X

നമുക്കെന്നാണ് പെണ്‍കൂട്ടുകളുടെ ഒരു മാനിഫെസ്‌റ്റോ എഴുതാന്‍ കഴിയുക?

മറ്റൊരിടത്തും പ്രകടിപ്പിക്കാനാവാത്ത വികാരങ്ങള്‍ക്ക് കിട്ടുന്ന ഒരു സേഫ്റ്റി വാല്‍വ് ആണ് പലര്‍ക്കും ഒരു പെണ്‍കൂട്ട്

സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രിം കോടതി വിധി വന്നിട്ട് വളരെ കുറച്ച് ദിവസങ്ങള്‍ ആയതേയുള്ളൂ. വാസ്തവത്തില്‍ സ്വകാര്യതയെക്കുറിച്ച് മാത്രമല്ല വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ചോ വ്യക്തി ബന്ധങ്ങളിലെ ജനാധിപത്യത്തെ കുറിച്ചോ നമുക്കങ്ങനെ വ്യക്തമായ നിലപാടുകളോ ധാരണകളോ ഇല്ല. ആയതിനാലൊക്കെയാവാം അടുത്തടുത്തിരിക്കുന്ന രണ്ട് സ്ത്രീകളോട്, ഉളളറിഞ്ഞ് സ്‌നേഹിക്കുന്ന രണ്ടു പേരോട് നീയൊക്കെ ലെസ്ബിയന്‍ അല്ലെടീ, നിന്റെയൊക്കെ കുത്തിക്കഴപ്പ് അവസാനിപ്പിച്ച് തരാമെന്ന സദാചാര മുറവിളികള്‍ ഉയരുന്നത്… ഇതില്‍ രണ്ട് പ്രശ്‌നങ്ങളാണുള്ളത്. ഒന്നാമത് രണ്ട് വ്യക്തികള്‍ക്കിടയില്‍ ശരീരവുമായി ബന്ധപ്പെടുത്തിക്കൊണ്ടല്ലാതെ മറ്റൊരു ബന്ധം സാധ്യമല്ല എന്ന് എത്രയെളുപ്പത്തിലാണ് തീര്‍പ്പ് കല്‍പ്പിക്കപ്പെടുന്നത്? ഏത് ജെന്‍ഡറുകള്‍ തമ്മിലായാലും ലൈംഗികതയുമായി തട്ടിച്ചുവെച്ചു കൊണ്ടല്ലാതെ ഒരു ബന്ധത്തിന്റെ സാധുത മനസിലാക്കാന്‍ നമ്മളിനി എന്നാണ് പഠിക്കുക? രണ്ടാമതായി ഉള്ള കാര്യം ഇനി രണ്ട് സ്ത്രീകള്‍ ലെസ്ബിയനുകള്‍ ആണെങ്കില്‍ തന്നെ അതില്‍ മറ്റുള്ളവര്‍ക്കെന്താണ് കാര്യമെന്നതാണ്. രണ്ട് വ്യക്തികളുടെ പ്രണയം അവരുടെ മാത്രം തെരഞ്ഞെടുപ്പാണെന്നും അതിനു ചുറ്റും എന്തിനോ വേണ്ടി സാമ്പാര്‍ തിളപ്പിക്കേണ്ടതില്ലെന്നും ആവേശക്കമ്മിറ്റിക്കാര്‍ക്ക് ഇനിയെന്നാണ് മനസിലാവുക?

മേല്‍പ്പറഞ്ഞതില്‍ ആദ്യത്തെ ചോദ്യത്തിലേക്ക് വരാം. രണ്ട് സ്ത്രീകള്‍ തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ രണ്ട് വ്യക്തികള്‍ മാത്രമല്ല, രണ്ട് സമര പരിസരങ്ങള്‍ തന്നെയാണ് കൂട്ടിമുട്ടുന്നത്. പെണ്ണായി ജനിച്ച ഏതൊരാളും പല തരം നില നില്‍പ് സമരങ്ങളിലൂടെ തന്നെയാണ് കടന്നു പോവുന്നത്. പ്രിവിലേജുകള്‍ക്കനുസരിച്ച് അളവിലോ തോതിലോ മാറ്റം വരുമെങ്കില്‍ പോലും നിരന്തരമായ സമരങ്ങള്‍ ഏത് പെണ്ണിന്റേയും അനിവാര്യതയാണ്. വ്യക്തി ബന്ധങ്ങള്‍ വഴി അടിച്ചേല്‍പിക്കപ്പെടുന്ന അധികാരമാവാം ഒരു കാരണം. ഒരാള്‍ക്കത് അച്ഛനെങ്കില്‍ അടുത്തയാള്‍ക്കത് ഭര്‍ത്താവാകാം, ഇനിയൊരാള്‍ക്ക് അത് കാമുകനാവാം. ആങ്ങളമാരോ കാരണവന്‍മാരോ ആവാം. ഇടപെടുന്ന വ്യക്തികള്‍ മുഴുവന്‍ ജനാധിപത്യപരമായി പെരുമാറുന്നവരാണെങ്കില്‍ പോലും സ്ഥാപനങ്ങള്‍ എന്ന നിലയില്‍ തന്നെ കുടുംബമാവാം, തൊഴിലിങ്ങളാവാം… ഇനിയിവിടൊന്നും ഒരു തരം സ്വാതന്ത്ര്യ പ്രശ്‌നങ്ങളും വേണ്ടതില്ലെങ്കിലും അവളെ ഉള്‍ക്കൊള്ളുന്ന ഒരു സമൂഹത്തിന്റെ അധികാരഘടന ആണ്‍കേന്ദ്രീകൃതമാണ്. തിയേറ്ററുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ഉത്സവപ്പറമ്പുകള്‍ അങ്ങനങ്ങന്നെ ചെന്നെത്തുന്ന എല്ലാ പൊതുവിടങ്ങളിലും തികച്ചും സാധാരണമായി രണ്ടാം കിട പൗരത്വം സ്ത്രീകള്‍ക്ക് അനുവദിച്ച് അവരെ അരികുവത്കരിക്കുന്ന സമൂഹമാണ് നമ്മുടേത്. ജാതി, സാമ്പത്തിക ഘടകങ്ങള്‍ക്കനുസരിച്ച് മൂന്നും നാലുമൊക്കെ ശ്രേണികളിലേക്ക് തരംതിരിക്കപ്പെട്ട ജനാധിപത്യമേ സ്ത്രീകള്‍ക്ക് അനുഭവഭേദ്യമായുളളൂ… ഇങ്ങനെ ദൃശ്യവും അദൃശ്യവുമായ അനേകമനേകം അടിച്ചമര്‍ത്തലുകള്‍ക്കിടയിലാണ് അവള്‍ക്ക് ഒരു കൂട്ടുകാരിയെ ലഭിക്കുന്നത്… ഒരേ തരം ദുരന്തവും ഭീഷണിയും ചൂഷണവുമെല്ലാം നേരിടുന്നവര്‍ തമ്മില്‍ രൂപാന്തരപ്പെടാവുന്ന ഒരു താദാത്മ്യപ്പെടല്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടാകാം. കൂട്ടായ ദുരന്തങ്ങളും പൊതുവായ ഭീഷണികളുമെല്ലാം ഒരു പൊതു മനഃസാക്ഷിയെ സൃഷ്ടിക്കുന്നുണ്ട് എന്ന വിജയന്‍ മാഷിന്റെ നിരീക്ഷണം പോലെ…

സ്ത്രീകളുടെയും പുരുഷന്മാരുടെയും വൈകാരിക ക്ഷമത ഒരേ രീതിയിലല്ല പ്രവര്‍ത്തിക്കുക. ബയോളജിക്കല്‍ ആയ കാരണം മാത്രമല്ല സാമൂഹികമായ ഇടപെടലുകളും ഈ വൈകാരികപരതയെ രണ്ടായി തന്നെ സൃഷ്ടിച്ചു നിര്‍ത്തിയിട്ടുണ്ട്. കരയുന്നതേ മോശമെന്ന് കരുതുന്ന ഒരാണൊരുത്തന്റെ തോളില്‍ തല ചായ്ച് ഒരു പെണ്ണിന് സങ്കടം പറയാന്‍ ഒരു പക്ഷേ സാധിക്കണമെന്നില്ല. ഒരു പക്ഷേ എന്ന് തന്നെയാണ് പറയുന്നത്. ആണുങ്ങള്‍ക്കൊന്നും ഒന്നും മനസിലാവില്ല, എല്ലാ ആണുങ്ങളും പാകിസ്ഥാനിലേക്ക് പൊയ്‌ക്കോളൂ എന്ന ബൈനറി യുക്തിയിലല്ല ഇത് പറയുന്നത്. ഭൂരിഭാഗത്തിന്റെ കാര്യമാണ്. ‘ അത് കണ്ടാല്‍ ചേട്ടന് ദേഷ്യം വരും, ഇത് കണ്ടാല്‍ അച്ഛന് ഇഷ്ടമാവില്ല’ എന്നൊക്കെ നിരന്തരം കേള്‍ക്കാറുള്ളതല്ലേ…ആണുങ്ങളുടെ ദേഷ്യത്തിന് നമ്മുടെ വീടുകളിലിടമുണ്ട്.’ അത് കുഞ്ഞിന്റെ യാ, അതെടുത്താല്‍ അവന്‍ കരയും ‘ എന്ന് കുട്ടികളെ കുറിച്ച് പറയുന്നത് കേള്‍ക്കാറില്ലേ… കുഞ്ഞുങ്ങളുടെ കരച്ചിലിന് ഒരു പരിധി വരെയെങ്കിലും വീടുകളിലിടമുണ്ട്.. പക്ഷേ വീട്ടിലെ സ്ത്രീകള്‍ക്ക് ,അവരുടെ സങ്കടങ്ങള്‍ക്ക്, സന്തോഷത്തിന്, ദേഷ്യത്തിന്, പ്രതിഷേധങ്ങള്‍ക്കൊക്കെ ഇടമുള്ള എത്ര വീടുകള്‍ നമ്മുടെ നാട്ടിലുണ്ടാകും! മനസിന് സുഖമില്ലാത്തതിനാല്‍ അടുക്കളയിലൊരു നേരം കയറണ്ടെന്ന് തീരുമാനിക്കാന്‍ കഴിയുന്നവര്‍ എത്ര പേരുണ്ടാകും? ആര്‍ത്തവ കാലത്തെ മൂഡ് സ്വിങ്‌സ് പല സ്ത്രീകളിലും കാണുന്നതാണ്.. അതിനെ ഉള്‍ക്കൊള്ളാവുന്ന തരത്തില്‍ എങ്കിലും വളരാറുണ്ടോ നമ്മുടെ വീട്ടകങ്ങള്‍? മറ്റൊരു രീതിയിലും പ്രതിഷേധം സാധ്യമല്ലാതെ വന്നതുകൊണ്ട് കുറേ സ്ത്രീകള്‍ ഒരു പ്ലേറ്റില്‍ തട്ടി ശബ്ദമുണ്ടാക്കുന്ന സീന്‍ കണ്ടതോര്‍ക്കുന്നുണ്ട് ‘മിര്‍ചി മസാല’ എന്ന സിനിമയില്‍. അതു കൊണ്ടൊന്നും സംഭവിക്കാന്‍ വേണ്ടിയല്ല. നിസഹായത എന്നൊന്നുണ്ട്, ഗതികേടുകള്‍ എന്നൊന്നുണ്ട്. പരസ്പരം കൈ ചേര്‍ത്തു നില്‍ക്കുന്ന രണ്ട് സ്ത്രീകളില്‍ നിന്ന് കൈമാറപ്പെടുന്നത് ഇതിന്റെയൊക്കെ പങ്കു വെക്കപ്പെടലുകളാവാം. മറ്റൊരിടത്തും പ്രകടിപ്പിക്കാനാവാത്ത വികാരങ്ങള്‍ക്ക് കിട്ടുന്ന ഒരു സേഫ്റ്റി വാല്‍വ് ആണ് പലര്‍ക്കും ഒരു പെണ്‍കൂട്ട്. ഇതിന്റെ മനോഹരമായ ആഖ്യാനമായിരുന്നു ‘ശാലിനി എന്റെ കൂട്ടുകാരി’ എന്ന സിനിമ. കെട്ടുറപ്പുള്ള ഒരു തിരക്കഥ ഇല്ലായിരുന്നെങ്കിലും ‘റാണി പത്മിനി’ എന്ന സമീപകാല സിനിമ പറയാന്‍ ശ്രമിച്ചതും അത് തന്നെ. ഇനിയും തിരിച്ചറിയപ്പെടാത്ത പല മാനങ്ങളും രണ്ട് പെണ്‍കൂട്ടുകള്‍ക്കിടയില്‍ സംഭവിക്കുന്നുണ്ട്. ഒരാള്‍ക്കതറിയില്ല എന്നതിന്റെ അര്‍ത്ഥം അതറിയില്ല എന്ന് മാത്രവും ഒരാള്‍ക്കത് മനസിലാവില്ല എന്നതിന്റെ അര്‍ത്ഥം അയാള്‍ക്കത് മനസിലാവില്ല എന്ന് മാത്രവുമാണ്. അതു കൊണ്ടൊന്നും അത്തരം ബന്ധങ്ങള്‍ സാധ്യമേ അല്ല എന്ന് തീര്‍പ്പ് കല്പിക്കാനാവുകയില്ലെന്ന് സാരം.

‘മലര്‍വാടി ആര്‍ട്‌സ് ക്ലബ്’ പോലുള്ള സിനിമകള്‍ കാണുമ്പോഴൊക്കെ ആലോചിക്കുന്ന ഒരു കാര്യമുണ്ട്. സൗഹൃദങ്ങള്‍ക്ക് ഇങ്ങനൊരു ആവാസവ്യവസ്ഥ സ്ത്രീകള്‍ക്ക് സാധ്യമാവാറുണ്ടോ എന്നത്. അതിന് പറ്റാത്തവരാണ് സ്ത്രീകള്‍ എന്നതിനാലല്ല ഇത് സംഭവിക്കാത്തത്. ‘നാലു മലകള്‍ തമ്മില്‍ ചേര്‍ന്നാലും നാലു മുലകള്‍ തമ്മില്‍ ചേരില്ല’ എന്നൊക്കെയുള്ള ആണധികാരമൂല്യബോധ്യങ്ങള്‍ പടച്ചു വിടുന്ന പഴഞ്ചൊല്ലുകളില്‍ കാര്യമുണ്ടായിട്ടുമല്ല.. അത്തരം ജീവിതങ്ങളിലേക്ക് സ്വതന്ത്രമായി ഒഴുകാനുള്ള അവസ്ഥ സ്ത്രീകള്‍ക്കില്ല. വിവാഹാനന്തര കുടിയേറ്റമോ കുടുംബത്തിനായുള്ള ഒത്തു തീര്‍പ്പുകളോ ഒക്കെ അവരെ അതില്‍ നിന്ന് മാറ്റിനിര്‍ത്തുകയാണ്.ഒരു തലമുറയ്ക്ക് മുന്‍പേയുള്ള ഭൂരിഭാഗം സ്ത്രീകള്‍ക്കും നീണ്ട കാലത്തെ സൗഹൃദം എന്നത് തീര്‍ത്തും അപരിചിതമാണ്.. കൂട്ടുകാരുണ്ടെന്ന ബലത്തിലാണ് വിവാഹമോചനങ്ങള്‍ കൂടുന്നതെന്നും ഇതൊക്കെ കുടുംബ ഭദ്രതയെ തകര്‍ക്കുമെന്നുമൊക്കെ വാളെടുക്കുന്നവരുണ്ട്.. കൂടുതല്‍ സുതാര്യമാവുന്തോറും ഏത് വ്യവസ്ഥയിലേയും ജനാധിപത്യത്തിന് മാറ്റ് കൂടുകയേ ഉള്ളൂ. നമ്മളാണ് തെറ്റി വായിക്കുന്നത്. അടിച്ചമര്‍ത്തലുകളെ ഭദ്രതയെന്ന്, അടിമത്തങ്ങളെ സൗകര്യമെന്ന്, അബോധപൂര്‍വം നിര്‍മിച്ചെടുക്കുന്ന സമ്മതികളെ താല്‍പര്യങ്ങളെന്ന്. അങ്ങനങ്ങനെ പലതിനെ പലതുമായും തെറ്റി വായിക്കുന്നത് നമ്മളാണ്. അതു കൊണ്ട് ഒരു പെണ്ണിന് മറ്റൊരു പെണ്ണ് കൂട്ടുണ്ടായിപ്പോയാല്‍ ആകാശം ഇടിഞ്ഞു വീഴുമെന്ന നിലവിളി അര്‍ധരാത്രിയിലും കുട പിടിക്കുന്ന അല്‍പ്പരുടേതാണ്. ഇത്തരം അനേകം മുറവിളികള്‍ക്കും തെറ്റിദ്ധാരണകള്‍ക്കും ഇടയില്‍ നിന്നു കൊണ്ടല്ലാതെ ബന്ധങ്ങളില്‍ നമുക്കെന്നാവും എഴുതാന്‍ കഴിയുക, പെണ്‍കൂട്ടുകളുടെ ഒരു മാനിഫെസ്‌റ്റോ….

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ജിപ്സ പുതുപ്പണം

എഞ്ചിനീയറിംഗ് ബിരുദധാരി, സാമൂഹ്യ നിരീക്ഷക

More Posts

Follow Author:

This post was last modified on September 11, 2017 4:21 pm