X

വിരലടയാളം നല്‍കൂ അല്ലെങ്കില്‍ മൊബൈല്‍ ഫോണ്‍ ഉപേക്ഷിക്കൂ; പൌരന്മാരെ നിരീക്ഷിക്കാന്‍ പാക്കിസ്താന്‍

ടിം ക്രെയ്ഗ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

പാകിസ്താനില്‍ ഇപ്പോഴാണോ മൊബൈല്‍ ഫോണ്‍ ആദ്യമായി വരുന്നത്? ഓരോ മൊബൈല്‍ ഷോപ്പിലും തിങ്ങികൂടിയിരിക്കുന്ന ആളുകളെ കാണുമ്പോള്‍ ഒരു പക്ഷെ നിങ്ങള്‍ ഇങ്ങനെ ചിന്തിച്ചേക്കാം.

തങ്ങളുടെ ജനതയുടെ ബയോ മെട്രിക്‌സ് ശേഖരിച്ചു സൂക്ഷിക്കുക എന്നത് ഓരോ രാജ്യത്തിന്റെയും തലവേദനയാണ്. പാകിസ്താനെപോലെ ജനസംഖ്യ കൂടതലുള്ള രാജ്യമെങ്കില്‍ പ്രതേകിച്ചും. ഭീകരവാദം തടയാനായി ഓരോ പൗരനും തങ്ങളുടെ വിരലടയാളം നല്‍കി അവരവുടെ രേഖകള്‍ പരിശോധനാവിധേയം ആക്കണം എന്ന് ഓരോ മൊബൈല്‍ ഉപഭോക്താവിനോടും പാകിസ്താന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത് അനുസരിച്ചില്ലെങ്കില്‍ അവരുടെ മൊബൈല്‍ സര്‍വീസ് ഇല്ലാതാകും. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഊണിലും ഉറക്കത്തിലും മൊബൈല്‍ ഉപയോഗിക്കുന്നവര്‍ക്ക് അത് അചിന്തനീയം തന്നെ. 

ഡിസംബര്‍ മാസത്തില്‍ താലിബാന്‍ ഭീകരര്‍ 150 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും കൊന്നതിനു ശേഷം പാകിസ്താനിലെ നിയമവാഴ്ച സംരക്ഷിക്കാന്‍ നടപ്പിലാക്കിയ നിയമങ്ങളില്‍ ഏറെ പ്രധാനമാണ് നിയമവിരുദ്ധമായ സിം വില്‍പന തടയുന്ന ഈ നടപടി. പെഷവാറില്‍ ആക്രമണം നടത്തിയ 6 ഭീകരരും ഉപയോഗിച്ചിരുന്നത് ഒരേ സ്ത്രീയുടെ പേരിലുള്ള സിം കാര്‍ഡുകള്‍ ആയിരുന്നു. സ്വാഭാവികമായും ആ സ്ത്രീക്ക് ഇവരുമായി യാതൊരു ബന്ധവും ഇല്ലതാനും.

എന്നാല്‍, ഒരു ഫോണിനെ ഒരു വ്യക്തിയുടെ വിരലടയാളം ആയി ബന്ധപ്പെടുത്തുക എന്നത് കഠിനമായ ഒരു ജോലിയാണ്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ പാകിസ്താനില്‍ 103 മില്യണ്‍ സിം കാര്‍ഡുകള്‍ ആണ് ഉപയോഗത്തില്‍ ഇരിക്കുന്നതായി സര്‍ക്കാര്‍ കണക്കുകള്‍. ഇത് പാകിസ്താനിലെ പ്രായപൂര്‍ത്തിയായവരുടെ എണ്ണത്തിന് തുല്യമാണ്. എന്നാല്‍ ഈ സിം കാര്‍ഡുകള്‍ കൃത്യമായി രജിസ്റ്റര്‍ ചെയ്തതാണോ എന്നും സര്‍ക്കാരിനു ഉറപ്പു പറയാന്‍ സാധിക്കുന്നില്ല. ഓരോ സിം കാര്‍ഡിനുള്ളിലും അതതു വ്യക്തികളുടെ വിവരങ്ങളും സുരക്ഷാ വിവരങ്ങളും അടങ്ങുന്ന രേഖകള്‍ സമര്‍പ്പിക്കാന്‍ മൊബൈല്‍ കമ്പനികള്‍ക്ക് ലഭിച്ച സമയം ഈ ഏപ്രില്‍ 15 ന് അവസാനിക്കും. 

ഇസ്ലാമാബാദിലെ 30 കാരനായ മുഹമ്മദ് സഫ്ദാര്‍, അദ്ദേഹത്തിന്റെ 3 കുഞ്ഞുങ്ങളോടൊപ്പം മണിക്കൂറുകള്‍ നീണ്ട വരിയില്‍ നിന്നാണ് തന്റെ വിരലടയാളം നല്‍കി മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തനക്ഷമമാക്കിയത്. 

കഴിഞ്ഞ 6 ആഴ്ച കാലത്ത് 38 മില്യണ്‍ ആളുകളുടെ 53 മില്യണ്‍ സിം കാര്‍ഡുകള്‍ പരിശോധനക്ക് വിധേയമാക്കി എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. 

ഒരു തവണ ഈ പരിശോധനകള്‍ അവസാനിച്ചാല്‍ രേഖയില്‍ ഇല്ലാത്ത സിം കാര്‍ഡുകള്‍ സ്വാഭാവികമായും ഉപയോഗിക്കാന്‍ സാധിക്കില്ല. ഇനി ഭീകരര്‍ക്ക് ഇത്തരം വിദ്യകള്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. സര്‍ക്കാരിന്റെ സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ച് പത്രമാധ്യമങ്ങളോട് സംസാരിക്കാന്‍ അനുവാദം ഉള്ള ഒരു മുതിര്‍ന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ‘ഇത് മൊബൈല്‍ കമ്പനികള്‍ക്കും , ഉപഭോക്താക്കള്‍ക്കും വളരെ മടുപ്പിക്കുന്ന ഒരു ജോലിയാണ്, പക്ഷെ രാജ്യസുരക്ഷക്കായി ഇത് ചെയ്‌തേ മതിയാകൂ’. 

ഇസ്ലാമിക ഭീകരവാദികളുടെ ആക്രമണത്തിനെതിരെ പാകിസ്താന്‍ നടത്തുന്ന ചെറുത്ത് നില്‍പ്പുകള്‍ തുടങ്ങിയിട്ട് ഒരു ദശകത്തോളമായി. അതുകൊണ്ട് തന്നെ സുരക്ഷയുടെ പേരില്‍ നടത്തുന്ന പരിശോധനകളും അതിന്റെ ഭാഗമായുള്ള നീണ്ട വരിയില്‍ നില്‍പ്പും ഒന്നും പാകിസ്താന്‍ ജനതയ്ക്ക് പുത്തരിയല്ല. ഇതാവാം ഇപ്പോള്‍ തങ്ങളുടെ മൊബൈല്‍ പ്രവര്‍ത്തനക്ഷമാക്കാന്‍ ഒരു കടയിലേക്ക് ചെല്ലണം എന്ന് പറയുന്നതും അവരില്‍ യാതൊരു പ്രതിഷേധവും ഉണ്ടാക്കാത്തതിനു കാരണം. 

“ഞാന്‍ മുഴുവന്‍ ദിവസവും ടാക്‌സി ഓടിക്കുകയാണ്, മിക്കവാറും രാത്രിയിലും ഓട്ടം കാണും. എനിക്ക് ഈ നീണ്ടവരിയില്‍ നിന്ന് സിം കാര്‍ഡ് പരിശോധിക്കുന്നത് ഒട്ടും സൗകര്യപ്രദം അല്ല. പക്ഷെ ഇത് ചെയ്തില്ലെങ്കില്‍ എന്റെ കുടുംബവുമായി സംവദിക്കാനുള്ള ഏക ഉപാധിയായ മൊബൈല്‍ ഇല്ലതാവുന്നത് എനിക്ക് ആലോചിക്കാനേ വയ്യ.” 50 വയസ്സുകാരനായ ആബിദ് അലി ഷാ എന്ന ടാക്‌സി െ്രെഡവര്‍ പറഞ്ഞു. 

പാകിസ്താനിലെ ആദ്യ സെല്‍ഫോണ്‍ കമ്പനി 1991ല്‍ നിലവില്‍ വന്നെങ്കിലും 21 ആം നൂറ്റാണ്ട് ആകുന്നതു വരെ വളരെ നാമമാത്രമായ ആളുകള്‍ മാത്രമാണ് മൊബൈല്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ 2003 ആയപ്പോഴേക്കും 5 മില്യണ്‍ ആളുകള്‍ മൊബൈല്‍ ഉപഭോക്താക്കള്‍ ആയി. ഇന്നത് 136 മില്യണ്‍ എന്ന സംഖ്യയില്‍ എത്തി നില്‍ക്കുന്നുവെന്നു പാകിസ്താന്‍ ടെലി കമ്മ്യൂണിക്കെഷന്‍സ് അതോറിട്ടിയുടെ കണക്കുകള്‍ കാണിക്കുന്നു. 

വേള്‍ഡ് ബാങ്ക് കണക്കുകള്‍ അനുസരിച്ച് മൊബൈല്‍ ഫോണ്‍ സബ്‌സ്‌ക്രിപ്ഷന്‍ 73 ശതമാനം ആയി എന്നാണ്. ഇത് ഇന്ത്യയുടെ കണക്കിനൊപ്പം നില്‍ക്കുന്ന ഒന്നാണ് ഇത്. വൈദ്യുതിയോ വെള്ളമോ ലഭിക്കാത്ത ഉള്‍പ്രദേശങ്ങളിലും മലമുകളിലും ഉള്ളവര്‍ക്ക് പോലും ഒരു മൊബൈല്‍ സ്വന്തമായി ഉണ്ടായിരിക്കും എന്നത് പാകിസ്താനില്‍ വളരെ സാധാരണമാണ്. 

ഇനിയും 50 മില്യണ്‍ സിം കാര്‍ഡുകള്‍ പരിശോധന വിധേയമാക്കാന്‍ ഉള്ളതിനാല്‍ ഓരോ മൊബൈല്‍ കമ്പനിയും ഇത്തരം ഉള്‍പ്രദേശങ്ങളിലും മലമുകളിലും ഈ പുതിയ നയത്തെക്കുറിച്ച് ബോധവത്കരണം നടത്തിക്കൊണ്ടിരിക്കുകയാണ്.

‘ഇത് രാജ്യത്തെമ്പാടും ഒരു നിശ്ചിത സമയ പരിധി വച്ച് നടക്കുന്ന വലിയ ഒരു പ്രവൃത്തിയാണ്. എന്നിരുന്നാലും ഏപ്രില്‍ എന്ന സമയപരിധിക്കുള്ളില്‍ തന്നെ എല്ലാ പരിശോധനകളും തീര്‍ക്കാന്‍ നമുക്ക് സാധിക്കും എന്നുതന്നെ കരുതുന്നതു’ പാകിസ്താനില്‍ 38 മില്യണ്‍ ഉപഭോക്താക്കള്‍ ഉള്ള മോബി ലിങ്കിലെ എക്‌സിക്യൂട്ടീവ് ആയ ഒമര്‍ മന്‍സൂര്‍ പറഞ്ഞു. രാജ്യത്തിന്റെ എല്ലാ പ്രദേശത്തേക്കും വേണ്ടി 700 മൊബൈല്‍ വാനുകള്‍ ഞങ്ങള്‍ അയച്ചിട്ടുണ്ട്. ഇത് എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള എല്ലാ പ്രദേശങ്ങളിലും ചെന്ന് പരിശോധന നടപടികള്‍ പൂര്‍ത്തിയാക്കും. 

എന്നാല്‍ ഈ നിയമം അത്രതന്നെ ഫലവത്താകാത്ത ഒരു പ്രദേശം എന്നു പറഞ്ഞാല്‍ അത് പാക്കിസ്താന്റെയും അഫ്ഗാനിസ്ഥാന്റെയും അതിര്‍ത്തിക്ക് ചുറ്റുമുള്ള സ്ഥലങ്ങള്‍ ആണ്. ഇവിടെയാണ് ഇസ്ലാമിക് ഭീകരവാദികള്‍ സാധാരണ അഭയം തേടാറുള്ളത്. ഇവിടെ പാകിസ്താന്റെ മൊബൈല്‍ കമ്പനികള്‍ തങ്ങളുടെ സേവനം നല്‍കുന്നില്ല. അതിനാല്‍ തന്നെ അവര്‍ അഫ്ഗാനിസ്ഥാനിലെ മൊബൈല്‍ സേവനങ്ങള്‍ ആണ് ആശയവിനിമയത്തിനായി ഉപയോഗിക്കുന്നത് എന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

2005 മുതല്‍ സര്‍ക്കാര്‍ ഉണ്ടാക്കികൊണ്ടിരിക്കുന്ന ദേശീയ വിവരശേഖരത്തിലെ വിരലടയാളങ്ങളും, ഇപ്പോള്‍ ശേഖരിക്കുന്ന വിരലടയാളങ്ങളും താരതമ്യപ്പെടുത്തുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഈ ദേശീയ വിവരശേഖരത്തില്‍ വിരലടയാളം ഇല്ലാത്തവര്‍ ആദ്യം നാഷണല്‍ ഡാറ്റാബേസ് & രജിസ്ട്രേഷന്‍ അഥോറിറ്റിക്ക് സമര്‍പ്പിക്കണം. പൗരത്വത്തിന് അവകാശം ഇല്ലാത്ത ലക്ഷക്കണക്കിന് അഫ്ഗാന്‍ കുടിയേറ്റക്കാര്‍ ഉള്‍പ്പെടെ, നിരവധി ആളുകള്‍ക്ക് കോടതിയുടെ പ്രത്യേകാനുമതിയോടെ സെല്‍ ഫോണ്‍ ഉപയോഗിക്കാനാകും. 

ഈ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ സ്വന്തം പൗരന്മാരുടെ വിവരങ്ങള്‍ ശേഖരിക്കാനും അത് ഒരു രേഖയെന്നപോലെ സൂക്ഷിക്കാനും തുടങ്ങി. എന്നാല്‍ പാകിസ്താന്‍ ചെയ്യുന്ന പോലെ ദ്രുതഗതിയില്‍ വിവരശേഖരണം മറ്റൊരു രാജ്യവും നടത്തിയതായി അറിവുകള്‍ ഇല്ലെന്നു നിരീക്ഷകരും ഈ മേഖലയിലെ ഉന്നതരും അഭിപ്രായപെടുന്നു. 

എത്തിപ്പെടാന്‍പോലും ദുഷ്‌കരമായ സ്ഥലങ്ങള്‍ അനവധിയുള്ള ഇത്രയും വലിയ ഒരു രാജ്യത്ത് ഇത്തരം ഒരു പദ്ധതി നടപ്പിലാക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത ഒന്നാണെന്ന് പാകിസ്താനിലെ ഇന്റര്‍നെറ്റ് വിതരണ ശൃംഖലയിലെ പ്രധാനിയായ നയടെല്ലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആയ വാഹാജ് അസ് സിറാജ് പറയുന്നു. 

“ഇത്തരത്തില്‍ വിവരശേഖരണവും പരിശോധനയും അവസാനിച്ചാല്‍ ഭാവിയില്‍ ഉണ്ടാകുന്ന ഭീകരാക്രമണങ്ങളെയും അതിന്റെ ഉറവിടെത്തയും മറ്റും കണ്ടെത്താന്‍ പോലീസിന് ഏറെ സഹായകരമായേക്കും.” പാകിസ്താനി ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അമ്മാര്‍ ജാഫ്രി പറഞ്ഞു. 

പാകിസ്താനില്‍ പല സ്‌ഫോടനങ്ങള്‍ക്കും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറുണ്ട് എന്നും ജാഫ്രി കൂട്ടിച്ചേര്‍ത്തു. ഇത്തരം ഭീകര സംഘടനയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുകയും, കവര്‍ച്ച നടത്തുകയും , ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി പണം അപഹരിക്കുകയും ചെയ്യുന്ന കൂട്ടരെ തടയുക എന്നത് പലപ്പോഴും അധികൃതര്‍ക്ക് ഒരു തലവേദന ആകാറുണ്ട്.

സിം കാര്‍ഡ് എന്നത് നിങ്ങളുടെ ഒരു ഭാഗം തന്നെ എന്ന വസ്തുത അംഗീകരിക്കുമ്പോള്‍ തന്നെ, നിങ്ങളുടെ സ്വകാര്യത രാജ്യത്തിന്റെ സുരക്ഷയ്ക്കും ഭാവിക്കും മുകളിലല്ല എന്നും ഓര്‍ക്കണം. 

“നാം പുതിയ സാങ്കേതിക വിദ്യകളെ പേടിയോടെ അല്ല കൈകാര്യം ചെയ്യേണ്ടത്. അതിനെ ശരിയായ വിധത്തില്‍ ഉപയോഗിക്കുക ആണ് വേണ്ടത്.” പാക്കിസ്താന്‍ ഇന്‍ഫര്‍മേഷന്‍ സെക്യൂരിട്ടി അസോസിയേഷന്‍ പ്രസിഡന്റ് ജഫ്രി പറഞ്ഞു. ഒരു രാജ്യം തങ്ങളുടെ ജനങ്ങളെ നിരീക്ഷിക്കുക എന്നതില്‍ അത്ര പുതുമ ഒന്നും ഇല്ല. എല്ലാ രാജ്യങ്ങളും ഇത് ചെയ്യുന്നുണ്ട്. 

ഇത്തരത്തില്‍ പരിശോധനക്കായി ചെല്ലുമ്പോള്‍ ആണ് പാകിസ്താന്‍ സിം കാര്‍ഡുകളുടെ നിയന്ത്രണത്തിലും, നിരീക്ഷണത്തിലും എത്രമാത്രം നിരുത്തരവാദപരമായാണ് ഇടപെട്ടിരുന്നത് എന്ന് പലര്‍ക്കും മനസിലാകുന്നത്. 

30 വയസുള്ള മുഹമ്മദ് സഫ്ദാര്‍, ഇസ്ലാമാബാദിലെ മോബി ലിങ്ക് ഓഫീസില്‍ എത്തിയപ്പോഴാണ് തന്റെ പേരില്‍ ആറു സിം കാര്‍ഡുകള്‍ ഉണ്ടെന്ന വിവരം അറിയുന്നത് തന്നെ. 

“എന്റെ പല സുഹൃത്തുക്കള്‍ക്കും എന്റെ ഐ ഡി നമ്പര്‍ അറിയാം. പണ്ടൊക്കെ ഈ നമ്പര്‍ എഴുതി കൊടുത്താല്‍ ഉടന്‍ ആ ഐ ഡി ഉടമയുടെ പേരില്‍ ഒരു സിം കാര്‍ഡ് നമുക്ക് ലഭിക്കുമായിരുന്നു.” സഫ്ദാര്‍ പറയുന്നു. 

പാകിസ്താനില്‍ ജീവിക്കുന്ന അഫ്ഗാന്‍ സ്വദേശിയായ 24 കാരനായ ഗുലാം റസൂല്‍ താന്‍ നാലു കൊല്ലം മുമ്പ് ചന്തയിലെ ഒരു പഴക്കടയില്‍ നിന്ന് വാങ്ങിയ സിം കാര്‍ഡ് നിയമാനുസൃതമാക്കാനായി മാത്രമാണ് ഈ നീണ്ട വരിയില്‍ നില്‍ക്കുക എന്ന സാഹസത്തിനു മുതിര്‍ന്നത്. 

മുമ്പ് ഇതൊന്നും ആരും ചോദിച്ചില്ല നമ്മളും ശ്രദ്ധിച്ചില്ല, ഇപ്പോള്‍ അവര്‍ ചോദിക്കുന്നു അതുകൊണ്ട് ഞാന്‍ എന്റെ പേരില്‍ ഒരു പുതിയ നമ്പര്‍ തന്നെ വാങ്ങി. മോബി ലിങ്കിന്റെ ഓഫീസില്‍ നിന്നും പുതിയ നമ്പറുമായി പുറത്തിറങ്ങിയ റസൂല്‍ പറഞ്ഞു. “എല്ലാവരുടെ കയ്യിലും എന്റെ പഴയ നമ്പര്‍ ആണ് ഉള്ളത്. ഇനി പാകിസ്താനിലെയും അഫ്ഗാനിസ്ഥാനിലെയും നൂറുകണക്കിന് ആളുകളെ വിളിച്ചു പറയണം.”

ഇപ്പോഴും ഈ പരിശോധന വേഗം നടത്തി ഭീകരവാദം ഇല്ലാതാക്കാന്‍ തങ്ങളാല്‍ കഴിയുന്ന എല്ലാവിധ പിന്തുണയും നല്‍കാന്‍ ഓരോ പാക്കിസ്താനിയും തയ്യാറാണ്. കഴിഞ്ഞ 13 കൊല്ലങ്ങളിലായി തങ്ങളുടെ 50,000 ത്തോളം സഹോദരങ്ങളെയും പട്ടാളക്കാരെയും കൊന്ന ഈ കൂട്ടകുരുതിക്ക് ഒരു അന്ത്യം കുറിക്കാന്‍ അവര്‍ തയ്യാറാണെന്ന പ്രഖ്യാപനം കൂടിയാണിത്.

“ഈ രാജ്യത്തു സമാധാനം കൊണ്ട് വരാന്‍ ഈ നടപടികള്‍ക്ക് സാധിക്കും എന്നുണ്ടെങ്കില്‍ ഇതൊക്കെ നല്ലത് തന്നെ. എന്നാല്‍ ഒരു മൊബൈല്‍ ഫോണ്‍ പരിശോധന എങ്ങനെ സമാധാനം കൊണ്ട് വരും എന്നെനിക്കു മനസിലാകുന്നില്ല.” നീല മഷി പുരണ്ട തന്റെ തള്ളവിരില്‍ നോക്കി ഖാന്‍ ഗുല്‍ പറഞ്ഞു.

 

This post was last modified on February 27, 2015 7:55 am