X

വിമാനത്തില്‍ നിന്നും മനുഷ്യമലം വീട്ടില്‍ വീണു; പരാതിയുമായി ഹരിത ട്രിബ്യൂണലില്‍

റിട്ടയേര്‍ഡ് ലെഫ്റ്റനന്റ് ജനറല്‍ സത്‌വന്ത് സിംഗ് ദാഹിയ കേന്ദ്ര ഹരിത ട്രിബ്യൂണലിനെ സമീപിച്ചത് കുറച്ച് വ്യത്യസ്തമായൊരു പരാതിയുമായിട്ടായിരുന്നു. ഇന്ദിരാഗാന്ധി അന്താരാഷ്്ട്ര വിമാനത്താവളത്തില്‍ നിന്നും പറന്നുയുര്‍ന്ന ഒരു യാത്രാവിമാനത്തില്‍ നിന്നും മനുഷ്യമലം ദക്ഷിണ ഡല്‍ഹിയിലുളള വസന്ത് എന്‍ക്ലേവ് റസിഡന്‍ഷ്യല്‍ മേഖലയിലെ ദാഹിയായുടെ വീട്ടില്‍ പതിച്ചിരിക്കുന്നു!

ജനങ്ങളുടെ ആരോഗ്യത്തിനു ഹാനികരമായവിധം നിരുത്തരവാദിത്വപരമായ കാര്യം സംഭവിച്ചതിന് വിമാനക്കമ്പനിക്കെതിരേ ക്രിമിനല്‍ നടപടി എടുക്കണമെന്നും വലിയ തുക പിഴ ചുമത്തണമെന്നുമാണ് ദാഹിയായുടെ ആവശ്യം. പ്രധാനമന്ത്രിയുടെ സ്വഛ്ഭാരത് അഭിയാന്റെ ലംഘനമാണ് വിമാനക്കമ്പനിയുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നതെന്നും ദാഹിയ ചൂണ്ടിക്കാണിക്കുന്നു.

ദാഹിയയുടെ പരാതി സ്വീകരിച്ചെങ്കിലും തെളിവായി ഒന്നും ഹാജരാക്കാതിരുന്നതിനാല്‍ ഹരിത ട്രിബ്യൂണല്‍ കേന്ദ്ര മലിനീകരണ നിയന്ത്രണബോര്‍ഡിനോട് പരാതിക്കാരന്റെ വീട്ടില്‍ ഒരു മുതിര്‍ന്ന പരിസ്ഥിതി എഞ്ചിനീയറെ അയച്ച് പരിശോധന നടത്താനാണ് ആദ്യം ഉത്തരവിട്ടിരിക്കുന്നത്. ദാഹിയായുടെ വീടിന്റെ ചുവരുകളില്‍ നിന്നും മനുഷ്യമലത്തിന്റെ അംശം കിട്ടുകയാണെങ്കില്‍ അത് ശേഖരിച്ച് പരിശോധിച്ചശേഷം റിപ്പോര്‍ട്ട് ട്രിബ്യൂണലിന്റെ മുന്നില്‍ ഹാജരാക്കണമെന്നും ഉത്തരവിലുണ്ട്.

ഈ പരാതിയിന്‍മേല്‍ ഹരിത ട്രിബ്യൂണല്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റീസ് സ്വതന്തര്‍ കുമാര്‍ വനം-പരിസ്ഥിതി മന്ത്രാലയത്തിനും സിവില്‍ ഏവിയേഷനും വിശദീകരണം ചോദിച്ച് നോട്ടീസ് അയച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി ലഭിക്കണമെന്നാണ് നിര്‍ദേശം.

വിമാനങ്ങളിലെ ടോയ്‌ലെറ്റുകളില്‍ തയ്യാറാക്കിയിരിക്കുന്ന പ്രത്യേക ടാങ്കിലാണ് മനുഷ്യവിസര്‍ജം ശേഖരിക്കുന്നത്. വിമാനം ലാന്‍ഡ് ചെയ്തശേഷം ഗ്രൗണ്ട് സ്റ്റാഫില്‍ പെട്ടവരാണ് ഇതു നീക്കം ചെയ്യുക. എന്നാല്‍ ചിലപ്പോള്‍ വിമാനത്തിന്റെ യാത്രാസമയത്ത് ഈ ടാങ്കുകളില്‍ ലീക്ക് അനുഭവപ്പെടാം. ഇങ്ങനെ ഇതിനു മുമ്പും സംഭവിച്ചിട്ടുണ്ടെന്നും വ്യോമയാന ഉദ്യോസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. ആളുകള്‍ക്ക് പരിക്കേറ്റ സംഭവങ്ങളുമുണ്ട്.

കൂടുതല്‍ വായിക്കുക; https://goo.gl/KIaCQw

 

This post was last modified on October 28, 2016 7:41 pm