X

കുടുംബത്തില്‍ പിറന്ന പെണ്ണുങ്ങള്‍ക്കുള്ള ആ സര്‍ട്ടിഫിക്കറ്റ് പി.സി ജോര്‍ജ് കൈയില്‍ വച്ചാല്‍ മതി

ഇന്നത്തെ ഭൂരിഭാഗം പുരുഷന്മാരും ഭാര്യയായി ആഗ്രഹിക്കുന്നത്, സ്വന്തമായി അഭിപ്രായങ്ങളും തീരുമാനങ്ങളുമുള്ള വ്യക്തിത്വമുള്ളൊരു സുഹൃത്തിനെയാണ്

പിസി ജോര്‍ജ് എന്ന രാഷ്ട്രീയക്കാരനോട് ഒരിഷ്ടമൊക്കെ ഉണ്ടായിരുന്നതാണ്. അദ്ദേഹത്തിന്റെ കൂസലില്ലായ്മകളും തുറന്നുപറച്ചിലുകളുമൊക്കെ ഒരു രാഷ്ട്രീയക്കാരനോടുള്ള ആരാധനയും തോന്നിപ്പിച്ചിരുന്നു. പൊതുവില്‍ കാണാത്ത ഒരു ആത്മാര്‍ത്ഥത രാഷ്ട്രീയക്കാര്‍ക്കിടയില്‍ അദ്ദേഹത്തിനുണ്ടെന്ന് വിശ്വസിച്ചു. എന്നാല്‍ അതെല്ലാം വെറും കപടതയാണോ എന്നു സംശയം ജനിപ്പിക്കുകയാണ് കഴിഞ്ഞ കുറച്ചു നാളുകളായി പി.സി ജോര്‍ജിന്റെ വായില്‍ നിന്നും വരുന്ന കാര്യങ്ങള്‍. അത്രമേല്‍ സ്ത്രീവിരുദ്ധതയാണ് അദ്ദേഹം ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസിലെടുത്ത നിലപാടുകള്‍ അദ്ദേഹത്തിന്റെ മാനസികാവസ്ഥ എത്രമാത്രം അധഃപതിച്ചതാണെന്നും വെളിവാക്കി തന്നു. അന്നുവരെ ചങ്കൂറ്റം എന്ന് അദ്ദേഹത്തിന്റെ തുറന്നു പറച്ചിലുകളെ ആരാധിച്ച ഞാനടക്കമുള്ള ഭൂരിഭാഗം പി.സി ഫാന്‍സിനും ഇപ്പോഴതിനെ വിടുവായത്തം എന്ന് വിശേഷിപ്പിക്കാന്‍ ആണിഷ്ടം.

ഇന്ന് അദ്ദേഹത്തിന്റെ ഒരു പ്രസ്താവന വായിക്കാന്‍ ഇടയായി, ‘കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ സ്ത്രീസമത്വം പറയില്ല, സ്ത്രീ പുരുഷന്റെ ചങ്കാണ്, ഹൃദയത്തിലാണ് സ്ഥാനം. അല്ലാതെ തലയില്‍ അല്ല’ എന്നായിരുന്നു അത്. നേതാവിന്റെ ഈ വിവരംകെട്ട പ്രസ്താവനയോടു പൂര്‍ണമായി വിയോജിക്കുന്നു. ഒരുപോലെ ജോലി ചെയ്ത്, ഒരുപോലെ സമ്പാദിച്ച് ഒരേ ജീവിതസാഹചര്യങ്ങള്‍ പങ്കിടുന്ന ആണിനും പെണ്ണിനും എങ്ങനാണ് നേതാവേ ചില കാര്യങ്ങളില്‍ മാത്രം സമത്വം വേണ്ടാന്ന് വാദിക്കാന്‍ കഴിയുന്നത്. കുടുംബത്തില്‍ പിറന്ന സ്ത്രീ എന്നതുകൊണ്ട് അങ്ങെന്താണ് ഉദേശിക്കുന്നത്? അടിമയെന്നോ അതോ പ്രതികരണശേഷി ഇല്ലാത്തവള്‍ എന്നോ?

കുടുംബത്തിലെ ആണ്‍കുട്ടിക്ക് പെണ്‍കുട്ടിയേക്കാള്‍ പരിഗണന ജനിച്ചനാള്‍ മുതല്‍ കൊടുത്തു തലമുറകള്‍ക്ക് മുന്‍പേ തുടങ്ങിവച്ചതാണീ കീഴ്‌വഴക്കം. പക്ഷെ അന്ന് കാര്യങ്ങള്‍ തികച്ചും വ്യത്യസ്തമായിരുന്നു; ‘നീ എന്റെ ചെലവില്‍ കഴിയുമ്പോള്‍ എന്നെ അനുസരിക്കണം’ എന്നാണ് അന്നുണ്ടായിരുന്ന മനോഭാവം എങ്കില്‍, ഇന്ന് സ്ഥിതി പാടെ മാറി, ആണിന്റെ ഒപ്പം തന്നെയോ അതില്‍ കൂടുതലോ സമ്പാദിക്കുന്നവളും കാര്യപ്രാപ്തി ഉള്ളവളുമാണ് ആധുനിക സ്ത്രീ. പിന്നെ എന്തിന്റെ പേരിലാണ് പുരുഷന്റെ ചങ്കില്‍ ഇരിക്കാന്‍ വേണ്ടി മാത്രം അമിത വിധേയത്വം കാണിക്കുന്നത്? അല്‍പമെങ്കിലും വിവേകം ഉള്ളൊരു സ്ത്രീയും പുരുഷന്റെ തലയില്‍ ഇരിക്കണം എന്ന് ആഗ്രഹിക്കില്ല, അങ്ങനെ ആഗ്രഹിക്കുന്ന ഒരുവള്‍ സ്ഥിരബുദ്ധി ഇല്ലാത്തവള്‍ ആയിരിക്കും. എന്നാല്‍ കാല്‍ക്കല്‍ ഇരിക്കാന്‍ തയ്യാറല്ലാത്തതിന്റെ പേരില്‍ അവളെ കുടുംബത്തില്‍ പിറന്നവള്‍ അല്ല എന്നൊക്കെ പറഞ്ഞാല്‍ അത് അങ്ങേയറ്റം പുച്ഛത്തോടെ അങ്ങ് തള്ളിയിട്ടു പറയും; കുടുംബത്തില്‍ വച്ചുപൊറുപ്പിക്കാന്‍ കൊള്ളാത്തവരുള്ള കുടുംബത്തില്‍ പിറന്നവരാണ് ഞങ്ങള്‍ എന്ന്.

എപ്പോഴും പഞ്ചപുച്ഛമടക്കി, സ്വന്തമായി തീരുമാനങ്ങളോ അഭിപ്രായങ്ങളോ ഇല്ലാത്ത ഒരു സ്ത്രീ കുടിയിരിക്കുന്ന ചങ്ക്, കുടുംബത്തില്‍ പിറന്നവന്റെ ആണെന്നും വിശ്വസിക്കുന്നില്ല. അങ്ങയെ പറഞ്ഞിട്ടും കാര്യമില്ല, ജനറേഷന്‍ ഗാപ് എന്നൊന്ന് തീര്‍ത്തും അവഗണിക്കാന്‍ കഴിയില്ലലോ. ഇന്നത്തെ ഭൂരിഭാഗം പുരുഷന്മാരും ഭാര്യയായി ആഗ്രഹിക്കുന്നത്, സ്വന്തമായി അഭിപ്രായങ്ങളും തീരുമാനങ്ങളുമുള്ള വ്യക്തിത്വമുള്ളൊരു സുഹൃത്തിനെയാണ്. അവനു കരുത്തായി കൂടെ നില്‍ക്കാന്‍ കഴിയുന്നവളെ അവന്‍ ചങ്കില്‍ ഇരുത്തും. പുരുഷമേല്‍ക്കോയ്മ എന്ന കറയില്ലാത്ത നല്ല ആണിന്റെ ചങ്കില്‍. അങ്ങനൊരു ചങ്കുള്ളവനോട് ആരും സ്ത്രീസമത്വത്തിന് വേണ്ടി വാദിക്കുകയും വേണ്ടിവരില്ല.

ഒരു സ്ത്രീ പുരുഷനേക്കാള്‍ പിന്നില്‍ എന്ന് പറയാനാവുന്ന ഒരേയൊരു കാര്യം അവളുടെ കായികശേഷിയാണ്. മറ്റൊരു കാര്യത്തിലും പിന്നിലല്ലാത്ത അവള്‍ക്ക് സമത്വത്തിനു വേണ്ടി വാദിക്കേണ്ടി വരുന്നത് തന്നെ പുരുഷവര്‍ഗത്തിന് അപമാനം അല്ലേ.

ചിലപ്പോഴെങ്കിലും സ്ത്രീക്ക് അവളുടെ അര്‍ഹിക്കുന്ന അവകാശങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടി പൊതുനിരത്തില്‍ ഇറങ്ങേണ്ടി വരുന്നെങ്കില്‍ അതും അങ്ങു പറഞ്ഞ കുടുംബത്തില്‍ പിറന്ന പുരുഷന്റെ മാത്രം തോല്‍വിയാണ്.

അവസാനമായി നേതാവിനോട് ഒരു കാര്യം കൂടി: ‘മാന്യപുരുഷന്മാര്‍ മാന്യമായി സംസാരിക്കും’

എന്ന്,

പുരുഷന്റെ ചങ്കില്‍ തന്നെയാണ് ജീവിക്കുന്നത് എന്ന് ഉത്തമബോധ്യം ഉള്ള ഒരു സ്ത്രീ. അങ്ങയുടെ ഭാഷയില്‍ ഒരുപക്ഷേ ഒരു കുടുംബത്തില്‍ പിറക്കാത്ത സ്ത്രീ

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

നോമിയ രഞ്ജന്‍

കണ്ടന്റ് റൈറ്റര്‍, സാമൂഹ്യ നിരീക്ഷക

More Posts

This post was last modified on August 21, 2017 9:06 pm