X

പോണ്ടിച്ചേരി സര്‍വകലാശാല; സമരം അവസാനിക്കുന്നില്ല

അഞ്ജലി ഗംഗ

നിലനില്‍പ്പിനെ കുറിച്ച് പേടി തോന്നുമ്പോഴാണ് ചിലര്‍ പേടിപ്പിച്ചു തുടങ്ങുന്നത് എന്ന യക്ഷിയുടെ വാക്കുകള്‍ ഏറ്റവും അനുയോജ്യമായിരിക്കുക ഒരു പക്ഷെ പോണ്ടിച്ചേരി സര്‍വകലാശാലയിലെ സമരത്തിനായിരിക്കും. ആരവത്തോടെ അലയടിച്ചു വന്ന ഒരു കൂട്ടം വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ തലകുനിച്ചത് അരാജകത്വത്തിന്റെ അഹങ്കാരം പേറുന്ന ഒരു പറ്റം അരാഷ്ട്രീയവാദികള്‍ തന്നെയാണ്. എട്ടാം ദിവസം സമരം അവസാനിച്ചതോടെ എഴുത്ത് നിന്നിരുന്നു. വ്യക്തിപരമായി സമരമുഖത്തിലേക്ക് കൂടുതല്‍ ഇടപെട്ടതുകൊണ്ടാണിത്. അധികാരം നഷ്ടപ്പെടുമെന്നു കരുതുന്ന ഒരാള്‍ അത് നിലനിര്‍ത്താന്‍ വേണ്ടി കിണഞ്ഞു പരിശ്രമിക്കുകയാണ് ഇന്നിവിടെ. പലപ്പോഴും അറിവ് നുണയാന്‍ വരുന്ന വിദ്യാര്‍ഥികളെ ആശയപരമായി നേരിടാന്‍ കഴിയാതെ പോകുന്നുണ്ട് അധികാര ദുര്‍വിനിയോഗത്തിന്‍റെ കമനീയ കക്കൂസിലിരിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട വിസിക്ക്.

അവര്‍ അവിടെ ആയുധമാക്കുന്നത് വികാരതീവ്രതയേറിയ പ്രാദേശിക വേര്‍തിരിവുകള്‍ കുത്തിനിറച്ചുകൊണ്ടാണ്. അതിനു കാലമിത്രയായിട്ടും ഇരയാകേണ്ടി വന്നത് ഫിസിക്കല്‍ എഡ്യൂകേഷന്‍ വിഭാഗത്തിലെ കുട്ടികളാണ് എന്നുള്ളതില്‍ ഒരു വിദ്യാര്‍ത്ഥിക്കും. സംശയം ഇല്ലാതില്ല. പെണ്‍കുട്ടികളുടെ നേര്‍ക്കുള്ള അതിക്രമങ്ങളിലും കാര്യമായി പങ്ക് വഹിക്കുന്നതും ഇവരാണ്.

കൃത്യമായി പറയുകയാണെങ്കില്‍ കാവ്യാ-വിദ്യാ പീഡനകേസ് തന്നെ. രാത്രിയില്‍ വരുന്ന പെണ്‍കുട്ടികളെ അസഭ്യം പറയുകയും കടന്നുപിടിക്കുകയും ചെയ്യാന്‍ പോന്നത്രയും സ്വാതന്ത്ര്യം ഇവര്‍ക്ക് സര്‍വകലാശാല തീറെഴുതിക്കൊടുത്തിട്ടുണ്ട്. പറഞ്ഞു വരുന്നത് അക്രമത്തിന്‍റെ തലങ്ങളെക്കുറിച്ചാണ്. അന്ന് കടന്നുകയറ്റം ഉണ്ടായെങ്കില്‍ അതില്‍മുഖം തിരിച്ചു നിന്നവരാണ് കൂടുതല്‍. തികച്ചും മലയാളി-തമിഴ് കുട്ടികളുടെ ആശയവിരുദ്ധതയാണ് ഇങ്ങനെ ഒരു പ്രശ്നത്തിന് വഴിവച്ചതെന്ന്‍ അധികാരികള്‍ക്ക് കോടതികളെ പോലും ധരിപ്പികാന്‍ മടിയുണ്ടായിരുന്നില്ല. അന്ന് എസ് എഫ് ഐ പോലെയുള്ള ഒരു വിദ്യാര്‍ത്ഥി സംഘടന ആ സമരത്തെ അനുകൂലിക്കാന്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ലക്ഷോപലക്ഷം അറിയപ്പെടാത്ത സ്ത്രീപീഡനങ്ങളിലെ പാണന്‍ പാട്ടായിട്ട് അതവശേഷിച്ചേനെ.

ഒരു പക്ഷെ കാലത്തിന്‍റെ കുത്തൊഴുക്കില്‍ അടക്കിവെച്ച വിദ്യാര്‍ത്ഥിരോക്ഷമത്രയും ഒരുമിച്ച് ഒഴുകിയെത്തുകയാണ് ഈ സമരത്തോടെ ഉണ്ടായത്. വടിവാളുകള്‍ ഏന്തി ഷര്‍ട്ടിന്റെ കോളറില്‍ ഇറുക്കിപിടിച്ചു കാതടപ്പിക്കുന്ന ഭാഷയില്‍ അസഭ്യം പറയുന്ന വില്ലത്തിയുടെ അനുയായികളുടെ വിളയാട്ടഭൂമിയാണ്‌ ഈ സര്‍വകലാശാല. ചലച്ചിത്രങ്ങളില്‍ കണ്ടു പഴകിയ ഇത്തരം അടിച്ചമര്‍ത്തലുകള്‍ ഇപ്പോള്‍ അത്ഭുതാവഹമായി തോന്നാറെയില്ല.

ആയുധങ്ങള്‍ ഏന്തി അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഇറങ്ങിയ കഥകള്‍ കേട്ടും ആവേശം കൊണ്ടും നടന്ന കാലമുണ്ടായിരുന്നു. പ്രാവര്‍ത്തികമാക്കാന്‍ എന്തുകൊണ്ട് സാധിക്കില്ല എന്ന തോന്നലുണ്ടായിരുന്നു. പക്ഷെ ആയുധങ്ങള്‍ കൊണ്ട് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന ആശയങ്ങളെ, വിപുലീകരിച്ച് മുന്നോട്ടു കൊണ്ടുപോകുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി എന്ന് ഇപ്പോള്‍ തോന്നുന്നു. ആക്രമണങ്ങള്‍ ചിലപ്പോള്‍ പ്രേരിതമാണെന്നും മറിച്ച് ഭീതിപ്പെടുത്തുന്നതാണെന്നും എന്ന വാദഗതികളാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്.

ഗാന്ധിയന്‍ സമര മാര്‍ഗമായി ചിത്രീകരിക്കപ്പെടുന്ന നിരാഹാരസമര രീതിയില്‍ ഞാനടക്കം ഏകദേശം 45 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുകയുണ്ടായി. ലഭിച്ച പിന്തുണയും കൈത്താങ്ങും ഒക്കെ പ്രഹസനമായിരുന്നോ എന്ന് തോന്നിപ്പോയി. ആയിരത്തില്‍പരം വിദ്യാര്‍ത്ഥികള്‍ സമ്മേളിച്ച സമരമുഖങ്ങളില്‍ അന്ന് നിഴലിച്ചു കണ്ടത് നൂറുകളുടെ ഗുണനങ്ങള്‍ മാത്രമായിരുന്നു.

പോണ്ടിച്ചേരി വിദ്യാര്‍ത്ഥി സമരം; അകന്നു നിന്നവരും ഒപ്പം ചേരുമ്പോള്‍
ഈ സമരം കാണാതിരുന്നുകൂടാ; പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നടക്കുന്നത്
പോണ്ടിച്ചേരി സര്‍വകലാശാലയില്‍ തുഗ്ലക്ക് ഭരണം
ജനാധിപത്യവിശ്വാസികളോട്: പോണ്ടിച്ചേരിയിലെ വിദ്യാര്‍ഥികള്‍ക്ക് പിന്തുണ വേണ്ടതുണ്ട്

അറിവിന്‍റെ പത്തായപ്പുരകള്‍ ഞങ്ങള്‍ കവരുമെന്ന് ആവേശഭരിതരായി വിളിച്ചു നടന്നിട്ടുണ്ട്. അങ്ങിനെ 12 മണിക്കൂര്‍ മാത്രം പ്രവര്‍ത്തിക്കുന്ന വായനശാല കൈയ്യേറിയപ്പോള്‍ അതെ ചേതോവികാരമാണ് ഉള്‍ത്തടത്തില്‍ സ്പന്ദിച്ചത്.

നിരാഹാര സമരങ്ങളില്‍ പാടിയ നാടന്‍പാട്ടുകളും വിപ്ലവഗാനങ്ങളും വഴിവെച്ചത് അന്തമില്ലാത്ത കുറെയേറെ സൗഹൃദങ്ങള്‍ക്കാണ്. വ്യത്യസ്ത ആശയത്തില്‍ വിശ്വസിക്കുന്ന ഞങ്ങളില്‍ പലരും ഒരേ തീരുമാനങ്ങളില്‍ തലകുലുക്കി അംഗീകരിച്ച നയങ്ങള്‍ ഇവിടെ ഉണ്ടായി എന്ന് പറയുമ്പോള്‍ തന്നെ ഇവിടെ രൂപീകരിക്കപ്പെട്ട ആശയസമ്പര്‍ക്കത്തിന്‍റെ കൂട്ടിമുട്ടലുകള്‍ വളരെ വലുതാണെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.

കേന്ദ്ര മാനവിക വികസന വകുപ്പിന്‍റെ നിര്‍ദേശപ്രകാരം 6 ദിവസത്തെ നിര്‍ബന്ധ അവധിയില്‍ പ്രവേശിക്കാന്‍ പറഞ്ഞതോടെ ചെറിയ വിജയത്തില്‍ കണ്ണ് മഞ്ഞളിച്ചു പോയ ഒരു പറ്റം വ്യക്തിത്വങ്ങളാണ് ഇവിടെ ഇപ്പോള്‍ ഉള്ളത്. യോഗ്യതയില്ലാത്ത ഒരു വ്യക്തിയെ പുറത്താക്കുക എന്നത് അത്യന്താപേക്ഷിതമാണ് എന്നിരുന്നാല്‍ കൂടിയും ബാക്കിയുള്ള പ്രശ്നങ്ങള്‍ക്ക് കാര്യകാരണ സഹിതം ഉപാധികള്‍ ഉണ്ടാക്കുക എന്നതും ഈ സമരത്തിലൂടെ മുന്നോട്ട് കൊണ്ടുവന്ന തീരുമാനമാണ്. പെണ്‍കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടി ഒരു കമ്മിറ്റിയോ അല്ലെങ്കില്‍ കൂട്ടായ്മയോ വേണമെന്ന് ശക്തമായി അവശ്യപ്പെടേണ്ടതുണ്ട്. രാത്രികള്‍ സ്ത്രീകള്‍ക്ക് അന്യമായി നിലനില്‍ക്കുന്ന സ്ഥിതിവിശേഷങ്ങളില്‍ നിന്നും “ഇരുട്ട് നുണയാമെടികളെ” എന്നതിലേക്ക് മാറേണ്ട കാലം അതിക്രമിച്ചു..

ചിലര്‍ സമരമുഖത്ത്‌ വെല്ലുവിളികളെയും ഭീഷണികളെയും വകവെയ്ക്കാതെ ഇറങ്ങിപുറപ്പെട്ടിട്ടുണ്ടായിരുന്നു. അവരെ തിരഞ്ഞുപിടിച്ച് തല്ലുക എന്നതാണ് ഇപ്പോള്‍ വിസി അനുയായികളുടെ പ്രധാനപ്പെട്ട വിനോദം. മുന്‍പില്‍ നിന്നിരുന്ന വകുപ്പുകള്‍ക്ക് നേരെ വലിയ തോതിലുള്ള ആക്രമണങ്ങള്‍ ആണ് അഴിച്ചു വിടുന്നത്. അധ്യാപകരെയും വിദ്യാര്‍ഥികളെയും കൈയേറ്റം ചെയ്യുന്നതിലൂടെ ഉണ്ട ചോറിനു ഞങ്ങള്‍ നന്ദി കാണിക്കണ്ടേയെന്ന ചോദ്യമാണ് അവര്‍ ഞങ്ങള്‍ക്ക് മുന്നിലേക്ക് എറിഞ്ഞിടുന്നത്? പങ്കുപറ്റിയവരും ഇനി പങ്കുപറ്റാന്‍ ഇരിക്കുന്നവരുടെയും സഹിഷ്ണുതയെ ചോദ്യം ചെയ്തുകൊണ്ടായിരുന്നല്ലോ ഞങ്ങള്‍ സമരമുഖതേക്ക് ഇറങ്ങിത്തിരിച്ചത്. വാര്‍ത്തകള്‍ക്ക് വേണ്ടി മാധ്യമങ്ങള്‍ നിലനില്‍ക്കുന്ന കാലത്തില്‍ നിന്നും മാധ്യമങ്ങള്‍ക്ക് വേണ്ടി വാര്‍ത്തകള്‍ നിലനില്‍ക്കുമ്പോള്‍ നിസ്സഹാരായി പോകുകയാണ് ഞങ്ങള്‍. ചോരചീന്തിച്ചു അവസാനിപ്പിക്കുവാന്‍ ആകുന്ന ഒരു സമരമാണോ എന്ന് ചോദ്യം ചെയ്യുപ്പെടുകയാണെങ്കില്‍ ചെറുത്തുനില്‍പ്പിന്റെ പുതിയ ഏടുകള്‍ തുറന്നുകൊണ്ട് ആകും ഞങ്ങളിനി സമരമുഖങ്ങളില്‍ പ്രത്യക്ഷപ്പെടുക. എന്‍റെ സുഹൃത്ത്‌ പറയാറുള്ളതുപോലെ “തോറ്റൂവെങ്കില്‍ തോറ്റൂ കാലം”. അതെ ഇനി ഒരടി ഞങ്ങള്‍ പതറിയെങ്കില്‍ അവിടെ തോല്‍ക്കുന്നത് ജനാധിപത്യ ആശയങ്ങളും സമര മുറകളും ആയിരിക്കും. അടിച്ചമര്‍ത്തലുകള്‍ക്ക് ആയുധത്തിന്‍റെ വേഷവിധാനം കൈവരുമ്പോള്‍ വാക്കുകള്‍ക്ക് അതിനെക്കാള്‍ മൂര്‍ച്ചയേറും എന്ന് കാലങ്ങള്‍ താണ്ടുമ്പോഴും അധികാരവര്‍ഗം വിശ്വസിക്കുന്നില്ല. പടവാളിനെക്കാള്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ കൊളുത്തിവിടുന്ന അഗ്നിയെ ചെറുക്കാന്‍ ഒരുപക്ഷെ ഇരുമ്പിന് ത്രാണി ഉണ്ടായി എന്ന് വരില്ല. അവിടെ ആശയങ്ങള്‍ക്ക് മാത്രമേ പ്രസക്തിയുണ്ടാകൂ. ആശയങ്ങളുടെ പോരാട്ടങ്ങള്‍ക്കൊടുവില്‍ വിജയം ഞങ്ങളുടെ ഭാഗത്ത് തന്നെയായിരിക്കും. കഴിഞ്ഞ ദിവസം സര്‍വകലാശാലയില്‍ അതിക്രമം ഉണ്ടായി എന്ന് അറിയിച്ചിട്ടുകൂടി മൗനം പാലിച്ച നീതിപാലകരോട് അന്ന് ഞങ്ങള്‍ക്ക് ചോദിക്കാന്‍ ഒരുപാട് ചോദ്യങ്ങള്‍ ഉണ്ടാകും.

തകര്‍ന്ന ചില്ലുകളും, ചെടിച്ചട്ടികളും, അതിക്രമങ്ങള്‍ പകര്‍ത്തിയെടുക്കാന്‍ ശ്രമിക്കവേ തച്ചുടച്ച ഫോണുകളും, ക്യാമറകളും ഒന്നും ഈ ആവേശത്തിനെ തളര്‍ത്തുകയില്ല. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ കുട്ടികളുടെ ആവേശം കാണേണ്ടത് തന്നെയാണ്. ചോര ഒഴുകി വീഴുന്നുണ്ടെങ്കില്‍ കൂടി നേര്‍ക്കുനേര്‍ നിന്ന് സംസാരിക്കാന്‍ അവര്‍ കാണിക്കുന്ന ആവേശത്തില്‍ ശരിക്കും കോള്‍മയിര്‍ കൊള്ളുന്നുണ്ട്.അടിച്ചമര്‍ത്തലുകളില്‍ നിന്ന് ആവേശംകൊണ്ടു ഞങ്ങള്‍ വീണ്ടും മുന്നേറുക തന്നെ ചെയ്യും. മുന്‍പും ഉണ്ടായിട്ടുണ്ട്. ഇനിയും ഉണ്ടാകും. പോരാട്ടങ്ങള്‍ തുടരുക തന്നെ ചെയ്യും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

(പോണ്ടിച്ചേരി സര്‍വകലാശാലയില്‍ പൊളിറ്റിക്‌സ്ആന്‍ഡ് ഇന്റര്‍നാഷണല്‍ വിഭാഗം വിദ്യാര്‍ത്ഥിനിയാണ്‌ അഞ്ജലി)


അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

This post was last modified on August 20, 2015 5:55 pm

Related Post
Leave a Comment