X

പ്രിയ മഞ്ജു വാര്യര്‍, സിനിമയില്‍ കൊള്ളാം; പക്ഷേ ടെറസ് കൃഷി നടുവൊടിക്കും

സ്മിത മോഹന്‍

സാമൂഹ്യപാഠം പരീക്ഷയില്‍ അവസാന അഞ്ചു മാര്‍ക്കിന് വേണ്ടിയുള്ള ചോദ്യത്തില്‍ കുട്ടിക്കാലത്തു പഠിച്ചെഴുതിയ ഉത്തരം ഇപ്പോഴും ഓര്‍മയില്‍ വരുന്നു; ‘ഓണം വിളവെടുപ്പിന്റെ ഉത്സവമാണ്’. പക്ഷെ ഇന്നു നമുക്ക് കാര്‍ഷിക വിളവെടുപ്പിന്റെ ചിങ്ങം അല്ല മറിച്ച്, ഗൃഹോപകരണങ്ങളുടെയും വാഹനങ്ങളുടെയും വസ്ത്രത്തിന്റെയും വിളവെടുപ്പ് ആണ്. ഇവയില്‍ ഒന്നുപോലും നമ്മള്‍ ഉത്പാദിപ്പിക്കുന്നുമില്ല. വിളവെടുക്കാന്‍ മാത്രം ഒരു ജനത. വിതക്കാതെ കൊയ്യേണ്ട എന്ന് കരുതിയാണ് ടെറസ്സില്‍ പച്ചക്കറി നട്ടത്. ചീരയും പടവലവും പാവലും വഴുതനയും ഒക്കെ വിളഞ്ഞു. പക്ഷെ വീടിന്റെ മട്ടുപ്പാവും കുടുംബത്തില്‍ നല്ല വരുമാനവും ഉണ്ടെങ്കില്‍ വിഷമില്ലാത്ത പച്ചക്കറി കഴിക്കാം എന്നല്ലാതെ മഞ്ജു വാരിയര്‍ ‘ഹൗ ഓള്‍ഡ് ആര്‍ യു’വില്‍ കാണിച്ചു തരുന്ന പോലുള്ള സ്വപ്‌നം കണ്ടു കൃഷി ചെയ്യരുത്.

ചെന്നൈ പോലെ ഒരു നഗരത്തില്‍ ടെറസ് കൃഷി ചെയ്യാന്‍, ഗ്രോ ബാഗുകള്‍, മണ്ണ്, മണല്‍, ചകിരിച്ചോറ്, ജൈവവളം (വീട്ടില്‍ കമ്പോസ്റ്റ് ഉണ്ടാക്കാന്‍ പറ്റുന്നവര്‍ക്ക് വളം വങ്ങേണ്ടി വരില്ല) ഇതെല്ലാം വില കൊടുത്തു വാങ്ങേണ്ടി വരും. മകളുടെ കല്യാണസദ്യക്കു ജൈവ പച്ചക്കറി സദ്യ ഒരുക്കാന്‍ തേടി വരുന്ന കോടീശ്വരന്‍മാര്‍ നമ്മുടെ നാട്ടിലില്ല. അഥവ ചെയ്യുകയാണെങ്കില്‍ തന്നെ ഏതെങ്കിലും സാധരണക്കാരായിരിക്കും ഇതിനെപ്പറ്റി ആലോചിക്കുക തന്നെ. ഗസ്റ്റുകളെ കാണിക്കാനും മോടി കൂട്ടാനും കാര്‍ മുതല്‍ ഹെലികോപ്ടര്‍ വരെ അയക്കും. പക്ഷെ ജൈവ പച്ചക്കറി ഉപയാഗിച്ചു സദ്യ ഒരുക്കാം എന്ന് പറഞ്ഞാല്‍ ഭ്രാന്ത് എന്നായിരിക്കും മറുപടി. ജൈവ പച്ചക്കറി എന്നു കേള്‍ക്കുന്നതില്‍ ഒരു സുഖമുണ്ട്. പക്ഷെ ഇതിനായി മുടക്കുന്ന തുകയുടെ പാതി പോലും ലഭിക്കില്ല എന്നതാണ് ഒരുപാട് ടെറസ് കൃഷിക്കാരുടെ അനുഭവം. ബാക്കി വന്ന പച്ചക്കറികളുമായി വിപണിയില്‍ എത്തിയാല്‍ വിഷം തളിച്ച പച്ചക്കറിക്കും ജൈവ പച്ചക്കറിക്കും ഒരേ വില. പിന്നെ അകെയുള്ള മാര്‍ഗം അയല്‍ക്കാര്‍ക്കും ബന്ധുക്കള്‍ക്കും വെറുതെ കൊടുക്കാം എന്നതാണ്. കൃഷി ലാഭകരമല്ല എന്നതു മാത്രമല്ല, ജൈവ കൃഷി നടത്തുന്നതിനു വരുന്ന ചെലവും വലുതാണ്. 

എന്നാല്‍ ഇപ്പോള്‍ നടന്‍ ശ്രീനിവാസന്‍ നേതൃത്വം നല്കുുന്ന ഉദയംപേരൂര്‍ ജൈവ കര്‍ഷക സമിതി എന്ന കര്‍ഷക കൂട്ടായ്മ, ചങ്ങനാശ്ശേരിയില്‍ ഉള്ള അഗ്രോ ഓര്‍ഗാനിക്‌സ് പോലുള്ള നിരവധി പ്രാദേശിക കൂട്ടായ്മകളും അയല്‍ക്കൂട്ടങ്ങളും കൃഷിഭൂമി തുടങ്ങിയ ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളും ഒക്കെ അവരവര്‍ കൃഷി ചെയ്തുണ്ടാക്കിയ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ഒരുപാട് അവസരങ്ങള്‍ ഉണ്ടാക്കുന്നത് പ്രതീക്ഷയ്ക്കു വകയൊരുക്കുന്നു.

ചില ജൈവ കര്‍ഷകരുടെ അനുഭവം കൂടി പങ്കു വയ്ക്കട്ടെ…

സോഷ്യല്‍ ആക്ടിവിസ്റ്റും കൃഷിപ്രചാരകനും ജൈവകര്‍ഷകനുമായ കിരണ്‍ കൃഷ്ണ പറയുന്നു; ‘രാസവളം ഒഴിവാക്കി, രാസ കീടനാശിനി ഒഴിവാക്കി… നാടന്‍ വിത്തുകള്‍ ഉപയോഗിച്ചപ്പോള്‍ സാമന്യം നല്ല വിളവ്. പക്ഷെ മാര്‍ക്കറ്റില്‍ എത്തിയപ്പോള്‍ ഞാന്‍ ആകെ തകര്‍ന്നു. പടവലം കിലോയ്ക്ക് വെറും നാലു രൂപ! ഒരു പടവലം നാലു കിലോ വരെ ഉണ്ടാകും പരമാവധി, ഒരെണ്ണം 16 രൂപ. ചെലവ് വളരെ കുറഞ്ഞതിനാല്‍ എനിക്കു കാര്യമായ പ്രശ്‌നം ഉണ്ടായില്ല എന്നു മാത്രം. വര്‍ഷങ്ങള്‍ക്കു മുമ്പു കൃഷിഭവന്‍ നല്‍കിയ സബ്‌സിഡി ഉള്‍പ്പെടെ വാങ്ങി ഏത്തവാഴ 700 എണ്ണം വച്ചു. ഒരു തടത്തില്‍ രണ്ടു വീതം 350 തടം. വാഴ വച്ച സമയത്ത് കിലോയ്ക്ക് 22-25 ആയിരുന്നു വില. വളമായിട്ട് ചാണകം, പിണ്ണാക്ക് പുളിച്ചത്, എല്ലുപൊടി. ശരാശരി ആറു കിലോ ഒരു വാഴക്കുലയ്ക്ക് കിട്ടി. ഒരുതടത്തില്‍ രണ്ടു വാഴ ഉണ്ടായതിനാല്‍ 12 കിലോ. പരിചരണം സുഖം. ഒരുവാഴയുടെ പരിചരണത്തില്‍ രണ്ടു വാഴക്കുല വെട്ടി. വില്‍ക്കാന്‍ ചെന്നപ്പോള്‍ കിലോ വെറും 12 രൂപ. കുറെ വെണ്ടവച്ചു. ഒടുവില്‍ കായ്ച്ചു തുടങ്ങിയത് 53 എണ്ണം. കിലോയ്ക്ക്  20 വച്ച് കിട്ടി ആദ്യം. അടുത്തുള്ള വീട്ടുകാര്‍ക്കു കൊടുത്തു. പിന്നെ ഉത്പാദനം കൂടി. 15കിലോ വരെ ആയി. രണ്ടു ദിവസം കൂടുമ്പോള്‍ വിളവെടുത്തു. കായ വാങ്ങാന്‍ ആളില്ല. കടയില്‍ എത്തിച്ചപ്പോള്‍ വെറും 10 രൂപ. ഇടയ്ക്ക് കായ മുറ്റുന്ന പ്രശ്നം വന്നു. അപ്പോള്‍ ദിവസവും വിളവെടുത്തു. തൂക്കം 78 കിലോ ആയി. കടയില്‍ കൊടുത്താല്‍ വണ്ടിക്കൂലി പോലും കിട്ടില്ല.

നടന്‍ ശ്രീനിവാസന്റെ കൂടെ ചേര്‍ന്ന് ജൈവകൃഷി ചെയ്യുന്ന, ഉദയംപേരൂര്‍ ജൈവ കര്‍ഷക സമിതിയുടെ ഭാരവാഹികളില്‍ ഒരാളുമായ അബി എം. രാജന്റെ അഭിപ്രായം ഇതാണ്; വിപണിയിലെ കൊള്ള വില കൊടുക്കാതെ വിഷമില്ലാത്ത ആഹാരസാധനങ്ങള്‍ കിട്ടുന്നത് പച്ചക്കറി വാങ്ങുന്നവരെയും, ഒരു വര്‍ഷം മുഴുവന്‍ ഒരേ വില കിട്ടുന്നത് കര്‍ഷകരെയും സന്തോഷിപ്പിക്കുന്നുണ്ട്. സുഭാഷ് പാലേക്കറുടെ കൃഷി രീതി പിന്തുടരുന്നതു കൊണ്ടു വലിയ ചെലവ് ഇല്ല, എന്നാല്‍ തൊഴിലാളികളെ കിട്ടാത്തത് എപ്പോഴും പ്രശ്‌നം തന്നെയാണ്’.

കരുനാഗപ്പള്ളിക്കാരനായ ശരത് പിള്ള അന്യം നിന്നു പോകുന്ന നെല്ലിനങ്ങളായ മുണ്ടകന്‍ പോലുള്ളവ കൃഷി ചെയ്യുന്ന യുവാവാണ്. അതും ജൈവ രീതിയില്‍. പഴയ രീതിയില്‍ പുഴുങ്ങി ഉണങ്ങി മില്ലില്‍ തവിടു കളയാതെ കുത്തി എടുക്കുന്ന അരിയാണ് ശരത്തിന്റെ പക്കല്‍. അറുപതു മുതല്‍ നൂറു രൂപ വരെ വിവിധ വിലകളില്‍ രുചിയും ആരോഗ്യവും നല്‍കുന്നവ. പക്ഷെ ആരും ശരത്തിനെ പോലുള്ള കര്‍ഷകരെ വലുതായി സപ്പോര്‍ട്ട് ചെയ്യുന്നില്ല. നെല്ല് കൃഷി ചെയ്തപ്പോള്‍ ഇവന് വട്ടുണ്ടോ എന്ന് ചോദിച്ചു കളിയാക്കാനാണു നാട്ടുകാരും കൂട്ടുകാരും ഉത്സാഹിച്ചത്. കഴിയുന്നത്ര അവഗണിക്കാന്‍ കൃഷിഭവനും ശ്രമിച്ചു. എന്നിട്ടും ശരത് കൃഷി ചെയ്തു, നല്ല വിളവും കിട്ടി. ശരത്തിന് ഏറ്റവും ബുദ്ധിമുട്ട് ഉണ്ടായത് കൊയ്‌തെടുത്ത നെല്ല് അരിയാക്കി വില്‍ക്കുമ്പോള്‍ ആണ്. ഇത്തരം അരികള്‍ ദീര്‍ഘനാള്‍ സൂക്ഷിച്ചു വെക്കാനാവില്ല. വളരെ കഷ്ടപ്പെട്ട് ശരത് ഉത്പാദിപ്പിച്ച അരിയുടെ ഒരു ഭാഗം ഇപ്രകാരം നഷ്ടപ്പെട്ടു പോയി. 

മലയാളിക്ക് ഒരു പ്രത്യേകതയുണ്ട് ജൈവ കൃഷി ഉള്‍പ്പെടെ എല്ലാ കാര്യങ്ങളിലും വ്യക്തമായ അഭിപ്രായം ഉണ്ട്; പക്ഷെ വില അഞ്ചു രൂപ കൂടിയാല്‍ ജൈവം വേണ്ട വിഷം ഉള്ളത് തന്നെ വാങ്ങി തിന്നാം എന്നു തീരുമാനിക്കും. രാസവളം ഉപയോഗിച്ച് കൃഷി ചെയ്താല്‍ ലഭിക്കുന്നതിന്റെ പാതി വിളവു പോലും ജൈവം തരില്ല. ഇതിനെല്ലാം മാറ്റം വരണമെങ്കില്‍ മാറ്റം മുകളില്‍ നിന്നെ തുടങ്ങണം. ജൈവപച്ചക്കറിയില്‍ പുഴു വന്നാല്‍, കൂമ്പ് അടഞ്ഞാല്‍ കൃഷി ഓഫിസര്‍ക്കുള്ള പ്രതിവിധി രാസ കീടനാശിനി മാത്രം. അവരെ പറഞ്ഞിട്ട് കാര്യമില്ല, അവര്‍ക്കു അതേ അറിയൂ. ഇതിനെല്ലാം ഒരു മാറ്റം വരണം. ജൈവ കൃഷി പ്രോത്സാഹിപ്പിക്കപ്പെടണം. കര്‍ഷകരുടെ സംശയം തീര്‍ക്കാന്‍ അവസരം ഉണ്ടാകണം. അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടണം.

പച്ചക്കറി വിത്ത് നട്ടു തെരെഞ്ഞെടുപ്പ് പ്രചാരണം തുടക്കം കുറിച്ച കൃഷിമന്ത്രിയും, തെരെഞ്ഞെടുപ്പ് കാലത്ത് ഉപയോഗിച്ച ഫ്‌ളക്‌സ് ഗ്രോ ബാഗ് ആക്കി പുതിയ രാഷ്ട്രീയ പാഠം കേരളത്തിനു നല്‍കുകയും ഭൂരിപക്ഷത്തിന്റെ ഓരോ വോട്ടിനും ഓരോ വൃക്ഷത്തൈ നേടുകയും ചെയ്ത ധനമന്ത്രിയും ഭരിക്കുന്ന നാടാണ് കേരളം. ഇവര്‍ ഭരിക്കുമ്പോള്‍ ജൈവ കൃഷിക്ക് പ്രോത്സാഹനം നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ അതിനപ്പുറം പ്രതീക്ഷ ഒന്നുമില്ല. കര്‍ഷക ദിനം ആചരിച്ചു കര്‍ഷകരെ തുണി ചുറ്റി ആചരിച്ചാല്‍ മാത്രം പോരാ, കൃഷി ലാഭകരമാക്കാന്‍ പദ്ധതികള്‍ കര്‍ഷകരുമായി ആലോചിച്ചു നടപ്പാക്കുകയും വേണം.

(എം ബി എ ബിരുദധാരിയായ ലേഖിക ചെന്നൈയില്‍ താമസിക്കുന്നു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

ഫ്രം ദ ഗ്രാനൈറ്റ് ടോപ്

സോഷ്യല്‍ മീഡിയ സ്ത്രീ കൂട്ടായ്മയാണ് ഫ്രം ദ ഗ്രാനൈറ്റ് ടോപ്. തൊഴില്‍ കൊണ്ട് വിവിധ മേഖലകളില്‍ നിലകൊള്ളുന്നവരാണ് ഈ കൂട്ടായ്മയിലെ ഓരോരുത്തരും. സ്ത്രീയെന്നാല്‍ അരങ്ങിലെത്തേണ്ടവളാണെന്ന ഉത്തമ ബോധ്യത്തോടെ തൂലിക ചലിപ്പിക്കുകയാണ് ഇവര്‍. അവരെഴുതുന്ന കോളമാണ് ഫ്രം ദ ഗ്രാനൈറ്റ് ടോപ്. മലയാളം ഓണ്‍ലൈന്‍ മാധ്യമ രംഗത്ത് തന്നെ ഇത്തരമൊരു കോളം ആദ്യത്തേതാണ്.

More Posts

This post was last modified on December 16, 2016 9:51 am