X

ഇത് പച്ചയായ കൊള്ളയടിയാണ്; ഖനന-ധാതു വികസന ഓര്‍ഡിനന്‍സുയര്‍ത്തുന്ന ആശങ്കകള്‍

ടീം അഴിമുഖം

ഖനന, ധാതു വികസനവും നിയന്ത്രണവും (Mining and Minerals Development and Regulation Act) ചട്ടം ഭേദഗതി ചെയ്തുകൊണ്ടുള്ള ഓര്‍ഡിനന്‍സില്‍ ഗൗരവതരമായ പഴുതുകള്‍ ഉണ്ടെന്നും ഖജനാവിന് വലിയ നഷ്ടം വരുത്തുമെന്നും വളരെ കുറച്ച് മാത്രം ഖനികള്‍ ലേലം ചെയ്യുന്ന അവസ്ഥ വരുമെന്നും സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ബില്ല് ഈ നിലയില്‍ അംഗീകരിക്കരുതെന്ന് ഇപ്പോള്‍ വിഷയം പരിശോധിക്കുന്ന രാജ്യസഭ സെലക്ട് കമ്മിറ്റിയോട് ഓര്‍ഡിനന്‍സിനെ കുറിച്ച് വിശദമായി പഠിച്ച വിദഗ്ധരും പരിസ്ഥിതി പ്രവര്‍ത്തകരും ആവശ്യപ്പെട്ടിട്ടുണ്ട്.

 

‘വെറും പത്ത് ശതമാനം ഖനികള്‍ മാത്രം ലേലത്തിന് വെക്കപ്പെടുകയും ബാക്കിയുള്ളവയുടെ ഖനനാനുമതി സ്വാഭാവികമായി 30ല്‍ നിന്നും 50 വര്‍ഷം വരെ നീട്ടി നല്‍കപ്പെടുകയും സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ നാടകീയമായി വെട്ടിക്കുറയ്ക്കപ്പെടുകയും ചെയ്യുന്നതിന് ഭേദഗതി കാരണമാകും. കല്‍ക്കരി കുംഭകോണത്തിന്റെ അളവുകോല്‍ ഉപയോഗിക്കുകയാണെങ്കില്‍ അതിലും വലിയ നഷ്ടമായിരിക്കും ഖജാനവിന് സംഭവിക്കുക എന്നതാണ് അതിപ്രധാനം,’ കല്‍ക്കരി കുംഭകോണത്തിനെതിരെ സുപ്രീം കോടതിയില്‍ പരാതി കൊടുത്തവരില്‍ ഒരാളായ അഡ്വക്കേറ്റ് സുധീപ് ശ്രീവാസ്തവ ചൂണ്ടിക്കാട്ടുന്നു.

214 കല്‍ക്കരി ഖനികള്‍ക്കുള്ള അനുമതി പിന്‍വലിച്ചുകൊണ്ട് 2014 സെപ്തംബറില്‍ സുപ്രീം കോടതി നടത്തിയ ചരിത്രപരമായ വിധിയില്‍ കല്‍ക്കരി ഖനി മേഖലയെ കുറിച്ചുള്ള ശ്രീവാസ്തവയുടെ വിലയിരുത്തലുകള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു. സിഎജി വിലയിരുത്തിയ തുകയായ 1,86,000 കോടി എന്നത് പോലും വളരെ ചെറിയ തുകയാണെന്ന് ഇപ്പോള്‍ നടക്കുന്ന കല്‍ക്കരി ഖനി ലേലങ്ങള്‍ തെളിയിക്കുകയും ചെയ്യുന്നു.

ഖനന, ധാതു വികസനവും നിയന്ത്രണവും ചട്ടം ഭേദഗതി ചെയ്യുന്നതിനുള്ള ഓര്‍ഡിനന്‍സ് 2015 ജനുവരി 12ന് പുറത്തിറക്കുകയും അതിന് പകരമുള്ള ബില്ല് അടുത്ത കാലത്ത് ലോക്‌സഭ പാസാക്കുകയും ചെയ്തിരുന്നു. രാജ്യസഭ അത് സെലക്ട് കമ്മിറ്റിക്ക് വിടുകയും അവര്‍ നിര്‍ദ്ദിഷ്ട ചട്ടം പരിശോധിച്ചുകൊണ്ടിരിക്കുകയും ചെയ്യുകയാണ്.

നാലാം പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ധാതുക്കള്‍ക്കായി ഖനികള്‍ ലേലം നടത്താന്‍ പുതിയ ഓര്‍ഡിനന്‍സിലെ 10എ വകുപ്പ് സര്‍ക്കാരിന് അനുമതി നല്‍കുന്നു. ഇരുമ്പയിര്, ബോക്‌സൈറ്റ്, മാംഗനീസ്, ചുണ്ണാമ്പ് കല്ല് തുടങ്ങി സര്‍ക്കാരിന് യുക്തമെന്ന് തോന്നുന്ന കല്‍ക്കരി ഇതരവും ആണവേതരവുമായ ഏത് ധാതുക്കളെയും ഈ പട്ടികയില്‍ ഉള്‍പ്പെടുത്താം. എന്നാല്‍ ലേലത്തില്‍ നിന്നും ഒഴിവാക്കപ്പെടാനുള്ള ചില നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് ഭേദഗതി പഠിച്ചവരെ സംഭ്രമിപ്പിക്കുന്നു.

10എ (2)(ബി)യും (സി)യും വകുപ്പുകള്‍ പ്രകാരം, ഓര്‍ഡിനന്‍സ് പ്രഖ്യാപിക്കുന്നതിന് മുമ്പ് നല്‍കിയിട്ടുള്ള എല്ലാ പരിശോധനാ അനുമതികളെയും സാധ്യത ഖനനാനുമതികളെയും (prospecting licenses) റദ്ദാക്കലില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കിയിരിക്കുന്നു. ഖനനാനുമതി നല്‍കുന്നതിന് മൂന്ന് ഘട്ടങ്ങളാണുള്ളത്. ആദ്യം പരിശോധന അനുമതി, അതിന്റെ അടിസ്ഥാനത്തില്‍ പിന്നീട് സാധ്യതാ ഖനനാനുമതി എന്നിവ നല്‍കിയ ശേഷം ഏറ്റവും ഒടുവില്‍ ഖനന പാട്ടം/ലൈസന്‍സ് നല്‍കുന്നു. 

പുതിയ ഓര്‍ഡിനന്‍സ് പ്രകാരം ഖനനാനുമതിക്കായി ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്ന എല്ലാ അപേക്ഷകളും ലാപ്‌സായി പോകും. എന്നാല്‍, ഒഴിവാക്കലുകള്‍ മൂലം മിക്ക ഖനനികളും ലേലത്തിന് വെളിയിലാവുകയും ചെയ്യും. ‘ഇതിന്റെ ഫലമായി പത്ത് ശതമാനത്തോളം ഖനികള്‍ മാത്രമേ ലേലത്തിന് വയ്ക്കാന്‍ സാധിക്കു. ഇത് മൂലം ഉണ്ടാവുന്ന നഷ്ടം കല്‍ക്കരി കുംഭകോണത്തെക്കാള്‍ ഭീമമായിരിക്കും,’ എന്ന് ശ്രീവാസ്തവ പറയുന്നു. ഉദാഹരണത്തിന്, ഛത്തീസ്ഗഡില്‍ ഒമ്പത് ഇരുമ്പയിര് നിക്ഷേപങ്ങളാണുള്ളത്. പുതിയ ഓര്‍ഡിനന്‍സ് ഇറങ്ങിയതോടെ ഈ ഒമ്പതെണ്ണത്തില്‍ ഒരെണ്ണം മാത്രമാവും ലേലത്തിന് ലഭ്യമാവുകയെന്നും ബാക്കി എട്ടെണ്ണവും പൊതു, സ്വകാര്യ കമ്പനികളുടെ അധീനതയിലായതിനാല്‍ ലേലത്തിന് ലഭ്യമാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

‘സുപ്രീം കോടതി കല്‍ക്കരി കുംഭകോണത്തില്‍ സ്വീകരിച്ചത് പോലെ, ഉല്‍പാദനം നടക്കാത്ത എല്ലാ ഖനികളുടെയും അന്വേഷണ ലൈസന്‍സും സാധ്യതാ ലൈസന്‍സും ഖനനാനുമതിയും റദ്ദാക്കുമെന്ന ഒരു നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. അല്ലെങ്കില്‍ ഭൂരിപക്ഷവും ലേലത്തിന് ലഭ്യമാവില്ല,’ എന്ന് ഔദ്യോഗിക കാരണങ്ങളാല്‍ പേര് വെളിപ്പെടുത്താന്‍ സാധിക്കാത്ത ഒരു ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടുന്നു.

ഖനന പാട്ടം 30ല്‍ നിന്നും 50 വര്‍ഷമായി ഉയര്‍ത്തി കൊടുക്കുന്നതിനെ കുറിച്ചും നിരീക്ഷകര്‍ക്ക് ആശങ്കകളുണ്ട്. ഇത് ഭാവി വിതരണത്തില്‍ മാത്രമല്ല, നിലവില്‍ 30 വര്‍ഷത്തെ പാട്ടത്തിന് നല്‍കിയിരിക്കുന്ന ഖനനികള്‍ക്കും ബാധകമാണ്. നേരത്തെയുള്ള വകുപ്പ് പ്രകാരം, 30 വര്‍ഷത്തെ കരാര്‍ കാലാവധിക്ക് ശേഷം സംസ്ഥാന സര്‍ക്കാരിന് പുതിയ ചര്‍ച്ചകളിലൂടെ കരാര്‍ പുതുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അവസരം ലഭിക്കുമായിരുന്നു. എന്നാല്‍ ഈ വകുപ്പ് ഇപ്പോള്‍ എടുത്ത് കളഞ്ഞിരിക്കുകയാണ്.

മൊത്തം ഓര്‍ഡിനന്‍സ് സംസ്ഥാന സര്‍ക്കാരുകളുടെ അധികാരങ്ങളെ നിര്‍ണായകമായ രീതിയില്‍ വെട്ടിക്കുറയ്ക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. കൂടാതെ, നിര്‍ദ്ദിഷ്ട ബില്ല് പ്രകാരം ജില്ല ധാതു ഫൗണ്ടേഷനുകള്‍ക്ക് ലഭിക്കുന്ന ലാഭത്തിന്റെ ഓഹരിയിലും വലിയ കുറവുണ്ടാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. 2011 ലെ കരട് എംഎംഡിആര്‍ നിയമപ്രകാരം അത് റോയല്‍റ്റിക്ക് തത്തുല്യമായ തുകയായിരുന്നെങ്കില്‍ പിന്നീടത് ഖനനകമ്പനിയുടെ അറ്റലാഭത്തിന്റെ 20 ശതമാനമായി പുതുക്കി നിര്‍ണയിച്ചു. ഇപ്പോള്‍ അത് റോയല്‍റ്റിയുടെ മൂന്നില്‍ ഒന്നായി ചുരുക്കിയിരിക്കുകയാണ്.

 

This post was last modified on March 17, 2015 10:25 am