X

‘ഓരോ തൊഴിലാളി കുടുംബത്തിനും ഒരേക്കര്‍’: പെമ്പിളൈ ഒരുമൈ വീണ്ടും സമരത്തിന്‌

കൂലിയും ബോണസും ലഭിച്ചതുകൊണ്ട് മാത്രം പരിഹരിക്കാവുന്ന പ്രശ്‌നങ്ങളല്ല ഇന്ന് മൂന്നാര്‍ തോട്ടം മേഖലയില്‍ നിലനില്‍ക്കുന്നതെന്നും പെമ്പിളൈ ഒരുമൈ

തൊഴിലാളി യൂണിയനുകളുടെ പിന്തുണയില്ലാതെ വേറിട്ട തൊഴിലാളി ശബ്ദം ഉയര്‍ത്തിയ പെമ്പിളൈ ഒരുമൈ വീണ്ടും സമരത്തിന് തയ്യാറെടുക്കുന്നു. ടാറ്റ കയ്യേറ്റ മാഫിയകള്‍ അനധികൃതമായും നിയമവിരുദ്ധമായും കയ്യടക്കി വച്ചിരുന്ന സര്‍ക്കാര്‍ തോട്ടഭൂമി നിയമ നിര്‍മ്മാണത്തിലൂടെ ഏറ്റെടുത്ത് ‘ഒരേക്കര്‍ കൃഷിഭൂമി ഓരോ തോട്ടംതൊഴിലാളി കുടുംബത്തിനും’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് സമരം.

പ്രക്ഷോഭപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ ഈമാസം 22ന് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ചേരുമെന്ന് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. മൂന്നാറിലെ ഭൂരിപക്ഷ ദളിതരും ആദിവാസികളും പിന്നോക്കക്കാരും ഉള്‍പ്പെടുന്ന തോട്ടംതൊഴിലാളികള്‍ ഒട്ടനവധി സാമൂഹിക ചൂഷണങ്ങളാണ് നേരിടുന്നത്. മറ്റ് തൊഴില്‍ മേഖലകളില്‍ 600-700 രൂപ ദിവസക്കൂലി ലഭിക്കുമ്പോള്‍ പകലന്തിയോളം പണിയെടുക്കുന്ന തോട്ടം തൊഴിലാളികള്‍ക്ക് 230-300 രൂപ മാത്രമാണ് കൂലി ലഭിക്കുന്നത്.

തൊഴിലാളികള്‍ക്ക് അര്‍ഹമായ കൂലി നല്‍കാതെയും അടിമപ്പണിയും ജാതിത തൊഴിലുകളും നിലനിര്‍ത്തുകയുമാണ് മാനേജ്‌മെന്റുകള്‍ ചെയ്യുന്നതെന്ന് പെമ്പിളൈ ഒരുമൈ പറയുന്നു. സര്‍ക്കാരും എല്ലാ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളും മാനേജ്‌മെന്റിനെ പിന്തുണയ്ക്കുകയാണ്. ചേരിക്കും കോളനികള്‍ക്കും സമാനമായ ലയങ്ങളിലാണ് തൊഴിലാളികള്‍ കഴിയുന്നത്. ഇവര്‍ക്ക് സ്വന്തമായി ഭൂമിയോ വീടോ ഇല്ല. വാര്‍ദ്ധക്യത്തില്‍ തോട്ടം തൊഴിലില്‍ നിന്നും പിരിഞ്ഞു പോകുമ്പോള്‍ ഈ ലയങ്ങളില്‍ നിന്നും ഇറങ്ങേണ്ടി വരും. ഭൂരഹിതരായ തോട്ടം തൊഴിലാളികള്‍ മൂന്ന് സെന്റ് സ്ഥലം നല്‍കി കോളനിവല്‍ക്കരിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്.

കൂലിയും ബോണസും ലഭിച്ചതുകൊണ്ട് മാത്രം പരിഹരിക്കാവുന്ന പ്രശ്‌നങ്ങളല്ല ഇന്ന് മൂന്നാര്‍ തോട്ടം മേഖലയില്‍ നിലനില്‍ക്കുന്നതെന്നും പെമ്പിളൈ ഒരുമൈ കൂട്ടിച്ചേര്‍ത്തു. ലയങ്ങളുടെ പുറമ്പോക്കുകളില്‍ എല്ലാത്തരം സാമൂഹിക രാഷ്ട്രീയ അധികാരങ്ങളില്‍ നിന്നും പിഴുതെറിയപ്പെട്ട അടിസ്ഥാന ജനവിഭാഗത്തിന് സാമൂഹിക നീതിക്കായി ഒരു തൊഴിലാളി കുടുംബത്തിന് ഒരേക്കര്‍ കൃഷിഭൂമി, പാര്‍പ്പിടം, മെച്ചപ്പെട്ട കൂലി, ബോണസ്, തോട്ടംനിയമങ്ങളുടെ പരിഷ്‌കാരം, തൊഴിലാളികളുടെ മക്കള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസത്തിന് സ്‌കൂള്‍, കോളേജ് സൗകര്യങ്ങള്‍, മെഡിക്കല്‍ കോളേജ് സൗകര്യത്തോട് കൂടിയ ഹോസ്പിറ്റല്‍ എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് പെമ്പിളൈ ഒരുമൈ ഉയര്‍ത്തുന്നത്.

കഴിഞ്ഞ നാല് മാസമായി സംഘടന പ്രവര്‍ത്തനത്തില്‍ ഗുരുതരമായ വീഴ്ച വരുത്തിയ പെമ്പിളൈ ഒരുമൈ നിലവിലെ പ്രസിഡന്റ് ലിസി സണ്ണിയെ പ്രസിഡന്റ് സ്ഥാനത്തു നിന്നും ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. നിലവിലെ വൈസ് പ്രസിഡന്റ് കൗസല്യ തങ്കമണിക്കാണ് താല്‍ക്കാലിക ചുമതല. തങ്ങളുടേത് അതിജീവന സമരം മാത്രമായിരിക്കില്ലെന്നും പൗരന്‍ ആകുവാനുള്ള സ്വാതന്ത്ര്യസമരം കൂടിയായിരിക്കുമെന്നും പെമ്പിളൈ ഒരുമൈയ്ക്ക് വേണ്ടി ജനറല്‍ സെക്രട്ടറി രാജേശ്വരിയും കൗസല്യ തങ്കമണിയും ചേര്‍ന്നിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

This post was last modified on April 20, 2017 1:39 pm