X

തടി കൂടുതലാണോ..? വെറുതെ മൂഡ് ഔട്ടാകല്ലേ….

കാത്തി വാള്‍ഡ്മാന്‍
(സ്ലേറ്റ്)

നിങ്ങള്‍ക്ക് അമിതവണ്ണമുണ്ടെങ്കില്‍ നിങ്ങള്‍ സദാ സങ്കടത്തിലായിരിക്കേണ്ട കാര്യമില്ല, കൊളറാഡോ സര്‍വകലാശാലയില്‍ നിന്നുള്ള ഒരു പഠനം പറയുന്നു. അമിതവണ്ണവും ജീവിതസംതൃപ്തിയും നിങ്ങള്‍ താമസിക്കുന്നയിടവും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള ഒരു പഠനമാണ് പുറത്തുവന്നത്. അമേരിക്കയിലെ അമിത വണ്ണക്കാര്‍ താമസിക്കുന്നയിടങ്ങളില്‍ ജീവിക്കുന്ന അമിതവണ്ണക്കാരായ സ്ത്രീപുരുഷന്മാര്‍ മറ്റിടങ്ങളിലെ ആളുകളേക്കാള്‍ സന്തുഷ്ടരാണ് എന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. കൂടുതല്‍ തടിയുള്ളവര്‍ ജീവിക്കുന്ന ഇടങ്ങളില്‍ സാധാരണ തൂക്കമുള്ളവര്‍ക്ക് കൂടുതല്‍ സന്തോഷം അനുഭവിക്കാനാകുന്നുവെന്നും പഠനം സൂചിപ്പിക്കുന്നു. ചുറ്റുമുള്ള ആളുകളെപ്പോലെ തന്നെ ആയിരിക്കാന്‍ കഴിയുന്നതാണ് ജീവിത സംതൃപ്തിയുടെ അടിസ്ഥാനമെന്ന് പഠനം നടത്തിയ ഫിലിപ്പ് പെന്ദര്‍ഗാസ്റ്റ് പറയുന്നു.

ഒന്നേകാല്‍ കോടി മുതിര്‍ന്ന ആളുകളില്‍ നിന്ന് സാമ്പിള്‍ എടുത്താണ് പഠനം നടത്തിയത്. പങ്കെടുത്തവര്‍ അവരുടെ സന്തോഷം അളന്നു, അവരുടെ തൂക്കവും. പഠനം പറയുന്നു. “അമിതവണ്ണം സാധാരണയായുള്ള സ്ഥലങ്ങളില്‍ അല്‍പ്പം തടിയുള്ളതും തടി കുറവുള്ളതും അമിതമായ തടിയുള്ളതുമായ ആളുകള്‍ തമ്മില്‍ സന്തോഷത്തിന്റെ കാര്യത്തില്‍ വലിയ മാറ്റമില്ല. എന്നാല്‍ തടിയുള്ളവര്‍ അധികമില്ലാത്ത ഇടങ്ങളില്‍ തടിയുള്ളവരും ഇല്ലാത്തവരും തമ്മില്‍ ജീവിത  സംതൃപ്തിയില്‍ വലിയ അന്തരമുണ്ടെന്നു കാണാം. സന്തോഷം കണ്ടെത്താന്‍ കഴിയാത്തതില്‍ തടിക്ക് വലിയ പങ്കൊന്നും ഇല്ലെങ്കില്‍ കൂടി ശരീര ഭാരത്തോട്  സമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ ഇതിനെ ബാധിക്കുന്നുണ്ട്.”

ചുരുക്കിപ്പറഞ്ഞാല്‍ ഫാറ്റ് സെല്ലുകളല്ല നിങ്ങളെ വിഷാദത്തിലാക്കുന്നത്. നിങ്ങള്‍ക്ക് അമിതവണ്ണമുണ്ടാവുകയും നിങ്ങളുടെ അയല്‍ക്കാര്‍ നിങ്ങളെ കളിയാക്കുകയും ചെയ്യുന്നത് കൊണ്ടാകും അത്. അല്ലെങ്കില്‍ അവരോട് സ്വയം താരതമ്യപ്പെടുത്തി നിങ്ങള്‍ വിഷമിക്കുന്നതാകും.

ഇതില്‍ തന്നെ അമിതവണ്ണത്തിന്റെ പേരില്‍ വിഷാദത്തിലാകുന്നത് പുരുഷന്മാരെക്കാള്‍ അധികമായി സ്ത്രീകളാണ്. മാസികകളിലും ടെലിവിഷനിലും കാണുന്ന സ്ത്രീ ചിത്രങ്ങള്‍ ശ്രദ്ധിക്കുക, മെലിഞ്ഞ സ്ത്രീകളുടെ ചിത്രങ്ങളാണ് നിറയെ. എന്നാല്‍ മറ്റൊരു സംഗതി അമിതവണ്ണക്കാരുടെ നിരക്ക് കൂടുംതോറും വൈകാരികമായ പ്രശ്നങ്ങള്‍ കുറയും എന്നുള്ളതാണ്. ഇത് ആളുകളില്‍ തങ്ങളുടെ ശരീരം സംരക്ഷിക്കാനുള്ള പ്രചോദനം കുറയ്ക്കുകയും ചെയ്യും.

This post was last modified on August 3, 2014 12:46 pm