ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മിഷന്‍ പുറത്തിറക്കിയ 2017-ലെ കലണ്ടറിലും ഡയറിയിലും രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രത്തിന് പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങള്‍. ഗാന്ധിജിയുടെ ചിത്രങ്ങളിലേതിന് സമാനമായി മോദി ഒരു വലിയ ചര്‍ക്ക ഉപയോഗിച്ച് ഖാദിവസ്ത്രം നെയ്യുന്നതാണ് ഡയറിയിലും കലണ്ടറിലും കാണാന്‍ സാധിക്കുക.
ഗാന്ധിജി തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ഒറ്റമുണ്ടുമുടുത്ത് ഒരു സാധാരണ ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്ന ചിത്രം പതിറ്റാണ്ടുകളായി ജനങ്ങളുടെ മനസില്‍ കുടിയേറിയതാണ്. മോദിയും തന്റെ പതിവ് വേഷമായ കുര്‍ത്ത-പൈജാമ-വെയ്സ്റ്റ്‌കോട്ട് എന്നിവ ധരിച്ച് ഒരു ആധുനിക ചര്‍ക്കയില്‍ വസ്ത്രം നെയ്യുന്നത് ചിത്രത്തില്‍ കാണാം.
ഇതിനെതിരെ പ്രതിഷേധിക്കാന്‍ ഒരുങ്ങുകയാണ് ഖാദി ഉദ്യോഗ് ജീവനക്കാര്‍. അതേസമയം ഇതില്‍ അസ്വാഭാവികത ഒന്നുമില്ലെന്നും മുമ്പും ഇത്തരത്തില്‍ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നും ഖാദി ഉദ്യോഗ് ചെയര്‍മാന്‍ വിനയ് കുമാര്‍ സക്‌സേന അറിയിച്ചു. ഖാദി ഉദ്യോഗ് ഗാന്ധിജിയുടെ തത്വങ്ങളെയും ആശയങ്ങളെയും അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നതെന്നും അതിനാല്‍ തന്നെ അദ്ദേഹത്തെ ഒഴിവാക്കിയെന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടാതെ വര്‍ഷങ്ങളായി മോദി ഖാദിയാണ് ഉപയോഗിക്കുന്നതെന്നും തന്റേതായ ശൈലിയില്‍ ആഗോള തലത്തില്‍ ഖാദിക്ക് പ്രശസ്തി നേടിക്കൊടുത്തയാളാണ് അദ്ദേഹമെന്നും സക്‌സേന കൂട്ടിച്ചേര്‍ത്തു. അതിനാല്‍ തന്നെ മോദിയാണ് ഖാദിയുടെ ഏറ്റവും വലിയ ബ്രാന്‍ഡ് അംബാസഡറെന്നും ഖാദി ഉദ്യോഗിന്റെ ആശയങ്ങള്‍ അദ്ദേഹത്തിന്റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുമായി ചേര്‍ന്ന് നില്‍ക്കുന്നതാണെന്നുമാണ് സക്‌സേന പറയുന്നത്. സാങ്കേതിക പരിജ്ഞാനത്തിലൂടെയും ഗ്രാമീണ മേഖലയില്‍ വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചും നെയ്ത്തില്‍ ആധുനിക സാങ്കേതിക വിദ്യ പ്രായോഗികമാക്കിയും ഗ്രാമങ്ങളെ സ്വയംപര്യാപ്തമാക്കുക എന്നതാണ് ഖാദി ഉദ്യോഗിന്റെ ലക്ഷ്യം. കൂടാതെ മോദി ഒരു യുവമാതൃകയുമാണെന്നും സക്‌സേന അവകാശപ്പെടുന്നു.
ഗാന്ധിജിയുടെ ആശയങ്ങളെയും തത്വങ്ങളെയും നിസാരവല്‍ക്കരിക്കുന്ന സര്‍ക്കാരിന്റെ നടപടിയില്‍ തങ്ങള്‍ക്ക് വേദനയുണ്ടെന്നും പ്രധാനമന്ത്രിയുടെ ചിത്രം കലണ്ടറില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമം കഴിഞ്ഞ വര്‍ഷവും ആരംഭിച്ചിരുന്നുവെന്നും ഖാദി ഉദ്യോഗിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. എന്നാല്‍ 2016ല്‍ തൊഴിലാളി സംഘടനകള്‍ ഇതിനെതിരെ ശക്തമായി രംഗത്തെത്തുകയും ഭാവിയില്‍ ഇത് ആവര്‍ത്തിക്കില്ലെന്ന് മാനേജ്‌മെന്റില്‍ നിന്നും ഉറപ്പുവരുത്തുകയുമായിരുന്നു.
എന്നാല്‍ ഈ വര്‍ഷം ഗാന്ധിജിയുടെ ചിത്രവും സന്ദേശങ്ങളുമെല്ലാം പൂര്‍ണമായും കലണ്ടറില്‍ നിന്നും ഡയറിയില്‍ നിന്നും ഒഴിവാക്കപ്പെടുകയാണ് ഉണ്ടായത്. ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലം മുതല്‍ തന്റെ ഖാദി വസ്ത്രങ്ങളുടെ വൈവിധ്യത്തിലൂടെയും സ്‌റ്റൈലിലൂടെയും മോദി കുര്‍ത്ത എന്ന പേരില്‍ പ്രധാനമന്ത്രി, ഖാദിയെ തന്റെ പേരിന് പിന്നാലെ ചേര്‍ത്തിട്ടുണ്ട്. ഗാന്ധി ജയന്തിയായ ഒക്ടോബര്‍ രണ്ടിനും രക്തസാക്ഷി ദിനമായ ജനുവരി 30നും ഇടയിലുള്ള നാല് മാസത്തിനിടെ ഖാദി പ്രത്യേക റിബേറ്റുകളും മറ്റും നല്‍കി രാജ്യമൊട്ടാകെ ഖാദി വില്‍പ്പന വര്‍ദ്ധിപ്പിക്കാനാണ് ഖാദി ഉദ്യോഗ് ലക്ഷ്യമിടുന്നത്.
അതേസമയം ഇത്രവര്‍ഷം കഴിഞ്ഞിട്ടും രാജ്യത്ത് മഹാത്മാ ഗാന്ധിക്കുള്ള സ്വാധീനം ഇല്ലാതാക്കാന്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഒഴിവാക്കുക എന്ന സംഘപരിവാര്‍ അജണ്ടയാണ് ഇതിലൂടെ നടപ്പാകുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഗാന്ധിജിയ്ക്ക് പകരം മോദിയെ രാജ്യത്തിന്റെ പ്രതീകമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും കരുതപ്പെടുന്നു.
This post was last modified on January 13, 2017 8:35 am
Leave a Comment