UPDATES

പോസിറ്റീവ് സ്റ്റോറീസ്

സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ നന്നായി എഴുതി; എല്ലുകൾ പൊടിയുന്ന രോഗത്തെ തോല്‍പ്പിച്ച് ലത്തീഷ അന്‍സാരി

പഠന രംഗത്തെ മികവിനോടൊപ്പം തന്നെ സംഗീതരംഗത്തും ചിത്രരചന രംഗത്തും ലത്തീഷ മികവ് തെളിയിച്ചിട്ടുണ്ട്

പ്രതിസന്ധികളെ അതിജീവിച്ച് സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ നന്നായി എഴുതിയ ആത്മവിശ്വാസത്തിൽ ആണ് കോട്ടയം എരുമേലി സ്വദേശിനിയായ ലത്തീഷ അൻസാരി. ബ്രിട്ടിൽ ബോൺ അഥവാ ഓസ്റ്റിയോജനസിസ് ഇംപെർഫക്ട എന്ന അപൂർവ്വ രോഗവുമായി ജനിച്ച ലത്തീഷ ശ്വാസ തടസ്സം ഉണ്ടായാൽ ഉപയോഗിക്കാൻ ഓക്സിജൻ സിലിണ്ടർ കൈവശം വച്ചാണ് പരീക്ഷാഹാളിൽ എത്തിയത്.

എല്ലുകൾ പൊടിയുന്ന ബ്രിട്ടിൽ ബോൺ. കഴുത്തിന് കീഴ്പോട്ട് ഉള്ള എല്ലാ എല്ലുകളും ഒന്നും മുറുകെ പിടിച്ചാൽ തന്നെ പൊടിഞ്ഞു പോകും. ഈ അവസ്ഥയിലും ഒക്ടോബറിൽ നടക്കാനിരിക്കുന്ന സിവിൽ സർവീസ് മെയിൻ പരീക്ഷയ്ക്ക് മലയാളം ഓപ്ഷൻ എടുത്ത് തീവ്ര പരിശീലനം നടത്തുകയാണ് ലത്തീഷ.

രണ്ടുവർഷം മുൻപ് പാലാ സെൻറ് തോമസ് കോളേജിൽ ആയിരുന്നു സിവിൽ സർവീസിന് കോച്ചിങ്ങിന് പോയിരുന്നത്. എന്നാൽ ആദ്യത്തെ തവണ പരീക്ഷ സമയത്ത് ഒരു ശസ്ത്രക്രിയയ്ക്ക് വിധേയമാകേണ്ടി വന്നു. അടുത്ത തവണ ആകട്ടെ കടുത്ത ശ്വാസതടസ്സം മൂലം എഴുതാൻ സാധിച്ചില്ല. ഇത്തരം വെല്ലുവിളികൾ ഉണ്ടായിട്ടും പരീക്ഷയെഴുതിയേ തീരൂ എന്ന ദൃഢനിശ്ചയത്തോടെ ആയിരുന്നു മൂന്നാം തവണ ലത്തീഷ തിരുവനന്തപുരം എൽബിഎസ് എൻജിനീയറിങ് കോളേജിൽ പരീക്ഷയെഴുതാൻ എത്തിയത്. അമ്മയും വാപ്പയും ചേർന്ന് പ്രത്യേക വാഹനത്തിലാണ് തിരുവനന്തപുരത്ത് എത്തിച്ചത്.

സിവിൽ സർവീസ് ലഭിച്ചാൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനു വേണ്ടി ചിലതെല്ലാം പ്രവർത്തിക്കണമെന്ന് ലത്തീഷ ഉറപ്പിച്ചിട്ടുണ്ട്. “മാതാപിതാക്കൾക്ക് കൊണ്ടുപോകാൻ കഴിയാത്ത കുട്ടികൾ വിദ്യാഭ്യാസം പോലും ലഭിക്കാതെ മുന്നോട്ടു പോകേണ്ടി വരുന്ന അവസ്ഥ പലപ്പോഴും കണ്ടിട്ടുണ്ട്. അവസാനിപ്പിക്കാൻ എന്തു ചെയ്യാനാകുമെന്നാണ് ഞാൻ നോക്കുന്നത്. എന്നെപ്പോലെയുള്ള ധാരാളം കുട്ടികൾ ഇതേ വൈകല്യവുമായി ജീവിക്കുന്നുണ്ടെന്ന് ബോധ്യപ്പെടുത്തി ആത്മവിശ്വാസം പകർന്നു തന്നത് അമൃതവർഷിണി എന്ന സംഘടനയാണ്. തീർത്താൽ തീരാത്ത കടപ്പാട് ആണ് സംഘടനയോട് ഉള്ളത്.” ലത്തീഷ പറഞ്ഞു.

ലത്തീഷ സിവിൽ സർവീസ് പരീക്ഷ എഴുതി പത്രത്തിലും മറ്റു മാധ്യമങ്ങളിലും വാർത്ത വന്നതോടെ അംഗപരിമിതരായ മറ്റ് അനേകം കുട്ടികൾ തങ്ങൾക്കും പഠിച്ച് ഉയരണം എന്ന ആഗ്രഹവുമായി മുന്നോട്ടുവന്നിട്ടുണ്ട്. അവരെയൊക്കെ പ്രചോദിപ്പിക്കാൻ ലത്തീഷക്ക് ആകുന്നു എന്നതാണ് അവളുടെ ഏറ്റവും വലിയ നേട്ടം.” അമൃതവർഷിണി എന്ന സന്നദ്ധസംഘടനയെ നയിക്കുന്ന ലതാ നായർ പറഞ്ഞു.

ഒന്നാം ക്ലാസ് മുതൽ പ്ലസ്ടു വരെ വരെ എരുമേലി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ആയിരുന്നു ലത്തീഷയുടെ വിദ്യാഭ്യാസം. അവിടുത്തെ അധ്യാപകരും സുഹൃത്തുക്കളും ഇന്നും ലത്തീഷയോടൊപ്പം ഉണ്ട്. 80 ശതമാനത്തിലേറെ മാർക്കോടെയാണ് ആണ് എംഇഎസ് കോളേജ് എരുമേലിയിൽനിന്ന് ബികോം, എംകോം പാസായത്.

പഠന രംഗത്തെ മികവിനോടൊപ്പം തന്നെ സംഗീതരംഗത്തും ചിത്രരചന രംഗത്തും ലത്തീഷ മികവ് തെളിയിച്ചിട്ടുണ്ട്. വളരെ മനോഹരമായി കീബോർഡ് വായിക്കുന്ന ഈ പെൺകുട്ടി വിവിധ ചാനലുകളിലെ ഉൾപ്പെടെ ധാരാളം വേദികളിൽ തന്റെ മികവ് കാഴ്ചവച്ചിട്ടുണ്ട്. ലത്തീഷയുടെ വീട്ടിലേക്ക് കയറി ചെല്ലുന്ന ആരെയും ആകർഷിക്കുന്നത് മനോഹരമായ ഗ്ലാസ് പെയിൻറിംഗുകളാണ്. തന്റെ മനസ്സിലെ വർണ്ണക്കൂട്ടുകൾ അവൾ മിഴിവോടെ ചിത്രങ്ങളിൽ അവതരിപ്പിച്ചിരിക്കുന്നു.

സ്കൂളുകളിലും കോളേജുകളിലും മോട്ടിവേഷണൽ ടോക്ക് നടത്താനായി ലത്തീഷ പോകാറുണ്ട്. ആദ്യമായി കുട്ടികളോട് സംസാരിക്കാൻ ക്ഷണിക്കപ്പെട്ടത് നെടുങ്കണ്ടം എംഇഎസ് കോളേജിലേക്ക് ആയിരുന്നു. ആ അനുഭവം ലത്തീഷ ഓർക്കുന്നത് ഇങ്ങനെ “കുട്ടികളോട് ആശയവിനിമയം നടത്താൻ കഴിഞ്ഞത് വലിയ ഒരു അനുഭവമായിരുന്നു. അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞു മണിക്കൂറുകൾ കടന്നു പോയത് അറിഞ്ഞതേയില്ല. അവർക്ക് ഞാനൊരു പ്രചോദനമായിരുന്നു എന്നു പറയുമ്പോഴും എനിക്ക് അവരും വലിയ പ്രചോദനമാണ് നൽകിയത് എന്നതാണ് സത്യം. തുടർന്ന് മറ്റു സ്ഥലങ്ങളിലേക്ക് പോകാൻ എനിക്ക് ആത്മവിശ്വാസം നൽകിയത് അവിടുത്തെ അനുഭവമായിരുന്നു.”

സിവിൽ സർവീസ് എഴുതിയ വാർത്ത മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചതിന് തൊട്ടുപിന്നാലെ തിരുവനന്തപുരത്തെ തക്ഷശില സിവിൽ സർവീസ് അക്കാദമിയിൽ നിന്ന് വന്ന ഫോൺ കോളിന്റെ ആഹ്ലാദത്തിലാണ് ലത്തീഷ ഇപ്പോൾ. അവൾക്കു മാത്രമല്ല ഭിന്നശേഷിക്കാർക്ക് എല്ലാവർക്കും സൗജന്യമായി പരിശീലനവും പഠന സാമഗ്രികളും നൽകാമെന്ന വാഗ്ദാനം അവർ മുന്നോട്ടു വെച്ചിരിക്കുന്നു. ശ്രീറാം വെങ്കിട്ടരാമൻ ഉൾപ്പെടെയുള്ള പ്രഗത്ഭരുടെ നിര ക്ലാസെടുക്കാൻ ഉണ്ടാവും എന്നത് അവളെ തെല്ലൊന്നുമല്ല സന്തോഷിപ്പിക്കുന്നത്.

കഴിയുന്നത്ര തന്‍റെ കാര്യങ്ങൾ സ്വതന്ത്രമായി ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ലത്തീഷ പ്രിലിംസ് പരീക്ഷ ഒഎംആർ ആയതുകൊണ്ടുതന്നെ സ്ക്രൈബിനെ പോലും വെക്കേണ്ടി വന്നില്ല എന്ന സന്തോഷത്തിലാണ്. മെയിന്‍ പരീക്ഷയും തന്നെ കൊണ്ട് തന്നെ എഴുതാൻ സാധിക്കുമെന്ന് ആത്മവിശ്വാസത്തിലാണ് ലത്തീഷ ഇപ്പോൾ.

എരുമേലി ബസ് സ്റ്റാൻഡിനു സമീപം ഹോട്ടൽ ബിസിനസ് നടത്തുന്ന അൻസാരി ജമീല ദമ്പതികളുടെ രണ്ടു പെൺമക്കളിൽ ഇളയവളാണ് ലത്തീഷ. താൻ ആഗ്രഹിക്കുന്ന എല്ലായിടത്തും എന്നെ കൊണ്ടെത്തിക്കുന്ന ഉമ്മയും വാപ്പയും ആണ് തന്റെ ഊർജ്ജസ്രോതസ്സ് എന്ന് ലത്തീഷ പറയുന്നു. “എന്നെ അവർക്ക് കിട്ടിയ നിധി ആയി കരുതി ഏത് സാഹചര്യവും തരണം ചെയ്യാൻ പഠിപ്പിച്ച അവരുടെ അഭിമാനത്തിനൊത്ത് ഉയരാൻ വേണ്ടിയാണ് ഇന്ന് ഞാൻ കഠിനാധ്വാനം ചെയ്യുന്നത്. യാത്ര എനിക്ക് വളരെ പ്രിയപ്പെട്ട ഒന്നാണ്. എനിക്കിഷ്ടപ്പെട്ട സ്ഥലങ്ങളിലേക്ക് യാത്ര കൊണ്ടുപോകാൻ പോലും അവർ കാണിക്കുന്ന ശ്രദ്ധ അത്ര വലുതാണ്”, മാതാപിതാക്കളെ കുറിച്ച് പറയുമ്പോൾ ലത്തീഷയുടെ കണ്ണുനിറയുന്നു.

ശ്വാസംമുട്ടലിന് കാരണമായ പൾമണറി ഹൈപ്പർ ടെൻഷന് തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലെ ഡോക്ടർ സോഫിയയുടെ ചികിത്സയിലാണ് ഇപ്പോൾ. ഒരാഴ്ച കഴിക്കുന്ന ഗുളിക തന്നെ 1500 രൂപയിലധികം ചിലവാകും. ഒരു ഓക്സിജൻ സിലിണ്ടർ നിന്ന് ഒരു ദിവസം എട്ടു മണിക്കൂർ മാത്രമേ ശ്വസിക്കാൻ ആകൂ. മാസം 25000 രൂപയിലധികമാണ് ചികിത്സാചെലവ് മാത്രം. ചികിത്സയ്ക്ക് പുറത്തുനിന്ന് യാതൊരു സഹായവും ലഭിക്കുന്നില്ലെങ്കിലും എത്രയും വേഗം സ്വന്തമായൊരു പോർട്ടബിൾ ഓക്സിജൻ സിലിണ്ടർ കോട്ടയം കളക്ടർക്ക് നൽകിയ നിവേദനത്തിൻ പ്രകാരം അനുവദിച്ച കിട്ടുമെന്ന പ്രതീക്ഷയിലാണ് കുടുംബം. ചെറു സിലിണ്ടർ അനുവദിക്കാനുള്ള നടപടി പൂർത്തിയായെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതിനാൽ കുറച്ചു താമസം നേരിട്ടു എന്നും അതുകൊണ്ടാണ് പരീക്ഷ ആവശ്യത്തിനായി അടിയന്തരമായി നാഷണൽ ഹെൽത്ത് മിഷനോട് ഒരു ഓക്സിജൻ സിലിണ്ടർ എത്തിച്ചു നൽകാൻ നിർദ്ദേശിച്ചതെന്നും കോട്ടയം കളക്ടർ പി കെ സുധീർ ബാബു പറഞ്ഞു.

ഓക്സിജൻ സിലിണ്ടറിന്റെ സഹായത്തോടുകൂടി ശ്വസിച്ചു കൊണ്ടാണ് ആണ് അഴിമുഖത്തോട് സംസാരിച്ചെങ്കിലും പരിമിതികൾക്ക് തന്റെ സ്വപ്നങ്ങളെ തോൽപ്പിക്കാൻ ആവില്ല എന്ന് വാശിയിലാണ് ലത്തീഷ.

Read More: നിപ: സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

ജയശ്രീ ശ്രീനിവാസന്‍

ജയശ്രീ ശ്രീനിവാസന്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക. കാലടി ശ്രീശങ്കരാചാര്യ സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍