X

സൈബര്‍ അടിമകള്‍ക്ക് ചികില്‍സ കേന്ദ്രങ്ങള്‍ തുടങ്ങുന്നത് ആലോചിക്കണമെന്ന് മുഖ്യമന്ത്രി

ചിലര്‍ക്ക് സാമൂഹ്യമാധ്യമങ്ങളോടുള്ള ആസക്തി ലഹരിപിടിപ്പിക്കുന്നതാണ്.

സൈബര്‍ അടിമകള്‍ക്ക് ചികില്‍സ നല്‍കാനുള്ള കേന്ദ്രങ്ങള്‍ ആരംഭിക്കേണ്ടതിനെക്കുറിച്ച് ആലോചിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം ജില്ലയിലെ കുറുപ്പംപിടിയില്‍ മേരിപോള്‍ വായന ശാല ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.

ചിലര്‍ക്ക് സാമൂഹ്യ മാധ്യമങ്ങളോടുള്ള ആസക്തി ലഹരിയായി മാറിയിരിക്കയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കുറ്റകൃത്യങ്ങള്‍ക്കുള്ള മാര്‍ഗമായി നവമാധ്യമങ്ങള്‍ മാറിയിരിക്കയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നവമാധ്യമങ്ങളെ സമൂഹത്തിന് വേണ്ടി പ്രയോജനപ്പെടുത്തുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. നവമാധ്യമങ്ങളിലുടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ മുഖ്യമന്ത്രി നേരത്തെയും മുന്നറിയിപ്പ് നല്‍കിയിരുന്നു.

അന്തരിച്ച മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ബാബുപോളും, സഹോദരന്‍ റോയ്‌പോളും ചേര്‍ന്ന് അമ്മയുടെ സ്മരണയ്ക്കായി നിര്‍മ്മിച്ചതാണ് വായനശാല. രണ്ട് മാസം മുമ്പാണ് ബാബുപോള്‍ അന്തരിച്ചത്. ചടങ്ങില്‍ എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ അധ്യക്ഷത വഹിച്ചു.