X

കര്‍ണാടകത്തില്‍ പെട്ടത് വിമതന്മാര്‍; മന്ത്രിസ്ഥാനവുമില്ല, നിയമസഭാംഗത്വവും പോയി, ഇനി പ്രതീക്ഷ സുപ്രീം കോടതിയില്‍

106 അംഗങ്ങളുടെ പിന്തുണ ഉണ്ടെന്നാണ് ബിജെപിയുടെ അവകാശവാദം

കര്‍ണാടകയില്‍ ഒരു മാസത്തോളം നീണ്ടുനിന്ന രാഷ്ട്രീയ നാടകത്തില്‍ ആര്‍ക്കാണ് ഏറ്റവും നഷ്ടം? ഒരര്‍ത്ഥത്തില്‍ ഏറ്റവും നഷ്ടം എച്ച്.ഡി കുമാരസ്വാമിയുടെ സര്‍ക്കാരിനാണ്. കോണ്‍ഗ്രസ്- ജനതാദള്‍ (എസ്) സര്‍ക്കാരിന് രാജിവെക്കേണ്ടിവന്നു. എന്നാല്‍ ഇതിന് കാരണക്കാരായ കോണ്‍ഗ്രസിലെയും ജെഡി(എസി)ലെയും വിമതര്‍ യഥാര്‍ത്ഥത്തില്‍ ഒരു ബിജെപി സര്‍ക്കാരിന് വേണ്ടി രക്തസാക്ഷികളാകുകയായിരുന്നു. സ്പീക്കര്‍ അയോഗ്യരാക്കിയതോടെ ഇവരുടെ നിയമസഭാംഗത്വവും പോയി, ബിജെപി മന്ത്രിസഭയില്‍ അംഗമാകാനും പറ്റില്ല. മൊത്തം 17 പേരെ അയോഗ്യരാക്കിയ സ്പീക്കറുടെ തീരുമാനം ഇനി സുപ്രീം കോടതി അസാധുാവാക്കിയാല്‍ മാത്രമാണ് ഈ നിയമസഭാ കാലത്ത് അവര്‍ക്ക് എന്തെങ്കിലും പ്രതീക്ഷയുള്ളത്.

വിശ്വാസ വോട്ട് തേടുന്നതിന് ഒരു ദിവസം മുമ്പാണ് സ്പീക്കര്‍ നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചത്. ഇതനുസരിച്ച് ഇന്ന് 14 വിമത എംഎല്‍എമാരെയാണ് സ്പീക്കര്‍ രമേഷ്‌കുമാര്‍ അയോഗ്യരാക്കിയത്. ഇതോടെ ഇവര്‍ക്ക് ഇനി നിയമസഭയുടെ കാലാവധി കഴിയും വരെ അയോഗ്യതയുണ്ടാകും. അടുത്ത തെരഞ്ഞെടുപ്പില്‍ മാത്രമാണ് മത്സരിക്കാന്‍ കഴിയുക. ഇതോടെ സര്‍ക്കാരിനെ മറിച്ചിട്ടുവെന്നല്ലാതെ അതിന്റെ ഗുണം മന്ത്രിസ്ഥാനമായും മറ്റും അനുഭവിക്കാനുള്ള യോഗം ഈ വിമത എംഎല്‍എമാര്‍ക്കുണ്ടാകില്ല. എംഎല്‍എ സ്ഥാനവും പോയി, മന്ത്രിസ്ഥാനം കിട്ടിയതുമില്ല എന്ന അവസ്ഥയിലാണ് ഇപ്പോള്‍ എംഎല്‍എമാര്‍.

നാളെ വിശ്വാസ വോട്ട് നേടുകയാണെങ്കില്‍ ബിഎസ് യെദിയൂരപ്പയ്ക്ക് ഇത് ഒരു കണക്കിന് ആശാസമാകും. കാരണം ഈ വിമതരില്‍ ആരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന കാര്യത്തില്‍ തലപുകയ്‌ക്കേണ്ട കാര്യമില്ല. തന്നെ പിന്തുണയക്കുന്ന സ്വതന്ത്രരെ ഉള്‍പ്പെടുത്തി ഭരണം തുടരാന്‍ യെദിയൂരപ്പയ്ക്ക് സാധിക്കേണ്ടതാണ്. മറ്റ് അത്ഭുതങ്ങളും കൂറുമാറ്റവും നടക്കുന്നതുവരെ.

Also Read: ഭൂരിപക്ഷമുറപ്പിച്ചിട്ടും യെദിയൂരപ്പയ്ക്ക് തലവേദന ഒഴിയുന്നില്ല; നാളത്തെ വിശ്വാസവോട്ടില്‍ അനിശ്ചിതത്വം വര്‍ദ്ധിപ്പിച്ച് എംഎല്‍എമാരെ അയോഗ്യരാക്കി സ്പീക്കര്‍

17 പേരെയാണ് ഇതിനകം സ്പീക്കര്‍ അയോഗ്യരാക്കിയത്. ഇതോടെ കര്‍ണാടക സഭയുടെ അംഗസംഖ്യ 207 ആയി. 104 പേരുടെ പിന്തുണയാണ് വിശ്വാസ വോട്ട് നേടാന്‍ വേണ്ടത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ 105 പേരുടെ പിന്തുണ ബിജെപിയ്ക്ക് ഉണ്ടെന്നാണ് കണക്കാക്കുന്നത്.

കോടതിയുടെ ഇടപെടലില്‍ മാത്രമാണ് വിമതരുടെ ഇനിയുള്ള പ്രതീക്ഷ. കഴിഞ്ഞ ദിവസം അയോഗ്യരാക്കപ്പെട്ടവര്‍ ഇതിനകം സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഇപ്പോള്‍ അയോഗ്യരാക്കപ്പെട്ടവരും കോടതിയെ സമീപിക്കുമെന്ന കാര്യം ഉറപ്പാണ്. കോടതി ഉത്തരവ് അനുകൂലമായി ഉണ്ടായാല്‍ മാത്രമെ അയോഗ്യരാക്കപ്പെട്ടവര്‍ക്ക് ഇനി ഈ സഭയുടെ കാലവധിയില്‍ സഭാ പ്രവേശനം സാധ്യമാകു. അത്തരത്തില്‍ ഒരു ഇടപെടല്‍ സുപ്രീം കോടതി നടത്തുമോ എന്നത് തള്ളിക്കളയാന്‍ കഴിയില്ല. കാരണം കൂറുമാറ്റ നിരോധന നിയമപ്രകാരം നിയമസഭാംഗങ്ങളെ അയോഗ്യരാക്കാനുള്ള പൂര്‍ണ അവകാശം സ്പീക്കര്‍ക്കാണെങ്കിലും ഇക്കാര്യം കോടതിയില്‍ ചോദ്യം ചെയ്യാമെന്ന് പിന്നീട് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. പക്ഷേ കുമാരസ്വാമി സര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പിന് തൊട്ടു മുമ്പ് എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ക്ക് യുക്തമായ തീരുമാനമെടുക്കാമെന്നും സുപ്രീം കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു.

എന്തായാലും നാലാം തവണയും മുഖ്യമന്ത്രിയായ യെദിയൂരപ്പയ്ക്ക് ഒരു അംഗത്തിന്റെ ഭൂരിപക്ഷത്തിലാവും ഭരണം നടത്തേണ്ടിവരിക. ഇത് ഉണ്ടാക്കുന്ന അനിശ്ചിതത്തിലാവും കര്‍ണാടകയിലെ ഇനി മൂന്നര വര്‍ഷത്തോളമുളള രാഷ്ട്രീയം. അതിനിടയില്‍ വീണ്ടും മാറ്റങ്ങള്‍ക്കുമുള്ള സാധ്യതയും ഇപ്പോഴത്തെ സാഹചര്യം അവശേഷിപ്പിക്കുന്നു

Also Read: കര്‍ണാടകയില്‍ 14 എംഎല്‍എമാരെ കൂടി സ്പീക്കര്‍ അയോഗ്യരാക്കി

This post was last modified on July 28, 2019 6:24 pm

Related Post
Leave a Comment