UPDATES

ഡോ. മീന ടി പിള്ള

കാഴ്ചപ്പാട്

ഗസ്റ്റ് കോളം

ഡോ. മീന ടി പിള്ള

ട്രെന്‍ഡിങ്ങ്

വരാന്‍ പോകുന്നത് ‘ഗോമൂത്ര’ ഗവേഷണത്തിന്റെ കാലം-ഡോ. മീന ടി. പിള്ള സംസാരിക്കുന്നു

ജനാധിപത്യ വ്യവസ്ഥ പിന്തുടരുന്ന ഒരു രാജ്യത്ത്, ഒട്ടും അംഗീകരിച്ചുകൊടുക്കാനാകാത്ത ഒരു സര്‍ക്കുലറാണ് കഴിഞ്ഞ ദിവസം കേരള കേന്ദ്ര സര്‍വകലാശാലയില്‍ പുറത്തിറക്കി കണ്ടത്. അതിനോടുള്ള പ്രതിരോധം എന്ന നിലയ്ക്കു തന്നെയാണ് ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ നിന്നും രാജിവയ്ക്കാന്‍ തീരുമാനിച്ചതും.

കഴിഞ്ഞ പതിമൂന്നാം തീയതിയാണ് കാസര്‍കോട്ടെ കേരള കേന്ദ്ര സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ ഒരു പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്. ദല്‍ഹിയില്‍ നടന്ന വൈസ് ചാന്‍സലര്‍മാരുടെ യോഗത്തില്‍ തീരുമാനിച്ച പ്രകാരം, ‘അപ്രസക്തമായ’ വിഷയങ്ങളില്‍ ഇനി ഗവേഷണങ്ങള്‍ നടക്കേണ്ടതില്ലെന്നും, മറിച്ച് ‘ദേശീയ പ്രാധാന്യം’ അര്‍ഹിക്കുന്ന വിഷയങ്ങള്‍ മാത്രം ഗവേഷണത്തിനായി വിവിധ പഠനവകുപ്പുകള്‍ അംഗീകരിച്ചാല്‍ മതിയെന്നുമായിരുന്നു സര്‍ക്കുലറിന്റെ ഉള്ളടക്കം. അത്തരം വിഷയങ്ങളുടെ പട്ടിക മുന്‍കൂട്ടി തയ്യാറാക്കി വയ്ക്കാന്‍ പഠനവകുപ്പുകള്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിരുന്നു. സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിലുള്ള ഗവേഷണം നിയന്ത്രിച്ച്, സര്‍വകലാശാലയ്ക്കകത്തെ സജീവമായ ചര്‍ച്ചകള്‍ പാടേ ഇല്ലാതെയാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി വേണം പുതിയ സര്‍ക്കുലറിനെ കാണാനെന്നും, രാജ്യത്ത് ഒന്നടങ്കം ക്യാംപസ്സുകളില്‍ ഒളിച്ചുകടത്തപ്പെടുന്ന കാവിഭീകരതയുടെ മറ്റൊരു ചിത്രമായിത്തന്നെ ഈ സാഹചര്യത്തെ പരിഗണിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. കേരള സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിലെ പ്രൊഫസറായ ഡോ. മീന ടി. പിള്ള, ഈ സര്‍ക്കുലറില്‍ പ്രതിഷേധമറിയിച്ചു കൊണ്ട് കേന്ദ്ര സര്‍വകലാശാലയിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ നിന്നും രാജി വയ്ക്കുകയും ചെയ്തു. സര്‍ക്കുലറിനോടുള്ള എതിരഭിപ്രായത്തെക്കുറിച്ചും, ഗവേഷണങ്ങളെ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രിക്കാനൊരുങ്ങുന്നതിലെ അതൃപ്തിയെക്കുറിച്ചും ഡോ. മീന ടി. പിള്ള സംസാരിക്കുന്നു.

ജനാധിപത്യ വ്യവസ്ഥ പിന്തുടരുന്ന ഒരു രാജ്യത്ത്, ഒട്ടും അംഗീകരിച്ചുകൊടുക്കാനാകാത്ത ഒരു സര്‍ക്കുലറാണ് കഴിഞ്ഞ ദിവസം കേരള കേന്ദ്ര സര്‍വകലാശാലയില്‍ പുറത്തിറക്കി കണ്ടത്. അതിനോടുള്ള പ്രതിരോധം എന്ന നിലയ്ക്കു തന്നെയാണ് ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ നിന്നും രാജിവയ്ക്കാന്‍ തീരുമാനിച്ചതും. സര്‍വകലാശാലയില്‍ ഇനി നടക്കുന്ന ഗവേഷണങ്ങള്‍ ‘അപ്രസക്തമായ’ വിഷയങ്ങളിലായിരിക്കരുത്, മറിച്ച് ‘ദേശീയ പ്രാധാന്യമുള്ള’ വിഷയങ്ങളുടെ മുന്‍കൂട്ടി തയ്യാറാക്കിയ പട്ടികയില്‍ നിന്നും എടുത്തിട്ടുള്ളതായിരിക്കണമെന്നാണ് ഈ പുതിയ നിര്‍ദ്ദേശം. ഇത്തരം വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ‘ഷെല്‍ഫുകള്‍’ തയ്യാറാക്കാന്‍ വിവിധ പഠനവിഭാഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്. അതായത്, ഇനി മുതല്‍ നിങ്ങളുടെ ക്രിയാത്മകമായ വിഷയങ്ങളിലുള്ള പഠനങ്ങള്‍ ഇവിടെ ആവശ്യമില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്. എത്ര വലിയ അപകടമാണിതെന്ന് ഇപ്പോഴും നമുക്കു വേണ്ടത്ര ബോധ്യം വന്നിട്ടില്ലെന്നു തോന്നുന്നു. ‘ദേശീയ താല്‍പര്യം’ എന്ന വാക്ക്, എത്ര ന്യായീകരിക്കാന്‍ ശ്രമിച്ചാലും തീര്‍ത്തും അസ്ഥാനത്താണ് എഴുതിച്ചേര്‍ത്തിരിക്കുന്നത്.

അധ്യാപകരോ വിദ്യാര്‍ത്ഥികളോ പൊതു സമൂഹമോ തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും, പല തലങ്ങളിലുള്ള പ്രതിസന്ധികളാണ് ഈ സര്‍ക്കുലര്‍ വഴി ഉണ്ടാകാന്‍ പോകുന്നത്. നാഷണല്‍ പ്രയോരിറ്റിയുള്ള വിഷയങ്ങളിലായിരിക്കണം ഗവേഷണം എന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. ഇനിയങ്ങോട്ട് ദേശീയ താല്‍പര്യം നോക്കി ഗവേഷണം ചെയ്താല്‍ മതി എന്നു പറഞ്ഞാല്‍, അതിലുള്ള അപകടം എന്താണെന്ന് തിരിച്ചറിയാന്‍ അധികം ചിന്തിക്കേണ്ടതില്ല. ആരാണ് ഈ നാഷണല്‍ പ്രയോരിറ്റി നിശ്ചയിക്കുന്നത്? ആരുടെ പ്രയോരിറ്റിയാണ് ഈ പറയുന്ന നാഷണല്‍ പ്രയോരിറ്റി? ഇത്രയധികം മതങ്ങളും ജാതികളും ഇത്രയധികം വ്യത്യസ്ത വിഭാഗങ്ങളില്‍പ്പെട്ട ജനങ്ങളും ജീവിക്കുന്ന, വളരെ സെക്യുലറും ജനാധിപത്യപരവുമായ ഒരു പാരമ്പര്യമുണ്ട് എന്ന് അവകാശപ്പെടുന്ന ഒരു സമൂഹത്തില്‍ ആരുടെ പ്രയോരിറ്റിയാണ് നാഷണല്‍ പ്രയോരിറ്റിയാകുന്നത് എന്നത് ഒരു വലിയ ചോദ്യം തന്നെയാണ്. വൈവിധ്യമുള്ള മേഖലകളില്‍ ഗവേഷണങ്ങളും പഠനങ്ങളും നടത്തുക എന്നതാണ് പഠനങ്ങളിലെ അക്കാദമികമായ ഇടപെടലുകളുടെ പ്രധാന ഉദ്ദേശം. സ്വതന്ത്രമായി ചിന്തിക്കാന്‍ സാധിക്കുക, അത്തരമൊരു അന്തരീക്ഷത്തില്‍ നിന്നുകൊണ്ട് വിമര്‍ശനങ്ങള്‍ ഉന്നയിക്കാനാകുക, വിയോജിപ്പുകള്‍ രേഖപ്പെടുത്താനും എതിര്‍ത്തു സംസാരിക്കാനുമൊക്കെ കഴിയുക – ഇതെല്ലാമാണ് ഒരു ജനാധിപത്യ രാജ്യത്തെ പൗരന് അടിസ്ഥാനപരമായി ലഭിക്കേണ്ട സൗകര്യങ്ങള്‍. വിമര്‍ശനങ്ങളും വിയോജിപ്പുകളുമാണ് ജനാധിപത്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങള്‍. ഇതു രണ്ടുമില്ലെങ്കില്‍ ആ ഭരണസംവിധാനത്തിന്റെ പേര് ജനാധിപത്യമെന്നല്ല. അത്തരം എതിര്‍ശബ്ദങ്ങള്‍ക്കുള്ള ഇടം കൂടിയാണ് ചില പ്രത്യേക വിഷയങ്ങളിലേ ഗവേഷണം പാടുള്ളൂ എന്ന് നിയമം കൊണ്ടുവരുമ്പോള്‍ ഇല്ലാതെയാകുന്നത്. ഈ പ്രശ്‌നത്തിന്റെ ആദ്യത്തെ തലം അതാണ് – ഇത്തരം നിര്‍ദ്ദിഷ്ട ഗവേഷണങ്ങള്‍ നമ്മുടെ ജനാധിപത്യ വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമോ ഇല്ലയോ എന്നത്.

ദേശീയ താല്‍പര്യം എന്നൊരു വാക്കു കൊണ്ടുവന്നാല്‍ എന്തിനെയും ദേശദ്രോഹമായി മുദ്രകുത്താന്‍ പിന്നെ വളരെയെളുപ്പമായിരിക്കും. ഭരണാധികാരികളുടെ അഭിപ്രായത്തിന് എതിര്‍പ്പു രേഖപ്പെടുത്തിക്കൊണ്ടുള്ള ഏതൊരു നീക്കവും ദേശീയ താല്‍പര്യത്തിന് എതിരാണ് എന്നു പറയുന്ന ഘട്ടത്തിലേക്കാണ് അക്കാദമിക ഗവേഷണങ്ങളെ കൊണ്ടുപോയിക്കൊണ്ടിരിക്കുന്നത്. ധൈര്യത്തോടെ, നിശ്ചയദാര്‍ഡ്യത്തോടെ നില്‍ക്കേണ്ട ഒരു തലമുറയാണ് നമുക്കിനി വേണ്ടത് എന്നതാണ് രണ്ടാമത്തെ കാര്യം. എന്തുതരം ഗവേഷണമാണ് രാജ്യത്ത് നടക്കേണ്ടതെന്ന് ഒരു നെക്‌സസ് തീരുമാനിക്കുകയാണ്. അങ്ങിനെയൊരു വ്യവസ്ഥയാണ് ഈ സര്‍ക്കുലര്‍ പ്രകാരം വരാന്‍ പോകുന്നത്. നിങ്ങള്‍ക്ക് ഗവേഷണം ചെയ്യണമെങ്കില്‍ ഞങ്ങളുടെ അടുക്കല്‍ വരൂ, നിങ്ങള്‍ ഏതു വിഷയത്തെക്കുറിച്ച് പഠിക്കണമെന്ന് ഞങ്ങള്‍ പറഞ്ഞുതരാമെന്ന് ഈ നെക്‌സസ് പറയുകയാണ്. ഒരു തരത്തില്‍ പറഞ്ഞാല്‍ സാംസ്‌കാരിക നിശ്ശബ്ദതയുടെ കാലമാണ് ഇനി വരാന്‍ പോകുന്നത്. പ്രതിഷേധിക്കാനുള്ള അവസരങ്ങള്‍ തന്നെ പയ്യെ എടുത്തുമാറ്റപ്പെടും. ചിലരുടെ പ്രീതി സമ്പാദിച്ചെങ്കിലേ നമുക്ക് നിലനില്‍ക്കാനാകൂ എന്ന അവസ്ഥ കൊണ്ടുവരുന്ന, കള്‍ച്ചറല്‍ സൈക്കോഫന്‍സി എന്നൊക്കെ പറയാവുന്ന ഘട്ടത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. തികഞ്ഞ ഫ്യൂഡല്‍ വ്യവസ്ഥയിലേക്ക് അക്കാദമിക കാര്യങ്ങള്‍ മാറുന്ന സ്ഥിതിയാണിത്. സൂപ്പര്‍വൈസര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ മാത്രം, അതും അവര്‍ പറയുന്ന രീതിയില്‍ മാത്രം ചെയ്യാന്‍ ഗവേഷകര്‍ നിര്‍ബന്ധിതരാകും. അവര്‍ തീരുമാനിക്കും, എന്താണ് ഗവേഷണം എന്ന്. ഒരുതരത്തിലുള്ള മേല്‍ക്കോയ്മാ മനോഭാവം തന്നെയാണ് ഇത്തരത്തില്‍ ഉണ്ടായിവരാന്‍ പോകുന്നത്. അക്കാദമിക വൃത്തങ്ങള്‍ക്കുള്ളില്‍ അധികാര ശ്രേണികളെ സൃഷ്ടിച്ചെടുക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നത്. ഗവേഷകനും സൂപ്പര്‍വൈസറും തമ്മിലുള്ള ബന്ധം ജന്മി-കുടിയാന്‍ രൂപത്തിലേക്ക് മാറുകയും ചെയ്യും.

നിങ്ങള്‍ മിണ്ടരുത്, ഞങ്ങള്‍ പറയുന്നത് ചെയ്യണം എന്നൊക്കെ ഉത്തരവിറക്കാന്‍ തുടങ്ങിയാല്‍ ഒരു തരത്തിലുള്ള എതിര്‍ശബ്ദവും വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ത്താനാകില്ല. അടുത്ത തലമുറയ്ക്ക് സംസാരിക്കാനുള്ള അവസരമാണ് വേണ്ടത്. വരാനിരിക്കുന്ന ഒരു വിദ്യാര്‍ത്ഥി സമൂഹത്തിന്റെ നട്ടെല്ലൂരുന്ന പരിപാടിയാണ് ഈ സര്‍ക്കുലര്‍ എന്നു പറഞ്ഞാലും തെറ്റില്ല. ഒരു ഷെല്‍ഫില്‍ നിന്നുള്ള വിഷയങ്ങള്‍ ഉപയോഗപ്പെടുത്തി മാത്രമേ നിങ്ങള്‍ ഗവേഷണം ചെയ്യാന്‍ പാടുള്ളൂ എന്നു പറഞ്ഞാല്‍ ഇവിടെ എന്തുതരം ഗവേഷണമാണ് പിന്നെ നടക്കുക? ഭരണകൂട ശക്തികളുടെ താല്‍പര്യത്തിനനുസരിച്ചുള്ള ഗവേഷണം മാത്രമേ നടക്കുന്നുള്ളൂ എങ്കില്‍ അതില്‍ എന്തുതരം ക്രിയാത്മകതയാണുള്ളത്? ഭരിക്കുന്നവര്‍ക്ക് കുട പിടിക്കുന്ന ഗവേഷണം മാത്രമേ നടക്കൂ എന്നു പറയുന്നത് തീര്‍ത്തും ഏകാധിപത്യപരമായ നീക്കമാണെന്നു മനസ്സിലാക്കാന്‍ അധികം തലപുകയ്‌ക്കേണ്ട കാര്യമില്ല. ഇതെല്ലാം സത്യത്തില്‍ ഓരോ പരീക്ഷണങ്ങളാണ്. ഇന്ന് യാതൊരു പ്രതിഷേധവുമില്ലാതെ നമ്മള്‍ ഈ സര്‍ക്കുലര്‍ സ്വീകരിച്ചാല്‍, നാളെ നമ്മുടെ സംസ്ഥാനത്തെ യൂണിവേഴ്‌സിറ്റികളിലും- കേരള, കാലിക്കറ്റ്, സംസ്‌കൃത അങ്ങിനെ എല്ലാ സര്‍വകലാശാലകളും – ഇതേ നയങ്ങള്‍ വരും. നിങ്ങള്‍ക്ക് യു.ജി.സി ഫണ്ടിംഗ് വേണമെങ്കില്‍ നിങ്ങള്‍ ചില പ്രത്യേക വിഷയങ്ങളിലെ ഗവേഷണം മാത്രം ചെയ്യണമെന്നും, അല്ലാത്ത ഗവേഷണങ്ങള്‍ക്ക് ഞങ്ങള്‍ പണം മുടക്കില്ലെന്നും പറഞ്ഞു കഴിഞ്ഞാല്‍ അന്നേരം സടകുടഞ്ഞ് എഴുന്നേറ്റിട്ട് കാര്യമൊന്നുമില്ല. പ്രതിഷേധിക്കേണ്ട സമയം ഇതാണ്. ഇതൊരു ദേശീയ പ്രാധാന്യമുള്ള പ്രശ്‌നമാണ്. എങ്ങനെയാണ് നമ്മള്‍ ദേശദ്രോഹികളാക്കപ്പെടുന്നത് എന്നതിനൊക്കെ ഈ സര്‍ക്കുലറില്‍ വ്യക്തമായ ദൃഷ്ടാന്തമുണ്ട്. അക്കാദമിക ഇടങ്ങളില്‍ നമ്മള്‍ ദേശദ്രോഹികളാക്കപ്പെടും. പ്രതിഷേധിച്ചാല്‍, പ്രക്ഷോഭത്തിലേര്‍പ്പെട്ടാല്‍, ചില പ്രത്യേക വിഷയങ്ങളില്‍ ഗവേഷണം നടത്തിയാല്‍ ഉടനെ ദേശദ്രോഹിയായി മാറും. ‘നിങ്ങളും’ ‘ഞങ്ങളും’ എന്ന വേര്‍തിരിവിനെ ഊട്ടിയുറപ്പിക്കുന്ന നീക്കങ്ങളാണിതെല്ലാം. കുട്ടികള്‍ ഇറങ്ങി പ്രതിഷേധിക്കേണ്ട ഒരു കാര്യമാണിത്. അടുത്ത തലമുറയുടെ വായടയ്ക്കുക എന്നൊരു കാര്യം കൂടിയാണ് ഇവര്‍ ഉദ്ദേശിക്കുന്നത്. യൂണിവേഴ്‌സിറ്റികളിലാണ് ഏറ്റവുമധികം പ്രതിഷേധങ്ങള്‍ ഉയരുന്നത്. അതില്ലാതാക്കി ഒരു സാംസ്‌കാരിക നിശ്ശബ്ദത കൊണ്ടുവരികയാണ് ഇവരുടെ ലക്ഷ്യം.

മൂന്നാമതായി മറ്റൊരു കാര്യമാണ് ഈ വിഷയത്തില്‍ നിരീക്ഷിക്കേണ്ടത്. പൊതു സര്‍വകലാശാലകളെ വ്യവസ്ഥാപിതമായി താറുമാറാക്കിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. ഏറ്റവും ജനാധിപത്യപരമായ റിസര്‍ച്ചുകള്‍ നടക്കുന്ന പൊതു സര്‍വകലാശാലകളെ പല ശക്തികള്‍ കൂടിച്ചേര്‍ന്നാണ് നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതു കോര്‍പ്പറേറ്റുകളാകാം, മറ്റു സ്ഥാപനങ്ങളാകാം, സ്വകാര്യ സര്‍വകലാശാലകളാകാം, നിയോലിബറലിസത്തിന്റെ ഒരു അജണ്ട തന്നെയാകാം. മാര്‍ക്കറ്റ് മോഡലിലുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാനുള്ള ശ്രമം കൂടിയാണ് അണിയറയില്‍ നടക്കുന്നത്. മാര്‍ക്കറ്റിന് ഉതകുന്ന തരത്തില്‍ മാത്രം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും, ആ മോഡലിനുള്ളില്‍ ഞെരുക്കി പാകപ്പെടുത്തപ്പെടുകയും ചെയ്ത ഒരു തലമുറയെ മുന്നോട്ടു വയ്ക്കാനുള്ള നീക്കത്തിന്റെ ആരംഭം തന്നെയാണ്. ചിന്തിക്കുന്ന വിഭാഗത്തെ ഞങ്ങള്‍ക്കു വേണ്ട, ഞങ്ങള്‍ പറയുന്നത് അനുസരിച്ചു നില്‍ക്കുന്നവരെ മതി എന്നുതന്നെയാണ് ഇവരുടെ ഭാഷ്യം. ദളിത് പഠനം ദേശീയ പ്രാധാന്യമുള്ളതല്ല എന്നു പറഞ്ഞാല്‍ എന്തു ചെയ്യും? സ്ത്രീ പ്രശ്‌നങ്ങള്‍, മലയാള സിനിമ, കേരള നവോത്ഥാനം ഇതൊന്നും ദേശീയ പ്രാധാന്യമര്‍ഹിക്കുന്നില്ല എന്നു പറഞ്ഞാലോ? ചരിത്ര പഠനം ഇല്ലാതെയാകും. രാഷ്ട്രമീമാംസ പഠനവും വിയോജിപ്പുകളും എല്ലാം ഇല്ലാതെയാകും.

ശാസ്ത്ര വിഷയങ്ങളിലെ പുരോഗതിയില്ലായ്മയാണ് സര്‍ക്കുലര്‍ വഴി മാറ്റിമറിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിലെ ചര്‍ച്ചകള്‍ ഇല്ലാതാക്കുക എന്നൊരു ലക്ഷ്യമേ തങ്ങള്‍ക്കില്ല എന്നെല്ലാമാണ് സര്‍വകലാശാല അധികൃതരുടെ പ്രധാന വാദം. ഇനി ശാസ്ത്ര വിഷയങ്ങളുടെ കാര്യത്തില്‍ തന്നെയാണ് ഇവര്‍ക്ക് ആശങ്ക എന്നു തന്നെയിരിക്കട്ടെ. ഏതു തരം ശാസ്ത്രമാണ് ഇവര്‍ക്ക് ദേശീയ പ്രാധാന്യമുള്ളതായി തോന്നുക? പണ്ട് പുഷ്പകവിമാനവും ടെക്‌നോളജിയുമുണ്ടായിരുന്നു എന്ന് പലരും പറയുന്ന കാലമാണിത്. ഗോമൂത്രം എങ്ങനെയാണ് ഭാരതീയ പശ്ചാത്തലത്തില്‍ പ്രധാനമാകുന്നത് എന്നു കണ്ടെത്തുന്ന ഗവേഷകര്‍ക്കു മാത്രം ഫണ്ടിംഗ് കൊടുക്കുന്ന കാലത്തിലേക്കാണോ നമ്മള്‍ പോകുന്നത്? സര്‍ക്കുലറില്‍ സയന്‍സ് എന്നോ സോഷ്യല്‍ സയന്‍സെന്നോ എടുത്തു പറഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. ഇനി സയന്‍സ് എന്നു മാത്രം പറഞ്ഞാലും പ്രശ്‌നമാണ്. ആരാണ് ഇതെല്ലാം തീരുമാനിക്കുന്നത്? പൊതുസമൂഹം എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ നിശ്ശബ്ദത പാലിക്കുന്നത് എന്നുമാത്രം മനസ്സിലാകുന്നില്ല. അത്രയേറെ അപകടം പിടിച്ച ഒരു സര്‍ക്കുലറാണിത്. അക്കാദമിക വൃത്തങ്ങള്‍ മാത്രമല്ല, പൊതു സമൂഹം ഒന്നടങ്കം എതിര്‍ക്കേണ്ട വിഷയമാണ്. അവര്‍ ആദ്യം ജൂതന്മാരെ തേടി വന്നു, ഞാന്‍ ജൂതനല്ലായിരുന്നു എന്നുതുടങ്ങുന്ന ആ കവിതയില്‍ പറയുന്ന അതേ സാഹചര്യമാണിപ്പോഴുള്ളത്. ഈ യൂണിവേഴ്‌സിറ്റിയുള്ളത് കാസര്‍കോഡ് ജില്ലയിലാണ്. ഫണ്ടിംഗ് കേന്ദ്രത്തില്‍ നിന്നാണെന്നു മാത്രം. നാളെ നമ്മുടെ സര്‍വകലാശാലകളെയും ഇതിനകത്ത് പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കും. അപ്പോള്‍ ശബ്ദമുയര്‍ത്തിയിട്ട് ഒരു പക്ഷേ കാര്യമുണ്ടായില്ലെന്നു വരാം.©

കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഡോ. മീന ടി പിള്ള

ഡോ. മീന ടി പിള്ള

കേരള സര്‍വ്വകലാശാല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് , സെന്‍റര്‍ ഫോര്‍ കള്‍ച്ചറല്‍ സ്റ്റഡീസ് ഡയറക്ടര്‍ , എഴുത്തുകാരി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍