X

ജിഷ്ണുവിന്റെ അമ്മയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്കില്‍ പോലും ഒന്ന് അനുസ്മരിക്കാന്‍ തോന്നിയില്ലല്ലോ എന്ന് പിണറായിയെ കുറ്റപ്പെടുത്തുന്നതായിരുന്നു മഹിതയുടെ കത്ത്

പാമ്പാടി നെഹ്രു കോളേജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ജിഷ്ണു പ്രണോയുടെ അമ്മ മഹിത അശോകന്‍ ഇന്ന് മുഖ്യമന്ത്രിക്കെഴുതിയ തുറന്ന കത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കിലൂടെ മറുപടി നല്‍കി. ഇന്നാണ് മഹിതയുടെ കത്ത് വാര്‍ത്തകളില്‍ നിറഞ്ഞത്.

ഫേസ്ബുക്കില്‍ പോലും ഒന്ന് അനുസ്മരിക്കാന്‍ തോന്നിയില്ലല്ലോ എന്ന് പിണറായിയെ കുറ്റപ്പെടുത്തുന്നതായിരുന്നു മഹിതയുടെ കത്ത്. താന്‍ മൂന്ന് കത്തുകള്‍ മുഖ്യമന്ത്രിയ്ക്കയച്ചുവെന്നും ഒന്നിനും മറുപടി ലഭിച്ചില്ലെന്നും കത്തില്‍ പറയുന്നു. മകന്റെ മരണത്തെക്കുറിച്ചുള്ള വേദനകളെല്ലാം നിറഞ്ഞ കത്ത് മാധ്യമങ്ങളെല്ലാം പ്രസിദ്ധീകരിക്കുകയും ചെയ്തു.

എന്നാലിപ്പോള്‍ ഈ കത്തിന് ഫേസ്ബുക്കിലൂടെ തന്നെ മറുപടി പറയുകയാണ് പിണറായി. ജിഷ്ണുവിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും. അന്വേഷണം പുരോഗമിക്കുകയാണെന്നും പറഞ്ഞ അദ്ദേഹം ജിഷ്ണുവിന്റെ കുടുംബത്തോട് സര്‍ക്കാര്‍ തികച്ചും അനുഭാവപൂര്‍വമായ നടപടികളാണ് സ്വീകരിച്ചതെന്ന് പറയുന്നു. കൂടാതെ മന്ത്രിസഭ യോഗം തീരുമാനിച്ച പത്ത് ലക്ഷം രൂപ ജിഷ്ണുവിന്റെ വീട്ടിലെത്തി എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ കൈമാറിയ വിവരവും പിണറായി ഫേസ്ബുക്ക് പോസ്റ്റില്‍ സൂചിപ്പിക്കുന്നുണ്ട്.