X

ശശീന്ദ്രന്റെ കോള്‍ റെക്കോഡ് ചെയ്ത ഉപകരണങ്ങള്‍ ഹാജരാക്കാന്‍ ചാനലിന് നോട്ടീസ് നല്‍കും

കമ്മിഷന്റെ ടേംസ് ഓഫ് റഫറന്‍സ് തയ്യാറാക്കി സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി

മുന്‍മന്ത്രി എ കെ ശശീന്ദ്രനെതിരായ ഫോണ്‍ വിളി വിവാദം അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മിഷന്റെ ടേംസ് ഓഫ് റഫറന്‍സ് തയ്യാറാക്കി സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. ജുഡീഷ്യല്‍ കമ്മിഷന്‍ സംഭവത്തിന് പിന്നിലെ ഗൂഡാലോചനയും അന്വേഷിക്കും.

ഫോണ്‍ കോള്‍ റെക്കോഡ് ചെയ്ത മൊബൈല്‍ ഫോണും ഇലക്ട്രോണിക് ഉപകരണങ്ങളും ഹാജരാക്കാന്‍ മംഗളം ചാനലിന് പോലീസ് നോട്ടീസ് നല്‍കും. ജസ്റ്റിസ് പി എസ് ആന്റണി കമ്മിഷന്‍ അധ്യക്ഷനായാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മിഷനെ നിയമിച്ചത്. അഞ്ചുകാര്യങ്ങളാണ് ടേംസ് ആന്‍ഡ് റഫറന്‍സില്‍ പറയുന്നത്. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കുക, ഏത് സാഹചര്യത്തില്‍ അത്തരമൊരു സംഭവമുണ്ടായത്, ദുരുദ്ദേശപരമായി ആരെല്ലാം ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുകയും ഫോണ്‍ സംഭാഷണം എഡിറ്റ് ചെയ്ത് സംപ്രേഷണം ചെയ്യുകയും ചെയ്തു, സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ സ്വീകരിക്കേണ്ട നിയമനടപടികള്‍ ശുപാര്‍ശ ചെയ്യുക, കൂടാതെ സംഭവവുമായി ബന്ധപ്പെട്ട് കമ്മിഷന്റെ ശ്രദ്ധയില്‍പ്പെടുന്ന കാര്യങ്ങള്‍ അന്വേഷിക്കുക എന്നിവയാണ് അവ.

മൂന്ന് മാസത്തിനുള്ളില്‍ കമ്മിഷന്‍ അന്വേഷണം പൂര്‍ത്തിയാക്കണം. ഇതിനിടെ സംഭവത്തില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ അന്വേഷണം പുരോഗമിക്കുന്നുണ്ട്. പരാതിക്കാരനായ നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാനില്‍ നിന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഐജിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തിന്റെ യോഗവും ഇന്ന് ചേര്‍ന്നു.

Related Post
Leave a Comment