X

ഇന്ത്യ ചെന്നു വീഴുന്ന ചില പാക് കെണികള്‍

ടീം അഴിമുഖം

ആവേശകരമായ ഇന്ത്യ – പാക്കിസ്ഥാന്‍ ‘സംഘട്ടന’ങ്ങളുടെ സ്ഥിരം പ്രേക്ഷരാണ് നിങ്ങളെങ്കില്‍ ഇനി കഥ എങ്ങനെ തുടരുമെന്നതിന്റെ സൂചന ഇതാ. ഗോള്‍പോസ്റ്റ് വീണ്ടും സ്ഥാനം മാറിക്കഴിഞ്ഞു.

പാക്കിസ്ഥാന്‍ ഒരുക്കുന്ന കെണിയില്‍ വീഴുക എന്ന മഹത്തായ കഴിവുള്ളവയായിരുന്നു മാറിമാറി വന്ന ഇന്ത്യന്‍ സര്‍ക്കാരുകളെല്ലാം. ഇതിന് മാറ്റമൊന്നും വന്നിട്ടില്ലെന്ന് ഇപ്പോള്‍ നരേന്ദ്രമോദി സര്‍ക്കാരും തെളിയിച്ചുകഴിഞ്ഞു.

എല്ലാ ശ്രദ്ധയും പത്താന്‍കോട്ട് ആക്രമണത്തിലെ കുറ്റവാളികള്‍ക്കെതിരെയുള്ള നടപടികളിലാകും എന്നു വ്യക്തമാക്കിയതോടെ ഉഭയകക്ഷി ചര്‍ച്ചകളിലെ ഗോള്‍പോസ്റ്റ് മാറ്റത്തിന് ഒരിക്കല്‍ക്കൂടി തുടക്കമിടുകയാണ് ന്യൂഡല്‍ഹി ചെയ്തിരിക്കുന്നത്.

2008ലെ മുംബൈ ആക്രമണത്തിലെ പ്രതികള്‍ക്കുവേണ്ടിയുള്ള ആവശ്യം എങ്ങനെ തിരിച്ചെടുക്കുമെന്നതാണ് ഇപ്പോള്‍ ഉന്നയിക്കേണ്ട ചോദ്യം.  അതിനും മുന്‍പ് പാര്‍ലമെന്റ് ആക്രമണകാരികളായിരുന്നു ചര്‍ച്ചാവിഷയം. അതില്‍ ഉള്‍പ്പെട്ടിരുന്ന ജയ്ഷ് – ഇ -മൊഹമ്മദ് സ്ഥാപകന്‍ മൗലാന മസൂദ് അസര്‍ പത്താന്‍കോട്ട് സംഭവത്തിലുമുണ്ടെന്നതു മറ്റൊരു കാര്യം. ഇതിനും മുന്‍പ് 1993 മുംബൈ സ്‌ഫോടനക്കേസില്‍ ദാവൂദ് ഇബ്രാഹിമിനും മറ്റുള്ളവര്‍ക്കുമെതിരെയാണ് നടപടി ആവശ്യപ്പെട്ടിരുന്നത്. ന്യൂഡല്‍ഹി ഇസ്ലാമാബാദിനുവേണ്ടി സ്ഥാപിക്കുകയും പെട്ടെന്നുതന്നെ മറക്കുകയും ചെയ്ത പല പല ഗോള്‍പോസ്റ്റുകള്‍.

എന്നത്തെയുംപോലെ ഇന്ത്യ വച്ചുനീട്ടിയ അവസരം പാക്കിസ്ഥാന്‍ ഇത്തവണയും അതിവേഗം കൈക്കലാക്കി. ജെയ്ഷ് – ഇ – മൊഹമ്മദ് തലവന്‍  മസൂദ് അസര്‍, സഹോദരന്‍ അബ്ദുല്‍ റഹ്മാന്‍ റൗഫ് എന്നിവരുള്‍പ്പെടെ നിരവധി പേരെ അവര്‍ ബുധനാഴ്ച അറസ്റ്റ് ചെയ്തതായി ജിയോ ടിവി അറിയിച്ചു.

1999ല്‍ തട്ടിയെടുക്കപ്പെട്ട ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ 155 യാത്രക്കാരുടെ മോചനത്തിനായി ഇന്ത്യന്‍ ജയിലില്‍നിന്നു വിട്ടയച്ച മൂന്നു ഭീകരരില്‍ ഒരാളാണ് അസര്‍. നിരവധി ജെയ്ഷ് – ഇ – മൊഹമ്മദ് കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ഇയാളെയും മറ്റുള്ളവരെയും പിടികൂടി തടവിലാക്കിയതെന്ന് പാക്കിസ്ഥാന്‍ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നു.

പത്താന്‍കോട്ട് സംഭവത്തില്‍ പാക്കിസ്ഥാന്‍ ഇത്ര ‘ശക്തവും സമയോചിത’വുമായ നടപടിയെടുത്തതിനാല്‍ ഇനി ഉഭയകക്ഷി ചര്‍ച്ചകളില്‍ സംയമനം പാലിക്കുക മാത്രമേ ഇന്ത്യയ്ക്കു ചെയ്യാനുള്ളൂ. മോദിയുടെ ക്രിസ്മസ് യാത്ര ഉണ്ടാക്കിയ വലിയ പ്രതീക്ഷകള്‍ ഓര്‍ക്കുക.

പാക്കിസ്ഥാന്റെ ‘ശക്തമായ നടപടി’ കാണുന്നവര്‍ ചോദിക്കേണ്ട ചില ചോദ്യങ്ങള്‍ ഇവയാണ്:

1. 1993 മുംബൈ സ്‌ഫോടന ദിനങ്ങള്‍. ദാവൂദ് ഇബ്രാഹിം, ടൈഗര്‍ മേമന്‍ തുടങ്ങി പാക്കിസ്ഥാനില്‍ ഒളിച്ചിരിക്കുന്നവര്‍ക്കെതിരെയുള്ള യുദ്ധപ്രഖ്യാപനങ്ങള്‍. അവയ്‌ക്കൊക്കെ എന്തുപറ്റി?

2. 1999ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് ഐസി 814 കാണ്ടഹാറിലേക്കു തട്ടിയെടുക്കല്‍. ഈ സംഭവത്തില്‍ ഭീകരരെ കാര്യമായി സഹായിച്ചത് പാക്കിസ്ഥാനായിരുന്നു എന്ന ഇന്ത്യയുടെ ആരോപണവും നടപടിക്കായുള്ള ആവശ്യവും. ലജ്ജാകരമായ ആ ദിനങ്ങള്‍ ഓര്‍മയുണ്ടോ? 

3. 2001ലെ പാര്‍ലമെന്റ് ആക്രമണം. അതിര്‍ത്തിയിലേക്കുള്ള സേനാനീക്കം, പാക്കിസ്ഥാനെതിരെയുള്ള യുദ്ധപ്രഖ്യാപനം. ഭീകരസംഘടനകള്‍ക്കെതിരെ നടപടി വേണമെന്ന മുറവിളി. പത്താന്‍കോട്ട് ആക്രമണം നടത്തിയ ജെയ്ഷ്-ഇ-മൊഹമ്മദായിരുന്നു അന്ന് ലഷ്‌കര്‍-ഇ-തോയിബയ്‌ക്കൊപ്പം നമ്മുടെ പട്ടികയിലുണ്ടായിരുന്നത് എന്നും ഓര്‍ക്കുക.

4. 10 ഭീകരര്‍ മുംബൈ ആക്രമിച്ച 2008. നടപടി ആവശ്യപ്പെട്ടുള്ള ആക്രോശങ്ങള്‍. അക്രമികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുന്നതില്‍ കേന്ദ്രീകരിച്ചിരുന്ന എല്ലാ ശ്രദ്ധയും.

ദീര്‍ഘമായ ചരിത്രമുള്ള നാടാണ് നമ്മുടേത്, പക്ഷേ ഓര്‍മ വളരെ കുറവാണ്. ഇത് പാക്കിസ്ഥാന് നന്നായി അറിയാം.

ആവേശകരമായ ഇന്ത്യ – പാക്ക് സംഘട്ടനം തുടര്‍ന്നും കാണുക. ഒരു നിമിഷം പോലും മുഷിപ്പിക്കാത്ത, അവസാനമില്ലാത്തൊരു ചലച്ചിത്രമാണത്.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

This post was last modified on January 14, 2016 6:39 pm