X

‘ഇളയ രാജ പട്ടിണിയില്ലാതെ കഴിയുന്നത്’ ഈ മനുഷ്യന്‍ കാരണമാണ്

അഴിമുഖം പ്രതിനിധി

‘ഇന്ന് ഇളയരാജയും ഗംഗൈ അമരനും ഞാനും പട്ടിണിയില്ലാതെ കഴിയുന്നത് പഞ്ചു കാരണമാണ്. മികച്ച തിരക്കഥാകൃത്ത് മാത്രമല്ല അതിശയിപ്പിക്കുന്ന വ്യക്തിയുമായിരുന്നു അദ്ദേഹം.’ ഭാരതിരാജ ഇങ്ങനെ പറഞ്ഞത് തമിഴ് സിനിമയിലെ യുഗ പ്രഭാവനായ ഒരു മനുഷ്യനെ കുറിച്ചാണ്. കഴിഞ്ഞ ദിവസം അന്തരിച്ച തമിഴ് സിനിമയിലെ പ്രമുഖ നിര്‍മാതാവും തിരക്കഥാകൃത്തും ഗാനരചയിതാവുമായ കെ എന്‍ പഞ്ചു അരുണാചലത്തെ (76) കുറിച്ച്. പഞ്ചു അരുണാചലം ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ ഓര്‍മ്മിക്കപ്പെടുക മറ്റൊരു ജീനിയസിനെ ഒരു പരിചയപ്പെടുത്തിയതിന്റെ പേരിലും കൂടിയായിരിക്കും. 1976ല്‍ അന്നക്കിളി എന്ന സിനിമയിലൂടെ ഇളയരാജയെ സിനിമാരംഗത്തിനു പരിചയപ്പെടുത്തിയത് അരുണാചലമാണ്.

സംഗീതമയമായ ജീവിതം
കാരക്കുടിക്കടുത്ത് ശിരുകൂടല്‍പട്ടിയില്‍ 1941 ജൂണ്‍ 18നാണ് പഞ്ചു അരുണാചലം ജനിച്ചത്. കവി കണ്ണദാസന്‍ അദ്ദേഹത്തിന്റെ അമ്മാവനായിരുന്നു. കണ്ണദാസന്റെ ആയിരത്തോളം കവിതകള്‍ കേട്ടെഴുതിയത് പഞ്ചു അരുണാചലമാണെന്ന് പ്രിയ, എങ്കെയോ കേട്ട കുരല്‍, അടുത്ത വാരിശു, ഗുരു ശിഷ്യന്‍ എന്നീ ചിത്രങ്ങളില്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച സംവിധായകന്‍ എസ് പി മുത്തുരാമന്‍ പറയുന്നു.

നിരവധി ദശകങ്ങള്‍ നീണ്ട ചലച്ചിത്രജീവിതത്തില്‍ പഞ്ചു അരുണാചലം നൂറിലധികം സിനിമകള്‍ക്കു തിരക്കഥയെഴുതി. മുരട്ടുകാളൈ, സകലകലാ വല്ലവന്‍, അപൂര്‍വ സഹോദരര്‍ തുടങ്ങിയവയാണ് എടുത്തുപറയേണ്ടവ. ഇരുനൂറിലധികം ഗാനങ്ങള്‍ രചിച്ചു. കണ്ണദാസന്‍ ചലച്ചിത്രലോകത്തു നിറഞ്ഞുനിന്നപ്പോള്‍പ്പോലും സൂപ്പര്‍ ഹിറ്റ് ഗാനങ്ങളെഴുതി പഞ്ചു അരുണാചലം തന്റെ കഴിവ് തെളിയിച്ചു. ശാരദയിലെ മന്‍മകളെ മരുമകളേ വാവാ, കലംഗരായ് വിളക്കത്തിലെ പൊന്‍ എഴില്‍ പൂത്തതു പൂത്തു വാനില്‍, നാനും ഒരു പെണ്‍ എന്ന ചിത്രത്തിലെ പൂപോല പൂപാല തുടങ്ങിയവ ഇതില്‍പ്പെടുന്നു. അന്നക്കിളിയിലെ എല്ലാ ഗാനങ്ങളും ഇന്നും സംഗീതപ്രേമികള്‍ക്കു പ്രിയപ്പെട്ടവയാണ്. ശിവാജി അഭിനയിച്ച അവന്‍താന്‍ മനിതന്‍ എന്ന ചിത്രത്തിനു സംഭാഷണം രചിച്ചു.

പഞ്ചു അരുണാചലത്തിന്റെ തിരക്കഥകളാണ് ഭുവന ഒരു കേള്‍വികുറി, മുള്ളും മലരും, ആരിലിരുന്തു അറുബതു വരൈ, എങ്കെയോ കേട്ട കുരല്‍, ശ്രീ രാഘവേന്ദ്ര തുടങ്ങിയവയെ വന്‍ വിജയമാക്കിയത്. എ സെന്റര്‍ താരമായി കണക്കാക്കപ്പെട്ടിരുന്ന കമല്‍ ഹാസന്‍ ബി, സി സെന്ററുകളില്‍ പ്രിയങ്കരനായത് പഞ്ചു അരുണാചലം തിരക്കഥയെഴുതിയ സകലകലാ വല്ലവനിലൂടെയാണ്. ഒരു കോടി സമ്പാദിക്കുന്ന ആദ്യ തമിഴ് ചിത്രമായിരുന്നു അത്.

എന്ന തവം ശെയ്‌തേന്‍, നാടകമേ ഉലകം തുടങ്ങിയ ചിത്രങ്ങളുടെ സംവിധാനവും പഞ്ചു അരുണാചലം നിര്‍വഹിച്ചു. പി എ ആര്‍ട്‌സ് എന്ന ബാനറില്‍ ചിത്രങ്ങള്‍ നിര്‍മിച്ചു. പ്രിയ, ഗുരു ശിഷ്യന്‍, മൈക്കല്‍, മദന കാമരാജന്‍ എന്നിവ ഇവയില്‍ ചിലതാണ്.

തമിഴ് ചലച്ചിത്രലോകത്തിന്റെ ആദരം
പഞ്ചു അരുണാചലം എഴുതിയ തിരക്കഥകള്‍ ലഭിച്ചത് കമല്‍ ഹാസന്റെയും രജനീകാന്തിന്റെയും ഭാഗ്യമാണെന്ന് ഫിലിം ക്രിട്ടിക് വാമനന്‍ പറയുന്നു. ‘കല്യാണരാമന്‍, നേത്രികന്‍ എന്നിവയിലെ റോളുകള്‍ അനായാസം ചെയ്യാന്‍ കഴിയുന്നത് അദ്ദേഹത്തിന്റെ തിരക്കഥ കൊണ്ടുമാത്രമാണ്.’

‘ഒരു ചലച്ചിത്രത്തിന്റെ വിജയത്തിന് നിര്‍ണായകമാകുക എന്തായിരിക്കുമെന്നു മുന്‍കൂട്ടിക്കാണാന്‍ കഴിവുള്ള ബഹുമുഖ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്,’ പഞ്ചു അരുണാചലത്തിനൊപ്പം കബാലി കണ്ട കവിയും ഗാനരചയിതാവുമായ വൈരമുത്തു പറഞ്ഞു. രജനീകാന്ത് ഒരുക്കിയ പ്രത്യേക പ്രദര്‍ശനമായിരുന്നു അത്.

‘രജനീകാന്ത് പ്രദര്‍ശനം ഒരുക്കിയപ്പോള്‍ പഞ്ചു അരുണാചലത്തെ ക്ഷണിക്കണമെന്ന് എന്നോടാവശ്യപ്പെട്ടു. അനാരോഗ്യമുണ്ടായിരുന്നെങ്കിലും വരാമെന്ന് അദ്ദേഹം സമ്മതിക്കുകയായിരുന്നു. ഇടവേളയില്‍ ഞങ്ങള്‍ ദീര്‍ഘമായി സംസാരിച്ചു,’ വൈരമുത്തു പറഞ്ഞു. ‘ആരിലിരുന്തു അറുപതു വരൈയിലെ നായകവേഷം നല്‍കി രജനീകാന്തിന് സ്വഭാവനടനാകാന്‍ കഴിയുമെന്നു തെളിയിച്ചത് പഞ്ചു അരുണാചലമായിരുന്നു. ഈ ചിത്രത്തിലെ കണ്‍മണിയേ കാതല്‍ എന്‍പത്, തമ്പിക്ക് എന്താ ഊര് എന്ന ചിത്രത്തിലെ കാതലിന്‍ ദീപം എന്നീ ഗാനങ്ങളും എക്കാലത്തെയും ഹിറ്റുകളാണ്. എങ്കെയോ കേട്ട കുരല്‍ മറ്റൊരു പഞ്ചു അരുണാചലം – രജനീകാന്ത് ചിത്രമാണ്,’ വൈരമുത്തു പറഞ്ഞു.

ഈ വര്‍ഷം ആദ്യം പഞ്ചു അരുണാചലത്തെപ്പറ്റി ‘എ ക്രിയേറ്റര്‍ വിത്ത് എ മിഡാസ് ടച്ച്’ എന്ന പേരില്‍ വാര്‍ത്താചിത്രം നിര്‍മിച്ച യുടിവിയിലെ ജി ധനഞ്ജയന്‍ പറയുന്നു: ‘എഴുത്തുകാരനും നിര്‍മാതാവുമെന്ന നിലയില്‍ പഞ്ചു അരുണാചലത്തിന്റെ സംഭാവനകള്‍ നിസ്തുലമാണ്. സലിം ജാവേദിനെക്കാള്‍ കാര്യങ്ങള്‍ ചെയ്തയാളാണെങ്കിലും അത്ര അംഗീകരിക്കപ്പെട്ടില്ല. അദ്ദേഹത്തെപ്പറ്റിയുള്ള എല്ലാക്കാര്യങ്ങളും ഉള്‍ക്കൊള്ളുന്നതാണ് എന്റെ വാര്‍ത്താചിത്രം.’

2010ല്‍ ബോസ് എങ്കിര ഭാസ്‌കരന്‍ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നടന്‍ സുബ്ബു പഞ്ചു അരുണാചലം മകനാണ്. 

This post was last modified on August 11, 2016 11:42 pm