X

കമ്പനിയാണോ ജനങ്ങളാണോ പ്രധാനം? പാതാളം ബണ്ടിന്റെ ഷട്ടര്‍ തുറക്കുന്നതിനെതിരേ പ്രതിഷേധം ശക്തം

ഷട്ടര്‍ തുറന്നാല്‍ മലിനമാകുന്നതു മുപ്പത്തടം കുടിവെള്ള പദ്ധതിയടക്കം

വ്യവസായ സ്ഥാപനങ്ങളുടെ താത്പര്യം സംരക്ഷിക്കാന്‍ ഒരു പുഴയേയും ജനങ്ങളുടെ ആരോഗ്യത്തെയും ബലികഴിക്കേണ്ടതുണ്ടോ എന്ന ചോദ്യം ഉയര്‍ത്തി വീണ്ടുമമൊരു പ്രതിഷേധം പെരിയാറിനുവേണ്ടി നടക്കുന്നു. എന്നാല്‍ അതീവപ്രാധാന്യമുള്ള ഈ ചോദ്യത്തോട് പുറംതിരിഞ്ഞു നിന്നുകൊണ്ട് തങ്ങളുടെ താത്പര്യം സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ് ഉദ്യോഗസ്ഥര്‍.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പെരിയാര്‍ പലസ്ഥലങ്ങളിലും കറുത്ത് ഒഴുകുകയാണ്. വിവിധ കമ്പനികളില്‍ നിന്നുള്ള മാലിന്യങ്ങള്‍ കെട്ടിക്കിടന്നു പാതാളം ബണ്ടിനു താഴേക്കായി പുഴ കറുത്ത് ഒഴുകാന്‍ തുടങ്ങിയിട്ട് പതിനഞ്ചു ദിവസത്തിലേറെയായി. ഈ കാര്യത്തില്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമരങ്ങള്‍ നടന്നുവരുന്നുമുണ്ട്.അതിനിടയിലാണ് ഒരു ഫാക്ടറിക്കു വേണ്ടി പാതാളം ബണ്ടിന്റെ ഷട്ടര്‍ തുറക്കാന്‍ ഉദ്യോഗസ്ഥര്‍ തീരുമാനിക്കുന്നത്. എന്നാല്‍ അങ്ങനെയൊരു തീരുമാനംകൊണ്ട് ദോഷം സംഭവിക്കുന്ന കുടിവെള്ള പദ്ധതികളെ കുറിച്ച് അധികാരികള്‍ക്ക് ആലോചനയുമില്ല.

പെരിയാറിലേക്ക് ഉപ്പുവെള്ളം കയറാതിരിക്കാന്‍ വേണ്ടിയാണ് പാതാളം ബണ്ട് സ്ഥാപിച്ചത്. നിലവില്‍ ഉപ്പുവെള്ളം കയറാതിരിക്കാനായി ഷട്ടര്‍ താഴ്ത്തിയ നിലയിലാണ്. ഷട്ടര്‍ താഴ്ത്തിയിരിക്കുന്നതിനാല്‍ പുഴയിലെ മാലിന്യങ്ങളെല്ലാം തന്നെ ഷട്ടറിനു മുകളിലായി അടിഞ്ഞിരിക്കുകയാണ്. ഷട്ടറിനു മുകളിലായി പല ഫാക്ടറികളും പ്രവര്‍ത്തിക്കുന്നുണ്ട്. ബണ്ട് അടച്ചിട്ടിരിക്കുന്നതിനാല്‍ ഉപ്പു കയറില്ല. എന്നാല്‍ വെള്ളത്തില്‍ ഉപ്പു കലര്‍ന്നിരിക്കുന്നു എന്ന വാദവുമായി രംഗത്തു വന്നിരിക്കുകയാണ് കൊച്ചിന്‍ റിഫൈനറി. ഈ വാദത്തെ പിന്താങ്ങി ജില്ല ഭരണകൂടത്തിലെ ഉദ്യോഗസ്ഥരും ഒപ്പമുണ്ട്. ക്ലോറൈഡിന്റെ അംശം കൂടുന്നതിനാല്‍ വെള്ളം ഉപയോഗിക്കാന്‍ കഴിയത്തതിനാല്‍ തങ്ങളുടെ പ്രവര്‍ത്തനം ബുദ്ധിമുട്ടിലായിരിക്കുന്നു എന്നു റിഫൈനറി പറയുന്നു. ബണ്ടിനു മുകളില്‍ നിന്നുള്ള സോഴ്‌സാണ് റിഫൈനറിയിലേക്കാവശ്യമായ വെള്ളം എടുക്കാന്‍ ഉപയോഗിക്കുന്നത്. എന്നാല്‍ പരിസ്ഥിതിവാദികള്‍ ഉയര്‍ത്തുന്ന ചോദ്യം, ഷട്ടര്‍ അടച്ചിട്ടിരിക്കുമ്പോഴും എങ്ങനെ ഉപ്പ് കയറി എന്നാണ്.

ബണ്ടിന്റെ മുകളില്‍ ഉപ്പിന്റെ അംശം കൂടുന്നത് എന്തുകൊണ്ടാണെന്ന് അധികാരികള്‍ വിശദമാക്കണം എന്നാണു പരിസ്ഥിതി പ്രവര്‍ത്തകനായ പുരുഷന്‍ ഏലൂര്‍ ചോദിക്കുന്നത്. ഉപ്പ് കയറാതിരിക്കാനാണ് ബണ്ട് കെട്ടിയിരിക്കുന്നത്. അങ്ങനെയുള്ളപ്പോള്‍ റെഗുലേറ്ററി കം ബ്രിജ് കവിഞ്ഞ് എങ്ങനെയാണ് ഉപ്പു കയറുക എന്ന് വ്യക്തമാക്കണം. അങ്ങനെ കയറില്ല എന്നാണെങ്കില്‍ ബണ്ടിനു മുകളില്‍ സ്ഥിതി ചെയ്യുന്ന ഫാക്ടറികളില്‍ നിന്നും പുറത്തുവരുന്ന ഫ്ലുവന്റുകളില്‍ നിന്നാകണം വെള്ളത്തില്‍ ഉപ്പു കലരുന്നത്. അങ്ങിനെയെങ്കില്‍ അതിനുത്തരവാദികള്‍ റിഫൈനറി അടക്കമുള്ള കമ്പനികളാണ്. ഇതു മറച്ചുവച്ചു റിഫൈനറിക്കു വെള്ളം എടുക്കാന്‍ വേണ്ടി, ജനങ്ങളെ മറന്നു ബണ്ട് തുറക്കാനുള്ള അധികാരികളുടെ തീരുമാനം ശക്തമായി എതിര്‍ക്കുമെന്നും പരുഷന്‍ ഏലൂര്‍ പറയുന്നു.

മുപ്പത്തടം കുടിവെള്ള പദ്ധതിയടക്കം മറ്റു നിരവധി കുടിവെള്ള പദ്ധതികള്‍ ബണ്ടിന് അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലായി സ്ഥിതി ചെയ്യുന്നുണ്ട്. ഷട്ടര്‍ തുറന്നാല്‍ ഈ കൂടിവെള്ള പദ്ധതികളില്‍ ഉപ്പുകകലരും എന്നറിവുണ്ടായിട്ടും ഈ കുടിവെള്ള പദ്ധതികള്‍ക്കുമേല്‍ ഇല്ലാത്ത ആശങ്കയാണോ ഒരു കമ്പനിക്കുമേല്‍ ഉദ്യോഗസ്ഥര്‍ കാണിക്കുന്നതെന്നാണ് പ്രതിഷേധസമരക്കാര്‍ ചോദിക്കുന്നത്. ജനങ്ങളെ നേരിട്ടു ബാധിക്കുന്ന ഒന്നാണ് കുടിവെള്ള പദ്ധതിയില്‍ ഉപ്പുകലര്‍ന്നാല്‍ സംഭവിക്കുക. എന്നാല്‍ ഈ കാര്യം അവണിച്ച് റിഫൈനറിക്കു ഉപയോഗിക്കാന്‍ വെള്ളം ലഭ്യമാകുന്നില്ലെന്ന പരാതിയില്‍ നടപടി സ്വീകരിക്കുമ്പോള്‍ ഭരണകൂടം ആരുടെ പക്ഷത്താണ് നില്‍ക്കുന്നതെന്നു വ്യക്തം. കമ്പിയുടേത് വലിയ പ്രശ്‌നമാണെന്ന് ഉദ്യോഗസ്ഥര്‍ക്കു തോന്നിയെങ്കില്‍ ലക്ഷക്കണക്കിനു ജനങ്ങളെ ബാധിക്കുന്ന കുടിവെള്ള പ്രശ്‌നമാണ് തങ്ങള്‍ക്കു പ്രധാനമെന്നു സംയുക്തസമരസമിതി പറയുന്നു.

എങ്ങനെയാണ് ഉപ്പു കലര്‍ന്നതെന്നും മലിന്യം എത്തിയതെന്നും ശാസ്ത്രീയമായി പരിശോധിച്ച് കണ്ടെത്തണം. അതിനു തയ്യാറാവാതെയാണ് ഉദ്യോഗസ്ഥര്‍ ഏകപക്ഷീയമായ തീരുമാനം നടപ്പാക്കുന്നത്. അതിനെതിരെയാണ് സംയുക്തസമരസമിതിയുടെ നേതൃത്വത്തില്‍ പാതാളം ബണ്ടില്‍ പ്രതിഷേധം നടത്തുന്നത്. ഇന്നലെ എറണാകുളം എഡിഎം എടുത്ത തീരുമാനം കമ്പനിക്കു വെള്ളം എടുക്കാന്‍ സാധിക്കാത്തതുകൊണ്ട് ഷട്ടര്‍ ആറുമണിക്കൂര്‍ തുറക്കണം എന്നതായിരുന്നു. ഷട്ടര്‍ തുറക്കുന്നത് സമരക്കാര്‍ തടഞ്ഞാല്‍ അവരെ പൊലീസിനെ ഉപയോഗിച്ചു നീക്കിയ ശേഷം ഷട്ടര്‍ തുറക്കണം എന്നും എ ഡി എമ്മിന്റെ ഉത്തരവില്‍ പറയുന്നു.  ഇത്തരമൊരു നീക്കം വിജയിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. വലിയ ജനക്കൂട്ടമൊന്നും ഞങ്ങള്‍ക്കൊപ്പം ഇല്ല. ഏറിവന്നാല്‍ അമ്പതോളം ആളുകള്‍. ഇത്രയും പേര്‍ ചേര്‍ന്നു തന്നെ എത്രവലിയ പൊലീസ് എത്തിയാലും തടയും. ഇന്നലെ ഏഴുമണി മുതല്‍ ഞങ്ങള്‍ ബണ്ടിനു മുകളില്‍ പ്രതിഷേധവുമായി ഉണ്ട്. പൊലീസ് ഞങ്ങളെ ആക്രമിച്ചു കീഴ്‌പ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ബണ്ടിനു മുകളില്‍ നിന്നും താഴേക്കു ചാടും. അതല്ലെങ്കില്‍ ചെറുവഞ്ചികളായി ഷട്ടറിനു മുന്നില്‍ നിന്നു പ്രതിരോധിക്കും. ഷട്ടര്‍ തുറന്നാല്‍ വെള്ളത്തിനൊപ്പം അത്രയും മനുഷ്യജീവനുകളും ഒഴുകി പോകും. ഫാക്ടറിയാണോ അതോ മനുഷ്യരുടെ ജീവനാണോ വലുതെന്ന് ഉദ്യോഗസ്ഥര്‍ തീരമാനിക്കട്ടേ. അല്ലെങ്കില്‍ അവര്‍ സമാധനപരമായി കാര്യങ്ങള്‍ പരിഹരിക്കണം. ഇത്തരമൊരു സ്ഥിതിയില്‍ പരിസ്ഥിതി പ്രവര്‍ത്തകരെ കൂടി ഉള്‍പ്പെടുത്തി ഒരു ചര്‍ച്ച നടതത്തുകയാണ് എഡിഎമ്മോ ജില്ല ഭരണകൂടമോ തയ്യാറാകേണ്ടിയിരുന്നത്. വര്‍ഷങ്ങളായി ഈ പ്രശ്‌നവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണല്ലോ ഞങ്ങള്‍. അങ്ങനെയുള്ളപ്പോള്‍ ഞങ്ങളെ പോലുള്ളവരെ ഒഴിവാക്കി ഉദ്യോഗസ്ഥരും ചില രാഷ്ട്രീയക്കാരും മാത്രംകൂടി ചേര്‍ന്നിരുന്ന് തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അതില്‍ ഗൂഢതാത്പര്യങ്ങള്‍ സംശയിക്കാം. അങ്ങനെയുള്ള താതപര്യങ്ങള്‍ ആണ് ഇവിടെ സംരക്ഷിക്കാന്‍ നോക്കുന്നതെങ്കില്‍, ജനങ്ങളുടെ ജീവിതം തകര്‍ക്കുന്ന അത്തരം നടപടികള്‍ക്ക് അവര്‍ വലിയ വില കൊടുക്കേണ്ടി വരും; പുരുഷന്‍ ഏലൂരിന്റെ വാക്കുകള്‍.

This post was last modified on January 20, 2017 6:38 pm

Related Post
Leave a Comment