UPDATES

ട്രെന്‍ഡിങ്ങ്

ബിജെപിയിലെ കാര്യങ്ങള്‍ മൊത്തം കോമഡിയാണ്; കാര്യം തീരുമാനിക്കാന്‍ സെക്രട്ടറി; അപ്പോള്‍ കുമ്മനമോ?

കുമ്മനത്തെ വീണ്ടും ചോദ്യം ചെയ്യുമെന്നൊക്കെ വിജിലന്‍സ് സംഘം പറയുന്നുണ്ടെങ്കിലും നിലവില്‍ ലഭിക്കുന്ന സൂചനകള്‍ വെച്ച് നോക്കുമ്പോള്‍ ഈ വിജിലന്‍സ് അന്വേഷണം എവിടെയും എത്തില്ല എന്ന് തന്നെയാണ്

കെ എ ആന്റണി

കെ എ ആന്റണി

ബിജെപി സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങളെ പിടിച്ചുലച്ച മെഡിക്കല്‍ കോളേജ് കോഴ ആരോപണത്തെക്കുറിച്ച് അന്വേഷിക്കുന്ന വിജിലന്‍സ് സംഘത്തിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നല്‍കിയ മൊഴി ചിരിക്കു വക നല്‍കുന്നതാണ്. കോഴ സംബന്ധിച്ച് പരാതി ലഭിച്ചതനുസരിച്ച് അതേക്കുറിച്ചു അന്വേഷിക്കാന്‍ താന്‍ തന്നെ നിയോഗിച്ച അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് നാളിതുവരെ താന്‍ കണ്ടിട്ടില്ലെന്നാണ് കുമ്മനം പറഞ്ഞത്. കൂട്ടത്തില്‍ ഒരു കാര്യം കൂടി പറഞ്ഞു. റിപ്പോര്‍ട്ട് ഓഫീസ് സെക്രട്ടറി ഒരു പക്ഷെ കണ്ടിട്ടുണ്ടാകാമെന്ന്. ഇത് കേള്‍ക്കുമ്പോള്‍ സ്വാഭാവികമായും ഉയരുന്ന സംശയം അന്വേഷണ കമ്മീഷനെ വെച്ചത് കുമ്മനമോ അതോ ഓഫീസ് സെക്രട്ടറിയോ എന്നതാണ്.

മാധ്യമങ്ങളിലൂടെ പുറത്തു വന്നത് വ്യാജ റിപ്പോര്‍ട്ട് ആണെന്ന വാദവും കുമ്മനം ഉന്നയിക്കുന്നുണ്ട്. ഒറിജിനല്‍ റിപ്പോര്‍ട്ട് ഇതേവരെ തുറന്നു നോക്കാത്ത ഒരാള്‍ക്ക് എങ്ങനെ പുറത്തുവന്നത് വ്യാജ റിപ്പോര്‍ട്ടാണെന്ന് തറപ്പിച്ചു പറയാന്‍ കഴിയും. ഇവിടം കൊണ്ട് അവസാനിക്കുന്നില്ല കുമ്മനത്തിന്റെ വിചിത്ര വാദങ്ങള്‍. റിപ്പോര്‍ട്ട് ചോര്‍ത്തിയതിന്റെ പേരിലല്ല, അച്ചടക്ക ലംഘനത്തിന്റെ പേരിലാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി വി.വി രാജേഷിനെതിരെ നടപടി എന്ന് പറയുന്ന കുമ്മനം പക്ഷെ രാജേഷ് നടത്തിയ അച്ചടക്ക ലംഘനം എന്തെന്ന് വ്യക്തമാക്കുന്നില്ല. ബിജെപി ആയതിനാല്‍ അതിന്റെയൊന്നും ആവശ്യമില്ലെന്നാണോ കുമ്മനം ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. ഇനി അങ്ങനെയാണെങ്കില്‍ ബിജെപി ഒരു ജനാധിപത്യ പാര്‍ട്ടിയാണെന്ന് പറയുന്നതില്‍ പിന്നെന്ത് അര്‍ത്ഥമാണ് ഉള്ളതെന്ന് കുമ്മനംജി വ്യക്തമാക്കേണ്ടതുണ്ട്.

കുമ്മനത്തെ വീണ്ടും ചോദ്യം ചെയ്യുമെന്നൊക്കെ വിജിലന്‍സ് സംഘം പറയുന്നുണ്ടെങ്കിലും നിലവില്‍ ലഭിക്കുന്ന സൂചനകള്‍ വെച്ച് നോക്കുമ്പോള്‍ ഈ വിജിലന്‍സ് അന്വേഷണം എവിടെയും എത്തില്ല എന്ന് തന്നെയാണ് മനസിലാക്കേണ്ടത്. കോടിക്കണക്കിനു രൂപ കോഴ നല്‍കിയെന്നും ആ പണം ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുവെന്ന് പറയപ്പെടുന്ന ഒരാള്‍ക്ക് ഹവാല ഇടപാടുകാരന്‍ വഴി എത്തിച്ച് നല്‍കിയെന്നുമൊക്കെ പറയപ്പെടുന്ന ഒരു കേസ് വെറും ഒരു വിജിലന്‍സ് അന്വേഷണത്തില്‍ ഒതുക്കിയ മുഖ്യമന്ത്രിയുടെ തീരുമാനം തുടക്കത്തില്‍ തന്നെ ചോദ്യം ചെയ്യപ്പെട്ടതാണ്. കേസ് കൂടുതല്‍ ഗൗരവതരമെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ ബോധ്യപ്പെട്ടാല്‍ മാത്രം മറ്റു ഏജന്‍സികളെക്കൊണ്ടുള്ള അന്വേഷണം എന്ന മറുപടിയാണ് നിയമസഭയില്‍ മുഖ്യമന്ത്രി നല്‍കിയത്.

ഇനിയിപ്പോള്‍ അന്വേഷണ കമ്മീഷന്‍ അംഗങ്ങളായ ശ്രീശനെയും നസീറിനെയും വിസ്തരിക്കുമ്പോഴും കുമ്മനം നല്‍കിയ രീതിയില്‍ ഉള്ളതോ അതിനു സമാനമായതോ ആയ മറുപടികളെ പ്രതീക്ഷിക്കേണ്ടതുള്ളൂ. കേസ് മുക്കാന്‍ സംസ്ഥാന-കേന്ദ്ര നേതൃത്വം കൂട്ടായ തീരുമാനം എടുത്തുകഴിഞ്ഞ നിലയ്ക്ക് അതില്‍ കൂടുതലൊന്നും അവരില്‍ നിന്നും പ്രതീക്ഷിക്കേണ്ടതില്ല. കോഴ നല്‍കിയെന്ന് പറഞ്ഞ പരാതിക്കാരന്‍ തന്നെ ഇപ്പോള്‍ തന്റെ പഴയ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നില്ല. തങ്ങള്‍ കോടികളൊന്നും വാങ്ങിയിട്ടില്ലെന്നും കണ്‍സള്‍ട്ടന്‍സി ഫീസായി ചില്ലറ ലക്ഷങ്ങളെ വാങ്ങിയിട്ടുള്ളുവെന്നുമാണ് പണം കൈപ്പറ്റിയെന്ന് പറയപ്പെടുന്ന ആര്‍ എസ് വിനോദും സതീഷ് നായരും പറയുന്നത്. ആ നിലക്ക് ഇപ്പോള്‍ നടക്കുന്ന വിജിലന്‍സ് അന്വേഷണം വെറും ഒരു പ്രഹസനമായി പരിണമിക്കാനുള്ള സാധ്യത ഏറെയാണ്. പിണറായിക്കും സിപിഎമ്മിനും പ്രമാദമായ ഒരു കേസ്സ്, അതും രാജ്യദ്രോഹ കുറ്റമടക്കം നടന്നുവെന്ന് സംശയിക്കപ്പെടുന്ന ഒരു കേസ് വെറും ഒരു വിജിലന്‍സ് അന്വേഷണത്തില്‍ ഒതുക്കുകവഴി സംസ്ഥാന സര്‍ക്കാരിന് വെല്ലുവിളിയായി മാറിക്കൊണ്ടിരുന്ന ബിജെപി – ആര്‍എസ്എസ് സ്പോണ്‍സേര്‍ഡ് കലാപങ്ങള്‍ക്ക് ഒരു താത്ക്കാലിക ശമനം ഉണ്ടാക്കാന്‍ കഴിഞ്ഞുവെന്ന് സമാധാനിക്കാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍