X

ആള്‍ദൈവം അസാറാമിനെ കുടുക്കിയ ആ ഒറ്റയാൻ

പാവപ്പെട്ട ആ കുടുംബത്തിന്റെ ചിരി ആയിരുന്നു തന്റെ ഫീസെന്ന് സോളങ്കി

കോടിക്കണക്കിന് ജനങ്ങൾക്കും എണ്ണം പറഞ്ഞ നിയമജ്ഞർക്കും മുന്നിൽ, ഇന്ത്യൻ നിയമ വ്യവസ്ഥയിൽ മാത്രം വിശ്വസിച്ച് നീതിക്കായി പോരാടിയ അഭിഭാഷകനെ എല്ലാവരും അടുത്തറിയണം. അസാറാം ബാപ്പു എന്ന ആൾ ദൈവ പ്രീതിക്കായി നിരന്നത് എണ്ണം പറഞ്ഞ 14 വക്കീന്മാരുടെ പട. ജഠ്മലാനി, സൽമാൻ ഖുർഷിദ്, സുബ്രഹ്മണ്യം സ്വാമി, ഉദയ് ലളിത് എന്നിങ്ങനെ പേരുകേട്ട ജഡ്ജിമാരും അഭിഭാഷകരും അസാറാമിനായി വാദിച്ചിട്ടുണ്ട്.

പക്ഷെ, പീഡനത്തിന് ഇരയായ ആ പെൺകുട്ടിക്കായി തുടക്കം മുതൽ ഒടുക്കം വരെ നിലകൊണ്ടത് പൂനം ചന്ദ് സോളങ്കി (Punam Chand Solanki) എന്ന മിടുക്കനായ അഭിഭാഷകനാണ്. ഒരു ഹിയറിംഗിന് 20 ലക്ഷം ഫീസ് വാങ്ങുന്ന, ഔഡി കാറിൽ കോടതി വരാന്തയിൽ വന്നിറങ്ങുന്ന പ്രതിഭാഗം അഭിഭാഷകർക്കിടയിലേക്ക് ഒരു സ്കൂട്ടറിൽ വന്നിറങ്ങുന്ന സാധാരണക്കാരന്റെ വക്കീൽ.

പ്രോസിക്യൂഷൻ അഭിഭാഷകന്റെ പേര് പുറത്തറിഞ്ഞത് മുതൽ കോടിക്കണക്കിന് രൂപയുടെ ഓഫറും കൂടാതെ പലതരം ശുപാർശകളും വന്നു പോയി. പക്ഷെ, സ്വയം പ്രഖ്യാപിത ആൾദൈവത്തിന്റെ ഈ വിലപേശലുകൾക്കൊന്നും അദ്ദേഹത്തെ മയക്കാനായില്ല.

റാം ജഠ്മലാനിയെയും സുബ്രഹ്മണ്യം സ്വാമിയെയും പോലെയുള്ള വമ്പന്മാർക്കിടയിൽ പിടിച്ചു നിൽക്കാമെന്ന ഉറച്ച തീരുമാനവും ആത്മവിശ്വാസവും മാത്രമായിരുന്നു കൈമുതൽ. അസാറാമിനെ കുറ്റക്കാരനെന്ന് കോടതി വിളിച്ചപ്പോൾ, പെൺകുട്ടിയുടെ വീട്ടുകാർക്ക് നീതി ലഭിച്ചപ്പോൾ, തന്റെ ജീവിതത്തിലെ ഏറ്റവും വലിയ മുഹൂർത്തമാണ് നേടിയതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

“അഴിമതിയും ക്രിമിനൽ സ്വഭാവവും ഒന്നിച്ച ഒരു കേസായിരുന്നു ഇത്. ഞാൻ കൂടുതൽ ആത്മാർത്ഥമായി ജോലി ചെയ്യേണ്ടത് അത്യാവശ്യമായിരുന്നു. ന്യായവും നീതിയും പഠിപ്പിച്ച എല്ലാ ഗുരുക്കന്മാർക്കും നന്ദി” വിധി പ്രസ്താവത്തിന് ശേഷം സോളങ്കിയുടെ വാക്കുകൾ.

പാവപ്പെട്ട ഈ കുടുംബത്തിനായി ഫീസ് വാങ്ങാതെയാണ് അദ്ദേഹം ഹാജരായത്. സത്യത്തിന് പൈസയേക്കാൾ മൂല്യമുണ്ടെന്നറിയുന്ന വ്യക്തിയാണ് സോളങ്കി. ഇ തേ കേസിനായി പ്രതിഭാഗം അഭിഭാഷകർ വാങ്ങിയതോ, ലക്ഷങ്ങൾ.

ആ കുടുംബത്തിന്റെ ചിരി ആയിരുന്നു തന്റെ ഫീസെന്ന് സോളങ്കി പറഞ്ഞു. രാജസ്ഥാൻ ഹൈക്കോടതിയിൽ അസാറാമിന്റെ ജാമ്യ ഹർജിയിന്മേലുള്ള വാദത്തിന് എത്തിയ ജഠ്മലാനിയെ മുഖാമുഖം കണ്ടതാണ് മറ്റൊരു മറക്കാനാകാത്ത സംഭവമെന്നും അദ്ദേഹം ഓർക്കുന്നു.

“എനിക്ക് പേടിയില്ലായിരുന്നു. നല്ല ആത്മവിശ്വാസവും. മറക്കില്ല ആ ദിവസം. 84 വയസുള്ള എന്റെ അച്ഛൻ ശിവ് റാമിന്റെ അന്നത്തെ ചിരിയായിരുന്നു വേറൊരു വലിയ സന്തോഷം. എനിക്ക് ജയം ഉറപ്പായിരുന്നു “.

രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടെ പ്രതീക്ഷയാണ് പുനം ചന്ദ് സൊലാൻകിയെ പോലുള്ള അഭിഭാഷകർ. ന്യായവും നീതിയും പണക്കൊഴുപ്പിന് അടിയറ വെക്കാത്തവർ.

This post was last modified on May 3, 2018 8:38 am

Related Post
Leave a Comment