X

ഇന്ത്യന്‍ വംശജരായ വിദേശപൗരന്മാര്‍ക്ക് ഇനിമുതല്‍ ആജീവനാന്ത വിസ

അഴിമുഖം പ്രതിനിധി

ഇന്ത്യന്‍ വംശജരായ വിദേശ പൗരന്മാര്‍ക്ക് ആജീവനാന്ത വിസ നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പ്രവാസികള്‍ക്ക് ഗുണകരമാകുമെന്ന് വിലയിരുത്തപ്പെടുന്നു. കൂടുതല്‍ ഇന്ത്യന്‍ വംശജരെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ പുതിയ നടപടി വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. ‘ഇന്ത്യന്‍ ഓവര്‍സീസ് കാര്‍ഡ് ഹോള്‍ഡേഴ്‌സ്’ എന്ന് പേരിട്ടിരിക്കുന്ന പുതിയ പദ്ധതിയിലൂടെ ഇന്ത്യന്‍ വംശജര്‍ക്ക് ആജീവനാന്ത വിസ ലഭ്യമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇത് സംബന്ധിച്ച ഓര്‍ഡിനന്‍സ് ചൊവ്വാഴ്ച പുറത്തിറങ്ങി. 

പുതിയ പദ്ധതി വഴി വിവിധ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നതിനാല്‍ നിരവധി ഇന്ത്യന്‍ വംശജര്‍ പദ്ധതിയില്‍ പേര് ചേര്‍ക്കുമെന്നാണ് പ്രതീക്ഷയെന്ന് യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി ടി പി സീതാറാം മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ഇന്ത്യന്‍ വംശജരായ യുഎഇ പൗരന്മാരുടെ എണ്ണം വളരെ കുറവായതിനാല്‍ പുതിയ പദ്ധതി യുഎഇയെ സംബന്ധിച്ചിടത്തോളം അത്ര ഗുണപ്രദമാവില്ല. എന്നാല്‍ പരമാവധി ആള്‍ക്കാരെ പദ്ധതിയില്‍ ഉള്‍പ്പെടുത്താനാണ് ശ്രമമെന്ന് സീതാറാം പറഞ്ഞു. ഓരോ ഇന്ത്യ സന്ദര്‍ശനത്തിലും വിസ പുതുക്കുന്നതിന് പ്രാദേശിക അധികാരികളെ കാണുന്ന രീതിക്ക് ഇനി മുതല്‍ മാറ്റം വരും. ആജീവനാന്ത വിസ ലഭ്യമാവുന്നതോടെ എപ്പോള്‍ വേണമെങ്കിലും രാജ്യത്ത് സന്ദര്‍ശനം നടത്താന്‍ ഇനി ഇന്ത്യന്‍ വംശജര്‍ക്ക് സാധിക്കും. 

നേരത്തെ നിലവിലുണ്ടായിരുന്ന പിഐഒ (പീപ്പിള്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍) കാര്‍ഡും ഒസിഐ (ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ) കാര്‍ഡും സംയോജിപ്പിച്ചാണ് പുതിയ പദ്ധതിക്ക് രൂപം നല്‍കിയിരി്ക്കുന്നത്. 15 വര്‍ഷം കാലവധിയുള്ള പിഐഒ കാര്‍ഡുള്ളവര്‍ രാജ്യത്ത് തുടര്‍ച്ചയായി 180 ദിവസം താമസിച്ചാല്‍ പ്രാദേശിക അധികാരികളെ വിവരം അറിയിക്കേണ്ടതുണ്ട്. എന്നാല്‍ ഒസിഐ കാര്‍ഡുള്ളവര്‍ക്ക് ഇത്തരം തലവേദനകള്‍ ഒന്നുമില്ല. പുതിയ പദ്ധതി പ്രകാരം ഒസിഐ കാര്‍ഡുള്ളവര്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കുകയും ചെയ്യും. 

13-ാം പ്രവാസി ഭാരതീയ ദിവസിന്റെ ഭാഗമായാണ് ഇപ്പോള്‍ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തരം ഒരു പദ്ധതി ആവിഷ്‌കരിക്കുമെന്ന് കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയ, യുഎസ് സന്ദര്‍ശനവേളകളില്‍ വാഗ്ദാനം നല്‍കിയിരുന്നു. 

ഇന്ത്യ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ വംശജരായ വിദേശ പൗരന്മാര്‍ക്ക് വിസ ലഭിക്കുന്നതിനായി നിരവധി കടമ്പകള്‍ കടക്കേണ്ടിയിരുന്നു. പുതിയ പദ്ധതി വഴി നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ സാധിക്കുമെന്നാണ് ഇന്ത്യന്‍ വംശജരുടെ പ്രതീക്ഷ.

This post was last modified on January 9, 2015 11:45 am