X

ഭരണഘടനയുടെ യഥാര്‍ത്ഥ പതിപ്പില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളുണ്ടായിരുന്നെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്

താന്‍ ഒരു പുതിയ ചര്‍ച്ചയ്ക്ക് തുടക്കമിടുക മാത്രമാണ് ചെയ്യുന്നതെന്ന് മന്ത്രി

ഭരണഘടനയുടെ യഥാര്‍ത്ഥ പതിപ്പില്‍ ഹിന്ദു ദൈവങ്ങളുടെയും ആചാര്യന്മാരുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററില്‍ ഒരു സെമിനാറില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

മുന്‍ ചീഫ് ജസ്റ്റിസുമാര്‍, നയതന്ത്രജ്ഞര്‍, ഭരണഘടനാ വിദഗ്ധര്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു പ്രസ്താവന. ഹിന്ദു ദൈവങ്ങളായ രാമന്‍, കൃഷ്ണന്‍, അര്‍ജുനന്‍ നടരാജന്‍, ആചാര്യന്മാരായ സ്വാമി വിവേകാനന്ദന്‍, ഗുരു ഗോവിന്ദ് സിംഗ് എന്നിവരുടെ ചിത്രങ്ങളാണ് ഭരണഘടനയുടെ യഥാര്‍ത്ഥ പതിപ്പിലുണ്ടായിരുന്നെന്ന് മന്ത്രി അവകാശപ്പെട്ടത്. അതേസമയം ഇന്നത്തെ കാലത്താണ് ഭരണഘടന തയ്യാറാക്കപ്പെട്ടതെങ്കില്‍ ഈ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുമായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു. രാജ്യം ഇതെങ്ങോട്ടാണ് പോകുന്നതെന്നും താന്‍ ഒരു പുതിയ ചര്‍ച്ചയ്ക്ക് തുടക്കമിടുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇവിടെയിരിക്കുന്ന എല്ലാവരും ആ യഥാര്‍ത്ഥ ഭരണഘടന ഒന്ന് പരിശോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഭരണഘടന ഡ്രാഫ്റ്റിംഗ് കമ്മിറ്റി അംഗങ്ങളായിരുന്ന നെഹ്രുവും മൗലാന ആസാദും അംബേദ്കറും ഭരണഘടനയെ മനോഹരമാക്കാന്‍ നന്ദ്‌ലാല്‍ ബോസിനെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹം അതിനെ ദൈവങ്ങളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് മനോഹരമാക്കിയെന്നുമാണ് മന്ത്രി അവകാശപ്പെടുന്നത്.

മൗലിക അവകാശങ്ങളുടെ പേജിന്റെ ഏറ്റവും മുകളില്‍ ലങ്കാ വിജയം കഴിഞ്ഞ് അയോധ്യയില്‍ തിരിച്ചെത്തുന്ന രാമന്റെയും സീതയുടെയും ലക്ഷ്മണന്റെയും ചിത്രങ്ങളാണ് ഉള്ളത്. ഭരണഘടനയുടെ നിര്‍ദ്ദേശക തത്വങ്ങളുടെ ഭാഗത്ത് അര്‍ജുനന് ഗീതോപദേശം നല്‍കുന്ന കൃഷ്ണന്റെ ചിത്രമാണ് ഉള്ളത്. കൂടാതെ അശോകന്റെയും വിക്രമാദിത്യന്റെയും കാലത്തെ ചിത്രങ്ങളും ഭരണഘടനയില്‍ ഉണ്ടെന്നും മന്ത്രി പറയുന്നു.