X

വന്നു വന്ന് ചാണ്ടിയെ പുറത്താക്കണമെങ്കിലും മുഖ്യമന്ത്രിക്ക് എന്‍സിപിയുടെ അനുമതി വേണോ?

എല്ലാം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി എന്നാണ് പതിവ് പല്ലവി. സത്യത്തില്‍ ഈ ചുമതലപ്പെടുത്തല്‍ ഏര്‍പ്പാടിന് കേരളത്തിലെ സകലമാന രാഷ്ട്രീയ പാര്‍ട്ടികളും മുസ്ലിം ലീഗിനോട് കടപ്പെട്ടിരിക്കുന്നു

മന്ത്രി തോമസ് ചാണ്ടി കേരളത്തിലെ ഇടതുപക്ഷ മുന്നണിയെയും അത് നയിക്കുന്ന സര്‍ക്കാരിനെയും സംബന്ധിച്ചിടത്തോളം ഒരു ഒഴിയാബാധ ആയി മാറിയിരിക്കുന്നു എന്ന് പറയാതെ തരമില്ല. ചാണ്ടിബാധ ഉടനെ ഒഴിയും അല്ലെങ്കില്‍ ഒഴിപ്പിക്കും എന്നൊക്കെ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. ഏറ്റവും ഒടുവില്‍ പ്രചരിച്ച വാര്‍ത്ത ഇന്നലത്തെ എല്‍ഡിഎഫ് യോഗത്തില്‍ വെച്ച് ഒന്നുകില്‍ ചാണ്ടിബാധ സ്വയം ഒഴിയും അല്ലെങ്കില്‍ ഒഴിപ്പിക്കും എന്നായിരുന്നു. അതുകൊണ്ടു തന്നെ മാധ്യമങ്ങള്‍ ഇന്നലത്തെ യോഗം നിര്‍ണായകം എന്ന് വിധിയെഴുതി. ഒടുവില്‍ ആ യോഗവും സമാപിച്ചു. എല്ലാം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി എന്ന പതിവ് പല്ലവിയുമായി. സത്യത്തില്‍ ഈ ചുമതലപ്പെടുത്തല്‍ ഏര്‍പ്പാടിന് കേരളത്തിലെ സകലമാന രാഷ്ട്രീയ പാര്‍ട്ടികളും മുസ്ലിം ലീഗിനോട് കടപ്പെട്ടിരിക്കുന്നു. അവര്‍ എല്ലാ നിര്‍ണായക തീരുമാനങ്ങളും പാണക്കാട് തങ്ങള്‍ക്കു വിടുകയാണല്ലോ പതിവ്.

അതൊക്കെ എന്തുമാകട്ടെ. നമുക്ക് ചാണ്ടി ബാധയിലേക്കു തന്നെ മടങ്ങാം. ഇന്നലത്തെ നിര്‍ണായക യോഗത്തിനു മുന്‍പ് തന്നെ മുന്നണിയിലെ വലിയേട്ടന്‍, കൊച്ചേട്ടന്‍ പാര്‍ട്ടികള്‍ പ്രത്യേകം പ്രത്യേകം കമ്മിറ്റികള്‍ ചേര്‍ന്നിരുന്നു. ചാണ്ടിയുടെ പാര്‍ട്ടിയായ എന്‍സിപിയും യോഗം ചേര്‍ന്നിരുന്നു. നിര്‍ണായക എല്‍ ഡി എഫ് യോഗത്തിനു മുന്‍പ് വലിയേട്ടനും ചെറിയേട്ടനും തമ്മില്‍ ഒരു രഹസ്യ കൂടിക്കാഴ്ചയും നടത്തി ബാധ എങ്ങിനെ ഒഴിപ്പിക്കണം എന്ന് വിശദമായി ചര്‍ച്ച നടത്തി. യോഗങ്ങള്‍ മുറയ്ക്ക് നടന്നതല്ലാതെ ബാധ ഒഴിപ്പിക്കല്‍ ഇന്നലെയും നടന്നില്ല. നാളെ ( ചൊവ്വാഴ്ച ) രണ്ടിലൊന്ന് നടക്കുമെന്നാണ് ഇപ്പോള്‍ സകലമാന മാധ്യമങ്ങളും പറയുന്നത്. കാത്തിരുന്നു കാണുക തന്നെ.

തോമസ് ചാണ്ടി ഇപ്പോള്‍ സിപിഎമ്മിന്റെ ആഭ്യന്തര പ്രശ്നം; കുരുക്ക് മുറുകുന്നു

വിക്രമാദിത്യ കഥയിലെ വേതാളത്തെപ്പോലെ ചാണ്ടി ബാധ എല്‍ഡിഎഫിന്റെയും സര്‍ക്കാരിന്റെയും കഴുത്തില്‍ തൂങ്ങികിടപ്പു തുടരുകയാണ്. വേതാളത്തെപ്പോലെ തന്നെ നമ്മുടെ ചാണ്ടി ബാധയും ചില ഒഴിയാക്കഥകള്‍ അല്ലെങ്കില്‍ ഒഴികഴിവുകള്‍ പറയുന്നുമുണ്ട്. ഇനിയിപ്പോള്‍ ഈ ബാധ എപ്പോള്‍ ഒഴിയുമെന്നത് ബാധയോട് തന്നെ ചോദിക്കേണ്ട ഗതികേടാണ് വന്നു ചേര്‍ന്നിരിക്കുന്നത്. ഇനിയിപ്പോള്‍ ബാധയോട് തന്നെ ചോദിക്കാമെന്ന് വെച്ചാല്‍ കൃത്യമായ ഒരു ഉത്തരം കിട്ടുന്നുമില്ല എന്നതാണ് സ്ഥിതി. രണ്ടു നാള്‍ മുന്‍പ് ചില മാധ്യമ പ്രവര്‍ത്തകര്‍ ഒരു കൈ നോക്കിയതാണ് . രണ്ടു വര്‍ഷം കഴിഞ്ഞു ചിലപ്പോള്‍ ഒഴിഞ്ഞേക്കും എന്ന പരിഹാസം കലര്‍ന്ന ഒരു അട്ടഹാസമായിരുന്നത്രെ മറുപടി.

മുത്തശ്ശി കഥകളില്‍ മാത്രമല്ല നമ്മുടെ സാഹിത്യത്തിലും സിനിമയിലും എന്തിനേറെ സീരിയലുകളില്‍ പോലും ബാധകളും അവയെ ഒഴിപ്പിക്കുന്നതുമൊക്കെ ഏറെ സുലഭം തന്നെ. ബാധ ഒഴിപ്പിക്കുന്ന ആള്‍ ചില്ലറക്കാരനല്ല. നല്ല മാന്ത്രിക സിദ്ധിയുള്ള ആള്‍ക്കേ ബാധ ഒഴിപ്പിക്കാന്‍ കഴിയൂ. തന്നെയുമല്ല താന്‍ ഒഴിപ്പിക്കാന്‍ പോകുന്ന ബാധയുടെ പേരും മേല്‍വിലാസവുമൊക്കെ മാന്ത്രികന്‍ കണ്ടെത്തിയിരിക്കണം. ബാധയെ പേര് ചൊല്ലി വിളിച്ചു വരുത്തി വേണം ഒഴിപ്പിക്കാന്‍. അത് യൂറോപ്പിലായാലും ഇങ്ങു നമ്മുടെ കൊച്ചു കേരളത്തിലായാലും ഇത് നിര്‍ബന്ധമാണ്. കള്ളിയങ്കാട്ടു നീലിയായാലും ലൂസിഫര്‍ ആയാലും പേര് ചൊല്ലി വിളിക്കാതെ ബാധ പ്രത്യക്ഷപ്പെടുന്ന പ്രശ്‌നമേയില്ല. പ്രത്യക്ഷപ്പെടുത്താതെ. ബാധയെ ഒഴിപ്പിക്കാനുമാവില്ല. വിളിച്ചു പ്രത്യക്ഷപ്പെടുത്തി കഴിഞ്ഞാല്‍ മാത്രികന്റെ തനിയെ ഒഴിഞ്ഞു പോകുമോ അതോ ബലമായി പറഞ്ഞു വിടണോ എന്നതാണ്. ചില്ലറ പ്രേതങ്ങള്‍ ആണെങ്കില്‍ സ്വമേധയാ ഒഴിഞ്ഞു പോകും. കൂടിയ ഇനമാണെകില്‍ വലിയ തോതിലുള്ള മാന്ത്രിക പ്രയോഗങ്ങള്‍ തന്നെ വേണ്ടിവരും.

ഇവിടുത്തെ ബാധയുടെ പേര് വ്യക്തമായി അറിയാമെന്നതിനാല്‍ വിളിച്ചു വരുത്താന്‍ ബുദ്ധിമുട്ടു ലവലേശം ഉണ്ടായിരുന്നില്ല. താനേ ഒഴിഞ്ഞു പോകുമോ എന്ന ചോദ്യത്തിന് പക്ഷെ മറുപടി ഇല്ല എന്നാകയാല്‍ കഠിനമായ മാതൃക വേലകള്‍ തന്നെ അനിവാര്യമായി തീര്‍ന്നിരിക്കുന്നു. പക്ഷെ അവിടെയും ഉണ്ട് ഒരു പ്രശനം. പ്രേത ബാധ ഒഴിപ്പിക്കാന്‍ കടമറ്റത്തു കത്തനാരുടെ പിന്തലമുറക്കാരായ പാതിരിമാര്‍ക്ക് ഇപ്പോള്‍ വത്തിക്കാനില്‍ നിന്നും അനുമതി വേണമെന്ന് പറഞ്ഞതുപോലെ, ചാണ്ടി ബാധ ഒഴിപ്പിക്കാന്‍ എന്‍സിപി നേതാവ് ശരത് പവാറിന്റെ അനുമതി വേണമെന്നാണ് എന്‍സിപി കേരള ഘടകം ആക്ടിങ് പ്രസിഡന്റ് പീതാംബരന്‍ മാസ്റ്ററുടെയും കൂട്ടരുടെയും വാദം . ഇതിനു അവര്‍ പറയുന്ന ന്യായം ഇമ്മിണി വലിയ ദേശീയ പാര്‍ട്ടിയൊക്കെ ആണെങ്കിലും എന്‍സിപി ക്കു ഇന്ത്യാ മഹാ രാജ്യത്തു ആകെപ്പാടെ ഒരോയൊരു മന്ത്രിയെ ഉള്ളുവെന്നും അത് തോമസ് ചാണ്ടി ആണെന്നുമാണ്!

ഇന്നലത്തെ എല്‍ ഡി എഫ് യോഗം അന്തിമ തീരുമാനം എടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ചുമതലപ്പെടുത്തിയ നിലക്ക് അദ്ദേഹം എന്‍സിപി യുടെ മനസ്സ് മാറ്റത്തിന് വേണ്ടി കാത്തിരിക്കുമോ അതോ രണ്ടും കല്‍പ്പിച്ചു ചാണ്ടി ബാധയെ ഒഴിവാകുമോ എന്ന് മാത്രമേ ഇനി അറിയാനുള്ളൂ. എന്തായാലും വേവുവോളം ക്ഷമിച്ചതല്ലേ ഇനിയിപ്പോള്‍ ആറുവോളം ക്ഷമിക്കുക തന്നെ.

സഖാവെ, തോമസ് ചാണ്ടിയെ പുറത്താക്കേണ്ട, ദയവായി ആ ബ്രാക്കറ്റില്‍ നിന്നും മാര്‍ക്‌സിനെ ഒഴിവാക്കൂ

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

This post was last modified on November 13, 2017 11:49 am