X

രാഷ്ട്രീയ പ്രതിസന്ധി ജിഎസ് ടി നടപ്പാക്കലിനെ സംശയത്തിലാക്കുമ്പോള്‍

ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ബന്ധം തകര്‍ച്ചയുടെ വക്കില്‍

ബിഭൂദത്ത പ്രധാന്‍

പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം രാഷ്ട്രീയ കീറാമുട്ടികളില്‍ തട്ടിപ്പിരിഞ്ഞതോടെ നിര്‍ണായകമായ വില്‍പ്പന നികുതി പരിഷ്കാരം (ജിഎസ്ടി) നടപ്പാക്കുന്നത് വൈകിയേക്കും. നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ പ്രതിപക്ഷം സര്‍ക്കാരുമായി ഏറ്റുമുട്ടല്‍ പാതയിലായതോടെ ഈ തര്‍ക്കസാധ്യതയുള്ള വിഷയം പുതുവര്‍ഷത്തിലേക്ക് കടന്നിരിക്കുന്നു.

നോട്ട് പിന്‍വലിക്കല്‍ വിഷയത്തിലെ തര്‍ക്കത്തില്‍ ഭരണ, പ്രതിപക്ഷ കക്ഷികള്‍ പരസ്പരം ബഹളം കൂട്ടി പാര്‍ലമെന്റ് സ്തംഭിപ്പിച്ചതോടെയാണ് ദേശീയ വില്‍പ്പന നികുതിയിലെ ഉപനിയമനിര്‍മ്മാണം നിന്നുപോയത്.

പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് ഏപ്രില്‍ 1-നു ചരക്ക്, സേവന നികുതി നടപ്പാക്കും എന്ന വാഗ്ദാനം പാലിക്കാനാകില്ല എന്ന സൂചനയാണിത് നല്‍കുന്നത്. ഇത് 2019-ലെ ദേശീയ തെരഞ്ഞെടുപ്പിന് മുമ്പ് നിര്‍ണായകമായ അഞ്ചു സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ മോദിയുടെ വിശ്വാസ്യതയെ ബാധിക്കും.

ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുള്ള കാശ് ക്ഷാമം 50 ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന തന്റെ വാഗ്ദാനം പാലിക്കേണ്ട ഭാരിച്ച വെല്ലുവിളിയും അദ്ദേഹം നേരിടുന്നുണ്ട്. ഡിസംബര്‍ 30 എന്ന ആ വാഗ്ദത്ത ദിനത്തിന് വെറും 15 ദിവസത്തില്‍ക്കുറവ്  മാത്രം ശേഷിക്കേ, രാജ്യത്താകെ ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും പുറത്തു വരികള്‍ നീണ്ടുകൊണ്ടേയിരിക്കുകയാണ്.

നോട്ട് അച്ചടിക്കാനുള്ള പരിമിത ശേഷിയും സാവധാനത്തിലുള്ള വിതരണവും കൂടുമ്പോള്‍ നോട്ട് പിന്‍വലിക്കലിന്റെ പേടിസ്വപ്നങ്ങള്‍ അടുത്ത വര്‍ഷത്തേക്കും നീളാനാണ് സാധ്യത. രാഷ്ട്രീയ തര്‍ക്കങ്ങള്‍ തുടരുന്നതോടെ പരിഷ്കരണങ്ങള്‍ക്കുള്ള മോദിയുടെ ശേഷി കുറയും.

“അടുത്ത 6-9 മാസത്തേക്ക് കാര്യമായ എന്തെങ്കിലും പരിഷ്കരണങ്ങള്‍ പ്രഖ്യാപിക്കാനുള്ള സാധ്യത വളരെക്കുറവാണ്,” സിംഗപ്പൂര്‍ ആസ്ഥാനമായ കാപ്പിറ്റല്‍ എക്കണോമിക്സ് ലിമിറ്റഡിലെ സാമ്പത്തിക വിദഗ്ധന്‍ ഷിലാന്‍ ഷാ പറഞ്ഞു. “ തങ്ങളുടെ സമയപരിധിയെക്കുറിച്ചും സര്‍ക്കാരിന് അത് നേരിടാനുള്ള ശേഷിക്കുറവിനെക്കുറിച്ചും നിക്ഷേപകര്‍ക്ക് യാഥാര്‍ത്ഥ്യബോധമുണ്ട്.” അത് മോദിയിലുള്ള “വിശ്വാസം പൊടുന്നനെ ഇല്ലാതാക്കില്ല എന്നാണെനിക്ക് തോന്നുന്നത്.”

നവംബര്‍ 16-നു തുടങ്ങിയ പാര്‍ലമെന്റ് ശീതകാലസമ്മേളനത്തില്‍ പ്രതിപക്ഷം നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കുകയും സഭാനാടപടികള്‍ തുടര്‍ച്ചയായി തടസ്സപ്പെടുകയും ചെയ്തു.

2010-ലെ ശീതകാല സമ്മേളനത്തിന് ശേഷം തീര്‍ത്തും സ്തംഭിച്ച പാര്‍ലമെന്റ് സമ്മേളനമായിരുന്നു ഇത്തവണത്തേതെന്ന് ന്യൂഡല്‍ഹി ആസ്ഥാനമായ പിആര്‍എസ് നിയമനിര്‍മ്മാണ ഗവേഷണ സംഘം പറയുന്നു. ലഭ്യമായ സമയത്തിന്റെ 20 ശതമാനം മാത്രമാണു ചര്‍ച്ച നടന്നത്.

പ്രധാനമന്ത്രിയുടെ “വ്യക്തിപരമായ അഴിമതി”യെക്കുറിച്ച് തന്റെ പക്കല്‍ വിവരങ്ങളുണ്ടെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞത് ഭരണ-പ്രതിപക്ഷ പോരിനെ ബുധനാഴ്ച്ച ഒന്നുകൂടി മൂര്‍ച്ഛിപ്പിച്ചു. ആരോപണങ്ങള്‍ പാര്‍ലമെന്റില്‍ വെക്കാന്‍ താന്‍ ആഗ്രഹിക്കുന്നെന്നും എന്നാല്‍ തന്നെ അതിനനുവദിക്കുന്നില്ലെന്നും  രാഹുല്‍ ഗാന്ധി പറഞ്ഞു. എന്നാല്‍ ‘അടിസ്ഥാനരഹിതമായ ആരോപണം’ എന്നുപറഞ്ഞു ബിജെപി ഇതിനെ തള്ളിക്കളഞ്ഞു.

ബജറ്റ് സമ്മേളനത്തിന് പാര്‍ലമെന്റ് ജനുവരി അവസാനവാരം കൂടുമെന്നാണ് കരുതുന്നത്. പക്ഷേ സര്‍ക്കാര്‍ ചരക്ക്, സേവന നികുതികള്‍ പിരിക്കേണ്ട അധികാരം വിതരണം ചെയ്യുന്നത് സംബന്ധിച്ചു അഭിപ്രായ സമന്വയം ഉണ്ടാക്കുകയും അനുബന്ധ നിയമങ്ങള്‍ അടുത്ത കുറച്ചാഴ്ച്ചകള്‍ക്കുള്ളില്‍ അംഗീകരിക്കുകയും ചെയ്തില്ലെങ്കില്‍ ഏപ്രില്‍ 1 എന്ന സമയപരിധി പാലിക്കാന്‍ കഴിയില്ല.

ചരക്ക്,സേവന നികുതി നിയമം നടപ്പാക്കാന്‍ കാലതാമസം വരുത്തില്ലെന്നും സമയപരിധി കാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ധനമന്ത്രാലയം പറയുന്നുണ്ട്. ഡിസംബര്‍ 22, 23 തിയതികളില്‍ ചേരുന്ന ജിഎസ് ടി സമിതി കരട് നിയമം സംബന്ധിച്ച വിഷയങ്ങള്‍ പരിഗണിക്കുമെന്ന് മന്ത്രാലയം ഒരു പ്രസ്താവനയില്‍ പറഞ്ഞു.

“മോദി രാഷ്ട്രീയ മേല്‍ക്കൈ വീണ്ടെടുക്കാനുള്ള ശ്രമമാണ്, പ്രതിപക്ഷമാകട്ടെ ഇതില്‍ ഒരവസരം കണ്ടിരിക്കുന്നു. ഇരുകൂട്ടരും തമ്മിലെ ബന്ധം പൊട്ടിത്തകരുന്നതിന്റെ വക്കിലാണ്,” രാഷ്ട്രീയ നിരീക്ഷകന്‍ അജോയ് ബോസ് പറഞ്ഞു. “ജിഎസ് ടിയും രാജ്യത്തിന്റെ സമ്പദ് രംഗവുമാണ് ഇതിന്റെ അപായങ്ങള്‍ നേരിടുന്നത്. ഇന്ത്യക്കിത് കഷ്ടകാലമാണ്.”

This post was last modified on December 18, 2016 10:48 am