X

മുസ്ലീം സ്ത്രീ കവര്‍ചിത്രമായാല്‍ അതെങ്ങനെ ഐ എസ് ബന്ധമാകും?

നിധിന്‍ നാഥ്

കഴിഞ്ഞ വര്‍ഷം ഈ സമയത്ത് പോണ്ടിച്ചേരി സര്‍വകലാശാല വാര്‍ത്തകളില്‍ ഇടം നേടിയത് വിദ്യാര്‍ത്ഥി സമൂഹത്തിന്റെ ജനാധിപത്യ പ്രക്ഷോഭത്തിലൂടെയായിരുന്നു. എന്നാല്‍ ഇത്തവണയത് ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന നിലപാടിനാലാകുന്നത് വിരോധാഭാസമാകാം. സര്‍വകലാശാലയുടെ ചരിത്രത്തിലെ ആദ്യ വിദ്യാര്‍ത്ഥി യൂണിയന്റെ മാഗസിനാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ WIDERSTAND. ഹിറ്റ്‌ലറുടെ ഭരണകാലത്ത് ജര്‍മനിയിലെ ജനാധിപത്യ വിശ്വാസികള്‍ പുറത്തിറക്കിയിരുന്ന മാസികയായിരുന്നു വൈഡര്‍സ്റ്റാന്റ്; പ്രതിരോധം എന്നാണ് ഇതിന്റെ അര്‍ത്ഥം.ഇന്ത്യയുടെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഈ പേരിന് വലിയ പ്രസക്തിയുണ്ട്.

ഇസ്രയേല്‍ സൈന്യം പ്രയോഗിച്ച ടിയര്‍ ഗ്യാസ് ഗ്രനേഡുകള്‍ കൊണ്ട് പൂന്തോട്ടമുണ്ടാക്കിയ ഒരു പാലസ്തീനിയന്‍ സ്ത്രീയുണ്ട്. അവരുടെ ചിത്രമാണ് മാഗസിന്റെ കവര്‍ ചിത്രം. ലോകത്താകമാനമുള്ള നിസഹായരായ മനുഷ്യരുടെ ചെറുത്തുനില്‍പ്പുകളുടെ പ്രതീകമാണവര്‍. ആഗോളത്തില്‍ ഉയര്‍ന്നു വരുന്ന ചെറുത്തുനില്‍പ്പുകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് വിദ്യാര്‍ത്ഥി യൂണിയന്‍ മാഗസിന്‍ തയ്യാറാക്കിയത്. ഇതു പുറത്തിറക്കിയ ദിവസം മുതല്‍ സംഘപരിവാര്‍ അനൂകൂല സംഘടനകള്‍ വലിയ പ്രതിഷേധമാണ് മാഗസിനെതിരെ ഉയര്‍ത്തുന്നത്. മാഗസിന്‍ കത്തിച്ചാണ് ബിജെപി പ്രതിഷേധിച്ചത്. സംഘപരിവാറിന്റെ വിദ്യാര്‍ത്ഥി സംഘടന മാഗസിന്റെ മുഖചിത്രം ഐ എസ്സിന്റെ പോണ്ടിച്ചേരിയിലേക്കുള്ള കടന്ന് വരവായാണ് ചിത്രീകരിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ചെറുത്ത് നില്‍പ്പായി വിലയിരുത്തപ്പെടേണ്ട ഒരു ചിത്രത്തിനുമേല്‍, അതിലൊരു മുസ്ലിം സ്ത്രീ ഉണ്ടെന്ന പേരില്‍ തീവ്രവാദ ബന്ധം ആരോപിക്കപ്പെടുകയാണ്. 

സംഘപരിവാര്‍ ആശയത്തിന് എതിരാണെന്നതിനാല്‍ മാഗസിന് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയാണ് സര്‍വകലാശാല അധികൃതര്‍ തങ്ങളുടെ യജമാന സ്‌നേഹം പ്രകടിപ്പിച്ചത്. സവര്‍ണ മനോഭാവത്തിന് കുപ്രസിദ്ധമായ പോണ്ടിച്ചേരി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ആയിരുന്ന ചന്ദ്ര കൃഷ്ണമൂര്‍ത്തിയെ മാറ്റിയതുകൊണ്ടൊന്നും സര്‍വകലാശാലയുടെ മനോഭാവത്തില്‍ മാറ്റം സംഭവിച്ചിട്ടില്ലെന്ന് വീണ്ടും തെളിയിക്കുകയാണ്. പോണ്ടിച്ചേരിയിലെ ഇസ്ലാംവത്കരണമെന്ന സംഘപരിവാര്‍ ആരോപണത്തെ തുടര്‍ന്ന് അന്വേഷണം പ്രഖ്യാപിച്ച അധികാരികള്‍ ഇപ്പോഴും തങ്ങളുടെ സവര്‍ണ മനോഭാവം മാഗസിന്‍ വിഷയത്തിലും പ്രകടിപ്പിക്കുകയാണ്.

ഫാസിസ്റ്റ് വിരുദ്ധ പ്രക്ഷോഭങ്ങളും ദളിത് വിഷയങ്ങളും ഉള്‍പ്പെടുത്തിയെന്നതാണ് മാഗസിന് അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്താന്‍ അധികാരികളെ പ്രേരിപ്പിച്ചത്. 

‘ദളിതര്‍ അഗ്നിക്കിരയാക്കിക്കൊണ്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങളെ കാവിവത്കരിച്ചുകൊണ്ട് നമ്മുടെ ജനാധിപത്യ രാജ്യം ഒരു ഫാസിസ്റ്റ് രാജ്യമായി മാറിയിട്ട് ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു.’
‘ആത്യന്തികമായി പരമാധികാരികളായിട്ടുള്ള ജനങ്ങളില്‍ നിന്നുള്ള പ്രക്ഷോഭ പരമ്പരകള്‍ക്കാണ് ഇപ്പോള്‍ രാജ്യം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.’
‘വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അങ്ങേയറ്റം ദുരിത പൂര്‍ണമായിരിക്കുന്നു, വിദ്യാര്‍ത്ഥികള്‍ തെരുവുകളിലേയ്ക്ക് വലിച്ചെറിയപ്പെട്ടിരിക്കുന്നു.’
‘ഈ കഥ ഇവിടം കൊണ്ടവസാനിക്കുന്നേയില്ല. അധികാരിവര്‍ഗ്ഗത്തിനെതിരെ വിമര്‍ശനാത്മക കലാപമായി അത് മാറിക്കൊണ്ടിരിക്കുന്നു.’
‘ഇത്തരമൊരു സാഹചര്യത്തില്‍ ഞങ്ങളുടെ ശബ്ദവും കേള്‍ക്കപ്പെടേണ്ടതുണ്ട്. ഞങ്ങളുടെ ചിന്തകളും പങ്കുവെയ്ക്കപ്പെടേണ്ടതുണ്ട്.’
‘നമുക്കു പാടാം; പ്രതിരോധത്തിന്റെ പാട്ടുകള്‍.
നമുക്കുറക്കെപ്പിടിക്കാം, സംസാരിക്കാനുള്ള സ്വാതന്ത്ര്യത്തെ’ – ഇന്ത്യയുടെ സാമൂഹിക അന്തരീക്ഷത്തെ ഇങ്ങനെയാണ് വൈഡര്‍സ്റ്റാന്‍ഡ് വരച്ചിടുന്നത്.

ഇത് സംഘപരിവാറിനെയും അവരുടെ ഭക്തസംഘങ്ങളെയും അസ്വസ്ഥരാക്കുന്നുവെങ്കില്‍ ഈ മാഗസിന്‍ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയം ശരിയെന്നാണ് തെളിയിക്കുന്നത്. രോഹിത് വെമുലയെ ഈ നാട്ടിലെ ജാതി വ്യവസ്ഥിതി കൊലപ്പെടുത്തിയതാണെന്ന സത്യം പറയുന്നത് മാഗസിന്‍ നിരോധിക്കാന്‍ തക്ക കുറ്റമായാണ് അവര്‍ കാണുന്നത്. തങ്ങള്‍ക്ക് എതിരെ സംസാരിക്കുന്നവരെ അധികാരം ഉപയോഗിച്ച് അടിച്ചമര്‍ത്തുന്ന നിരോധനങ്ങളുടെ രാഷ്ട്രീയ തന്ത്രമാണ് ഇവിടെ നടപ്പിലാക്കുന്നത്. 

ഞങ്ങള്‍ മാഗസിനിലൂടെ സമൂഹത്തില്‍ അരികുവത്കരിക്കപ്പെടവരെ പ്രതിനിധാനം ചെയ്യുന്നു. അത് രാജ്യദ്രോഹമാണെങ്കില്‍ ഞങ്ങളെല്ലാം രാജ്യദ്രോഹികളാണ്.

സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ ഓഫിസ് പൂട്ടിയിട്ടുപോലും വിദ്യാര്‍ത്ഥികളുടെ ജനാധിപത്യ അവകാശത്തെ ഹനിക്കുന്ന സര്‍വകലാശാല അധികാരികളോടും ഭരണകൂടത്തോടും പറയാനുള്ളത്, ഒരു വിദ്യാര്‍ത്ഥി ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ട വാക്കുകളാണ്;

നിങ്ങള്‍ പൂട്ടിയിട്ട മുരിക്കുള്ളില്‍ അടിച്ചമര്‍ത്തിയ ശബ്ദങ്ങളുണ്ട്…
ആ പൂട്ടിയിട്ട വാതിലിനപ്പുറം അഭിപ്രായങ്ങളും കഥകളും കവിതകളുമുണ്ട്…
രോഹിത് വെമുലയും, രതി ദേവിയും, പന്‍മെയ് തിയ്യേറ്ററും മറ്റ് പലതുമുണ്ട്…
ഈ വാതലിന് പിറകില്‍ സ്വാതന്ത്ര്യത്തിന്റയും പ്രതിരോധത്തിന്റയും കാല്‍പ്പനികതയുടെയും സ്‌നേഹത്തിന്റയും വേദനയുടെയും ചിന്തകളുണ്ട്…
ഒന്നോര്‍ക്കുക; വാക്കുകളെ പൂട്ടിയിടാന്‍ നിങ്ങള്‍ക്കാവില്ല…

(പോണ്ടിച്ചേരി സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിയാണ് നിധിന്‍ നാഥ്‌)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

This post was last modified on August 3, 2016 6:46 pm