X

യൂത്ത് കോണ്‍ഗ്രസുകാരെ, ജനത്തിനു വേണ്ടാത്തവരോട് മാറി നില്‍ക്കാന്‍ നമുക്ക് പറയാം

ഷെറിന്‍ വര്‍ഗീസ്

ഇവിടെയിപ്പോള്‍ പി സി ജോര്‍ജ് ആണ് സകല പ്രശ്‌നങ്ങള്‍ക്കും കാരണം എന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്. ‘ഞാന്‍ ചെയ്തതുകൊണ്ടല്ല, നീയത് വിളിച്ചു പറഞ്ഞതുകൊണ്ടാണ് കുഴപ്പമായത്’ എന്നു പറയുന്നതുപോലെ.

ധാര്‍മികത, അത് പൊതുജീവിതത്തിലായാലും വ്യക്തിപരമായാലും ഓരോരുത്തരും സ്വയം നിശ്ചയിക്കേണ്ട പ്രശ്‌നമാണ്. ഒരുകാര്യം വ്യക്തമാണ്, ഒരു ധാര്‍മിക പ്രശ്‌നം എന്ന നിലയിലെങ്കിലും കെ എം മാണി രാജിവെയ്‌ക്കേണ്ട സമയം എപ്പോഴേ അതിക്രമിച്ചിരിക്കുന്നു.

എന്തുവിലകൊടുത്തും തങ്ങള്‍ ഭരിക്കുമെന്നും, ഭരണത്തില്‍ തുടരുമെന്നും, വീണ്ടും ഭരണത്തുടര്‍ച്ച ഉണ്ടാക്കുമെന്നുമൊക്കെ രാഷ്ട്രീയകക്ഷികള്‍ തീരുമാനമെടുത്താല്‍ അത് ജനാധിപത്യത്തെ ശക്തിപ്പെടുത്തലാവില്ല മറിച്ച് മനുഷ്യരെ ജനാധിപത്യ വിരുദ്ധരാക്കുകയും ഫാസിസത്തിന് വഴിമരുന്നിടുകയും ചെയ്യും.

ആരോപണമുണ്ടായാല്‍ പൊതുസമൂഹത്തിനു മുമ്പില്‍ അഗ്നിശുദ്ധി വരുത്തിമാത്രമെ ഒരു ഭരണാധികാരിക്ക് മുന്നോട്ടുപോകാന്‍ അവകാശമുള്ളൂ. നേരിട്ട് ഒരു ബന്ധവുമില്ലാത്ത കേസുകളില്‍പോലും കോടതി പരാമര്‍ശങ്ങളുടെ സാങ്കേതികത്വത്തില്‍ കുടുങ്ങി സ്ഥാനം വിട്ടൊഴിഞ്ഞിട്ടുള്ള ഭരണാധികാരികളുടെ ചരിത്രമാണ് നമുക്കുള്ളത്. അത്, ആ ഭരണാധികാരികള്‍ക്ക് വ്യക്തിപരമായി സംഭവിക്കുന്ന കോട്ടം എന്നതിലുപരി, അദ്ദേഹം കൂടി ഭാഗമായ ജനാധിപത്യസംവിധാനത്തിന്റെ ശക്തിപ്പെടലായാണ് നമ്മളെന്നും കണക്കാക്കിപ്പോന്നിട്ടുള്ളത്.

ജനവികാരം വിജയിക്കുക എന്നത് ജനാധിപത്യത്തില്‍ തെരഞ്ഞടുപ്പില്‍ മാത്രം സംഭവിക്കേണ്ട സംഗതിയില്ല.

മുന്‍ വനം വകുപ്പ് മന്ത്രിയായിരുന്ന കെ പി വിശ്വനാഥനും, കെ കെ രാമചന്ദ്രന്‍ മാസ്റ്ററും അവിടെ നില്‍ക്കട്ടെ, ആരോപണങ്ങള്‍ മൂലം രാജിവയ്‌ക്കേണ്ടി വരിക മാത്രമല്ല, ചാരനെന്നും, കൊലയാളിയെന്നുമുള്ള വിശേഷണങ്ങള്‍ കൂടി മനസ്സറിവില്ലാത്ത കാര്യത്തിന് ചാര്‍ത്തപ്പെട്ട കെ കരുണാകാരന്റെ കാര്യം മാത്രമെടുക്കാം. രണ്ടുതവണയും രാജിവെച്ച് പുത്തരിക്കണ്ടം മൈതാനത്തേക്കും പാളയം രക്തസാക്ഷി മണ്ഡപത്തിലേക്കും അദ്ദേഹം നടന്നത് അവിടെ തന്നെക്കാത്ത് നിന്നിരുന്ന ആയിരങ്ങളുടെയടുത്തേക്കായിരുന്നു.

ജനങ്ങളെ വിശ്വാസമുള്ള നേതാക്കള്‍ അങ്ങനെയാണ് ഭരണസ്ഥാനങ്ങളില്‍ നിന്നിറങ്ങി കൂസലില്ലാതെ അവര്‍ ജനക്കൂട്ടത്തിനടുത്തേയ്ക്ക് നടന്നു പോകും. അല്ലാതെ, എന്തു വിധേയനായും ഭരണത്തില്‍ കടിച്ചുതൂങ്ങിയിരുന്ന് അനുയായികളൊരുക്കുന്ന സ്വീകരണങ്ങളേറ്റു വാങ്ങില്ല.

‘ഞാന്‍ രാജിവച്ചാല്‍ അവര്‍ എനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് വരില്ലേ’യെന്ന ഏറ്റവും പരിഹാസ്യമായ എതിര്‍വാദമുഖം ഉന്നയിച്ച ഭരണകൂടവും ഇപ്പോള്‍ കേരളം ഭരിക്കുന്നവരുടേതാണെന്നതും സഹതാപാര്‍ഹമാണ്.

രാഷ്ട്രീയാധികാരം ഒരു ലക്ഷ്യമല്ലെന്നും മറിച്ച് മനുഷ്യജീവിതത്തിന്റെ ഓരോ മേഖലയെയും ഗുണപരമായി മാറ്റിത്തീര്‍ക്കുവാന്‍ ജനങ്ങളെ പ്രാപ്തരാക്കാനുള്ള മാര്‍ഗ്ഗമാണതെന്നുമുള്ള ഗാന്ധിജിയുടെ വാക്കുകളവിടെ നില്‍ക്കട്ടെ,

ആളുകളെ വലിപ്പച്ചെറുപ്പമില്ലാതെ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളിലേക്കും സാമൂഹ്യസുരക്ഷിതത്വത്തിലേക്കും നയിക്കുക എന്നതിനപ്പുറം അധികാരപ്രയോഗത്തിന്റെ കലയും ശാസ്ത്രവുമാക്കി രാഷ്ട്രീയത്തെ മാറ്റുമ്പോള്‍ ആ രാഷ്ട്രീയത്തെ ജനം ചൂലുകൊണ്ടോ അല്ലെങ്കില്‍ പുറംകാലുകൊണ്ടോ അടിക്കുമെന്നതില്‍ സംശയം വേണ്ട.

കൈകാര്യം ചെയ്യുന്ന ആരെയും ദുഷിപ്പിക്കുന്ന ഒന്നാണ് അധികാരം. അങ്ങനെയെങ്കില്‍ അത് ദുഷിച്ചയാളുകളിലേക്ക് എത്തിയാലോ…?

മറ്റുള്ളവരുടെ കാര്യം പോകട്ടെ, കേരളത്തിലിപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന സര്‍ക്കാരണല്ലോ ഭരണം നടത്തുന്നത്. യൂത്ത് കോണ്‍ഗ്രസ് സ്ഥാപിതമായപ്പോള്‍ പ്രധാന മുദ്രാവാക്യവും എതിര്‍പ്പും മുന്‍തലമുറയോടായിരുന്നു.

രാഷ്ട്രീയ നേതൃത്വത്തില്‍ നിന്ന് മുന്‍തലമുറ മാറണമെന്നും രാഷ്ട്രപുരോഗതിക്കായി ചെറുപ്പക്കാര്‍ക്ക് അവസരം കൊടുക്കണമെന്നും അന്നത്തെ യൂത്ത് നേതാക്കള്‍ വാദിക്കുമ്പോള്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി മന്ത്രിമാരായ പട്ടം താണുപിള്ളയും ടി എം വര്‍ഗീസും സി കേശവനും കുമ്പളത്ത് ശങ്കുപിള്ളയുമെല്ലാം അധികാരസ്ഥാനത്തെത്തിയിട്ട് അഞ്ചില്‍ താഴെ വര്‍ഷങ്ങളെ ആയിരുന്നുവുള്ളൂവെന്ന് ഓര്‍ക്കണം.

ആ ചരിത്രത്തില്‍ ഊറ്റം കൊള്ളുന്ന യൂത്ത് കോണ്‍ഗ്രസ് കെ എം മാണി പൊതുജീവിതത്തിലെ ധാര്‍മികത സംരക്ഷിക്കാന്‍ രാജിവയ്ക്കണമെന്ന പി സി ജോര്‍ജിന്റെ പ്രസ്താവനയ്ക്കും നിലപാടിനും പിന്തുണ നല്‍കുക തന്നെ വേണം. കാരണം, സ്വന്തം പാര്‍ട്ടിയിലും ഭരണത്തിലും തിരുത്തല്‍ ശക്തിയായി നില്‍ക്കേണ്ടവരാണ് യൂത്ത് കോണ്‍ഗ്രസുകാര്‍.

സുഹൃത്തുക്കളെ, എന്നാണ്, മുഖസ്തുതിയുടെയും വ്യക്തിപൂജയുടെയും രാഷ്ട്രീയം നമുക്ക് അവസാനിപ്പിക്കാന്‍ സാധിക്കുന്നത്? 

പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെയുള്ള തെരഞ്ഞെടുപ്പാണ് രാഷ്ട്രീയം എന്ന തെറ്റായ ബോധ്യത്തില്‍ നിന്ന് എന്നാണ് നമ്മള്‍ മുക്തരാവുന്നത്?

ആദിവാസിയുടെയും ദളിതന്റെയും മത്സ്യത്തൊഴിലാളിയുടെയും കര്‍ഷകത്തൊഴിലാളിയുടെയും പ്രശ്‌നങ്ങള്‍, കുടിയിറക്കപ്പെടലിന് വിധേയരാവുന്നവരുടെ വേദനകള്‍, നീതി നിഷേധിക്കപ്പെടുന്നവന്റെ ദൈന്യത, മാലിന്യ നിര്‍മാര്‍ജ്ജനം,പരിസ്ഥിതി സംരക്ഷണം, ജലസംരക്ഷണം ഇതെല്ലാം കേവലം എന്‍ജിഒ വിഷയങ്ങളല്ല, നമ്മളേറ്റെടുക്കേണ്ട അടിസ്ഥാന വിഷയങ്ങളാണെന്ന് എന്നാണ് നമ്മള്‍ തിരിച്ചറിയുന്നത്?

തൂവെള്ള വസ്ത്രമടക്കമുള്ള ‘ഏകത’ ചിഹ്നങ്ങളില്‍ നിന്ന് എന്നാണ് നമ്മുടെ പൊളിറ്റിക്കല്‍ ഐഡിന്റിറ്റിയെ നമുക്ക് വളര്‍ത്താന്‍ കഴിയുന്നത്? 

എന്നാണ്, ജനവികാരം എതിരാണെന്ന് ബോധ്യമാവുന്ന നിമിഷം ഒരു ഭരണാധികാരിയോട് ‘ മാറി നില്‍ക്കൂ’ എന്നുപറയാനുള്ള ആര്‍ജ്ജവം നമുക്ക് ലഭിക്കുന്നത്?

(യൂത്ത് കോണ്‍ഗ്രസ്  സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

This post was last modified on March 30, 2015 9:23 am