X

അദ്ഭുതമില്ല; കാന്തപുരത്തിന്റെ ശിഷ്യനാണല്ലോ ഈ പേരോട് സഖാഫി

കെ.പി.എസ്. കല്ലേരി

മാസങ്ങള്‍ക്ക് മുന്‍പ് ബുഹുഭാര്യത്വവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ കോഴിക്കോട്ടെ ഒരു മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തോട് കാന്തപുരം എപി അബൂബക്കര്‍ മുസല്യാര്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. സ്ത്രീകള്‍ക്ക് മാസമുറപോലുള്ളവ ഉണ്ടാകുന്ന സമയങ്ങളില്‍ അടക്കിവെക്കാനാവാത്ത പുരുഷന്റെ ലൈഗിംകദാഹം തീര്‍ക്കാന്‍ മറ്റൊരു സ്ത്രീയെക്കൂടി വിവാഹം കഴിക്കുന്നതില്‍ തെറ്റില്ല…..കുറച്ചുനാള്‍ ഈ വിവാദ പരാമര്‍ശം ഏറെ കോലാഹലങ്ങള്‍ക്കിടയാക്കിയെങ്കിലും സാക്ഷര കേരളത്തിന് എപിയെ ഒരു ചുക്കും ചെയ്യാന്‍ കഴിഞ്ഞില്ല. കാന്തപുരത്തിന്റെ ഒരു രോമത്തിനുപോലും ഇളക്കം തട്ടിയില്ലെന്നുമാത്രമല്ല അതിലും വലിയ ബോംബായ മുടിപ്പള്ളിയുമായി പൂര്‍വാധികം ശക്തിയോടെ അദ്ദേഹം രംഗത്തിറങ്ങുന്നതായിരുന്നു പിന്നീടുള്ള കാഴ്ചകള്‍. രാഷ്ട്രീയ കേരളത്തിലെ സകലമാന രാഷ്ട്രീയക്കാരും കാന്തപുരത്തിനു പിന്നാലെ വട്ടമിട്ട് പറക്കാനുള്ളപ്പോള്‍ മുസല്യാര്‍ ആരെ പേടിക്കണം. 

അങ്ങനെയുള്ള  കാന്തപുരം എ.പി.അബൂബക്കര്‍ മുസല്യാര്‍ ജനറല്‍ സെക്രട്ടറിയായ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമയുടെ കൗണ്‍സില്‍ അംഗവും അതിന്റെ യുവജന സംഘടനയുടെ സംസ്ഥാന സെക്രട്ടറിയുമാണ് ഇപ്പോള്‍ വിവാദ പുരഷനായിരിക്കുന്ന പേരോട് പി.എം.അബ്ദുറഹ്മാന്‍ മുസല്യാര്‍. മാത്രമല്ല സംഘടനാകാര്യങ്ങളില്‍ കാന്തപുരത്തിന്റെ വലം കൈയ്യും. എന്നാലും പേരോട് സഖാഫി, ഒരു പിഞ്ചുകുട്ടിയെക്കുറിച്ച് ഇത്രയും അപഹസിക്കാമോ? ഈ നാട്ടില്‍ ചോദിക്കാനാരും വരില്ലെന്നു കരുതി എന്തു തെമ്മാടിത്വവും ആകാമെന്നാണോ. അതിക്രൂരമായ പീഡിപ്പിക്കപ്പെട്ട നാലര വയസ്സുകാരിയെക്കുറിച്ച് താങ്കള്‍ പൊതുജനമധ്യത്തില്‍ വിളിച്ചുപറഞ്ഞത് ഏത് മതഗ്രന്ഥമാണ് ശരിയാണെന്ന് താങ്കള്‍ക്ക് വരവ് വെച്ചുതരിക..?


കാന്തപുരം എപി അബൂബക്കര്‍ മുസല്യാര്‍

നാദാപുരം പാറക്കടവ് ദാറുല്‍ ഹുദ സ്‌കൂളില്‍ പീഡനത്തിനിരയായ നാലര വയസുകാരിയെക്കുറിച്ച് കഴിഞ്ഞ ഏതാനും ദിവസങ്ങളായി പേരോട് സഖാഫി നടത്തിവരുന്ന പ്രസംഗമാണ് സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിമര്‍ശനം ഏറ്റുവാങ്ങിയിരിക്കുന്നത്. സംഭവത്തില്‍ സ്‌കൂളിനോട് ചേര്‍ന്ന മതപാഠശാലയിലെ രണ്ട് യുവാക്കള്‍ അറസ്റ്റിലായ സാഹചര്യത്തില്‍ വെറിപൂണ്ടാണ് സഖാഫിയുടെ പ്രസംഗം. രണ്ടോമൂന്നോ യുവാക്കളുടെ ക്രൂരമായ പീഢനത്തിനിരയായി, നിരവധി ദിവസം ആശുപത്രിയിലും അതിനുശേഷം വീട്ടില്‍ വിശ്രമത്തിലും കഴിയുന്നൊരു കുട്ടിയെക്കുറിച്ചാണ് പേരോടിന്റെ അപഹസിക്കല്‍ എന്ന് ആരും മറന്നുപോകരുത്. 

പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം പുറത്തറിഞ്ഞതു മുതല്‍ മാനേജിമെന്റിന്റെ ഔദ്യോഗിക വിശദീകരണവുമായി രംഗത്തുവന്ന സഖാഫി, പ്രതികളാക്കപ്പെട്ടവരെ സരക്ഷിക്കാനുള്ള നിലപാടാണ് എടുത്തിരുന്നത്. പീഢനത്തിനിരയായ നാലരവയസുകാരി പഠിക്കുന്ന പാറക്കടവ് ദാറുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളും കോമ്പൗണ്ടിലെ മതപാഠശാലയും ഉള്‍ക്കൊള്ളുന്ന സിറാജുല്‍ഹുദ എഡുക്കേഷണല്‍ കോംപ്ലക്‌സ് ജനറല്‍ സെക്രട്ടറിയാണ് പേരോട് അബ്ദുറഹ്മാന്‍ മുസല്യാര്‍.

സ്‌കൂളിനേക്കാള്‍ സഖാഫിക്ക് ശ്രദ്ധ മതപാഠശാലയിലായതിനാല്‍ പെണ്‍കുട്ടി തിരിച്ചറിഞ്ഞ അവിടത്തെ രണ്ട് യുവാക്കളേയും രക്ഷിക്കാനുള്ള തത്രപ്പാടിനിടെയാണ് സഖാഫി വായില്‍ തോന്നുന്നതെല്ലാം വിളിച്ചുപറയാന്‍ തുടങ്ങിയത്. പെണ്‍കുട്ടിയെ അപഹസിക്കുന്നതിനിടെ പൊലീസിനെ സ്വാധീനിച്ച് സ്‌കൂളിലെതന്നെ പാവപ്പെട്ടൊരു ക്ലീനറെ പ്രതിയാക്കാനുള്ള ശ്രമവും നടത്തി. അത് ജനം ഒന്നടങ്കം സമരം ചെയ്ത് തോല്‍പിക്കുകയും യഥാര്‍ഥ പ്രതികളെന്നുപറയുന്നവര്‍ അറസ്റ്റിലാവുകയും ചെയ്ത സഹാചര്യത്തില്‍ സമനില തെറ്റിയ ആളെപ്പോലെയാണിപ്പോള്‍ സഖാഫി പെരുമാറുന്നത്. അറസ്റ്റിലായ രണ്ടുപേരുടേയും പിതാക്കള്‍  കാന്തപുരത്തിന്റേയും സഖാഫിയുടെയും സംഘടനയിലെ നേതാക്കളാണെന്നതാണ് ഇദ്ദേഹത്തെ ഇത്രയും നീചമായ വഴികളിലേക്ക് നയിക്കുന്നതെന്നാണ് പ്രദേശത്തുകാര്‍ പറയുന്നത്.

പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയ സൈറ്റുകളിലൂടെ വലിയതോതില്‍ പ്രചരിക്കുന്നുണ്ട്. സാമൂഹിക-സാംസ്‌കാരിക രംഗത്തുള്ളവരും രാഷ്ട്രീയനേതാക്കളുമെല്ലാം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പേരോട് അബ്ദുറ്ഹ്മാന്‍ സഖാഫിക്കെതിരെ എം എന്‍ കാരശ്ശേരി രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. “പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ അവഹേളിച്ച് നടത്തിയ പ്രസംഗത്തെ ഒരിക്കലും ന്യായീകരിക്കാന്‍ സാധിക്കില്ല. പീഡനത്തിന് ഇരയായ കുട്ടിയെയും കുടുംബത്തെയും മാനസികമായി പീഡിപ്പിക്കുകയാണ് ഇപ്പോള്‍ സഖാഫി ചെയ്യുന്നത്.  ഇങ്ങനെ അവരെ അപമാനിക്കാന്‍ ശ്രമിക്കരുത്. പര്‍ദ്ദയിട്ടാല്‍ ബലാത്സംഗം ഉണ്ടാകില്ലെന്ന് പറയുന്നവരാണിവര്‍. ഇപ്പോള്‍ അറസ്റ്റിലായവര്‍ അല്ല കുറ്റക്കാരെന്ന് പറയാന്‍ എന്ത് തെളിവാണ് പേരോട് അബ്ദുറഹ്മാന്‍ സഖാഫിയുടെ കൈയില്‍ ഉള്ളത്”, കാരശ്ശേരി ചോദിച്ചു. 

കുറേ പണം കൈയിലുണ്ടെന്ന് കരുതി എന്തിനെയും വിലക്കെടുക്കാമെന്ന കരുതരുത്. മതപണ്ഡിതര്‍ കല്‍പ്പിക്കുന്ന വിധികേള്‍ക്കാന്‍ അവരുടെ അനുയായികളെ കിട്ടുമായിരിക്കും. അതിന് ഇവിടുത്തെ പൊതുസമൂഹത്തെയും നിയമവ്യവസ്ഥയെയും കിട്ടുമെന്ന് ധരിക്കരുതെന്നും കാരശ്ശേരി പ്രതികരിച്ചു.

പേരോടിന്റെ പരാമര്‍ശങ്ങള്‍ ഗൗരവതരമാണെന്നും നടപടിയെടുക്കുമെന്നും ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. നസീര്‍ ചാലിയം പറഞ്ഞു. വിവാദ പരാമര്‍ശത്തിന്റെ പേരില്‍ സഖാഫിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപെട്ട് മുസ്ലിംലീഗ് നേതൃത്വം നല്‍കുന്ന ഇ.കെ.സുന്നി വിഭാഗവും രംഗത്തുണ്ട്.

 

*Views are personal

This post was last modified on November 20, 2014 12:48 pm