X

ഭിന്നലിംഗക്കാര്‍ക്ക് സംവരണം നല്‍കണമെന്ന് പാര്‍ലമെന്ററി സമിതി

2011ലെ സെന്‍സസ് പ്രകാരം, ഇന്ത്യയില്‍ ഭിന്നലിംഗക്കാരായ ആറ് ലക്ഷം പേര്‍

രാജ്യത്ത് ഏറ്റവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളില്‍ ഒന്നായ ഭിന്നലിംഗക്കാര്‍ക്ക് സംവരണം നല്‍കുന്നതിനെ പറ്റി കേന്ദ്ര സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കണമെന്ന് നിര്‍ദ്ദേശം. ഭിന്നലിംഗ ബില്ല് പരിശോധിക്കുന്നതിനായി രൂപീകരിക്കപ്പെട്ട പാര്‍ലമെന്ററി കമ്മിറ്റിയാണ് വിപ്ലവകരം എന്ന് വിശേഷിപ്പിക്കാവുന്ന ഈ നിര്‍ദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. ഭിന്നലിംഗക്കാര്‍ക്ക് ക്വാട്ടകള്‍ നിശ്ചയിക്കുന്നതിനെ കുറിച്ച് ഗൗരവമായി ആലോചിക്കണമെന്ന് സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയത്തിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങള്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായി പാനലിലെ അംഗമായ ഒരു എംപി വെളിപ്പടുത്തി.

ഇന്ത്യന്‍ സമൂഹത്തിലെ ഏറ്റവും പാര്‍ശ്വവല്‍ക്കരിപ്പെട്ട ജനവിഭാഗങ്ങളില്‍ ഒന്നാണ് ഭിന്നലിംഗക്കാര്‍. സമൂഹത്തില്‍ മാന്യമായി ജീവിക്കാന്‍ അവര്‍ക്ക് ശേഷി നല്‍കുന്ന തരത്തില്‍ ആ സമൂഹത്തിന് വിദ്യാഭ്യാസവും തൊഴിലും ലഭിക്കുന്നതിനുള്ള ഒരു സംവിധാനം വികസിപ്പിക്കേണ്ടതുണ്ടെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. ‘ഭിന്നലിംഗം’ എന്ന വാക്കിന് നിര്‍വചനം നല്‍കാനും അവര്‍ക്കെതിരെയുള്ള വിവേചനം നിയമം മൂലം നിരോധിക്കാനും ഉദ്ദേശിച്ചുള്ള ഭിന്നലിംഗ വ്യക്തി (അവകാശസംരക്ഷണ) ബില്ല് 2016 പരിശോധിക്കുന്നതിനിടയിലാണ് കമ്മിറ്റി പുതിയ നിര്‍ദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്.

ഭിന്നലിംഗക്കാരെ അവരായി തന്നെ തിരിച്ചറിയാനും ‘സ്വയം തിരിച്ചറിയുന്ന’ ലിംഗവ്യക്തിത്വം നിലനിറുത്താനുമുള്ള അവകാശങ്ങള്‍ സമൂഹത്തിന് നല്‍കുന്നതാണ് പുതിയ നിയമം. ഭിന്നലിംഗക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പാക്കുന്നതിനായി എല്ലാ സ്ഥാപനങ്ങളിലും പരാതി പരിഹാര സംവിധാനം രൂപീകരിക്കാനും ഏതെങ്കിലും തരത്തിലുള്ള അവഹേളനങ്ങളില്‍ നിന്നോ വിവേചനങ്ങളില്‍ നിന്നോ അവരെ സംരക്ഷിക്കാനും ബില്ല് വ്യവസ്ഥ ചെയ്യുന്നു.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്ല്, സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു. 2011ലെ സെന്‍സസ് പ്രകാരം, ഇന്ത്യയില്‍ ഭിന്നലിംഗക്കാരായ ആറ് ലക്ഷം പേരുണ്ടെന്നാണ് കണക്ക്. അംഗീകൃത ലിംഗങ്ങളായി സ്ത്രീ, പുരുഷ ദ്വയങ്ങളില്‍ ഇവര്‍ ഉള്‍പ്പെടുന്നില്ല എന്നതിനാല്‍ തന്നെ ഇവരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കപ്പെടുകയാണ്. സാമൂഹിക വിലക്ക്, വിവേചനം, വിദ്യാഭ്യാസ, ആരോഗ്യ സൗകര്യങ്ങളുടെ അഭാവം, തൊഴിലില്ലായ്മ തുടങ്ങിയ നിരവധി പ്രശ്‌നങ്ങളാണ് സമൂഹം നേരിടുന്നത്.

This post was last modified on April 27, 2017 11:23 am