X

ഔസേപ്പച്ചന്റെ ദുബായ് യാത്രയും യോഗിയുടെ ശബരിമല ഗുണ്ടും; കേരള രാഷ്ട്രീയത്തിലെ കളികള്‍

ഇനിയിപ്പോൾ അമിത് ഷാ ജി വരുമ്പോൾ എന്താണാവോ പറയാൻ പോകുന്നത്?

പാലത്തിനാൽ ജോസഫ് ജോസഫ് എന്ന പി ജെ ജോസഫിനെ അടുപ്പക്കാർ ഔസേപ്പച്ചൻ എന്നാണു വിളിക്കുന്നത്. നല്ലൊരു കർഷകനും ഗായകനും കൂടിയാണ് ഔസേപ്പച്ചൻ എന്ന കാര്യം അദ്ദേഹത്തിന്റെ സ്വന്തം നാടായ പുറപ്പുഴയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന അറിവല്ല. രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനു മുൻപും മുഴുവൻ സമയ രാഷ്ട്രീയക്കാരൻ ആയതിനു ശേഷവും കൃഷിയും പാട്ടും ഔസേപ്പച്ചൻ കൂടെ തന്നെ കൊണ്ടുനടക്കുന്നു. ഇടതു മുന്നണി സർക്കാരിലും വലതു മുന്നണി സർക്കാരിലും എംഎൽഎ യും മന്ത്രിയുമൊക്കെ ആയിട്ടുള്ള ഔസേപ്പച്ചനാണ് പണ്ട് (1997 ൽ) അന്ന് മുഖ്യമന്ത്രിയായിരുന്ന ഇ.കെ നായനാരെ വത്തിക്കാനിൽ കൊണ്ടുപോയി അക്കാലത്തു പോപ്പായിരുന്ന ജോൺ പോൾ രണ്ടാമനുമായി കൂടിക്കാഴ്ച തരപ്പെടുത്തി കൊടുത്തത്‌. അന്ന് മാർപാപ്പയെ സന്ദർശിച്ച സംഘത്തിൽ ഇപ്പോൾ കേരളം ഭരിക്കുന്ന പിണറായി വിജയനും ഉണ്ടായിരുന്നു. നായനാർ മാർപ്പാപ്പയ്ക്കു ഭഗവത് ഗീത സമ്മാനിച്ചപ്പോൾ മാർപ്പാപ്പ നായനാർക്കു നൽകിയത് ഒരു ജപമാലയായിരുന്നു. ഇത് അക്കാലത്തു ചില വിമര്‍ശനങ്ങൾക്ക് വഴിവെക്കുകയും ഔസേപ്പച്ചനെ ചിലരൊക്കെ പഴി പറയുകയും ചെയ്‌തെങ്കിലും നായനാർ വിവാദങ്ങൾക്കു ചെവികൊടുക്കാതിരുന്നതിനാൽ ഔസേപ്പച്ചന് അന്ന് തട്ടുകേടൊന്നും സംഭവിച്ചില്ല.

എന്നാല്‍, ഔസേപ്പച്ചന് തട്ടുകേട് സംഭവിക്കാൻ ഇരിക്കുന്നതേയുണ്ടായിരുന്നുള്ളു; 2006-ൽ വി.എസ് അച്യുതാന്ദൻ മന്ത്രി സഭയിൽ അംഗമായിരിക്കുമ്പോൾ. അതേക്കുറിച്ചു വഴിയേ പറയാം.

ഗായകനും കൃഷിക്കാരനും രാഷ്ട്രീയക്കാരനും ഒക്കെയാണെങ്കിലും ഔസേപ്പച്ചൻ ഒരു തൊട്ടാവാടിയാണെന്നു കരുതുന്നവരുണ്ട്. തനിക്കോ കൂടെയുള്ളവർക്കോ എന്തെങ്കിലും അപകടം വരുമെന്ന് തോന്നിയാൽ ഔസേപ്പച്ചൻ പിണങ്ങും. ഇപ്പോൾ കേരളത്തിൽ സജീവ ചർച്ചാവിഷയം ആയിരിക്കുന്നതും, തന്നെയും തന്നോടൊപ്പം മാണികോൺഗ്രസ്സിൽ ലയിച്ചവരെ അപ്പനും മകനും ചേർന്ന് രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യുന്നുവെന്ന് തോന്നുകയാൽ, ഔസേപ്പച്ചൻ കരിംകോഴക്കൽ മാണി മാണി നയിക്കുന്ന കേരള കോൺഗ്രസ് തറവാട്ടിൽ നിന്നും വീണ്ടുമൊരിക്കൽകൂടി പുറപ്പെട്ടുപോകാൻ ഒരുങ്ങുന്നുവോ എന്നതാണ്. ഔസേപ്പച്ചൻ ഉയർത്തുന്ന രണ്ടാം സീറ്റെന്ന ആവശ്യവും മാണിപുത്രൻ ജോസ് കെ മാണി നയിക്കുന്ന യാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാതെയുള്ള ദുബായ് യാത്രയുമൊക്കെ ചൂണ്ടിക്കാട്ടി കേരള കോൺഗ്രസ് വീണ്ടും ഒരു പിളർപ്പിലേക്ക് തന്നെയെന്ന് ചിലർ കട്ടായം പറയുമ്പോൾ കേരള കോൺഗ്രസിന് ന്യായമായും കിട്ടാനിടയുള്ള ഏക സീറ്റ് ഔസേപ്പച്ചന് നൽകിയാൽ പ്രശ്നം പരിഹരിക്കപ്പെടും എന്ന് കരുതുന്നവരാണ് അധികവും. കാര്യങ്ങൾ എവിടെ ചെന്ന് അവസാനിക്കുമെന്ന് അറിയാൻ എന്തായാലും ഇനി ഏറെ കാത്തിരിക്കേണ്ടതില്ല.

1979-ൽ ആദ്യമായി തറവാട് വിട്ടിറങ്ങിയ ഔസേപ്പച്ചൻ 85-ൽ തറവാട്ടിലേക്ക് തന്നെ മടങ്ങി. ആ തിരിച്ചുപോക്കും പക്ഷെ ശാശ്വതമായിരുന്നില്ല. രണ്ടു വര്‍ഷം തികയും മുൻപ് തന്നെ ഔസേപ്പച്ചൻ തറവാടും മുന്നണിയും വിട്ടു. ഒസേപ്പച്ചന്റെ എൽഡിഎഫ് വാസം അവിരാമം തുടരുന്നതിനിടയിലാണ് നേരത്തെ സൂചിപ്പിച്ച 2006 ലെ തട്ടുകേട് സംഭവിച്ചത്. വിജയ് മല്യയുടെ ഉടമസ്ഥയിലുണ്ടായിരുന്ന കിംഗ് ഫിഷർ വിമാന യാത്രക്കിടയിൽ ഔസേപ്പച്ചൻ മുൻ സീറ്റിലിരുന്നിരുന്ന തന്നെ കയറിപ്പിടിച്ചുവെന്ന സഹയാത്രികയുടെ പരാതി കേരാളത്തിൽ ഔസേപ്പച്ചൻ വിരോധികൾ ഊതിപ്പെരുപ്പിച്ചു. മുന്നും പിന്നും നോക്കാതെ വിഎസ് ഔസേപ്പച്ചന്റെ രാജി ആവശ്യപ്പെട്ടു. ഔസേപ്പച്ചന്റെ ഒഴിവിൽ അദ്ദഹത്തിന്റെ തന്നെ പാർട്ടിക്കാരനായിരുന്ന ടി.യു കുരുവിള മന്ത്രിയായി. കുരുവിളയുടെ മന്ത്രിസ്ഥാനവും പെട്ടെന്ന് തന്നെ തെറിച്ചു. ഭൂമി വിവാദമായിരുന്നു കാരണം. ഔസേപ്പച്ചന്റെ മാനസ പുത്രൻ മോൻസ് ജോസഫിനായിരുന്നു മൂന്നാം ഊഴം. സഹയാത്രിക നൽകിയ കേസിൽ 2009-ൽ ചെന്നെ ശ്രീപെരുമ്പത്തൂർ മെട്രോപൊളിറ്റൻ കോടതി ഔസേപ്പച്ചനെ കുറ്റവിമുക്തനാക്കിയെങ്കിലും കുറച്ചു കാലം കൂടി ഔസേപ്പച്ചൻ എൽഡിഎഫിൽ തന്നെ തുടർന്നു; നിരപരാധിയായ തന്നെ മന്ത്രിസ്ഥാനത്തു നിന്നും തെറിപ്പിച്ച വി എസ്സിനോടുള്ള അടങ്ങാത്ത പകയുമായി.

അങ്ങനെ കഴിയവെയാണ് 2010-ൽ പഴയ തറവാട്ടു കാരണവരുടെ വിളിവന്നതും ഔസേപ്പച്ചനും കൂട്ടരും മാണികോൺഗ്രസ്സുമായി ലയിച്ചു വീണ്ടും തറവാട്ടിലേക്ക് മടങ്ങിയതും. ഔസേപ്പച്ചനെ പാർട്ടിയുടെ വൈസ് ചെയർമാൻ ആക്കിയെങ്കിലും പിന്നീടിങ്ങോട്ട് അവഗണനയുടെ കാലമായിരുന്നുവെന്നാണ് പഴയ ഔസേപ്പച്ചൻ ഗ്രൂപ്പുകാർ പറയുന്നത്. പാർട്ടിയിൽ മതിയായ കൂടിയാലോചനകൾ നടത്താതെ ജോസ്‌മോനെ ജാഥ നയിക്കാൻ അയച്ചതും ലോക്സഭാ അംഗത്വം ഒരു വർഷത്തിലേറെ ബാക്കിനിൽക്കെ മകനെ പിടിച്ചു രാജ്യസഭാ അംഗമാക്കിയതും ഇപ്പോൾ മകൻ പ്രതിനിധാനം ചെയ്തിരുന്ന കോട്ടയം സീറ്റ് തറവാട്ടു കുത്തകയാക്കാൻ ശ്രമിക്കുന്നതുമൊക്കെയാണ് ഔസേപ്പച്ചനെ വീണ്ടും കടുത്ത പിണക്കത്തിലേക്കു നയിച്ചിരിക്കുന്നത്.

ഔസേപ്പച്ചൻ പിണങ്ങി ദുബായിലേക്ക് പോയ വേളയിൽ തന്നെയാണ് ഉത്തര്‍ പ്രദേശ്‌ മുഖ്യൻ യോഗി ആദിത്യനാഥിന്റെ പത്തനംതിട്ട സന്ദർശനം. കൊൽക്കൊത്തയിൽ വിമാനം ഇറങ്ങാൻ മമത ബാനർജി സമ്മതിച്ചില്ലെങ്കിലും കേരളത്തിൽ വിമാനം ഇറങ്ങുന്നതിന് യോഗിക്കു തടസ്സമൊന്നും ഉണ്ടായില്ല. ഫെഡറൽ മര്യാദയുടെ പേരിലാലാണോ അതോ ഹനുമാന്റെ ജാതി അന്വേഷിച്ചു നടക്കുന്ന യോഗി കേരളത്തിൽ വന്നാൽ ബിജെപിക്കു കിട്ടാനിടയുള്ള വോട്ടു കുറയുമെന്ന് കണ്ടിട്ടാണോ പിണറായി സർക്കാർ മമത കളിക്കാതിരുന്നതെന്ന് വ്യക്തമല്ല. ഒരു പക്ഷെ രണ്ടും കണക്കിലെടുത്തിരിക്കാം. എന്തായാലും കിട്ടിയ അവസരം പാഴാക്കാതെ യോഗി ഒരു വലിയ ഗുണ്ട് തന്നെ പൊട്ടിച്ചു. ശബരിമലയിലും അയോധ്യ മാതൃകയിൽ പ്രക്ഷോഭം വേണമെന്നും സുപ്രീംകോടതി വിധി വിശ്വാസികൾക്കെതിരാണെന്നും പറഞ്ഞ യോഗി ഇത്രയും കൂടി പറഞ്ഞു; നേരത്തെ തന്നെ ശബരിമല സന്ദർശിക്കണമെന്നു മോഹമുണ്ടായിരുന്നെങ്കിലും കുംഭമേളയുടെ തിരക്കുകാരണം നടന്നില്ലെന്ന്. ഇനിയിപ്പോൾ അമിത് ഷാ ജി വരുമ്പോൾ എന്താണാവോ പറയാൻ പോകുന്നത്? ഒരു പക്ഷെ പന്നിപ്പനി പിടിപെട്ടില്ലായിരുന്നുവെങ്കിൽ താൻ ശബരിമല പ്രക്ഷോഭത്തിന്റെ മുൻ നിരയിൽ തന്നെ ഉണ്ടാകുമായിരുന്നു എന്നാകും.

Also Read: “കസേരകളോടാണോ ബാലാ കസർത്ത്…”; ഹിന്ദുവിന്റെ ആത്മാഭിമാനം ഉണര്‍ത്താനുള്ള യോഗിയുടെ ആഹ്വാനം കേള്‍ക്കാന്‍ ആളില്ല; പത്തനംതിട്ടയിലെ ബിജെപി യോഗത്തിന്റെ വീഡിയോ

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

This post was last modified on February 18, 2019 2:18 pm