UPDATES

ട്രെന്‍ഡിങ്ങ്

പടയൊരുക്കവും പത്ത് കല്‍പ്പനകളും; പിന്നെ ഉമ്മന്‍ ചാണ്ടിയെ പൊക്കിയെടുക്കുന്ന അനുയായികളും

പടയൊരുക്കും കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്ക് കടക്കുമ്പോള്‍ സ്റ്റേജ് തകരലൊക്കെ പ്രതീക്ഷിക്കാം. മുസ്ലിം ലീഗും കോണ്‍ഗ്രസ്സിനെപ്പോലെ തന്നെ ഒരു ആള്‍ക്കൂട്ടത്തിന്റെ പാര്‍ട്ടിയാണല്ലോ!

കെ എ ആന്റണി

കെ എ ആന്റണി

കോണ്‍ഗ്രസ് എന്നാല്‍ ആള്‍ക്കൂട്ടത്തിന്റെ പാര്‍ട്ടി എന്നാണു പണ്ട് മുതല്‍ക്കേ അറിയപ്പെടുന്നത്. ആ പാര്‍ട്ടിക്ക് നേതാക്കന്മാര്‍ ഇല്ലാത്തതു കൊണ്ടല്ലിത്. നേതാക്കന്മാര്‍ ആവശ്യത്തിലേറെ ഉണ്ടെങ്കിലും പാര്‍ട്ടിക്ക് കേഡര്‍ സ്വഭാവം ഇല്ലാത്തതുകൊണ്ട് പലപ്പോഴും അണികളാണ് പാര്‍ട്ടിയെ നയിക്കുന്നത്. അതുകൊണ്ടാണ് കോണ്‍ഗ്രസ് ആള്‍ക്കൂട്ട പാര്‍ട്ടിയായി അറിയപ്പെടുന്നത്. അണികള്‍ ആവേശമുള്ളവര്‍ ആകുന്നതൊക്കെ ഒരു നല്ല കാര്യമാണെങ്കിലും പലപ്പോഴും അവരുടെ അമിതാവേശം വിനയായി തീരാറുണ്ട്. തന്നെയുമല്ല ഇത്തിരി മുന്തിയ നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടികള്‍ അണികളുടെ ആവേശത്തള്ളിച്ച മൂലം അലങ്കോലപ്പെടാറുമുണ്ട്.

ഇങ്ങനെയൊരു സംഭവം ഇന്നലെ കാസര്‍കോട് ജില്ലയിലെ ഉപ്പളയിലും ഉണ്ടായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു ഡി എഫിന്റെ ‘പടയൊരുക്കം’ ജാഥയുടെ ഉദ്ഘാടനത്തിനിടെയായിരുന്നു അത്. സോളാര്‍ കേസില്‍ പ്രതിപ്പട്ടികയിലാണെങ്കിലും ഉമ്മന്‍ ചാണ്ടി ഇപ്പോഴും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഒരു വികാരം തന്നെയാണ്. ചുരുങ്ങിയ പക്ഷം ‘എ’ കോണ്‍ഗ്രസുകാര്‍ക്കെങ്കിലും അത് അങ്ങനെ തന്നെയാണ്. അതുകൊണ്ടുകൂടിയാവണം എ കെ ആന്റണിയെ കണ്ടപ്പോള്‍ പോലും ഇല്ലാതിരുന്ന അണികളുടെ ആവേശം ഉല്‍ഘാടന വേദിക്കരികിലേക്കു ഉമ്മന്‍ ചാണ്ടി വന്നപ്പോള്‍ അണപൊട്ടി ഒഴുകിയത്. ആവേശം മൂര്‍ച്ഛിച്ചവര്‍ ഓടിയടുത്തു ഉമ്മന്‍ ചാണ്ടിയെ പൊക്കിയെടുത്തു. നേതാവിനെ തൊടാന്‍ അവസരം ലഭിക്കാതെ പോയവര്‍ നേതാവിനെ പൊക്കിയവരെ പൊക്കാനോ വീഴ്ത്താനോ ഒക്കെ ശ്രമിച്ചതിനാല്‍ ആവണം അണികള്‍ പൊക്കിയെടുത്തു വേദിയില്‍ കൊണ്ടുചെന്നിരുത്തിയ ഉമ്മന്‍ ചാണ്ടി കാലിലേക്ക് നോക്കിയപ്പോള്‍ കണ്ടത് ഇടതു കാല്‍ മുട്ടിനു താഴെ തൊലി അടര്‍ന്നതാണെന്നാണ് ഇന്നത്തെ മലയാള മനോരമ പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കാലിലെ തൊലി മാത്രമല്ല കാലിലെ ചെരുപ്പും നഷ്ട്ടപെട്ടിരുന്നുവെന്നും ഇത് പിന്നീട് പ്രവര്‍ത്തകര്‍ തന്നെ തപ്പിയെടുത്തു തിരിച്ചു നല്‍കിയെന്നും പ്രസ്തുത വാര്‍ത്തയിലുണ്ട്. കാലിലെ തൊലിയല്ലേ പോയള്ളൂ, ആവേശം മൂത്ത അണികളുടെ പിടിവലിയില്‍ താഴെ വീണു നടുവൊടിഞ്ഞില്ലല്ലോ എന്ന് ഉമ്മന്‍ ചാണ്ടിക്ക് ആശ്വസിക്കാം.

എല്‍ ഡി എഫിന്റെ ‘ജന ജാഗ്രതാ ജാഥ’യില്‍ സംഭവിച്ച ജാഗ്രതക്കുറവ് തങ്ങളുടെ ‘പടയൊരുക്കം’ ജാഥയില്‍ സംഭവിച്ചാല്‍ ഉണ്ടാകാനിടയുള്ള ഭവിഷ്യത്ത് ഭയന്നിട്ടു തന്നെയാണ് യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ ജാഥയില്‍ പാലിക്കേണ്ട അച്ചടക്കം സംബന്ധിച്ച് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കികൊണ്ടുള്ള ഒരു സര്‍ക്കുലര്‍ എഴുതി തയ്യാറാക്കി, ദൈവം പണ്ട് കാനാന്‍ ദേശത്തിലേക്കുള്ള യാത്രക്കിടയിലും തുടര്‍ന്നും തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനതയായ യഹൂദര്‍ പാലിക്കേണ്ടതിലേക്കായി മോശയെ ഏല്‍പ്പിച്ചതുപോലെ വി ഡി സതീശനെ ഏല്‍പ്പിച്ചതും അദ്ദേഹം തന്റെ കടമ കൃത്യമായി നിര്‍വ്വഹിച്ചതും. ഇതാ പഴയ നിയമ കാലമല്ലെന്ന തിരിച്ചറിവ് ഉണ്ടായതുകൊണ്ടാവണം തങ്കച്ചന്‍ തന്റെ കല്പനകളുടെ എണ്ണം വെട്ടിച്ചുരുക്കിയത്.

ആരുടെ കല്‍പ്പന എന്ത് കല്‍പ്പന എന്ന മട്ടിലായിരുന്നുവത്രെ ഇന്നലെ ഉപ്പളയില്‍ തടിച്ചുകൂടിയ യു ഡി എഫ് പ്രവര്‍ത്തകര്‍. പ്രത്യേകിച്ചും കോണ്‍ഗ്രസുകാര്‍. മലയാള മനോരമ റിപ്പോര്‍ട്ടനുസരിച്ച് 123 പേരാണത്രെ ഇന്നലെ പടയൊരുക്കത്തിന്റെ ഉല്‍ഘാടന വേദിയില്‍ ഇരുന്നത്. വേദിയില്‍ ഇരിപ്പിടം തരപ്പെടാത്തതില്‍ കുണ്ഠിതരായ ഏതാണ്ട് ‘ഇരുപതോളം പേര്‍ ‘ഇതാ ഞങ്ങളെയും കണ്ടോളൂ’ എന്ന മട്ടില്‍ സ്റ്റേജില്‍ അവിടവിടെയായി നില്‍ക്കുന്നുണ്ടായിരുന്നുവെന്നും അതേ റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നുണ്ട്. അവിടെയും സ്ഥാനം കിട്ടാതെ വന്ന ചിലര്‍ മൈക്ക് പോഡിയത്തിനടുത്തു തിക്കും തിരക്കും കൂടിയെന്നും വേദിയിലെ തിരക്കുകാരണം അവിടെ സ്ഥാപിച്ചിരുന്ന പെഡസ്റ്റല്‍ ഫാന്‍ താഴെ വീണും എന്നും ഇടക്കു ചിരി പടര്‍ത്തിയെന്നും പറഞ്ഞ് വായനക്കാരന്റെ മനസ്സിലും ചിരി പടര്‍ത്തുന്നുണ്ട് പ്രസ്തുത വാര്‍ത്ത.

ഈ വാര്‍ത്ത വായിച്ചപ്പോള്‍ പെട്ടെന്ന് ഓര്‍മ്മ വന്നത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാലക്കാട് നടന്ന ഒരു കോണ്‍ഗ്രസ് സമ്മേളനത്തിനിടയില്‍ സ്റ്റേജ് തകര്‍ന്ന് നിരവധിപേര്‍ക്ക് പരിക്കുപറ്റിയ സംഭവമാണ്. സ്റ്റേജിലേക്കുള്ള പ്രവര്‍ത്തകരുടെ തള്ളിക്കയറ്റം മൂലമാണ് അന്നങ്ങനെ സംഭവിച്ചത്. ഉപ്പളയില്‍ എന്തായാലും അതുണ്ടായില്ലല്ലോ എന്ന് സമാധാനിക്കാം. എങ്കിലും പടയൊരുക്കും കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്ക് കടക്കുമ്പോള്‍ സ്റ്റേജ് തകരലൊക്കെ പ്രതീക്ഷിക്കാം. മുസ്ലിം ലീഗും കോണ്‍ഗ്രസ്സിനെപ്പോലെ തന്നെ ഒരു ആള്‍ക്കൂട്ടത്തിന്റെ പാര്‍ട്ടിയാണല്ലോ!

ചെന്നിത്തലയുടെ പടയൊരുക്കത്തില്‍ പാടില്ലാത്ത ചിലത്; പൊരിച്ച കോഴി, മിനി കൂപ്പര്‍, തോമസ് (ഉമ്മന്‍) ചാണ്ടി…

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍