UPDATES

വിശകലനം

മോദിജിയുടെ തള്ളുകളും ടൈംസ് നൗവിന്റെ ‘മഹത്തായ’ ജേര്‍ണലിസവും; ഒരു ഇന്ത്യന്‍ നേര്‍ക്കാഴ്ച

ട്രംപും മോദിയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ അരുന്ധതി റോയ് പറഞ്ഞത് ട്രംപ് ഒരു ആക്‌സിഡന്റ് ആണെന്നും മോദി ഒരു നിര്‍മിതി ആണെന്നും ആയിരുന്നു

കെ എ ആന്റണി

കെ എ ആന്റണി

അപ്പോള്‍ അതാണ് സത്യം. പലരും കരുതുന്നതുപോലെ ഡോ. മന്‍മോഹന്‍ സിംഗല്ല നരേന്ദ്ര മോദിയാണ് ‘ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ ‘ എന്ന വിശേഷണത്തിന് കൂടുതല്‍ അനുയോജ്യന്‍. കഴിഞ്ഞ ദിവസം ടൈംസ് നൗ ചാനലില്‍ പ്രശസ്ത ബോളിവുഡ് നടന്‍ അക്ഷയ് കുമാറുമായുള്ള മോദിജിയുടെ ‘രാഷ്ട്രീയേതര’ അഭിമുഖം കണ്ടപ്പോഴാണ് ഇക്കാര്യം പിടികിട്ടിയത്. ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച ഒന്നുകില്‍ ഒരു സൈനികന്‍ അല്ലെങ്കില്‍ ഒരു സന്യാസി എന്ന മോഹവുമായി നടന്ന ഒരാള്‍ ഒടുവില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായി തീരുന്നതും അറിയപ്പെടുന്ന ഒരു സാമ്പത്തിക വിദഗ്ദ്ധന്‍ ആ പദവിയിലെത്തുന്നതും രണ്ടും രണ്ടല്ലേ? അങ്ങനെ വരുമ്പോള്‍ ‘ആക്‌സിഡന്റല്‍ പ്രൈമിനിസ്റ്റര്‍’ എന്ന വിശേഷണം ഒരുപക്ഷെ കൂടുതല്‍ ഇണങ്ങുന്നത് മോദിജിക്ക് തന്നെ എന്ന് ചിന്തിച്ചാല്‍ കുറ്റം പറയുക എന്നത് മ്ലേച്ച ചിന്ത തന്നെയെന്ന് സംഘികള്‍ പറയും.

വെറും വെറുതെ… അല്ലെങ്കില്‍ നിനച്ചിരിക്കാതെ, ഒരിക്കല്‍ പോലും സ്വപനം കാണാത്ത, കാണാനാവാത്ത ഒരു പരമോന്നത പദവി അലങ്കരിക്കാന്‍ അവസരം ലഭിച്ച മോദിജിയുടെ ഒട്ടും അഹങ്കാരമില്ലാത്തതെന്ന് വിശ്വസിച്ചു പ്രേക്ഷകര്‍ കയ്യടിച്ചു പ്രോത്സാഹിപ്പിക്കേണ്ട ഒരു അഭിമുഖം. അങ്ങനെയൊന്ന് മോദി, മോദി എന്ന ആര്‍പ്പുവിളിയുമായി ഒരു പാവം പാവം ചായ വില്‍പ്പനക്കാരന്‍ പയ്യനില്‍ നിന്നും ഇന്ത്യ എന്ന ഒരു വലിയ രാഷ്ട്രത്തിന്റെ ഭാഗധേയം നിര്‍ണയിക്കാന്‍ പോന്ന ഒരാളായി വളര്‍ന്ന, ഒരാളുടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിനു തൊട്ടു മുന്‍പായി എങ്ങനെ അവതരിപ്പിക്കണമെന്നും മാര്‍ക്കറ്റ് ചെയ്യണമെന്നും കാട്ടിത്തന്നിരിക്കുകയാണ് ഈ ‘രാഷ്ട്രീയേതര’ അഭിമുഖം. ഇക്കാര്യത്തില്‍ ടൈംസ് നൗ വഹിച്ച സ്തുത്യര്‍ഹമായ ജോലിക്ക് മികച്ച കൂലിയും ഉറപ്പ്. അതാണല്ലോ നമ്മുടെ തിളങ്ങുന്ന ഇന്ത്യയിലെ രാഷ്ട്രീയ – കോര്‍പറേറ്റ് സൂത്രവാക്യം. വേണമെങ്കില്‍ ഇതിനെ വിടുപണിയെന്നോ മാമ പണിയെന്നോ വിളിക്കാം.

ഇനിയിപ്പോള്‍ മോദിജിയുടെ ബാല്യകാല സ്വപ്നത്തിലേക്കു കടന്നാല്‍ അതില്‍ എല്ലാം ഉണ്ട്. സൈനികന്‍ എന്നതിലൂടെ ‘ഞാന്‍ രാഷ്ട്രത്തിന്റെ കാവല്‍ക്കാരന്‍’ എന്ന തന്റെ പുതിയ മുദ്രാവാക്യത്തിന് പുതിയ അര്‍ത്ഥതലങ്ങള്‍ ചമയ്ക്കുകയാണ്. സന്യാസി എന്നതിലൂടെ താന്‍ എന്തിന് ഭാര്യയെ ഉപേക്ഷിച്ചുവെന്നതിനും. മോദി പക്ഷെ ശ്രീബുദ്ധനോ ശ്രീനാരായണ ഗുരുവോ അല്ലെന്ന് നമുക്കറിയാം. സ്വന്തം നാട്ടില്‍ നിലനിന്നിരുന്ന ആചാര -അനുഷ്ഠാനങ്ങളുടെ പേരിലാണ് വിവാഹിതനായതെന്നു പറയപ്പെടുന്ന ഇദ്ദേഹത്തിന് പിന്നെ എങ്ങനെ ആചാര – അനുഷ്ഠാനങ്ങളുടെ സംരക്ഷകന്‍ ആകാനാവും എന്നത് അദ്ദേഹം പറയുന്നില്ലെങ്കിലും സംഘി മിത്രങ്ങളെങ്കിലും വിശദീകരിക്കേണ്ടതുണ്ട്. അവര്‍ അത് പറയില്ലെന്നത് നൂറു ശതമാനം ഉറപ്പ്. ഉള്ളുറപ്പുള്ളവനേ ഉറപ്പിച്ചൊരു കാര്യം പറയാനും ആ ഉറപ്പില്‍ ഉറച്ചു നില്‍ക്കുവാനും കഴിയൂ.

എങ്കിലും ഒരു കാര്യം ഉറപ്പിച്ചു പറയാം, മോദിയുടെ ബാല്യ കാല സ്വപ്നം ഏതാണ്ട് പൂവണിഞ്ഞ ഒരു ദശയിലാണ് അദ്ദേഹമിപ്പോള്‍. ഇന്ത്യന്‍ സൈന്യത്തിന്റെ മൊത്തം കടിഞ്ഞാണ്‍ തന്റെ കയ്യിലാണെന്ന് മോദിജി പറയുമ്പോള്‍ സംഘി മിത്രങ്ങള്‍ ഇന്ത്യന്‍ സേനയെ ‘മോദി സേന’ എന്ന് മുദ്ര കുത്തുന്നു. മോദി ഭക്തര്‍ ആര്‍ത്തു വിളിക്കുന്നു. ഇനിയിപ്പോള്‍ സന്യാസം സംബന്ധിച്ച ബാല്യകാല സ്വപനത്തിന്റെ കാര്യമെടുത്താല്‍ ഇന്നിപ്പോള്‍ ഒട്ടു മിക്ക സന്യാസി വര്യന്മാരും മഠാധിപതികളും താണു വണങ്ങി നില്‍ക്കുന്നു. ഇതില്‍ പരം ഇനിയെന്തുവേണം!

ചായക്കാരന്‍ പയ്യനില്‍ നിന്നും തുടങ്ങിയ മോദിജി, ബോളിവുഡ് നടന് നല്‍കിയ ‘രാഷ്ട്രീയേതര’ അഭിമുഖത്തില്‍ തള്ളുകള്‍ വേറെയുമുണ്ട്. അതിലൊന്ന് താന്‍ എത്ര സമയം ഉറങ്ങുന്നു എന്നത് സംബന്ധിച്ചാണ്. വെറും മൂന്ന് മണിക്കൂര്‍ ഉറങ്ങുന്ന തന്റെ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പ്രകടിപ്പിക്കുന്ന ഉല്‍കണ്ഠ മോദിയുടെ നാവില്‍ നിന്നും കേട്ടപ്പോള്‍, രാത്രി ഒരു മണിക്കൂര്‍ മാത്രം ഉറങ്ങിയിരുന്നുവെന്ന് ഇന്ദിരാജിയെക്കുറിച്ചു പറഞ്ഞുകേട്ട ആ പഴയ തമാശ ആലോചിച്ചു ചിരിച്ചു പോയി. ഉറക്കമില്ലെങ്കില്‍ നല്ലൊരു ഡോക്ടറെ കാണണം. പുല്‍വാമ സംഭവം ഉണ്ടായപ്പോള്‍ ഈ ഉറക്കമില്ലാത്ത പ്രധാനമന്ത്രി എവിടെ ആയിരുന്നു എന്നത് സംബന്ധിച്ച വാര്‍ത്തകള്‍ വായിച്ചതിന്റെ പച്ഛാത്തലത്തില്‍ കൂടിയായിരുന്നു ഈ ചിരി.

അതൊക്കെ എന്തുമാവട്ടെ, മോദിജി ആദ്യമായി ബാങ്കില്‍ ഒരു അക്കൗണ്ട് തുറന്നത് ഗുജറാത്തില്‍ കന്നി എംഎല്‍എ ആയപ്പോള്‍ ആണെന്നും ഇപ്പോഴും അദ്ദേഹത്തിന്റെ അമ്മ ചെലവ് കാശ് അയച്ചുകൊടുക്കുന്നുണ്ടെന്നും കൂടി പറഞ്ഞപ്പോള്‍ നമ്മുടെ പ്രധാനമന്ത്രിയുടെ മാത്രമല്ല അദ്ദേഹത്തിന്റെ അഭിമുഖം സംപ്രേഷണം ചെയ്ത ചാനലിന്റെ കൂടി സ്റ്റാന്‍ഡേര്‍ഡ് ഏതാണ്ട് മനസ്സിലായി. ഒബാമയെക്കുറിച്ചു പറഞ്ഞ മോദി എന്തേ സുഹൃത്ത് ഡൊണാള്‍ഡ് ട്രംപിനെക്കുറിച്ചു പറഞ്ഞില്ലെന്നും വെറുതെ ആലോചിച്ചു പോയി. അപ്പോഴാണ് അടുത്ത കാലത്ത് അല്‍ ജസീറയ്ക്കു എഴുത്തുകാരി അരുന്ധതി റോയ് നല്‍കിയ അഭിമുഖത്തെക്കുറിച്ചു ഓര്‍മ വന്നത്. ട്രംപും മോദിയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ അരുന്ധതി റോയ് പറഞ്ഞത് ട്രംപ് ഒരു ആക്‌സിഡന്റ് ആണെന്നും മോദി ഒരു നിര്‍മിതി ആണെന്നും ആയിരുന്നു.

എന്തായാലും നമ്മുടെ മോദിജിക്കും ആ ചാനലിനും നമോവാകം ചൊല്ലി ഇവിടെ നിറുത്തുന്നു.

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍