X

നീയില്ലാതെ നിന്റെ ‘കോയിക്കോട്ട്’ ഞങ്ങളെങ്ങെനെയാടാ…

കെ.പി.സജീവന്‍

അവസാനം കണ്ടത് രണ്ടുദിവസം മുമ്പായിരുന്നു…അപ്പോള്‍ പറഞ്ഞത് ഞങ്ങളുടെ ഫണ്ടിനെക്കുറിച്ചായിരുന്നു. ‘നിങ്ങളൊക്കെ ഇങ്ങനെ ആയാല്‍ നമ്മുടെ യാത്ര മുടങ്ങുംകേട്ടോ. ഈ മാസം നിങ്ങളടക്കം പലരും പൈസ തന്നിട്ടില്ല. എന്നെക്കൊണ്ടാവില്ല ഇങ്ങനെ പിരിച്ചു നടക്കാന്‍. എനിക്കും പണിയില്ലേ, സാ..’ അടുത്ത യാത്രയ്ക്കുവേണ്ടിയുള്ള തിടുക്കമായിരുന്നു ജിബിന്റെ വാക്കുകളില്‍. ഇത്രയും കാലം ഞങ്ങളുടെ മഴക്കൂട്ടം ചെറിയ ചെറിയ യാത്രകളായിരുന്നു പോയത്. ഒന്നോ രണ്ടോ ദിവസം. കേരളത്തിനുള്ളില്‍. ഏറിയാല്‍ ചുരം കടന്ന് മസിനഗുഡിവരെ. നാലുമാസം മുമ്പ് പോയ തോല്‍പ്പട്ടി കാടുകള്‍ക്കുള്ളില്‍വച്ചാണ് വലിയൊരു യാത്രയുടെ കെട്ടുകള്‍ അവന്‍ തുറന്നിട്ടത്. ഗ്രൂപ്പിലെ മുതിര്‍ന്ന നേതാവ് ദേശാഭിമാനി ജിജോയോടാണ് പറഞ്ഞ് തുടങ്ങിയത്. ‘ആശാനെ ഈ ലൊട്ടുലൊഡുക്കു പരിപാടി പോര നമ്മള്‍ക്ക്. അടുത്ത യാത്ര കപ്പലില്‍ ലക്ഷദ്വീപിലേക്ക്. അതിനടുത്തത് ആകാശത്തിലൂടെ പറന്ന് സ്വിറ്റ്‌സര്‍ ലണ്ടിലേക്ക്….’എല്ലാരു ചിരിച്ചു. പക്ഷെ അവനത് ചിരിയിലൊതുക്കിയല്ല. അടുത്ത യോഗത്തില്‍ അതവന്‍ ഗൗരവമായി കൈകാര്യം ചെയ്തു. ഒരു ഫണ്ട് തുടങ്ങല്‍. അംഗങ്ങളായി 14പേര്‍ മാസം 300രൂപ വെച്ച് അവനെ ഏല്‍പിക്കണം. അതവന്‍ പിരിച്ചുകൊള്ളും. അതിനായി അവന്റേയും മാതൃഭൂമി ശ്രീജിത്തിന്റെയും പേരില്‍ ഒരു ജോയിന്റ് അകൗണ്ടും തുടങ്ങി. ഇപ്പോള്‍ മൂന്നുമാസമായി. ഇടയ്ക്കവന്‍ പറയും; 300 രൂപ 500 ആക്കിയാലോ. ഇതെപ്പഴാണ് വലുതാവുക..! അവന് തിടുക്കമായിരുന്നു. ഒരുയാത്രയ്ക്കിടെ ഒരു വര്‍ഷത്തെ ഗാപ്പിടാറുണ്ട് ഞങ്ങള്‍. പക്ഷെ അത്രയൊന്നും കാത്തിരിക്കാനുള്ള സാവകാശം അവനുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഒന്നുമിണ്ടാതെ അവന്റെ ക്ലാസ്‌മേറ്റുകള്‍ക്കൊപ്പം ബൈക്കില്‍ ഇരുവഞ്ഞിപ്പുഴയുടെ പതങ്കയം വെള്ളച്ചാട്ടത്തിലേക്ക് യാത്രപോയത്. ഞാന്‍ വിളിച്ചപ്പോള്‍ ഭാര്യയ്‌ക്കൊരു പരീക്ഷയുണ്ട്, രണ്ടുദിവസത്തെ ലീവാണെന്നൊരു ചെറുകള്ളം പറഞ്ഞു. അത്രമാത്രം യാത്രകളെ സ്‌നേഹിച്ച പത്രപ്രവര്‍ത്തകനായിരുന്നു പി.ജിബിന്‍.

വര്‍ത്തമാനത്തിലും കൗമുദിയിലും ജനയുഗത്തിലും ജോലി ചെയ്ത ശേഷമാണ് അവന്‍ ദീപികയില്‍ ഞങ്ങളുടെ ടീമിലേക്ക് വരുന്നത്. ഡസ്‌കിലായിരുന്നു തുടക്കം. വളരെ അഗ്രസീവായി വാര്‍ത്തകളെക്കാണുന്നതിനാല്‍ ജിബിന്റെ സേവനം റിപ്പോര്‍ട്ടിംഗില്‍ വേണമെന്ന് പറഞ്ഞ് ബ്യൂറോയിലേക്ക് കൊണ്ടുവരികയായിരുന്നു. പിന്നീട് അവന്‍ ഡസ്‌കിലേക്ക് തിരിച്ചുപോയില്ല. അവിടുന്നാണ് വല്ലാത്തൊരാത്മബന്ധം അവനുമായുണ്ടാകുന്നത്. ഞാന്‍ ദീപിക വിടുമ്പോഴേക്കും പിരിയാന്‍ പറ്റാത്തത്രയും വലിയൊരാത്മബന്ധമായി അതുവളര്‍ന്നു. എല്ലാദിവസവും രണ്ടും മൂന്നുതവണ വിളിക്കും. ഒരു ദിവസത്തില്‍ കൂടുതല്‍ അവനെ കാണാതിരുന്നിട്ടില്ല. കണ്ടില്ലെങ്കില്‍ ഉടന്‍ വാട്‌സ് ആപ്പിലേക്ക് അവന്റെ സന്ദേശം വരും, ‘ഓ നിങ്ങളിപ്പോ വല്യ ആളായിപ്പോയല്ല…’

പലപ്പോഴും അത്ഭുതം തോന്നാറുണ്ട് എങ്ങനെയാണ് ജിബിന് കണ്ണിമുറിഞ്ഞുപോവാതെ സൗഹൃദങ്ങളെ കൊണ്ടുപോകാന്‍ കഴിയുന്നതെന്ന്. അപ്പോള്‍ അവന്‍ പറയും ‘ഞാനും ഇങ്ങളെപ്പോലെ ഒരു കോയിക്കോട്ടുകരനല്ലേന്ന്…’ പ്രസ്‌ക്ലബില്‍ നിന്ന് വാര്‍ത്ത സമ്മേളനം കഴിഞ്ഞിറങ്ങിയാല്‍ ജിബിന് ചുറ്റും പത്രപ്രവര്‍ത്തകരുടെ ഒരു വലിയ കൂട്ടം തന്നെ ഉണ്ടാകും. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും ഏറ്റവും പുതിയ തലമുറവരെ ഉണ്ടാവും അതില്‍. എല്ലാവര്‍ക്കും അവനോട് തമാശപറയണം. വയറുകുലുക്കിയുള്ള അവന്റെ ചിരികാണണം. ഒരാളേയും ഒഴിവാക്കാതെ അവന്‍ പറഞ്ഞുകൊണ്ടേയിരിക്കും. മാത്രമല്ല ഓരോദിവസത്തെ കാഴ്ചയിലും എന്തെങ്കിലും ഒരു പുതിയ കഥപറയാനുണ്ടാവും അവന്. അത് വാര്‍ത്തയാവാം രാഷ്ട്രീയമാവാം യാത്രകളുടെ കഥകളാവും. ഒരു മുന്‍ധാര മാധ്യമത്തിലായിരുന്നെങ്കില്‍ ഒരുപാട് പുരസ്‌കാരങ്ങളും അംഗീകാരങ്ങളും ഏറ്റുവാങ്ങേണ്ടിയിരുന്നു അവന്‍. അത്രയും കുറിക്കുകൊള്ളുന്ന സ്റ്റോറികളായിരുന്നു അവന്റേത്.

മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിക്ക് മുമ്പിലും മൂഴിക്കലിലെ വീട്ടിലും അവസാനം മാവൂര്‍ റോഡ് ശ്മശാനത്തില്‍ തീനാളങ്ങള്‍ ഏറ്റവാങ്ങുമ്പഴുമെല്ലാം എന്തൊക്കയോ അവന്‍ പറയാന്‍ ബാക്കിവെച്ചപോലെ തോന്നി. അവന്റെ പാറിക്കളിക്കുന്ന മുടി, ചാടിക്കിടക്കുന്ന വയര്‍, നീല ജീന്‍സ് ഷര്‍ട്ട്, ആരെക്കണ്ടാലും പിന്നില്‍ നിന്നുവന്നുള്ള കെട്ടിപ്പിടുത്തം..എങ്ങനയാണ് ജിബിനെ നിന്റെ ‘കോയിക്കോട്ട്’ നീ ഇല്ലെന്ന് ഞങ്ങള്‍ വിശ്വസിക്കേണ്ടത്. മൊയ്തീനെ കവര്‍ന്നെടുത്ത് ഇരുവഞ്ഞിപ്പുഴയ്ക്ക് എന്തായിരുന്നു ഇത്രമാത്രം നിന്നോട് പറയാനുണ്ടായിരുന്നത്. വെറുതെ ഒന്നു കാണാന്‍, കാണുമ്പോള്‍ ആ തടിയന്‍ കൈ ഒന്ന് പിടിച്ചമര്‍ത്താനെങ്കിലും ഇത്തിരി അനക്കം ഞങ്ങള്‍ക്കായി ബാക്കി വെച്ചുകൂടായിരുന്നോ…?

വാട്‌സ് ആപ്പില്‍ മഴക്കൂട്ടത്തിന്റെ മെസേജ് ബോക്‌സില്‍ ഇപ്പോഴും ആറാതെ കിടപ്പുണ്ട് നിന്റെ അവസാനത്തെ സന്ദേശം; ‘ ചെയര്‍മാന്‍ രാജിവെക്കുക..’

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

This post was last modified on December 24, 2015 12:01 am