X

ബലാത്സംഗമെന്ന ബ്രഹദാഖ്യാനവും വിമര്‍ശനങ്ങളും

[ഈ ലേഖനത്തിന്റെ ആദ്യ രണ്ടു ഭാഗങ്ങള്‍ ഇവിടെ വായിക്കാം: (ഭാഗം -1 കുറ്റവാളിയെ കൊന്ന് രക്ഷപെടുന്ന കുറ്റകൃത്യത്തിന്റെ നീതിന്യായം , ഭാഗം- 2 ജിഷ: പെണ്ണായതുകൊണ്ട് ബലാത്സംഗം ചെയ്യപ്പെട്ടവള്‍]

ദുര്‍ബലര്‍ക്കെതിരെ മാത്രമേ അധികാരവീരസ്യത്തിന്റെ കൈകള്‍ നീണ്ടുവരൂ എന്നതിനര്‍ത്ഥം അധികാരം സൃഷ്ടിച്ച ഹെഗമണിയുടെ കണ്ണില്‍ ദുര്‍ബലരായവര്‍ എന്നാണ്, പെണ്ണായി പിറക്കുന്നതും ദളിതസമുദായത്തില്‍ ജനിക്കുന്നതും ദാരിദ്ര്യത്തിന്റെ പശ്ചാത്തലവുമൊക്കെ അതില്‍ തന്നെ ദൗര്‍ബല്യങ്ങളാണ് എന്നല്ല. ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീ ഒരു സോഫ്റ്റ് ടാര്‍ഗെറ്റാണെന്ന, പുറമ്പോക്കില്‍ കഴിയുന്നവരോട് എന്ത് തെമ്മാടിത്തം കാണിച്ചാലും ആരും ചോദിക്കാന്‍ വരില്ലെന്ന, ദളിതര്‍ സവര്‍ണ്ണര്‍ക്ക് വിധേയരായി ജീവിക്കേണ്ടവരാണെന്ന പൊതുബോധം ഈ ഹെഗമണിയുടെ സൃഷ്ടിയാണ്. അത് സ്ഥാപനവല്‍ക്കരിക്കപ്പെടുന്നതോടെയാണ് പുറമ്പോക്കില്‍ കഴിയുന്ന, അടച്ചുറപ്പുള്ള വീടോ ആണ്‍തുണയോ ഇല്ലാത്ത ദളിത സ്ത്രീ പുരുഷാധികാരത്തിന്റെ ലൈംഗിക ആവിഷ്‌കാരങ്ങള്‍ക്ക്, പുരുഷലൈംഗികതയുടെ ആവിഷ്‌കാരങ്ങള്‍ക്ക് പോലുമല്ല, പ്രലോഭനമാകുന്നത്. ഇവിടെയാണ് നാം ബലാത്സംഗമെന്ന കൃത്യത്തെയും അതിനോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടിനെയും രണ്ടായി കാണേണ്ടതുള്ളത്.

 

തോല്‍ക്കുമെന്ന് ഉറപ്പായാല്‍ ‘തങ്ങളുടെ പെണ്ണുങ്ങ’ളോട് ചിതകൂട്ടി അതില്‍ ചാടി ആത്മാഹൂതി നടത്താന്‍ ആവശ്യപ്പെടുന്ന, അത് ചെയ്തവരെ വീരാംഗനകളായി വാഴ്ത്തുന്ന അതേ പുരുഷയോദ്ധാക്കള്‍ തന്നെ തങ്ങള്‍ ജയിക്കുന്ന ഇടങ്ങളിലെ പെണ്ണുങ്ങളെ ബലാത്സംഗം ചെയ്യും. കാരണം അവരും ശത്രുക്കളും ഒരുപോലെ പങ്കുവയ്ക്കുന്നത് പിതൃകേന്ദ്രീകൃതമായ പൊതുബോധമാണ്. ഇതില്‍ നിന്ന് ഏറെയൊന്നും മാറിയിട്ടില്ലാത്ത വര്‍ത്തമാന സമൂഹത്തിലും ബലാത്സംഗം വലിയ തെറ്റൊന്നുമല്ല; ‘നമ്മുടെ’ പെണ്ണുങ്ങള്‍ ബലാത്സംഗം ചെയ്യപ്പെടാതെ നോക്കണം എന്ന് മാത്രം. അതുകൊണ്ട് അത്തരം സാഹചര്യങ്ങളില്‍ നമ്മുടെ സ്ത്രീകള്‍, അമ്മയോ പെങ്ങളോ ഭാര്യയോ മകളോ കാമുകിയോ പെട്ടാല്‍ പൊരുതി ചാവുന്നതിന് മുമ്പ് വേണ്ടി വന്നാല്‍ കയ്യറപ്പില്ലാതെ അവരുടെ കഴുത്തറുക്കണം. അത് ചെയ്യാന്‍ അറയ്ക്കാത്തവനാണ് വീരന്‍. അവന്‍ ചെയ്യുന്നത് കൊലപാതകമെന്ന കുറ്റകൃത്യമല്ല, ‘ബഹുമാനക്കൊല’എന്ന ഗോത്രധര്‍മ്മമാണ്.

ബലാത്സംഗത്തിന്റെ രാഷ്ട്രീയം
‘ഇന്ത്യയുടെ മകള്‍’ എന്ന ഡോക്യുമെന്ററിയുടെ ക്യാമറയ്ക്ക് മുമ്പില്‍ നിന്നുകൊണ്ട് കഴിഞ്ഞ കൊല്ലം ഈ ഗോത്രധര്‍മ്മത്തെ അഭിമാനപുരസരം മുന്നോട്ട് വച്ചത് ജയില്‍ കിടക്കുന്ന ഒരു കുറ്റവാളിയല്ല, നമ്മുടെ നീതിന്യായവ്യവസ്ഥയുടെ ഭാഗമായ ഒരു അഭിഭാഷകനാണ്! ഇര മരണത്തിന് കീഴടങ്ങുകയും പ്രതികള്‍ ജയിലിലാവുകയും ചെയ്തതിന് ശേഷമാണ് ആ ഡോക്യുമെന്ററി നിര്‍മ്മിക്കപ്പെടുന്നത് എന്നിരിക്കെ ഇന്ത്യയെ നടുക്കിയത് എന്നൊക്കെ നാം വിശേഷിപ്പിക്കുന്ന ഡല്‍ഹി സംഭവത്തില്‍ നടുക്കുന്നത് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നു എന്നതോ അതോ ‘നിര്‍ഭയ’ തന്റെ മകളോ സഹോദരിയോ ആയിരുന്നുവെങ്കില്‍ അന്യപുരുഷനൊത്ത് കറങ്ങാന്‍ പോയി കുടുംബത്തിന്റെ മാനം നഷ്ടപ്പെടുത്തിയ കുറ്റത്തിന് അവളെ തന്റെ ഫാം ഹൗസില്‍ കൊണ്ടുപോയി മുഴുവന്‍ കുടുംബാംഗങ്ങളുടെയും മുമ്പില്‍ വച്ച് കഴുത്തറുത്തേനെ എന്ന് രോഷം കൊള്ളുന്ന ആണ്‍കോയ്മയുടെ പ്രതിനിധാനങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്നതാണ് നമ്മുടെ നീതിന്യായവ്യവസ്ഥപോലും എന്നതോ? സൂര്യനെല്ലി കേസിലെ പ്രായപൂര്‍ത്തിയാവാത്ത ഇരയെ ബാലവേശ്യ എന്ന് വിശേഷിപ്പിച്ച ന്യായാധിപനെപ്പോലെയുള്ളവരെ കൂടി ഓര്‍ക്കുമ്പോള്‍ നടുക്കം ഭയമായി മാറുന്നു.

ഇത്തരം ഒരു പൊതുബോധത്തിലൂടെ വെളിപ്പെടുമ്പോള്‍ ബലാത്സംഗം ഇര തന്നെ മുഖ്യകുറ്റവാളിയാകുന്ന ലോകത്തെ ഒരേ ഒരു കുറ്റകൃത്യമായി മാറുന്നു. പിതൃകേന്ദ്രീകൃതമായ ഇതിന്റെ യുക്തികളില്‍ നിന്ന് ഇന്ത്യയിലെ ഒരു വര്‍ഗ്ഗവും വംശവും മതവും സമുദായവും മുക്തമല്ല. എന്നാല്‍ വര്‍ഗ്ഗപരവും വംശീയവും മതപരവും സാമുദായികവുമായ പാര്‍ശ്വവല്‍ക്കരണങ്ങള്‍ ചിലരെ മറ്റുള്ളവരെക്കാള്‍ അധികം ഇരവല്‍ക്കരിക്കുന്നു എന്നതും വാസ്തവം. അതായത് ഏതെങ്കിലും തരത്തില്‍ ദുര്‍ബലരായ ആരും ബലാത്സംഗത്തിന് ഇരയാവാം. അതില്‍ വ്യത്യസ്തമായ കാരണങ്ങളാല്‍ സ്ത്രീകള്‍, ലിംഗഭേദമില്ലാതെ കുട്ടികള്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍ ഒക്കെ വരും. (തത്വത്തില്‍ പുരുഷന്‍ പോലും ബലാത്സംഗം ചെയ്യപ്പെടാം എന്ന സ്ഥൂലമായ സാധ്യത ഇവിടെ പരിഗണിക്കേണ്ടതില്ലെന്ന് കരുതുന്നു) പക്ഷേ അവിടെയും ചില വ്യത്യാസങ്ങളുണ്ട്; ഒരാണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടാല്‍ ചുരുങ്ങിയത് അവന്റെ വസ്ത്രധാരണത്തിന്റെയും സ്വതന്ത്രസഞ്ചാരത്തിന്റെയും പേരില്‍ കുറ്റവാളിയാക്കപ്പെടുന്നതെങ്കിലും ഒഴിവാകും എന്നത് പോലെ.

 

 

ബലാത്സംഗത്തിന്റെ രാഷ്ട്രീയം എന്നത് നമ്മുടെ സമൂഹത്തില്‍ അധികാരത്തിന്റെ ഹെഗമണി തീര്‍ത്ത് വ്യാപിച്ചിരിക്കുന്ന ആണ്‍കോയ്മയുടെ രാഷ്ട്രീയമാണ്. അധികാരം പോലും പെണ്ണിന് അവിടെ ഒരു പരിചയാവുന്നില്ല. രാജാവിന്റെ പട്ടമഹിഷിയാവുക എന്നത് അധികാരത്തില്‍ പങ്കാളിയാവുകതന്നെ എന്ന് വേണമെങ്കില്‍ വാദിക്കാം. പക്ഷേ പല പുകഴ്‌പെറ്റ പുരാതന സംസ്‌കൃതികളിലും രാജാവ് യുദ്ധത്തില്‍ തോറ്റാല്‍ റാണി വിജയിയായ പുരുഷന്റേതാവും. അതിന് അവളുടെ അനുവാദമൊന്നും വേണ്ട. ആധുനികതാനന്തര ദേശരാഷ്ട്ര സങ്കല്‍പത്തില്‍ ഇത്തരം ആചാരങ്ങള്‍ വ്യവസ്ഥയാകുന്നില്ല എന്നത് ഭാഗ്യം. എന്നാല്‍ അവിടെയും സിവില്‍ ഭരണാധികാരത്തിന്റെ ഉയര്‍ന്ന തലമായ ഐഎഎസ്, ഐപിഎസ് നേടിയവര്‍ പോലും വനിതകളെങ്കില്‍ ആണ്‍കോയ്മയുടെ കൈ ചന്തിയിലേക്ക് നീളുന്നുവോ എന്ന് സദാ ജാഗരൂകരായി ഇരിക്കേണ്ട അധിക ഉത്തരവാദിത്തം കൂടി പേറേണ്ടിവരുമെന്ന് ചരിത്രം തെളിയിക്കുന്നു!

കേവല വൈകാരികത വെളിച്ചപ്പെടുത്താത്ത ചിലത്
ഇത്തരം ഒരു സാമൂഹ്യ സാംസ്‌കാരിക പശ്ചാത്തലത്തില്‍ ബലാത്സംഗത്തിലൂടെ ആവിഷ്‌കരിക്കപ്പെടുന്ന അധികാരത്തിന്റെ രാഷ്ട്രീയം രേഖീയമായ ആഖ്യാനങ്ങള്‍ക്ക് വഴങ്ങാതെ പോകുന്നത് സ്വാഭാവികം; കേവല വൈകാരികതയില്‍ ഊന്നുന്ന താല്‍കാലിക പ്രതികരണങ്ങള്‍ക്ക് ഇവയുടെ പ്രഭവകേന്ദ്രത്തിലേക്ക് എത്താന്‍ കഴിയാതെ പോകുന്നതും.

ബലാത്സംഗം എന്ന കുറ്റകൃത്യത്തിലും അതിലേയ്ക്ക് ഒരു കുറ്റവാളി കടന്നുവരുന്നതിലും കൃത്യത്തിന് ശേഷം പൊതുസമൂഹം അതിനോട് പ്രതികരിക്കുന്ന രീതിയിലും ഒക്കെ ആ അധികാരം പ്രതിഫലിക്കുന്നത് വ്യത്യസ്തമായ ഉള്ളടക്കത്തിലും അനുപാതങ്ങളിലും ആണ് എന്നതിനൊപ്പം വ്യത്യസ്ത തലങ്ങളിലുമാണ്. അവയെ ഒന്നായി കാണാനോ വിശകലനം ചെയ്യാനോ ഉള്ള ഒരു ശ്രമവും അതിന്റെ കാരണമായ ഹെഗമണിക്ക് ധൈഷണികമായ ഒരു വെല്ലുവിളിയും ഉയര്‍ത്തില്ല. അതായത് പല അടരുകളുള്ള ഇത്തരം കുറ്റകൃത്യങ്ങളുടെ ഉള്ളടക്കത്തെ കൃത്യമായ പരിഗണനാക്രമമില്ലാതെ സമീപിക്കാന്‍ ശ്രമിക്കുന്ന ചര്‍ച്ചകളും സംവാദങ്ങളും ഒരിക്കലും അത്തരം സംഭവങ്ങളുടെ തുടര്‍ച്ചയെ തടയുക എന്ന അടിയന്തിര ലക്ഷ്യത്തിലേക്കെത്തില്ല എന്ന്.

പണ്ടൊക്കെ ബലാത്സംഗം പോലുള്ള കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള പല ചര്‍ച്ചകളിലും പശ്ചാത്തലം വഴി കടത്തിവിടപ്പെടുന്ന ലൈംഗികത എന്ന വിഷയം ഒടുവില്‍ അതിലെ അനീതിയുടെയും, സ്ത്രീയുടെ ലൈംഗിക സ്വയംനിര്‍ണ്ണയാവകാശത്തിനുമേലുള്ള കടന്നുകയറ്റത്തിന്റെയുമായ മുഖ്യപ്രമേയത്തെ അട്ടിമറിക്കുന്നത് പലതവണ നാം കണ്ടിട്ടുണ്ട്. ഇന്ന് സ്ത്രീപക്ഷം അതിനെ പ്രതിരോധിക്കാന്‍ വേണ്ട ജാഗ്രത ആര്‍ജ്ജിച്ച് കഴിഞ്ഞു എന്നതിനാല്‍ സ്ത്രീ, പുരുഷ നിര്‍മ്മിതികളിലെ പ്രാകൃതിക വൈജാത്യവും, പെണ്ണുടല്‍ ഉണ്ടാക്കുന്ന പ്രലോഭനവും, അത് മുന്‍നിര്‍ത്തിയുള്ള നിയന്ത്രണങ്ങളും ഒക്കെ പല ചര്‍ച്ചകളിലും സംവാദങ്ങളിലും പതിവ് പ്രച്ഛന്നവേഷം ധരിച്ച് കടന്നുവരുന്നതും സ്വന്തം അന്തസാരശൂന്യതകൊണ്ട് പരാജയപ്പെടുന്നതും നാം കാണുന്നു. ഈ പശ്ചാത്തലത്തിലാണ് ചുവടൊന്ന് മാറ്റി, വിഷയത്തെ ഇരയില്‍ അവര്‍ സൗകര്യപൂര്‍വ്വം സാമാന്യവല്‍ക്കരിക്കുന്ന ഏതെങ്കിലും ഒരു സ്വത്വത്തിലേക്ക് ചര്‍ച്ചയെ ചുരുക്കുന്നത്; അതിനെ ചെറുക്കുന്നവര്‍ ആ വംശീയമോ വര്‍ഗ്ഗീയമോ സാമുദായികമോ മതപരമോ ആയ ആ സ്വത്വവിഭാഗത്തിന് അടിമുടി അപരമാണ് എന്ന പ്രതീതി ജനിപ്പിക്കാന്‍ ശ്രമിക്കുന്നതും.

 

പലതരം പാര്‍ശ്വവല്‍ക്കരണങ്ങള്‍ ഈ ഉത്തരാധുനിക സമൂഹത്തിലും നിലനില്‍ക്കുന്നുണ്ട്. അവയെ ആ നിലയ്ക്ക് തന്നെ സൂക്ഷ്മമായി വിശകലനം ചെയ്യുന്നതിന് പകരം ഏതെങ്കിലും ഒരു മുഖ്യ ആഖ്യാനത്തിന്റെ ഉപവിഷയമാക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നത് ബ്രഹദാഖ്യാനങ്ങളുടെ കാലം കഴിഞ്ഞു, ഇനി തങ്ങള്‍ പറയുന്ന ബ്രഹാദാഖ്യാനം മാത്രമേ ഉള്ളു എന്ന വാചകം പോലിരിക്കും; എളുപ്പമാവില്ല അതിലെ ആന്തരിക വൈരുധ്യത്തെ മറച്ച് പിടിക്കാന്‍.

ആണ്‍കോയ്മയും ജാതീയതയും
എല്ലാത്തരം പാര്‍ശ്വവല്‍ക്കരണങ്ങളും അധികാരനിര്‍മ്മിതങ്ങളാണ്. എന്നാല്‍ എല്ലാ പാര്‍ശ്വവല്‍ക്കരണവും ഒരേ അധികാരസ്ഥാപനത്തിന്റെ സൃഷ്ടിയല്ല. ഇവിടെ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു. ജാതീയവും മതപരവും വംശീയവും വര്‍ഗ്ഗീയവും ലിംഗപരവും ലൈംഗിക താല്പര്യബന്ധിയുമായ പാര്‍ശ്വവല്‍ക്കരണങ്ങളില്‍ ഒക്കെയും അധികാരം പ്രവര്‍ത്തിക്കുന്നുണ്ട്. അത് പക്ഷേ കൃത്യമായ ഒരു തലയും ഒരു വാലും മാത്രമുള്ള രേഖീയമായ ഒരു ഉച്ചനീചഘടനയിലല്ല എന്ന് മാത്രം. ഒരുപരിധി വരെ സ്വയം പര്യാപ്തവും, എന്നാല്‍ പ്രശ്‌നാധിഷ്ഠിതമായ ചാര്‍ച്ചകള്‍ ഉള്ളതുമായ ഒന്നാണ് അവയില്‍ ഓരോന്നിന്റെയും പ്രയോഗഘടന.

ഉദാഹരണത്തിന് ആണ്‍കോയ്മയും ജാതീയതയും എന്നീ രണ്ട് ഇന്ത്യന്‍ അധികാര സ്ഥാപനങ്ങളെ എടുക്കുക. ഇവ പ്രശ്‌നാധിഷ്ഠിതമായി പലപ്പോഴും ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോഴും സത്താപരമായി രണ്ട് തന്നെയാണ്. ജാതീയത മനുപ്രോക്തമായ ബ്രാഹ്മണിക്ക് ഹിന്ദുത്വശ്രേണിയെ അവലംബിക്കുന്ന സവിശേഷ സ്വഭാവമുള്ള ഒരു ഇന്ത്യന്‍ യാഥാര്‍ത്ഥ്യമാണെങ്കില്‍ ആണ്‍കോയ്മക്ക് പിന്നിലെ പേട്രിയാര്‍ക്കിക് അധികാരവ്യവസ്ഥ ഇന്ത്യക്ക് മാത്രം സവിശേഷമായുള്ള ഒന്നല്ല. യൂറോപ്പും ആഫ്രിക്കയും ഉള്‍പ്പെടെ എല്ലാ വന്‍കരകളിലും നിലനിന്നിരുന്നതും വ്യത്യസ്ത അനുപാതങ്ങളില്‍ ആണെങ്കില്‍ പോലും ഇന്നും നിലനില്‍ക്കുന്നതും, രാഷ്ട്രീയവും സാംസ്‌കാരികവും മതപരവുമായ ഒരു പ്രത്യയശാസ്ത്രത്തിനും അന്യമല്ലാത്തതുമായ ഒന്നാണത്.

ഉത്തരാധുനിക സ്വത്വനിര്‍മ്മിതിയില്‍ നിര്‍ണ്ണായകമായ പങ്കുവഹിക്കുന്നവയാണ് ജാതീയവും മതപരവും വംശീയവും വര്‍ഗ്ഗീയവുമായ വിഭജനങ്ങളും, അവയുണ്ടാക്കുന്ന ഏകം എന്ന ബോധവും. പക്ഷേ ഇവയിലും ലിംഗപരവും ലൈംഗിക താല്പര്യബന്ധിയുമായ പാര്‍ശ്വവല്‍ക്കരണങ്ങള്‍ അഭിസംബോധന ചെയ്യപ്പെടുന്നില്ല എന്നതാണ് വസ്തുത. കമ്യൂണിസം പോലുള്ള രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ ധനതത്വശസ്ത്രപരമായ ബ്രഹദ് വര്‍ഗ്ഗനിര്‍വചനത്തെ യാന്ത്രികമായി പിന്‍പറ്റുന്നതിലൂടെ ജാതി, മതം, വംശം, ലിംഗം, ലൈംഗിക താല്‍പര്യം തുടങ്ങിയ സൂക്ഷ്മ സ്വത്വവിഭജനങ്ങളെ അവഗണിച്ചു എന്ന വിമര്‍ശനം സാധുവാകുമ്പോഴും അതിന് പ്രതിപക്ഷമെന്ന് ഇന്ന് അവകാശപ്പെടുന്ന സ്വത്വ രാഷ്ട്രീയത്തിനും അതിന്റെ സൂക്ഷ്മമായ അടരുകളെ, സ്വത്വത്തിനുള്ളിലെ ബഹുസ്വത്വങ്ങളെ അതിന്റെ സൂക്ഷ്മതലത്തില്‍ അഭിസംബോധന ചെയ്യാന്‍ ആകുന്നില്ല എന്നതാണ് സത്യം.

ബലാല്‍സംഗത്തിലെ ജാതി
ബലാത്സംഗം പോലൊരു കുറ്റകൃത്യത്തിലേക്ക് ജാതി കടന്നുവരുന്നത് ആ കൃത്യത്തിലൂടെയല്ല, അതിനോടുള്ള സാമൂഹ്യപ്രതികരണങ്ങളിലൂടെയാണ്. ജിഷയുടെ കാര്യത്തിലും അതെ. അവള്‍ ഒരേ സമയം ദളിതയും ദരിദ്രയും സ്ത്രീയുമാണ്. നമ്മുടെ സമൂഹത്തില്‍ ഈ പറഞ്ഞ ഓരോ വിശേഷണവും അതില്‍ തന്നെ പാര്‍ശ്വവല്‍ക്കരണങ്ങളുടെ പലതരം സവിശേഷ പാഠങ്ങളെ ഉല്‍പ്പാദിപ്പിക്കുന്നുമുണ്ട്. അതാതില്‍ തന്നെ അരികുവല്‍ക്കരിക്കപ്പെടുന്ന ഈ സ്വത്വാവസ്ഥകളുടെ സമന്വയം ആ പ്രക്രിയയെ കൂടുതല്‍ അദൃശ്യമാക്കുന്നു എന്നതും സത്യം. പക്ഷേ സാധാരണഗതിയില്‍ ദളിതനും ദരിദ്രനുമായ ഒരു പുരുഷന്റെ കാര്യത്തില്‍ ചൂഷണം ബലാത്സംഗ രൂപത്തില്‍ അവതരിക്കില്ല എന്ന ഒന്നുകൂടിയുണ്ട്. അത് സാമാന്യമായതിനാല്‍ അപ്രസക്തമാകേണ്ടുന്ന ഒരു വസ്തുതയല്ല.

ഈ വ്യത്യാസത്തിന് കാരണം ബലാത്സംഗം എന്ന ക്രിയയില്‍ പ്രവര്‍ത്തിക്കുന്ന അധികാരം ജാതീയതയുടെയല്ല, ആണ്‍കോയ്മയുടെതാണ് എന്ന, അതില്‍ നിന്ന് ഒരു ജാതിയും മതവും ഇന്ത്യന്‍ സാഹചര്യങ്ങളില്‍ മുക്തമല്ല എന്ന അപ്രിയ സത്യമാണ്. എന്നാല്‍ ഈ ക്രിയയോടുള്ള സാമൂഹ്യ, രാഷ്ട്രീയ പ്രതികരണങ്ങളില്‍ ജാതിയുള്‍പ്പെടെയുള്ള പാര്‍ശ്വവല്‍ക്കരണത്തിന്റെ വിവിധ ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് താനും. ജിഷയുടെ കാര്യത്തിലും അത് പ്രകടമാണ്.

പ്രത്യക്ഷത്തില്‍ തന്നെ കൊലപാതകമാണെന്ന് മനസിലാക്കാവുന്ന ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും പൊലീസിന്റെ ഭാഗത്തുനിന്ന് ക്രിയാത്മകമായ നടപടിയൊന്നും ഉണ്ടായില്ല. കുറ്റകൃത്യം നടന്ന സ്ഥലം സീലു ചെയ്യുക, മൃതശരീരം പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി മാറ്റുക തുടങ്ങിയ കാര്യങ്ങളൊക്കെ ആംബുലന്‍സ് കിട്ടാനില്ല തുടങ്ങിയ ബാലിശമായ കാരണങ്ങളാല്‍ നീട്ടി വയ്ക്കപ്പെട്ടു. അയല്‍വാസികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നതായിരുന്നു മറ്റൊരു തൊടുന്യായം. ഒടുവില്‍ പോസ്റ്റ്‌മോര്‍ട്ടം നടന്നപ്പോള്‍ അത് നടത്തിയത് ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥി. അതും കൂടാതെ ഇത്തരം കേസുകളില്‍ ശരീരം ദഹിപ്പിക്കാന്‍ പാടില്ലാത്തതല്ലേ എന്ന ശവദാഹം നടത്തുന്ന തൊഴിലാളിക്ക് പോലും ഉണ്ടായ സംശയത്തെ അവഗണിച്ചുകൊണ്ട് ശരീരം ദഹിപ്പിക്കപ്പെട്ടത്. ഇതില്‍ നിന്നൊക്കെ പോലീസിന് ഈ കേസില്‍ ചില പ്രത്യേക താല്‍പര്യങ്ങള്‍ ഉണ്ട് എന്നല്ല മനസിലാക്കേണ്ടത് എങ്കില്‍ പിന്നെ ബാക്കിയാവുന്നത്, പുറമ്പോക്കില്‍ കഴിയുന്ന ഒരു ദളിത പെണ്‍കുട്ടിയുടെ മരണത്തെക്കുറിച്ച് ഇത്രയും അന്വേഷണം ഒക്കെ മതി എന്ന സമീപനം തന്നെയാണ്.

 

 

ഇവിടെ, അതായത് ജിഷയെ പോലൊരു പുറമ്പോക്കില്‍ പുരകെട്ടി വസിക്കുന്ന ദരിദ്ര, ദളിത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്താല്‍ ആരും ചോദിക്കാനുണ്ടാവില്ല എന്ന കുറ്റവാളിയുടെ മുന്‍ധാരണയിലും, അതിന് കയ്യൊപ്പിടുന്ന കൃത്യം നടന്നതിന് ശേഷമുള്ള സാമൂഹ്യ, ഭരണകൂട, നീതിന്യായ ഇടപെടലുകളിലും ജാതി തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. പക്ഷേ ചൂഷണത്തിന് ബലാത്സംഗം എന്ന വഴി തിരഞ്ഞെടുക്കുന്നിടത്ത് പ്രവര്‍ത്തിക്കുന്നത് ജാതിയല്ല, ലിംഗമാണ്. ഇതില്‍ ഊന്നുന്നതിലൂടെ ജിഷയുടെ ദളിത സ്വത്വം തമസ്‌കരിക്കപ്പെടുകയല്ല, ദളിത് സ്ത്രീ എന്ന അവളുടെ സവിശേഷ സ്വത്വം അടിവരയിടപ്പെടുകയാണ്. അത് തന്നെയാണ് ചില അധികാര കേന്ദ്രങ്ങള്‍ക്ക് ഇതിനോടുള്ള വിപ്രതിപത്തിക്ക് കാരണവും. സ്വത്വരാഷ്ട്രീയം ബ്രഹദാഖ്യാനങ്ങളുടെ നിരാസമാണെന്നൊക്കെ പറയും, സ്വത്വനിര്‍മ്മിതിയുടെ സമഗ്ര അധികാര താല്‍പര്യങ്ങളെ അതിന്റെ സൂക്ഷ്മാഖ്യാനങ്ങള്‍ ചോദ്യം ചെയ്യുന്നിടത്ത് പക്ഷേ കളി മാറും എന്ന് മാത്രം.

 

ജനകീയ പ്രതിഷേധങ്ങള്‍
ദാരുണമായ ഈ സംഭവത്തോട് ശക്തമായി പ്രതികരിക്കാന്‍ കേരളീയ പൊതുസമൂഹത്തിന് കഴിഞ്ഞു എന്ന് വേണമെങ്കില്‍ പറയാം. സ്‌റ്റേറ്റ് എന്ന ഭരണസംവിധാനത്തെയും അതിന്റെ നീതിന്യായ സംവിധാനങ്ങളെയും പ്രശ്‌നവല്‍ക്കരിക്കാനായി എന്നും. പക്ഷേ ആരാണീ പൊതുസമൂഹം? പെരുമ്പാവൂരില്‍ ജിഷയെയും കുടുംബത്തെയും ഭ്രഷ്ടരാക്കിയ അവരുടെ സ്വന്തം അയല്‍ക്കാരും കൂടി ചേരുന്നതാണത്. സൗമ്യയുടെയും നിര്‍ഭയയുടെയും കൊലപാതകികളെ ഞങ്ങള്‍ക്ക് വിട്ടുതാ, കൊന്ന് കാണിച്ചുതരാം എന്ന് പണ്ട് പറഞ്ഞ ആള്‍ക്കുട്ടത്തില്‍ ഇവിടുത്തുകാരും പെടാം. ഇന്ന് ജിഷയുടെ കൊലപാതകിയെ ആള്‍ക്കൂട്ട നീതിക്ക് വിട്ടുതരാന്‍ ആക്രോശിക്കുന്ന കേരളീയരില്‍ നാളെ ഇതുപോലെ മറ്റൊരു കുടുംബത്തെ ഭ്രഷ്ട് കല്‍പിച്ച് പുറത്താക്കുന്ന, കൊലപാതകം നടന്നാലും തിരിഞ്ഞ് നോക്കാത്ത പെരുമ്പാവൂരിലെ അവളുടെ അയല്‍ക്കാരും ഉണ്ടാകാം.

ജനകീയ പ്രതിരോധം എന്നൊക്കെ നാം ആവേശം കൊള്ളുന്ന ഉത്തരാധുനിക മള്‍ടിറ്റ്യൂഡ് സമരങ്ങളുടെ പ്രശ്‌നം അതിന്റെ അക്കൗണ്ടബിലിറ്റി ഇല്ലായ്മയാണ്. പൊതുസമൂഹത്തിലും, അതിന്റെ നിയമനിര്‍മാണ, കാര്യനിര്‍വഹണ, നീതിന്യായ വ്യവസ്ഥകളിലും അടിമുടി ആധിപത്യം സ്ഥാപിച്ച ജാതീയതയുടെയും മതസ്പര്‍ദ്ധയുടെയും ലിംഗ, ലൈംഗികതാല്‍പര്യ വിവേചനങ്ങളുടെയും ഹെഗമണികളെ പൊടുന്നനെ ഓടിക്കൂടുന്ന ഒരാള്‍ക്കൂട്ടത്തിന്റെ ആന്തരിക നൈതികതയെ വച്ച് പ്രതിരോധിക്കാനാവും എന്നൊക്കെ പറയുന്നതിലെ കാല്‍പനിക മുല്ലപ്പൂക്കളുടെ കടലാസ് സുഗന്ധത്തെക്കുറിച്ച് എന്ത് പറയാന്‍!

സ്പിനോസ ജീവിച്ചിരുന്ന പതിനാറാം നൂറ്റാണ്ടിലും, നെഗ്രി ജീവിച്ചിരുന്ന ഇരുപതാം നൂറ്റാണ്ടിലും രാജീവന്‍ മാഷ് ജീവിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ആള്‍ക്കൂട്ടമുണ്ട്. പക്ഷേ ആ ആള്‍ക്കൂട്ടത്തിനൊപ്പം ഈ കാലഘട്ടങ്ങളില്‍ ഒക്കെയും സൗമ്യയുടെ, നിര്‍ഭയയുടെ, സോണി സോറിയുടെ, ജിഷയുടെ ദേശ, ഭാഷ, വംശഭേദങ്ങളായ വിവിധ ജന്മങ്ങളും ഉണ്ടായിട്ടുണ്ട്. അവര്‍ സമാനമായ ദുരന്തങ്ങളിലൂടെ കടന്നുപോയിട്ടും ഉണ്ട്. അധികാരത്തിന്റെ പല ഗുപ്തപാഠങ്ങളെയും ഇത്തരം ആള്‍ക്കൂട്ടങ്ങള്‍ എന്തെന്നറിയാതെ തെരുവില്‍ ആവിഷ്‌കരിച്ച ചരിത്രം ഇന്നും ജീവിക്കുകയാണ്. പിന്നെ ആകെയുള്ളൊരു വ്യത്യാസം ആശയതലത്തില്‍ ഈ ചിന്തകര്‍ക്കുള്ള മൗലികതയാവും. അത് തന്നെ ചരിത്രവും വ്യക്തിഗതപ്രതിഭയും തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി പണ്ടേ ചോദ്യം ചെയ്യപ്പെട്ടവയാണെന്നിരിക്കേ അതില്‍ മാത്രം ഊന്നിയൊരു ശുഭാപ്തിവിശ്വാസം പ്രായോഗിക ജീവിതത്തില്‍, രാഷ്ട്രീയത്തില്‍ എത്രത്തോളം സംഗതമാണ്?

(അവസാനിച്ചു)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

വിശാഖ് ശങ്കര്‍

എഴുത്തുകാരന്‍, സാമൂഹിക നിരീക്ഷകന്‍. വിദേശത്ത് താമസം. അഴിമുഖത്തില്‍ വിപരീതപഥങ്ങള്‍ എന്ന കോളം ചെയ്യുന്നു

More Posts

Follow Author:

This post was last modified on December 16, 2016 11:07 am