ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കുശേഷം ടീം ഇന്ത്യയുടെ നീലക്കുപ്പായം കിട്ടിയ കശ്മീരി ഓഫ് സ്പിന്നര്‍ പര്‍വേസ് റസൂല്‍ ഇന്നലെ ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 മത്സരത്തോടെ പുതിയൊരു വിവാദത്തില്‍ ചാടി. കളിക്കിടയിലല്ല, കളിക്കു മുമ്പാണ് റസൂലിന് ഏറെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വരുന്ന സംഭവം ഉണ്ടായത്.
കാണ്‍പൂരില്‍ ഇന്നലെ നടന്ന മത്സരം ആരംഭിക്കുന്നതിനു മുമ്പായി ദേശീയഗാനം പ്രക്ഷേപണം ചെയ്തപ്പോള്‍ ച്യൂയിംഗം ചവച്ചു എന്നതാണ് റസൂലിനെതിരേയുള്ള ആരോപണം. മത്സരത്തിനു മുമ്പ് ഇരു രാജ്യങ്ങളുടെയും ദേശീയഗാനം സ്റ്റേഡിയത്തില്‍ പ്രക്ഷേപണം ചെയ്യും. ഇന്ത്യയുടെ ദേശീയഗാനം മുഴങ്ങുമ്പോഴാണ് റസൂല്‍ അലക്ഷ്യമായി ച്യൂയിംഗം ചവച്ചുകൊണ്ടു നിന്നു എന്നാരോപിച്ചാണ് സോഷ്യല്‍ മീഡിയയില്‍ കശ്മീരി കളിക്കാരനെതിരെ വ്യാപക പ്രതിഷേധവുമായി തീവ്ര ദേശീയവാദികള്‍ എത്തിയിരിക്കുന്നത്.
ഇന്ത്യയുടെ ജഴ്‌സി ധരിക്കാം, എന്നാല്‍ ദേശീയഗാനം പാടാന്‍ കഴിയില്ല എന്നാണ് റസൂലിനെ കുറ്റപ്പെടുത്തുന്നത്. അയാള്‍ക്ക് ചെവി വേദന കാരണം ദേശീയഗാനം കേള്‍ക്കാന്‍ സാധിച്ചിരിക്കില്ല എന്നു ചിലര്‍ പരിഹസിക്കുന്നു. ദേശീയഗാനത്തെക്കാള്‍ പര്‍വേസ് റസൂലിന് പ്രധാനം ച്യൂയിംഗം ആണെന്നായിരുന്നു മറ്റൊരു കുറ്റപ്പെടുത്തല്‍. പര്‍വേസ് റസൂലിനെ പോലൊരു കളിക്കാരന്‍ ഇന്ത്യന്‍ ക്യാപ്പ് അര്‍ഹിക്കുന്നില്ലെന്നും അയാളുടെ ഉള്ളില്‍ കശ്മീരിവാദം ആണെന്നുമൊക്കെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധ കമന്റുകള്‍ നിറയുന്നു. ഇത് റസൂലിനെ മാത്രം പ്രശ്‌നമല്ലെന്നും എല്ല കശ്മീരി മുസ്ലിങ്ങള്‍ക്കും ഹിന്ദുക്കളോടും ഇന്ത്യയോടും വെറുപ്പ് ആണെന്നും ഒരാള്‍ തന്റെ കമന്റില്‍ പറയുന്നു. ദേശീയഗാനം ആലപിക്കാന്‍ തയ്യാറാകാത്തവരെ എന്തിനു ടീമില്‍ എടുക്കുന്നുവെന്നു ചിലര്‍ ബിസിസിഐയോടും ചോദിച്ചിട്ടുണ്ട്.
കശ്മീരില്‍ നിന്നും ഇന്ത്യന്‍ ടീമില്‍ എത്തുന്ന ആദ്യത്തെ കളിക്കാരന്‍ ആണ് പര്‍വേസ് റസൂല്‍.
This post was last modified on January 27, 2017 3:11 pm
Leave a Comment