X

വിലയിടിയുന്ന മോദി ബ്രാൻഡ്; പ്രധാനമന്ത്രിയിൽ നിന്നും ബി ജെ പി നേതാവിലേക്ക്

രാഹുൽ ഗാന്ധിയെക്കാളും മാർക്സിസ്റ്റുകാരെക്കാളും ഉപരിയായി, പ്രധാനമന്ത്രി എന്ന നിലയിൽ ഈ വർഗീയ പരാമർശങ്ങൾ ചെറുതാക്കുന്നത് മോദിയുടെ പ്രതിഛായയെയാണ്

സ്വത്വ രാഷ്ട്രീയം ഇന്ത്യക്ക് പുതിയതല്ല. പക്ഷെ തെരഞ്ഞെടുപ്പിന് മുമ്പായി അത് ഭീഷണമായ മാനങ്ങൾ ആർജിക്കുന്നു. എല്ലാ കക്ഷികളും ഏറിയും കുറഞ്ഞും അതിൽ തെറ്റുകാരാണ്. രാഹുൽ ഗാന്ധിയുടെ ക്ഷേത്ര സന്ദർശനങ്ങളും പൂണൂലുമൊക്കെ വലിയ ശ്രദ്ധ നേടി. ബി എസ് പി, എസ് പി, ആർ ജെ ഡി, ഐ എൻ എൽ ഡി, ഡി എം കെ തുടങ്ങിയ കക്ഷികൾ തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി ജാതി രാഷ്ട്രീയമാണ് കളിക്കുന്നത്. സി പി എമ്മിനെ പോലുള്ള ഒരു പുരോഗമന കക്ഷി പോലും ഇപ്പോൾ സ്വത്വ രാഷ്ട്രീയത്തിന്റെ പിടിയിൽ വീണിരിക്കുന്നു. എല്ലാവരേക്കാളും മുകളിൽ ബി ജെ പിയാണ് ഇതിന്റെ ആശാന്മാർ. ഒരു പക്ഷെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പുല്ലുവില കൽപ്പിക്കാതെ പ്രധാനമന്ത്രി പദവിയിലുള്ള ഒരാൾ ഇത്രയും തരംതാണ വർഗീയ പ്രചാരണം നടത്തുന്നത്. പാകിസ്ഥാനെ ഒരു വിഭാഗീയ ആക്രോശത്തിന്റെ അലങ്കാരമാക്കി മാറ്റിയെങ്കിൽ (2015-ലെ ബിഹാർ തെരഞ്ഞെടുപ്പ് മുതൽ), ഇപ്പോൾ പച്ചയായ വർഗീയത ഒരു മടിയുമില്ലാതെ ഇറക്കിക്കളിക്കുകയാണ്.

2007-ലെ സംജോത്ത എക്സ്പ്രസ് തീവണ്ടി സ്ഫോടനക്കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടതിൽ നിന്നും രാഷ്ട്രീയനേട്ടമുണ്ടാക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. ഒരു ദശാബ്ദം മുമ്പ് കോൺഗ്രസാണ് ഹിന്ദു ഭീകരത എന്ന വാക്ക് ഉപയോഗിച്ചതെന്നാരോപിച്ചുകൊണ്ട് ഭൂരിപക്ഷ സമുദായത്തിനും കോൺഗ്രസിനുമിടയിൽ ഭിന്നത വളർത്താനാണ് ശ്രമിക്കുന്നത്. എന്നാൽ ഇപ്പോൾ ബി ജെ പി മന്ത്രിയും അന്നത്തെ ആഭ്യന്തര സെക്രട്ടറിയുമായ ആർ. കെ. സിങാണ് ആ വാക്ക് ഉപയോഗിച്ചതെന്ന് കോൺഗ്രസ് വക്താക്കൾ പറയുന്നു. കഴിഞ്ഞ ഡിസംബറിൽ “ബി ജെ പി സർക്കാരിന്റെ കീഴിലുള്ള മഹരാഷ്ട്ര ഭീകര വിരുദ്ധ സംഘം തീവ്രവാദി ഹിന്ദു സംഘടനയിലെ 12 പേർക്കെതിരെയാണ് കുറ്റപത്രം ചുമത്തിയത്. 2017 മാർച്ച് 8-നു ജയ്‌പ്പൂരിലെ ഒരു എൻ ഐ എ പ്രത്യേക കോടതി മൂന്നു മുൻ ആർ എസ് എസ് പ്രചാരകരെ 2007-ലെ അജ്മീർ ദർഗ സ്‌ഫോടനവുമായി ബന്ധപ്പെട്ട ശിക്ഷിക്കുകയും ചെയ്തു.”

തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി ഹിന്ദു ഭൂരിപക്ഷ മതവികാരത്തെ ആളിക്കത്തിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് വ്യക്തമാണ്. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിനെക്കുറിച്ച് വാർധയിൽ ഒരു പൊതുയോഗത്തിൽ മോദി പറഞ്ഞത്, “ആ കക്ഷിയുടെ നേതാക്കൾ ഭൂരിപക്ഷ സമുദായം കൂടുതലുള്ള മണ്ഡലങ്ങളെ ഭയപ്പെടുന്നു. അതുകൊണ്ടാണ് അവർ ഭൂരിപക്ഷം ന്യൂനപക്ഷമായ സ്ഥലങ്ങളിൽ അഭയം തേടാനായി നിർബന്ധിതരാകുന്നത്” എന്നാണ്. “ഹിന്ദു” ആഖ്യാനത്തെ ഉറപ്പിക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം. (വയനാട്ടിലെ ജനസംഖ്യയിൽ ഹിന്ദുക്കളും മറ്റു വിഭാഗങ്ങളും ഏതാണ്ട് തുല്യമാണ്). ഈ അസംബന്ധ വർത്തമാനം മുഖവിലക്കെടുത്താൽ കോൺഗ്രസിന് രാജ്യത്ത് 450-ലേറെ മണ്ഡലങ്ങളിൽ മത്സരിക്കാനും കഴിഞ്ഞ വർഷം മധ്യപ്രദേശിലും (ഹിന്ദുക്കൾ 90%), രാജസ്ഥാനിലും (88 %), ഛത്തീസ്ഗഡിലും ((87%) വിജയിക്കാനും കഴിയില്ലായിരുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണത്തെ വർഗീയമായി ധ്രുവീകരിക്കാനുള്ള ബി ജെ പിയുടെ ശ്രമം മനസിലാക്കാമെങ്കിലും സി പി എമ്മിനെപ്പോലെ ഒരു കക്ഷിപോലും അതിനു ശ്രമിക്കുന്നത് സങ്കടകരമാണ്. വയനാട്ടിൽ നിന്നുള്ള രാഹുലിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചപ്പോൾ സി പി എം മുഖപത്രമായ ദേശാഭിമാനിയിലെ മുഖപ്രസംഗത്തിൽ ഒരു സാമുദായിക അജണ്ടയുണ്ടെന്ന് വരുത്തിത്തീർക്കാനാണ് ശ്രമിച്ചത്. “വയനാട്ടിലെ കോൺഗ്രസ് വോട്ടുകളേക്കാൾ ന്യൂനപക്ഷ വോട്ടുകളിലാണ് രാഹുൽ കണ്ണുവെക്കുന്നത്,” മുഖപ്രസംഗത്തിൽ പറയുന്നു. വിഭാഗീയ വേര്‍തിരിവുകളിൽ നിന്നും നേട്ടമുണ്ടാക്കാനെന്ന വണ്ണം “രാഹുൽ മുസ്‌ലിം ലീഗിന്റെ കാൽക്കൽ വീണു” എന്നും അതിൽ കുറ്റപ്പെടുത്തുന്നുണ്ട്. അതെ സമയം മുസ്‌ലിം വോട്ടർമാർക്ക് മുന്നിൽ കോൺഗ്രസിനെ താറടിക്കാനും മുഖപ്രസംഗം ശ്രമിച്ചു, “ന്യൂനപക്ഷ ക്ഷേമത്തിനായുള്ള രംഗനാഥ് മിശ്ര കമ്മീഷൻ, സച്ചാർ കമ്മീഷൻ റിപ്പോർട്ടുകൾ നടപ്പാക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു… താനൊരു ബ്രാഹ്മണനും ശിവഭക്തനുമാണെന്ന് രാഹുൽഗാന്ധി പറയുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം 26 പൊതുയോഗങ്ങളിൽ പങ്കെടുത്തപ്പോൾ 30 ക്ഷേത്രങ്ങളിൽ ദർശനം നടത്തി.”

2008-ൽ ഇന്ത്യ-യു എസ് ആണവ കരാറിനെച്ചൊല്ലി പിന്തുണ പിൻവലിച്ച കാലത്തും കോൺഗ്രസ് നേതാക്കൾക്കെതിരെ സി പി എം ഇത്ര രൂക്ഷമായ രീതിയിൽ വ്യക്തിപരമായ ആക്രമണങ്ങൾ നടത്തിയിട്ടില്ല. അന്നത്തെ വിമർശനങ്ങൾ ഏറെയും നവ-ലിബറൽ നയങ്ങൾക്കെതിരെയായിരുന്നു. ഈയിടെ വരെ മുഖ്യമന്ത്രി പിണറായി വിജയനും പ്രകാശ കാരാട്ടും അടക്കമുള്ള കടുംപിടുത്തക്കാർ കോൺഗ്രസുമായി ഒരു തരത്തിലുള്ള സംഖ്യവും പാടില്ലെന്ന നിലപാടിലായിരുന്നു. പി ബിയിൽ പലതവണയായി നടന്ന ചർച്ചകൾക്കൊടുവിൽ ബംഗാളിൽ കോൺഗ്രസുമായി നീക്കുപോക്കുണ്ടാക്കാൻ സംസ്ഥാന ഘടകത്തെ സി പി എം അനുവദിച്ചെങ്കിലും പ്രാദേശിക ഭിന്നതകൾ മൂലം ആ സഖ്യം സാധ്യമായില്ല.

മോദിയുടെ മറയില്ലാത്ത വർഗീയ പ്രചാരണങ്ങൾക്കു പിന്നാലെ സി പി എമ്മും ആ വഴിയിൽ പോകുന്നതോടെ സാമുദായിക ഐക്യത്തിന് പേരുകേട്ട ഈ പുരോഗമന, ഉദാര സമൂഹത്തിന്റെ പ്രതിച്ഛായയയെ കളങ്കപ്പെടുത്തും വിധത്തിൽ ദൈവത്തിന്റെ സ്വന്തം നാട് ഏറ്റവും ധ്രുവീകരിക്കപ്പെട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. ഒരു ദശാബ്ദം മുമ്പ് എ ഐ സി സി ജനറൽ സെക്രട്ടറിയായി സ്ഥാനമേറ്റെടുക്കുമ്പോൾ രാഹുൽ ഗാന്ധി സ്വത്വ രാഷ്ട്രീയത്തിനെതിരെ സംസാരിച്ചിരുന്നു; പക്ഷെ ദേശീയതലത്തിൽ മോദി വരികയും തുടർന്ന് കോൺഗ്രസ് തീരെ ദുര്‍ബലമാവുകയും ചെയ്തതോടെ ബി ജെ പിയുടെ വെറുപ്പ് നിറഞ്ഞ ഹിന്ദുത്വത്തിനെതിരെ മൃദു ഹിന്ദുത്വം ഉപയോഗിക്കാൻ അയാൾ നിർബന്ധിതനായി. പരസ്യമായി ഹിന്ദു സ്വത്വം എടുത്തണിഞ്ഞെങ്കിലും അത് ഭൂരിപക്ഷവാദത്തിലേക്ക് വഴുതിപ്പോകാതിരിക്കാൻ അദ്ദേഹം ശ്രദ്ധിക്കുന്നുണ്ടെന്ന് രാഹുൽ അനുകൂലികൾ ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ടാണ് അദ്ദേഹം എല്ലാവരെയും ഉൾക്കൊള്ളുന്നതിനെക്കുറിച്ച് സംസാരിക്കുന്നതും മുസ്‌ലിം, ക്രിസ്ത്യൻ പള്ളികളിലും ഗുരുദ്വാരയിലുമെല്ലാം സന്ദർശനം നടത്തുന്നതും.

രാഹുൽ ഗാന്ധിയെക്കാളും മാർക്സിസ്റ്റുകാരെക്കാളും ഉപരിയായി, പ്രധാനമന്ത്രി എന്ന നിലയിൽ ഈ വർഗീയ പരാമർശങ്ങൾ ചെറുതാക്കുന്നത് മോദിയുടെ പ്രതിഛായയെയാണ്. തെരഞ്ഞെടുപ്പ് ആരോപണങ്ങളെ വീണ്ടും ഒരു പറ്റി താഴ്ത്തിക്കൊണ്ട് മീററ്റിലെ ഒരു യോഗത്തിൽ പ്രതിപക്ഷത്തെ ‘ശരാബ്’ (മദ്യം) എന്നാണു മോദി വിശേഷിപ്പിച്ചത്. സാപയുടെ (സമാജ്‌വാദി പാർട്ടി) ‘ശ,’ രാഷ്ട്രീയ ലോകദളിന്റെ ‘രാ’, ബഹുജൻ സമാജ് പാർട്ടിയുടെ ‘ബ’ എന്നിവ ചേർത്താണ് ബാലിശമായ തരത്തിൽ അദ്ദേഹം ശരാബ് ഉണ്ടാക്കിയത്. “എസ് പി, ആർ എൽ ഡി, ബി എസ് പി ഈ ശരാബ് നിങ്ങളെ നശിപ്പിക്കും,” മോദി പറഞ്ഞു.

“അച്ഛേ ദിൻ, എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനം” തുടങ്ങിയ മുദ്രാവാക്യങ്ങൾ വിറ്റിരുന്ന 2014-ലെ വികസന ബിംബത്തിൽ നിന്നും ഒരു വർഗീയ ധ്രുവീകരണ നേതാവായി ബ്രാന്‍ഡ് മോദി ഇടിഞ്ഞിരിക്കുന്നു. സർക്കാരിന്റെ കെടുകാര്യസ്ഥതയെ മറച്ചുപിടിക്കാനാണ് ഈ തരംതാഴലെങ്കിൽ അതേറെക്കാലം വിജയിക്കില്ല. എഴുത്തുകാർ ‘വെറുപ്പിന്റെ രാഷട്രീയത്തിനെതിരെ’ ‘തുല്യതയും ബഹുസ്വരതയുമുള്ള ഒരു ഇന്ത്യക്കാരായി വോട്ടു ചെയ്യാൻ ആഹ്വാനം നൽകിയിരിക്കുന്നു. അതിനു ഒരാഴ്ച്ച മുമ്പാണ് 100 ചലച്ചിത്ര പ്രവർത്തകർ ബി ജെ പി സർക്കാറിനെ താഴെയിറക്കാൻ ആഹ്വാനം ചെയ്യുന്ന ഒരു പ്രസ്താവന പുറപ്പെടുവിച്ചത്. അവർ അർബൻ നക്സലുകളല്ല. അവർ ചെയ്തതിനു നെഹ്‌റുവിനെ കുറ്റപ്പെടുത്താനുമാകില്ല. അവർ വിമതശബ്ദങ്ങൾ ‘നിർമ്മിക്കുകയായിരുന്നോ ‘ എന്ന് മെയ് 23-നു അറിയാം.

കെയ് ബെനഡിക്ട്

ഡല്‍ഹിയില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. പ്രമുഖ മാധ്യമങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയം, പാര്‍ലമെന്‍റ്, പൊതു തിരഞ്ഞെടുപ്പ് എന്നിവ കൈകാര്യം ചെയ്തിട്ടുണ്ട്. കാരവന്‍ മാസികയില്‍ മാധ്യമ പ്രവര്‍ത്തന ജീവിതം ആരംഭിച്ചു. പിന്നീട് ദി ഇന്ത്യന്‍ എക്സ്പ്രസ്സ്, ഏഷ്യന്‍ ഏജ്, ദി ടെലഗ്രാഫ്, ഡിഎന്‍എ , ഇന്ത്യാ ടുഡെ, ക്വിന്‍റ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ സ്വന്തന്ത്ര മാധ്യമ പ്രവര്‍ത്തകന്‍. കോട്ടയം സ്വദേശിയാണ്

More Posts

Follow Author:

This post was last modified on April 18, 2019 5:36 pm