. അതിനു മതിയായി.
‘കോഡ് ബ്ലൂ, കോഡ് ബ്ലൂ’ സിസ്റ്റര്‍മാര്‍ അലറി. നാലഞ്ച് വിദക്ത ഡോക്ടര്‍മാരുടെ കോഡ് ബ്ലൂ ടീമ് പാഞ്ഞെത്തി. ഒരാള്‍ നെഞ്ചില്‍ കേറി നിന്ന് അമര്‍ത്താന്‍ തുടങ്ങി. പിന്നെ കുത്ത്, ചാംപ്, ഇന്‍ജെക്ഷന്‍ അടി, പിടി.
കുറെ വാരിയെല്ലുകള്‍ ഒടിഞ്ഞു. അതിനെന്താ – യുദ്ധം അല്ലെ? ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഏറ്റവും വലിയ ശത്രു ആണല്ലോ മരണം. മരണത്തെ തോല്‍പ്പിക്കാന്‍ ഡോക്ടര്‍മാര്‍ മരിക്കും വരെ പോരാടും. ആശുപത്രികളും, ശാസ്ത്രവും ഒക്കെ അതിനാണല്ലോ. സായുധ വിപ്ലവം ഡോക്ടര്‍മാര്‍ക്ക് പുത്തരി അല്ല. ഒരാളും മരിക്കാത്ത, മരണത്തെ പറ്റി സംസാരിക്കാത്ത, അതിന്റെ സാധ്യതയെ പറ്റി പോലും സംസാരിക്കാത്ത, ഒരു മരണരഹിത കിനാശ്ശേരി ആണ് ഞങ്ങള്‍ ഡോക്ടര്‍മാര്‍ കാണുന്ന സ്വപ്നം. രോഗികളും, നാട്ടുകാരും ഒക്കെ, അങ്ങനെ തന്നെ. എല്ലാവര്‍ക്കും വേണ്ടത്, ഞങ്ങള്‍ ഡോക്ടര്‍മാര്‍ കൊടുക്കാന്‍ ശ്രമിക്കുന്നു – അത്രേ ഉള്ളു.
അവറാച്ചന്റെ മരിച്ചടക്ക് കഴിഞ് ജോയ്‌മോന്‍ ഉറങ്ങാന്‍ കിടന്നു. പുള്ളിക്ക് വല്ലാത്ത ഒരു സംതൃപ്തി തോന്നി. ചെയ്യണ്ട എല്ലാം അതിന്റെ അങ്ങേയറ്റം ചെയ്യാന്‍ സാധിച്ചല്ലോ. എല്ലാ ബന്ധുക്കളും അത് തന്നെ പറഞ്ഞു. എല്ലാരും ജോയ്‌മോന്റെ സ്‌നേഹത്തെയും കരുതലിനെയും പുകഴ്ത്തി.
ഉറക്കത്തില്‍, ജോയ്‌മോന്‍ ഒരു സ്വപ്നം കണ്ടു. അതാ അവറാച്ചന്‍ നില്‍ക്കുന്നു. മൂക്കില്‍ ട്യൂബ്. കഴുത്തില്‍ കിഴുത്ത. താഴെ യൂറിനറി കത്തീറ്റര്‍.
‘എടാ പന്ന കഴുവേറീ ‘ അവറാച്ചന്‍ അലറി.
‘എന്നാ പറ്റി അപ്പാ ?’
‘ഡാ പുല്ലേ – ചാവാറാവുമ്പോ നിന്റെ തൊണ്ടേലും വായിലും മൂക്കിലും സുനാപ്പീലും ട്യൂബ് ഒക്കെ ഇട്ട് നീയും കെടന്നു നരകിക്കുവെടാ പന്ന പട്ടീ!’
ജോയ്‌മോന്‍ ഞെട്ടി എണീറ്റു. പുള്ളി അന്തം വിട്ട് പോയി.
‘അല്ലേലും ഈ കെളവനു പണ്ടേ ഒരു നന്ദിയുവില്ല. മുട്ട് മാറ്റി വക്കാന്‍ താല്പര്യം കാണിച്ചില്ല എന്ന് പറഞ്ഞു ഒരു കാലത്ത് കെറുവിച്ചതാ. ഇപ്പൊ ദേ അതടക്കം ചെയ്തു. എന്നിട്ടും..
ഈ ഡോക്ടര്‍മാര്‍ക്ക് കഴിവില്ലാത്തതിന് ഞാന്‍ എന്നാ പെഴച്ചു? അല്ലേലും ഈ മോഡേണ്‍ മെഡിസിന്‍ കൊള്ളുല്ലെന്നേ. കാശും പോയി, എന്നിട്ട് ജീവനോട്ട് കിട്ടിയോ – അതൂവില്ല. അതിനു ഞാന്‍ എന്നാ ചെയ്യാനാ അപ്പാ?’