അഴിമുഖം പ്രതിനിധി
മദ്യ രാജാവ് വിജയ് മല്ല്യയ്ക്ക് ബ്രിട്ടീഷ് വെര്‍ജിന്‍ ദ്വീപുകളില്‍ കമ്പനിയുണ്ടെന്ന് പാനമ രേഖകള്‍. മുന്‍ യുണൈറ്റഡ് സ്പിരിറ്റ്‌സ് ചെയര്‍മാനായ മല്ല്യയുടെ പേരിലെ വെഞ്ച്വര്‍ ന്യൂ ഹോള്‍ഡിങ്‌സ് ലിമിറ്റഡ് 2006 ഫെബ്രുവരി മുതല്‍ പ്രവര്‍ത്തിച്ചു വരികയാണ്. ഈ കമ്പനിക്ക് മല്ല്യയുമായി നേരിട്ട് ബന്ധമുണ്ടെന്നും കമ്പനിയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് ബംഗളുരുവിലെ മല്ല്യയുടെ വീട്ടില്‍ നിന്നാണെന്നും രേഖകള്‍ പറയുന്നു.
ഇന്ത്യയിലെ 17 ബാങ്കുകളില്‍ വായ്പ കുടിശികയായ 9,000 കോടി രൂപ തിരിച്ചടയ്ക്കാതെ മാര്‍ച്ചില്‍ രാജ്യം വിട്ട മല്ല്യ ഇപ്പോള്‍ ഇംഗ്ലണ്ടിലാണ് വാസം. യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞശേഷമാണ് മല്ല്യ നാടുവിട്ടത്.
സെപ്തംബറില്‍ 4000 കോടി രൂപ തിരിച്ചടയ്ക്കാമെന്ന വാഗ്ദാനം സുപ്രീംകോടതിയില്‍ മല്ല്യ നല്‍കിയിരുന്നുവെങ്കിലും ബാങ്കുകള്‍ അത് നിരസിച്ചിരുന്നു. കിങ്ഫിഷര്‍ എയര്‍ലൈന്‍സിനുവേണ്ടി എടുത്ത ഈ വായ്പ തിരിച്ചടയ്ക്കാത്തതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മല്ല്യയെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുമുണ്ട്.
പണം തിരിച്ചു പിടിക്കുന്നതിന്റെ ഭാഗമായി മുംബയിലെ കിങ്ഫിഷര്‍ ഹൗസ് ബാങ്കുകള്‍ വില്പനയക്കു വച്ചിരുന്നു. എന്നാല്‍ ബാങ്കുകള്‍ ആവശ്യപ്പെട്ട തുക കൂടുതലായതിനാല്‍ ആരും വാങ്ങാന്‍ തയ്യാറായില്ല. പ്രവര്‍ത്തനം നിലച്ച കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ മുന്‍ ജീവനക്കാരും ശമ്പള കുടിശികയുടെ പേരില്‍ പ്രതിഷേധത്തിലാണ്.
This post was last modified on April 8, 2016 1:59 pm
Leave a Comment