X

നീ എന്നാല്‍ ഞാന്‍…

 
നിലവിലുള്ള സാമൂഹ്യ വ്യവസ്ഥയില്‍ നിന്നുള്ള മടുപ്പോ വിരക്തിയോ പുറത്താക്കപ്പെടലോ പുറത്തുപോവലോ പുറത്താവലോ തെറിച്ചു വീഴലോ നല്ലതാണ്. അത് നിന്‍റെ തന്നെ ഏദന്‍തോട്ടത്തിലേക്ക്, നവജീവിതത്തിലേക്ക്, പൂങ്കാവനത്തിലേക്കുള്ള വഴിയും വിളവെടുപ്പുമായിരിക്കും; ആണ്.

നീ  ഇപ്പോള്‍ ജീവിത നിഷേധിയായി, അസ്ത്വിത്വ ദുഃഖത്തോടെ, ജന്മം നല്‍കിയ ഗര്‍ഭപാത്രത്തെ പഴിക്കുകയും ഈ ലോകത്തെ മുഴുവന്‍ നശിപ്പിക്കാനുള്ള ഒരാളലായി, സ്വയാന്ധമായ ഒരു ചാവേറായിരിക്കുകയുമാണ്-ഒന്നും സമ്മേളിപ്പിക്കാന്‍ കഴിയാതെ പൊട്ടിച്ചിതറി ലക്ഷക്കണക്കിന്‌, കൂര്‍ത്ത, സഹിക്കാന്‍കഴിയാത്ത, കുഴഞ്ഞ യാഥാര്‍ത്യത്താല്‍ കുത്തേറ്റു, വേദനയാല്‍ പുളയുന്ന ഒരസഹ്യതയായിത്തുടരുകയായിരിക്കെ തന്നെ.

തെറിച്ചു വീണ സുഹൃത്തേ അല്‍പ്പം ശക്തി സംഭരിക്കുക. കരഞ്ഞ് കലപില കൂട്ടാതെ, സമരം ചെയ്യാതെ അല്‍പ്പം വിശ്രമിക്കുക. വിശ്രമം സാധ്യമല്ല എന്ന് തോന്നും വിധം വേദന അത്രമേല്‍ ശക്തമാണെങ്കിലും. വേദന—കാരണം നിന്‍റെതോ കൂട്ടത്തിന്‍റെയോ അല്ലാത്ത, അജ്ഞാതമായ സ്വപ്നാടനത്തിന്‍റെ ഉയര്‍ച്ചയില്‍ നിന്നാണ്, അബോധത്തിന്‍റെ പരക്കം പാച്ചിലിനാല്‍ പ്രതിരോധം നഷ്ടപ്പെട്ട് കാഴ്ചയോ നിയന്ത്രണ സ്വാധീനമോ ഇല്ലാതെ, കുത്തി, വഴുതി, ദുര്‍ഗന്ധത്താല്‍ ഒഴുകുന്ന, നൂറ്റാണ്ടുകളുടെ പരിചിതമായ മലീമസമായ വേഗതയില്‍നിന്നാണ് നീ തെറിച്ചു നിലം പതിച്ചിരിക്കുന്നത്. ഇത് മരണം തന്നെയാണ്-പുതിയതിലേക്കുള്ള യാത്രയാണ്‌.വേദന അജ്ഞാതമായതിനെ  വരവേല്‍ക്കുന്നതാണ്. വിശ്രമിക്കുക. ഈ ലോകം മുഴുവന്‍ കടന്നു വരാന്‍ ഒഴിവുള്ളവനായിരിക്കുക. എല്ലാ ഒഴിവും അഭാവവും നിറയാനുള്ളതാണ്. അങ്ങിനെ നിരന്തരം ഒഴിഞ്ഞു കൊണ്ട് നിറയുക. നിറവു പരക്കട്ടെ.

നിറങ്ങളും ചിറകുകളും കണ്ടെടുക്കേണ്ടതാണ്, വീണ്ടെടുക്കേണ്ടതാണ്, വന്നു നിറയേണ്ടതാണ്. ഒഴിഞ്ഞ ഇടങ്ങള്‍ പെട്ടെന്നുള്ള ഇടിമിന്നലാല്‍ നിറയുന്നു. ഭാരമില്ലായ്മ പിടിവള്ളിയില്ലാതെ പാറിപ്പറക്കുന്നു. ഭാരത്തെ കൂസാതെ, ഭാരത്തെ എടുത്തു പറക്കാനുള്ള, സ്വതന്ത്രമായ, ശക്തമായ ചിറക് അജ്ഞാതമായ പുതിയ ഇടങ്ങള്‍, ഋതുക്കള്‍ തേടുന്നു.ആ ഋതുക്കള്‍, ചലനം നിന്നെ കൂടുതല്‍ സമ്പല്‍സമൃദ്ധമാക്കുകയും നിനക്കുള്ളിലെ നിന്‍റെ അനന്തമായ രൂപത്തിലേക്കും കാഴ്ച്ചയിലേക്കും നിറങ്ങളിലേക്കും കേള്‍വിയിലേക്കും സ്വതന്ത്രമായ പറക്കലിലേക്കും നയിക്കുകയും ചെയ്യുന്നു…

കരിയിലകള്‍ക്ക് ജീവന്‍ വെക്കുന്നു-ട്വിക് ട്വീക് ശബ്ദത്താല്‍ ഇളകിത്തുള്ളിച്ചാടി നൃത്തം ചെയ്യുന്നു, മുള്‍ച്ചെടികള്‍ മധുരമായ് പാടുന്നു, ഭൂമിയുടെ കറക്കവും വളര്‍ച്ചയുടെ ഉയരലുമല്ലാതെ, ചലനമറ്റ വൃക്ഷങ്ങള്‍ ദേശാന്തരങ്ങളുടെ രഹസ്യം പറച്ചിലിനാല്‍ നിറയുന്നു. ഇരുണ്ട, നീലിച്ച പാറകള്‍ കുതറി പറക്കുന്നു. ഇരുട്ടിലെ കാഴ്ച്ച നട്ടുച്ചയ്ക്ക് തറപ്പിച്ച് നോക്കുന്നു, വരവേല്‍ക്കുന്നു. ഇരുട്ടിന്‍റെ രഹസ്യം കത്തുന്ന വെളിച്ചത്താൽ   പങ്കുവെക്കുന്നു. ശൂന്യമായ ആകാശം സ്വര്‍ണ്ണച്ചിറകുകളാല്‍ വിടര്‍ന്ന് അനുഗ്രഹീതമാകുന്നു, ഉണങ്ങിയ ഇടം പലവിധ ചിറകുകളാല്‍ പൂത്ത്, താളാത്മകമായി പാറിപടരുന്നു. വരള്‍ച്ച, മരുഭൂമി കടലായി മാറുന്നു.  (എഴുത്ത്, ചിത്രങ്ങള്‍- തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പെയിന്റിംഗിൽ ബിരുദ വിദ്യാര്‍ഥി, യാത്രികന്‍- പേര് പ്രസിദ്ധീകരിക്കാന്‍ താത്പര്യമില്ല

(ചിത്രങ്ങള്‍:-ഹിമാലയത്തിലെ ദൗലാധാര്‍, ഗഡ് വാൾ  മലനിരകളില്‍ നിന്നും എടുത്തവ .)

 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

This post was last modified on December 29, 2015 10:29 am