X

പുലിമുരുകന് ഇരട്ടച്ചങ്കന്‍; കൈകൊടുക്കണം ഈ ബിസിനസ് ബുദ്ധിക്ക്

ഇന്ദു

ടി പത്മനാഭന്റെ രചനകള്‍ പോലും പുരോഗമനപരമല്ലെന്ന് കമ്യൂണിസ്റ്റുകള്‍ വിശ്വസിച്ചിരുന്ന കാലത്തും തട്ടുപൊളിപ്പന്‍ കച്ചവട സിനിമകള്‍ ആസ്വദിക്കുമായിരുന്നു ഇകെ നായനാര്‍. ഒരു സാധാരണ പ്രേക്ഷകന്റെ മനോവികാരങ്ങളോടെ സിനിമകള്‍ കാണുന്ന നായനാര്‍ ഒരു നല്ല കമ്യൂണിസ്റ്റ് അല്ലെന്ന് ആര്‍ക്കെങ്കിലും പറയാന്‍ കഴിയുമോ? ഇടതുപക്ഷബൗദ്ധികനിയമാവലികള്‍ അനുസരിച്ചേ ഒരു കമ്യൂണിസ്റ്റ് നേതാവിന് കലാരൂപങ്ങള്‍ ആസ്വദിക്കാവൂ എന്നൊന്നുമില്ല. ക്ലാസിക്കല്‍ മ്യൂസിക്കിന്റെ നല്ലൊരു ആരാധകനാണ് പി ജയരാജന്‍ എന്നു കേട്ടിട്ടുണ്ട്. പിണറായിക്ക് സംഗീതമാണോ സിനിമയാണോ നാടകമാണോ ഇഷ്ടമേഖലയെന്നറിയില്ല. സിനിമയാണെങ്കില്‍ ഏതു ജോണറില്‍പ്പെട്ട സിനിമകളാണ് അദ്ദേഹം ആസ്വദിക്കുന്നത് എന്നതിനെക്കുറിച്ചും അറിവില്ല. അതൊക്കെ പിണറായിയുടെ സ്വകാര്യതകളാണെന്നിരിക്കെ പുലിമുരുകന്‍ എന്ന സിനിമ കാണാന്‍ പിണറായി പോയത് വലിയ ചര്‍ച്ചയായി മാറിയെങ്കില്‍ അത് പിണറായി എന്ന ബിംബത്തെ പ്രതിയാണ്.

ഒരുപക്ഷേ കേരള രാഷ്ട്രീയത്തില്‍, ഇത്രത്തോളം ഭാവപരിണാമങ്ങള്‍ക്കുടമയായ രാഷ്ട്രീയനേതാവ് പിണറായി അല്ലാതെയൊരാള്‍ കാണില്ല. യാഥാര്‍ത്ഥ്യത്തില്‍ നിന്നും മാറിയുള്ള അതിഭാവുകത്വങ്ങളായിരുന്നു അദ്ദേഹത്തിനുമേല്‍ ഉണ്ടായിരുന്നതും ഉണ്ടാക്കപ്പെട്ടുകൊണ്ടിരിക്കുന്നതെന്നതും കൂടി ശ്രദ്ധിക്കണം, പ്രതിനായകത്വവും നായകത്വവും ഒരേപോലെ പിണറായിയില്‍ സമ്മേളിക്കുന്നു. കേരള മുഖ്യമന്ത്രിയായി അധികാരമേറ്റതോടെ അദ്ദേഹത്തിനുമേല്‍ വീരപരിവേഷങ്ങളുടെ അനിയന്ത്രിത ഭാവുകത്വങ്ങള്‍ നിറയാന്‍ തുടങ്ങി. ഇരട്ടച്ചങ്കന്‍ എന്നതുള്‍പ്പെടെയുള്ള നാമവിശേഷണങ്ങള്‍ തൂങ്ങിയാടുകയാണ്. കേരളത്തിലിപ്പോള്‍ ഗുരുവായൂരപ്പനെക്കാള്‍ സ്തുതിപാഠകര്‍ പിണറായിക്കുണ്ടോയെന്നുപോലും സംശയം!

ഒരുപരിധിവരെ ഇതെല്ലാം സ്വയം ആസ്വദിക്കുന്നുണ്ടാവണം പിണറായി വിജയനും. ഒരു ഇമേജ് കള്‍ട്ടിവേഷനുള്ള ശ്രമം. നായനാര്‍ക്കോ വിഎസിന് പില്‍ക്കാലത്തോ കിട്ടിയതുപോലുള്ള ജനകീയപരിവേഷം വിജയനുണ്ടായിരുന്നില്ല. അറിഞ്ഞോ അറിയാതെയോ എടുത്തണിയേണ്ടി വന്ന സ്റ്റാലിനിസ്റ്റ് ബ്രാന്‍ഡ് ആയിരുന്നു വിജയന്‍. എന്നാല്‍ പാര്‍ട്ടി സെക്രട്ടറി പദത്തില്‍ നിന്നും പുറത്തിറങ്ങി മുഖ്യമന്ത്രിയിലേക്കുള്ള നടത്തം തുടങ്ങിയ നാള്‍ മുതല്‍ പിണറായിയും ജനകീയത ആഗ്രഹിക്കാന്‍ ആരംഭിച്ചു. വി എസ് നിശബ്ദനായിത്തീര്‍ന്ന സാഹചര്യത്തില്‍ ഒരു മുഖ്യമന്ത്രി എന്ന നിലയില്‍ താന്‍ അറിയപ്പെടേണ്ടത് മുന്‍പേ പതിഞ്ഞിരിക്കുന്ന അതിഗൗരവക്കാരനായ കമ്യൂണിസ്റ്റ് എന്ന നിലയില്‍ അല്ലെന്നും മറിച്ച് ഭരണത്തുടര്‍ച്ചയ്ക്കു കൂടി സഹായകമാകുന്ന ജനനായക പരിവേഷമാണെന്നും പിണറായി വിശ്വസിക്കുന്നുണ്ട്. അതുകൊണ്ടാണ് തനിക്കുമേല്‍ പൊതിയുന്ന താരപരിവേഷത്തെ വേണ്ടെന്നു വയ്ക്കാന്‍ തയ്യാറാകാത്തതും.

ഇങ്ങനെയെല്ലാമുള്ള പിണറായിയില്‍ തങ്ങളുടെ സിനിമയുടെ ഒരു ബ്രാന്‍ഡ് അംബാസിഡറെ കണ്ടെത്തിയ അണിയറക്കാരുടെ ബുദ്ധി പ്രശംസനീയമാണ്. കച്ചവടസിനിമാക്കാര്‍ക്കിടയിലെ ഇടതുപക്ഷസൈദ്ധാന്തികന്റെ സഹായത്തോടെ ഏരീസ് പ്ലസില്‍ സംസ്ഥാന മുഖ്യമന്ത്രിയെ കൊണ്ടുവന്ന് പുലിമുരുകന്‍ എന്ന ബ്രഹ്മാണ്ഡചിത്രം കാണിപ്പിക്കാനും കണ്ടശേഷം ഗംഭീരമെന്നു പറയിപ്പിക്കാനും മാത്രമല്ല, തിയേറ്റര്‍ വിടും മുന്നേ മോഹന്‍ലാലിനെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിക്കാന്‍ കൂടി പിണറായിയെക്കൊണ്ട് ഇവര്‍ക്കും കഴിഞ്ഞു. 

ഇതേ തന്ത്രമാണ് മാസങ്ങള്‍ക്കു മുമ്പ് മുകേഷ് അംബാനി പ്രയോഗിച്ചതും. സമകാലിന ഇന്ത്യയില്‍ ഏറെ വിപണിമൂല്യമുള്ള ഒരു മോഡലിനെ തന്നെയാണ് അംബാനി ഉപയോഗിച്ചത്. അതിലെ ഡീമെറിറ്റൊക്കെ ചര്‍ച്ച ചെയ്യാന്‍ പലരും വന്നേക്കാമെന്ന് അറിഞ്ഞിട്ടും അംബാനിയുടെ ബിസിനസ് ബുദ്ധി കൃത്യമായി പ്രയോഗത്തില്‍ വന്നു. അംബാനിയില്‍ നിന്നും പുലിമുരുകനിലേക്ക് എത്തുമ്പോള്‍, പ്രധാനമന്ത്രിയില്‍ നിന്നും മുഖ്യമന്ത്രിയാകുമ്പോഴും വിജയിക്കുന്ന ബിസിനസ് സ്ട്രാറ്റജി ഒന്നു തന്നെയാണ്. പുലിമുരുകന്‍ എന്ന സിനിമ ഇത്രത്തോളം വിജയിക്കാന്‍ മോഹന്‍ലാല്‍ തന്നെ നായകനാകണമായിരുന്നു. അതാണ് സ്റ്റാര്‍ വാല്യു. ഇതേ സ്റ്റാര്‍ വാല്യു തന്നെയാണ് ഒരു ഉത്പന്നത്തിന്റെ വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിന് അനുരൂപരായ മോഡലുകളെ തെരഞ്ഞെടുക്കുന്നതില്‍ അണിയറക്കാരും അടിസ്ഥാനമാക്കുന്നത്.

എല്ലാ രംഗത്തുമെന്നപോലെ രാഷ്ട്രീയക്കാര്‍ക്കും ഭരണാധികാരികള്‍ക്കും അവരുടേതായ സ്റ്റാര്‍ വാല്യു ഉണ്ട്. അത് നിലനിര്‍ത്തിപോകാന്‍ അവര്‍ ശ്രമിക്കുന്നതിലും തെറ്റില്ല. പക്ഷേ ഒരു മനുഷ്യദൈവം ആര്‍ജ്ജിച്ചെടുക്കുന്ന താരപരിവേഷം ആകരുത് ഒരു ഭരണാധികാരിക്കുണ്ടാകേണ്ടത്. പക്ഷേ ഇതൊക്കെ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ? അനുഗ്രഹാശ്ശിസുകള്‍ നല്‍കുന്ന തരത്തിലേക്ക് ഒരു ജനനേതാവ് മാറുന്നെങ്കില്‍, അതിനെ വിമര്‍ശിക്കേണ്ടതുണ്ട്.

പിണറായി പുലിമുരുകന്‍ കാണാന്‍ വന്നതിന്റെ പ്രത്യുപകാരമാണോ, അതോ നിര്‍മാതാവ് പറയുന്നതുപോലെ റിലീസിംഗ് നാളില്‍ ആവശ്യപ്പെട്ടിട്ടും നല്‍കാന്‍ കഴിയാതിരുന്ന ഫുള്‍പേജ് പരസ്യം നിരന്തരമായ അഭ്യര്‍ത്ഥനയെ തുടര്‍ന്ന്‍ സിനിമയുടെ 25-ആം ദിവസം ദേശാഭിമാനിക്ക് നല്‍കിയതാണോ എന്നറിയില്ല, ഇന്നിറങ്ങിയ പത്രത്തിന്റെ ഒന്നാം പേജ് പുലിമുരുകാലംകൃതമായിരുന്നു. പരസ്യങ്ങള്‍ക്കായി പത്രമിറങ്ങുന്ന കാലത്ത് ഇതൊന്നുമൊരു പുതുമയല്ല. അമൃതാനന്ദമയീ ജന്മദിനത്തിന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം ഇറങ്ങിയതൊക്കെവച്ചു നോക്കുമ്പോള്‍ ഒട്ടും. എന്നാലും മുരുകന്റെ തലയ്ക്കു മുകളില്‍ ചിരിച്ചിരിക്കുന്ന പിണറായിയുടെ ഫോട്ടോയും ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ ടൈപ്പില്‍, പുലിമുരുകനെ കണ്ടാശിര്‍വദിച്ചതിന് നന്ദി എഴുതിവയ്ക്കുകയും ചെയ്തിരിക്കുന്നതു കാണുമ്പോള്‍ അദ്ദേഹമൊരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണോ അതോ അത്ഭുതസിദ്ധികളാര്‍ജ്ജിച്ച യോഗിവര്യനാണോ എന്നു വര്‍ണ്യത്തിലാശങ്ക വരുന്നവരെ ഉത്തമന്മാരുടെ കൂട്ടത്തില്‍ പെടുത്തരുത്. 

പാര്‍ട്ടി പത്രം വരിയടച്ച് വീട്ടില്‍ വരുത്തന്നവരെയെല്ലാം സിനിമ കാണിക്കാന്‍ പിണറായിയുടെ സാന്നിധ്യം പരസ്യത്തില്‍ ഉണ്ടാകണമെന്ന് അണിയറക്കാര്‍ നിര്‍ബന്ധം പിടിച്ചിട്ടുണ്ടെങ്കില്‍ അവരെ കുറ്റം പറയേണ്ടതില്ല. ബിസിനസുകരന് ഒരു ലക്ഷ്യമേയുള്ളു, ബിനിനസ് ചെയ്യുക! അതു ഭംഗിയായി നടക്കാനുള്ള വഴികളേ അവര്‍ നോക്കൂ.

ഇനി ചോദ്യം ഇത്തരമൊരു പരസ്യം തന്റെ പേരില്‍ വരുന്നതായി പിണറായി അറിഞ്ഞോ എന്നതാണ്. ഒരുപക്ഷേ അറിഞ്ഞു കാണണമെന്നില്ല. മറിച്ചും കരുതാം. അങ്ങനെയാണെങ്കില്‍, പ്രത്യേകിച്ചൊരു വൈക്ലബ്യമൊന്നും അദ്ദേഹത്തിന് തോന്നിയിട്ടില്ലെങ്കില്‍ പിണറായി ഇതെല്ലാം സ്വയം ആസ്വദിക്കുന്നുണ്ടെന്നതു സത്യമാകും. പിണറായി എന്ന ബ്രാന്‍ഡിന്റെ വിപണിമൂല്യം ഉയരുന്നതായി അദ്ദേഹം മനസിലാക്കുന്നു, അല്ലെങ്കില്‍ അങ്ങനെ വിശ്വസിക്കുന്നു. ജനകീയയുടെ പുതുവഴികളായി കരുതുന്നു.

അവിടെയാണ ഒരു സംശയമുള്ളത്, മറ്റെല്ലാ കാര്യത്തിലും കടലോളം വ്യത്യാസം ഉണ്ടെങ്കിലും എവിടെയോ ഒരിടത്ത് പിണറായിക്കും മോദിക്കും തമ്മില്‍ എന്തോ ഒരു സാമ്യത…

എന്താണെങ്കിലും സഖാവിന് അഭിവാദ്യങ്ങള്‍…

(സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയാണ് ഇന്ദു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

This post was last modified on October 31, 2016 11:37 am