X

ഒടുവില്‍ മോദി മൗനം വെടിഞ്ഞു; ദാദ്രി കൊലപാതകം ദു:ഖകരം

അഴിമുഖം പ്രതിനിധി

ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ആട്ടിറച്ചി കഴിഞ്ഞ മുസ്ലിമിനെ മാട്ടിറച്ചിയാണ് കഴിച്ചതെന്ന് ആരോപിച്ച് ഹിന്ദുത്വവാദികള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ വിഷയത്തില്‍ ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം വെടിഞ്ഞു. ദാദ്രി സംഭവം ദുഖകരമാണെന്ന് അഭിപ്രായപ്പെട്ടു. മുംബയില്‍ ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേന പാക് സംഗീതഞ്ജന്‍ ഗുലാംഅലിയെ പാടാന്‍ സമ്മതിക്കാത്തതും ദുഖകരമാണെന്ന് മോദി പറഞ്ഞു. ഇത് സംഭവിക്കാന്‍ പാടില്ലായിരുന്നു. ദാദ്രിയിലെ കൊലപാതകത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നുവെന്നും മോദി പറഞ്ഞു. എന്നാല്‍ ഈ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ പങ്കെന്താണെന്ന് ചോദിച്ച് വിഷയത്തില്‍ നിന്ന് കൈകഴുകുകയും മോദി ചെയ്തു. സെപ്തംബര്‍ 28-നായിരുന്നു പ്രാദേശിക ബിജെപി നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഒരു ക്ഷേത്രത്തിലെ ഉച്ചഭാഷിണിയിലൂടെ പൂജാരി വിളിച്ച് പറഞ്ഞതിനെ തുടര്‍ന്നാണ് മുഹമ്മദ് അഖ്‌ലാഖ് എന്ന മധ്യവയസ്‌കനെയും മകനേയും ഹിന്ദുത്വവാദികള്‍ സംഘടിച്ചെത്തി മര്‍ദ്ദിച്ചത്. ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് അഖ്‌ലാഖ് കൊല്ലപ്പെട്ടു. രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന വര്‍ഗീയ പ്രശ്‌നങ്ങളില്‍ മോദി പ്രതികരിക്കാത്തത് വിമര്‍ശനം ക്ഷണിച്ചു വരുത്തിയിരുന്നു.

This post was last modified on October 14, 2015 12:04 pm