X

ഏലൂര്‍ എന്ന രാസബോംബ്

രാകേഷ് നായര്‍

‘ഏലൂരിലെ ഗ്യാസ് ചേംബറിലേക്ക് സ്വാഗതം’– 1972 ല്‍ പെരിയാറിന്റെ കരയില്‍ ഇങ്ങനെയൊരു പ്രതിഷേധ വാചകം പ്രത്യക്ഷപ്പെടുമ്പോള്‍ കേരളത്തില്‍ ഇന്നു നടക്കുന്ന പരിസ്ഥിതി സംരക്ഷണ സമരങ്ങളൊന്നും തന്നെ തുടങ്ങിയിരുന്നില്ല. ഒരു പ്രദേശത്തിന്റെയും അവിടുത്തെ ജനങ്ങളുടെയും നിലനില്‍പ്പ് എത്രമാത്രം അപകടത്തിലാണ് എന്നതിന്റെ പൂര്‍ണ വിശദീകരണം ആയിരുന്നു ഗ്യാസ് ചേംബര്‍ എന്ന വിശേഷണം. വര്‍ഷങ്ങള്‍ നാല്‍പ്പത്തി മൂന്നു കഴിയുമ്പോഴും ഏലുരും പെരിയാറും കൂടുതല്‍ അപകടകരമായ ഗ്യാസ് ചേംബറായി തന്നെ നിലനില്‍ക്കുകയാണ്.

രണ്ടു ദിവസങ്ങള്‍ക്കു മുമ്പാണ് പെരിയാറില്‍ എടയാര്‍ ഭാഗത്ത് വെള്ളം ചുവന്ന നിറത്തില്‍ ഒഴുകിയത്. പതിവുപോലെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് പ്രതിനിധികള്‍ സ്ഥലത്തെത്തി വെള്ളത്തിന്റെ സാമ്പിള്‍ എടുത്തുകൊണ്ടുപോവുകയുണ്ടായി. പരിശോധനാഫലം എപ്പോഴെങ്കിലും വരുമെന്നു പ്രതീക്ഷിക്കാം. ഇതൊരു സ്വാഭാവിക പ്രതിഭാസമല്ലെന്നു ജനങ്ങള്‍ക്ക് ബോധ്യമുണ്ട്. പെരിയാറിന്റെ തീരത്തെ കമ്പനികള്‍ വര്‍ഷങ്ങളായി നദിയിലേക്ക് രാസമാലിന്യങ്ങള്‍ ഒഴുക്കിവിടുന്നത് കണ്ടു ജീവിക്കുന്നവരില്‍ ഉണ്ടാകുന്ന സംശയം ഇത്തവണയും അവര്‍ ഉദ്യോഗസ്ഥരോടു പങ്കുവച്ചു. ഈ കാര്യങ്ങളൊക്കെ പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും എറണാകുളം ജില്ലയില്‍ ഉള്ളവര്‍ പോലും ഈ വര്‍ത്ത അറിഞ്ഞു കാണില്ലെന്നുമാത്രം. കാരണം പെരിയാറും എലൂരുമൊക്കെ പ്രാദേശിക പേജുകളിലെ രണ്ടു കോളം വാര്‍ത്തകളായി മാറപ്പെട്ടിരിക്കുന്നു.

പക്ഷേ മാറാത്ത ദുരിതമായി രാസമാലിന്യങ്ങള്‍ ഒരു പ്രദേശത്തിന്റെ പ്രകൃതിയെയും മനുഷ്യരെയും ചുറ്റി വരിയുകയാണ്.

കേരളത്തില്‍ കഴിഞ്ഞ മുപ്പതു വര്‍ഷത്തിനിടയില്‍ ഉണ്ടായ പരിസ്ഥിതി സമരങ്ങള്‍ നിരവധിയാണ്. ഇവയില്‍ ആദ്യത്തെതെന്നു പറയാവുന്ന പെരിയാറാനുവേണ്ടിയുള്ള ജനകീയ സമരം 90 കള്‍ മുതലാണ് ഏലൂരില്‍ ശക്തമാകുന്നത്. ഈ സമരങ്ങളുടെ ഭാഗമായാണ് പെരിയാറില്‍ ശാസ്ത്രീയ പഠനങ്ങള്‍ നടന്നത്. അതിന്റെയെല്ലാം റിസള്‍ട്ട് പെരിയാറിന്റെ മലിനീകരണ കാരണം കമ്പനികള്‍ പുറം തള്ളുന്ന രാസമാലിന്യങ്ങളാണെന്നു വ്യക്തമാക്കുന്നതായിരുന്നു. പഠനങ്ങള്‍ പലതും നടന്നിട്ടും പെരിയാറിന്റെ ദുര്‍ഗതിക്ക് അറുതി വന്നില്ല. എന്തുകൊണ്ട്? കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെയോ, സര്‍ക്കാര്‍ സംവിധാനമായ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയോ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലാത്തതുകൊണ്ട്. മാലിന്യം തുപ്പുന്ന കമ്പനികള്‍ തന്നെ പിസിബിയുടെ അവാര്‍ഡുകള്‍ വാങ്ങുന്ന സ്ഥിതിയാണ് ഉള്ളത്. ജനങ്ങളുടെ ജീവിതത്തെ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത മുതലാക്കി കമ്പനികള്‍ വേട്ടായാടുകയാണ് ഏലൂരില്‍. 2004 ല്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച പ്രാദേശിക കമ്മിറ്റിയുടെ പ്രവര്‍ത്തനം പെരിയാറിലെ മലിനീകരണം കുറയ്ക്കുന്നതില്‍ കാര്യമായ പങ്കുവഹിക്കുകയുണ്ടായെങ്കിലും ഒന്നരവര്‍ഷം മാത്രമാണ് ഈ കമ്മിറ്റി പ്രവര്‍ത്തിച്ചത്. പിന്നീട് ഇത്തരമൊരു കമ്മിറ്റിയോ ഏതെങ്കിലും ഏജന്‍സിയോ ഇവിടെ രൂപീകരിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയോ സര്‍ക്കാരിന്റെ ഭാഗത്തു നിന്നോ നീക്കങ്ങള്‍ ഉണ്ടായിട്ടില്ല. 

പെരിയാറിലെ മലിനീകരണത്തിനെതിരെ പ്രതിഷേധങ്ങള്‍ ഉയരുന്നത് 1972 ല്‍ ഉണ്ടാകുന്ന മത്സ്യക്കുരുതിയെ തുടര്‍ന്നാണ്. ഏതാണ്ട് 22,00 മത്സ്യത്തൊഴിലാളികള്‍ പെരിയാറിനെ ആശ്രയിച്ചു ജീവിക്കുന്നുണ്ടെന്നാണ് കണക്ക്. മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങുന്നത് തുടരുന്നതോടെ ഇവരുടെ ജീവിതത്തെയാണ് അതു സാരമായി ബാധിക്കുന്നത്. 72 ല്‍ തുടങ്ങിയ മത്സ്യക്കുരുതി ഇപ്പോഴും നിര്‍ബാധം തുടരുന്നതിനു തെളിവാണ് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ മാത്രം ഇവിടെ പതിനാലു തവണ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയ കാഴ്ച്ചകള്‍. ഈ വിധത്തില്‍ നൂറുകണക്കിനു തവണ ഇവിടെ മത്സ്യക്കുരുതികള്‍ നടന്നിട്ടുണ്ട് (ഐസിഎംആറിന്റെ മാനദണ്ഡം അനുസരിച്ച് പെരിയാറിലെ ജലം ആസനം കഴുകാന്‍പോലും ഉപയോഗിക്കരുതെന്നാണ് പറയുന്നത്). കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലെ ഇന്‍ഡസ്ട്രയില്‍ ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ പഠനത്തില്‍ പെരിയാറിലെ ആവാസ വ്യവസ്ഥ പാടെ തകര്‍ന്നതായി കണ്ടെത്തിയിട്ടുണ്ട്. 35 ഇനം മത്സ്യങ്ങള്‍ പെരിയാറില്‍ ഉണ്ടായിരുന്നതില്‍ ഇപ്പോള്‍ ഏതാണ്ട് 12 ഇനങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. 2009-10 ല്‍ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ പെരിയാറില്‍ നടത്തിയ വിശദമായ പഠനത്തിലും പെരിയാറിലെ ആവാസ വ്യവസ്ഥ പാടെ തകര്‍ന്നതായും പുഴയിലെ നിറം മാറുന്നതും മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നതും കമ്പനികള്‍ പുറത്തുവിടുന്ന രാസമാലിന്യങ്ങള്‍ നിമിത്തം ആണെന്നും പറയുന്നുണ്ട്. പഠനങ്ങള്‍ നിരവധി ഇതിനകം നടന്നു കഴിഞ്ഞു. യഥാര്‍ത്ഥ അവസ്ഥ എന്താണെന്ന് ഈ പഠനങ്ങളെല്ലാം തന്നെ പറയുന്നുമുണ്ട്. പക്ഷെ വികസനം എന്ന പേരില്‍ കമ്പനികളെ പിന്താങ്ങുന്നവര്‍ പെരിയാര്‍ വിഷത്തില്‍ മുങ്ങുന്നത് കണ്ടിട്ടും കാണാതെ ഇരിക്കുകയാണ്.

പെരിയാറിലെ മലിനീകരണം തുടരുകയാണ്. ഇതു കൂടുന്നതല്ലാതെ കുറയുന്നില്ല. പെരിയാറിന്റെ മലിനീകരണം തടയാന്‍ നിലവില്‍ സംവിധാനങ്ങളൊന്നും ഇല്ല. ശക്തമായൊരു ജനകീയ സമരം ഇവിടെ ഉണ്ടാകുന്നില്ല എന്നതാണ് ഇത്തരമൊരു നിശ്ചലാവസ്ഥയ്ക്ക് കാരണം. വര്‍ഷങ്ങളായി സമരം നടക്കുന്നുണ്ടെങ്കിലും അവ നീണ്ടു നില്‍ക്കുന്ന തരത്തിലുള്ളവയല്ലായിരുന്നു. ദിവസങ്ങള്‍ അല്ലെങ്കില്‍ ആഴ്ച്ചകള്‍ മാത്രമാണ് ഓരോരോ ഘട്ടത്തിലും ഏലൂരില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നത്. ശക്തമായതും ദീര്‍ഘമായതുമായ ജനകീയപ്രതിരോധം ഏലൂരില്‍ ഉയര്‍ന്നുവന്നേ മതിയാകൂ.

ഏലൂര്‍ എന്ന രാസബോംബ്
പെരിയാറിലെ മലിനീകരണം ഒരു പരിധിവരെ ചര്‍ച്ചയാകുന്നുണ്ടെങ്കിലും ഏലൂരിന്റെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഇപ്പോഴും നമ്മള്‍ വേണ്ടത്ര ഗൗരവത്തോടെ ചര്‍ച്ച ചെയ്തു കാണുന്നില്ല. ഏലൂരിലെ വായുമലിനീകരണം വളരെ രൂക്ഷമാണ്. എപ്പോഴും പുകമൂടിക്കിടക്കുന്ന അന്തരീക്ഷമാണ് ഏലൂരിലേത്. രൂക്ഷമായ ദുര്‍ഗന്ധമാണ് ഇവിടമാകെ. കാതികൂടത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം ഒരു എല്ലുപ്പൊടി കമ്പനിയാണെങ്കില്‍ ഏലൂരില്‍ അത്തരത്തിലുള്ളത് പത്തോളം കമ്പനികളാണ്. അതില്‍ നിന്നു തന്നെ മനസിലാക്കാം കാതികൂടത്തെക്കാള്‍ എത്രയോ ഭീകരമാണ് ഏലൂരിലെ അവസ്ഥയെന്ന്. ചീഞ്ഞതും പുഴുത്തതുമായി ആയിരക്കണക്കിനു ടണ്‍ മാലിന്യങ്ങളാണ് വിവിധ കമ്പനികളിലൂടെ ഇവിടെ പുറം തള്ളുന്നത്. ജനറല്‍ പാരാമീറ്ററില്‍ സ്വാഭാവികമായി അന്തരീക്ഷത്തില്‍ കാണുന്നത് കാര്‍ബണ്‍ മോണോക്‌സൈഡ്, ഹൈഡ്രജന്‍ സള്‍ഫൈഡ്, സള്‍ഫര്‍ ഡൈ ഓക്‌സൈഡ് എന്നിവയാണ്. എന്നാല്‍ ഏലൂരിലെ അന്തരീക്ഷത്തില്‍ ഇവ കൂടാതെ അഞ്ചോളം രാസവസ്തുകള്‍ അപകടകരമായ രീതിയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. കാന്‍സറിനു കാരണമാകുന്ന കാര്‍സിനോജനിക് ആയിട്ടുള്ള അഞ്ചോളം രാസവസ്തുക്കളാണ് ഏലൂരിനെ കൊന്നുകൊണ്ടിരിക്കുന്നത്. ബെന്‍സിന്‍ (benzene), ക്ലോറോഫോം (chloroform), ഹെക്‌സക്ലോറോബൂട്ടാഡീന്‍ (hexachlorobutadiene), ടെട്രോക്ലോറൈഡ് (tetrachloride), കാര്‍ബണ്‍ ഡൈസള്‍ഫൈഡ് (carbon disulfide) എന്നീ അന്തരീക്ഷവായുവില്‍ ഉണ്ടാകാന്‍ പാടില്ലാത്ത രാസവസ്തുക്കളും ഏലൂരിനെ വിഴുങ്ങി നില്‍ക്കുകയാണ്. ഏലൂരിലെ വായു ഒട്ടും സുരക്ഷിതമല്ലെന്ന് ഈ തെളിവുകള്‍ തന്നെ ധാരാളം. ബെന്‍സീന്‍ അടങ്ങിയ വായു നിരന്തരമായി ശ്വസിച്ചാല്‍ രക്താര്‍ബുദത്തിനു കാരണമാകും. ഏലൂരിലെ കുട്ടികളടക്കം ഇപ്പോള്‍ രക്താര്‍ബുദത്തിന്റെ പിടിയിലാണ്. ഹെക്‌സാക്ലോറൈഡ് ബൂട്ടാഡീന്‍ ഉള്ള അന്തരീക്ഷത്തില്‍ ഡയോക്‌സീന്‍ കാണുമെന്നത് ഉറപ്പാണ്. പരിശോധനയില്‍ ഡയോക്‌സിന്‍ ഏലൂരിലെ വായുവില്‍ സ്ഥിരമായി കാണപ്പെടുന്നുവെന്ന് പല പഠനങ്ങളിലും കണ്ടെത്തിയിട്ടുള്ളതുമാണ്. 

ഏലൂരിലെ കോഴിമുട്ടയില്‍ പോലും ഡയോക്‌സിന്റെ അളവ് കൂടുതലായി കാണപ്പെടുന്നു. യൂറോപ്യന്‍ യൂണിയന്റെ മാനദണ്ഡത്തിലും നാലിരട്ടി അധികമാണ് ഏലൂരിലെ കോഴിമുട്ടകളില്‍ പരിശോധനയില്‍ കണ്ടെത്തിയ ഡയോക്‌സിന്‍. കിഴങ്ങ്, ചേന, ചേമ്പ്, വാഴപ്പഴം, കോഴി/ താറാവ് ഇറച്ചി, മത്സ്യം, പാല്, തേങ്ങ, പപ്പായ, കറിവേപ്പില തുടങ്ങി ഏലൂരിലെ 23 ഭക്ഷ്യവസ്തുക്കളില്‍ കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലെ കെമിക്കല്‍ഓഷ്യാനോഗ്രാഫി ലാബില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. 540 മില്ലിഗ്രാം സിങ്കാണ് ഒരു കിലോ വേപ്പിലയില്‍ അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയത്. കാഡ്മിയവും അളവില്‍ കൂടുതലായാണ് കണ്ടെത്തിയത്. ഓരോ ഭക്ഷ്യവസ്തുവിലും ഹെവി ലെവല്‍ കെമിക്കലുകളാണ് അടങ്ങിയിരിക്കുന്നതെന്നു പഠനം പറയുന്നു. ലെഡ്, സിങ്ക്, കാഡ്മിയം, ക്രോമിയം, അയണ്‍, ഫ്‌ളൂറൈഡ് എന്നിവയെല്ലാം അപകടകരമായ അളവിലാണ് ഓരോന്നിലും അടങ്ങിയിരിക്കുന്നത്. 15,000 മുതല്‍ 75,000 വരെ ഇരട്ടിയില്‍ ഈ കെമിക്കലുകള്‍ ഏലൂരിലെ ഭക്ഷ്യവസ്തുക്കളില്‍ ഉണ്ടെന്നാണ് പറയുന്നത്. ഏലൂരിലെ കോഴികളെയും മത്സ്യങ്ങളെയും പരിശോധിച്ചപ്പോള്‍ ഡി ഡി ടിയും എന്‍ഡോസള്‍ഫാനും മാരകമായ അളവിലാണ് കണ്ടെത്തിയത്.

ജീവ സുരക്ഷയും ഭക്ഷ്യസുരക്ഷയും രാസസുരക്ഷയും വെല്ലുവിളിക്കപ്പെടുന്ന ഒരു ഭൂപ്രദേശമായി ഏലൂര്‍ മാറുന്നതെങ്ങനെയാണെന്നു വ്യക്തമാക്കുന്നത് ശാസ്ത്രീയമായി ഇവിടെ നടന്നിട്ടുള്ള പഠനങ്ങള്‍ തന്നെയാണ്. ഇതൊന്നും കേവലമായ ആരോപണങ്ങളല്ല. എന്നിട്ടും ഒരു ഗവണ്‍മെന്റ് സംവിധാനവും ഇവിടെ കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തുകയോ ജനങ്ങളുടെ സുരക്ഷയ്ക്കായി കാര്യമായി ഒന്നും ചെയ്യുകയോ ഉണ്ടായിട്ടില്ല ഇതുവരെ. 2009 ല്‍ അന്താരാഷ്ട്ര ഏജന്‍സിയായ ഗ്രീന്‍പീസും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും ഡല്‍ഹി ഐ ഐ ടിയും സംയുക്തമായി നടത്തിയ പഠനത്തില്‍ ഇന്ത്യയിലെ ഗുരുതരമായ മലിനീകരണ പ്രദേശമായി (critical polution area) ഏലൂരിനെയും കണ്ടെത്തിയിരുന്നു. ഇന്ത്യയില്‍ ആകെ 164 ഓളം ഇന്‍ഡസ്ട്രിയല്‍ ക്ലസ്റ്ററുകളാണ് ഉള്ളത്. അതില്‍ 86 എണ്ണം മാരകമായ മലിനീകരണപ്രദേശങ്ങളാണ്. അതിനകത്ത് 24 ാം സ്ഥാനമാണ് ഏലൂരിനുള്ളത്. കേവലം 21 സ്‌ക്വയര്‍ കിലോമീറ്ററുള്ള ഒരു പ്രദേശമാണ് MOEF (Ministry of Environment, Forest and Climate Change)ന്റെ പട്ടികയില്‍ 24 ാം സ്ഥാനത്തുള്ള അതിമാരക മലിനീകരണപ്രദേശമായി മാറിയിരിക്കുന്നത്. ഏത് അന്താരാഷ്ട്ര/ ദേശീയ പഠനങ്ങളും ഒരുപോലെ പറയുന്നുണ്ട്; എലൂര്‍ രാസസുരക്ഷയും ജീവസുരക്ഷയും ഇല്ലാത്ത പ്രദേശമാണെന്ന്. അതേ, എലൂര്‍ വലിയൊരു രാസബോംബാണ്. പ്രകൃതിയും മനുഷ്യനും ഒരുപോലെ അതിനകത്ത് ഭീതിയോടെ എരിഞ്ഞടങ്ങുകയാണ്…

(പരിസ്ഥിതി പ്രവര്‍ത്തകനായ പുരുഷന്‍ ഏലൂരുമായി സംസാരിച്ചു തയ്യാറാക്കിയത് )

(അഴിമുഖം സീനിയര്‍ റിപ്പോര്‍ട്ടറാണ് രാകേഷ് നായര്‍)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

This post was last modified on October 26, 2015 9:47 am