അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ രാജ്യത്ത് നിന്നും പുറത്താക്കാനൊരുങ്ങുന്ന അഭയാര്‍ത്ഥികളെ കാനഡയിലേക്ക് സ്വാഗതം ചെയ്ത് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രഡിയു. കാനഡയുടെ അഭയാര്‍ത്ഥി നയത്തിന്റെ വിജയത്തെക്കുറിച്ച് ട്രംപുമായി ചര്‍ച്ച ചെയ്യാനും അദ്ദേഹം ഉദ്ദേശിക്കുന്നുണ്ട്.
ട്രംപിന്റെ വിസ നിരോധനത്തെ ട്വിറ്ററിലൂടെ ട്രഡിയു തള്ളിപ്പറഞ്ഞു. യുദ്ധവും ഭീകരവാദവും പീഡനങ്ങളും ഭയന്ന് സ്വരാജ്യങ്ങളിലേക്ക് മടങ്ങാനാകാത്തവര്‍ക്ക് കാനഡയിലേക്ക് സ്വാഗതം എന്നാണ് അദ്ദേഹം പറഞ്ഞത്. താന്‍ 2015ല്‍ ടൊറന്റോ വിമാനത്താവളത്തില്‍ വച്ച് ഒരു സിറിയന്‍ കുട്ടിയെ ആശീര്‍വദിക്കുന്നതിന്റെ ചിത്രവും അദ്ദേഹം ട്വീറ്റ് ചെയ്തു. 39,000ലേറെ സിറിയന്‍ അഭയാര്‍ത്ഥികളെ അദ്ദേഹം അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ രാജ്യത്ത് സ്വീകരിച്ചിരുന്നു.
അധികം വൈകാതെ വൈറ്റ് ഹൗസ് സന്ദര്‍ശിക്കാനിരിക്കുന്ന ട്രജിയു ഈ ചര്‍ച്ചയില്‍ കാനഡയിലെ അഭയാര്‍ത്ഥി, കുടിയേറ്റ നയങ്ങള്‍ ചര്‍ച്ച ചെയ്യാനിരിക്കയാണെന്ന് അദ്ദേഹത്തിന്റെ വക്താവ് കേറ്റ് പര്‍ച്ചേസ് അറിയിച്ചു. അതേസമയം പുതിയ പ്രസിഡന്റിനെ വിമര്‍ശിക്കുന്നതില്‍ നിന്നും കനേഡിയന്‍ പ്രധാനമന്ത്രി ഒഴിഞ്ഞുമാറുകയായിരുന്നു. കാനഡയുടെ 75 ശതമാനം കയറ്റുമതിയും അമേരിക്കയിലേക്കാണ്.
Leave a Comment