X

എന്‍ഡിഎ സര്‍ക്കാരിന്റെ രണ്ടുവര്‍ഷം; പഴയ കണക്കുകള്‍ തീര്‍ക്കാന്‍ വെമ്പി നടക്കുന്ന ഒരു സംഘം

ടീം അഴിമുഖം / എഡിറ്റോറിയല്‍

അധികാരത്തോടുള്ള തീവ്ര അഭിനിവേശം കൊണ്ടുനടക്കുന്ന എല്ലാവരും മനസിലാക്കുന്നതില്‍ പരാജയപ്പെടുന്ന ഒരു കാര്യം അധികാരം ഒരു വിചിത്രമായ ജീവിയാണ് എന്നതാണ്. രാഷ്ട്രീയ കക്ഷികളും ഇതില്‍നിന്നും മുക്തരല്ല. കുറച്ചുദിവസങ്ങള്‍ക്കുളില്‍ ഭരണത്തിന്റെ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന മോദി സര്‍ക്കാരിനെ എങ്ങനെയാണ് വിലയിരുത്തുന്നത് എന്ന ചോദ്യം ചോദിക്കുമ്പോള്‍ ഇക്കാര്യം മനസിലുണ്ടാകണം.  

ആദ്യം രണ്ടാം വാര്‍ഷികത്തിന് മുമ്പുള്ള കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ ചില ചിത്രങ്ങള്‍ നോക്കാം. നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ചൂടിലും പൊടിയിലും ആകണ്ഠം മുങ്ങിയ പ്രധാനമന്ത്രി, കേരളത്തെ സൊമാലിയയോട് ഉപമിച്ച് വലിയ എതിര്‍പ്പ് ഏറ്റുവാങ്ങി. ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലും സമാനമായ ക്രിയ മോദി ചെയ്തിരുന്നു. അന്ന് നിതീഷ് കുമാറിന്റെ ഡി എന്‍ എയെ അപഹസിച്ച മോദി, എതിരാളികള്‍ക്ക് ബിഹാറി അഭിമാനത്തിന്റെ വെടിക്കോപ്പുകളാണ് നല്‍കിയത്. ഉത്തരാഖണ്ഡില്‍ സുപ്രീം കോടതി മേല്‍നോട്ടത്തില്‍ നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തിയതോടെ രാഷ്ട്രപതി ഭരണം പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍ നാണംകെട്ടു. പ്രതിപക്ഷ കക്ഷികളുടെ സംസ്ഥാന സര്‍ക്കാരുകളെ അട്ടിമറിക്കാനുള്ള കേന്ദ്രത്തിന്റെ മറ്റൊരു ശ്രമമായാണ് ഇതിനെ കുറ്റപ്പെടുത്തിയത്.

അഗസ്റ്റവെസ്റ്റ് ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടില്‍ അഴിമതി ആരോപിച്ച് പാര്‍ലമെന്റില്‍ കോണ്‍ഗ്രസിനെതിരെ ആക്രമണത്തിനിറങ്ങിയ മോദി സര്‍ക്കാര്‍ പക്ഷേ വാചകമടിയല്ലാതെ വേണ്ടത്ര ഗൃഹപാഠം ചെയ്തിരുന്നില്ല. ഈ ചിത്രങ്ങള്‍ ഏറെ കാര്യങ്ങള്‍ പറയുന്നുണ്ട്. അഴിമതി ആരോപണങ്ങളുടെ പെരുമഴയില്‍ കുളിച്ചുനിന്ന യു പി എ സര്‍ക്കാരിനെ കടപുഴക്കിക്കൊണ്ട് വലിയ പരിവര്‍ത്തനം ഉണ്ടാക്കും എന്ന വാഗ്ദാനവുമായാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് എന്നതിലാണ് പ്രശ്നം.

പോരാട്ടം കഴിഞ്ഞെന്നും ശത്രുതകള്‍ മാറ്റിവെക്കാറായെന്നും പ്രഖ്യാപിക്കാത്ത ഒരു കേന്ദ്രസര്‍ക്കാരിനെക്കുറിച്ചാണ് സംസാരിക്കേണ്ടിവരുന്നത്. രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ഇപ്പൊഴും 2014-ല്‍ത്തന്നെ നില്‍ക്കുകയാണ്. ശരിയാണ്, അധികാരത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ കോലാഹലകലുഷിതമായ ചില വാചകമടികള്‍ ഉണ്ടാകും. അത് അംഗീകരിക്കാവുന്നതാണ്.

ഒരു പരിധി വരെ ഈ രാജ്യത്തു എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ രാഷ്ട്രീയകക്ഷികള്‍ എല്ലായ്പ്പോഴും പോരാട്ടസജ്ജരായി ഇരിക്കുകയും വേണം. സര്‍ക്കാരും പ്രതിപക്ഷവും തമ്മിലുള്ള ആരോഗ്യകരമായ എതിര്‍പ്പ് സുശക്തമായ ജനാധിപത്യത്തിന്റെ ഘടകവുമാണ്. എന്നാല്‍ ബി ജെ പിയുടെ അവസാനിക്കാത്ത കലഹപ്രിയത അതിനുമപ്പുറം ചിലതാണ്. കേന്ദ്രം ഭരിക്കുന്ന കക്ഷി എന്ന നിലക്ക് അവര്‍ ചില നിര്‍ണായകമായ വേര്‍തിരിവുകള്‍ വെക്കേണ്ടതുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളുമായി ഏറ്റുമുട്ടുമ്പോഴും അതേസമയം തന്നെ പാര്‍ലമെന്റില്‍ സര്‍ക്കാര്‍ അജണ്ട മുന്നോട്ടുകൊണ്ടുപോകാന്‍ അവരുമായി സംഭാഷണങ്ങളില്‍ ഏര്‍പ്പെടുകയും വേണം. പ്രത്യേകിച്ചും സര്‍ക്കാരിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍. ഇത്തരത്തില്‍ ഒരു ആശയവിനിമയത്തിനോ അത്തരം നീക്കങ്ങള്‍ തുടരുന്നതിനോ കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും സൂചനകളൊന്നുമില്ല.

ഏത് വശത്തുനിന്ന് നോക്കിയാലും ‘കോണ്‍ഗ്രസ് മുക്തഭാരതം’ എന്ന മുദ്രാവാക്യത്തിന്റെ അകമ്പടിയോടെയാണ് മറ്റ് കക്ഷികളുമായുള്ള ഇടപെടലുകളും തങ്ങളുടെ തന്നെ അഭിപ്രായങ്ങളും അവര്‍ രൂപപ്പെടുത്തുന്നത്. എന്തിനേറെ, ഭരണഘടനാപരമായി ദുര്‍ബ്ബലമായ രീതിയില്‍പ്പോലും, ഉത്തരാഖണ്ഡില്‍ ചെയ്തപോലെ അതിനെ അവര്‍ മുന്നോട്ടുകൊണ്ടുപോകുന്നു. തന്റെ കക്ഷിയുടെ മുഖ്യപ്രചാരകനാകുക എന്ന ഭാരം പ്രധാനമന്ത്രി മോദി ഏറ്റെടുത്തിരിക്കുന്നു എന്നത് വാസ്തവമാണ്. എന്നാല്‍ സകലതും ആക്രമണത്തിലേക്ക് വലിച്ചിട്ട് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ അദ്ദേഹം പ്രകടിപ്പിക്കുന്ന ഈ തീവ്രത, സ്വന്തം കക്ഷിയുടെ മാത്രം നേതാവ് എന്ന നിലയില്‍ നിന്നും ഉയരേണ്ട പ്രധാനമന്ത്രിയുടെ പദവിക്കു പലപ്പോഴും ചേരുന്നില്ല എന്നു മോദിയും ബി ജെ പിയും ഓര്‍ക്കേണ്ടതുണ്ട്.

ഭരണത്തിലേറി രണ്ടു കൊല്ലത്തിന് ശേഷവും എന്തുകൊണ്ടാണ് തങ്ങള്‍ കോപാകുലരും അസംതൃപ്തരുമായി തോന്നിക്കുന്നത് എന്നു ബി ജെ പി സ്വയം ചോദിക്കണം – ഭൂതകാലത്തില്‍ നിന്നും കുടഞ്ഞെറിഞ്ഞുകൊണ്ട് ഒരു പുതിയ ഭാവിക്കായി വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയവരെ പോലെയല്ല, ധ്രുവീകരണം ഉണ്ടാക്കുന്ന, പഴയ കണക്കുകള്‍ തീര്‍ക്കാന്‍ വെമ്പി നടക്കുന്ന ഒരു സംഘം. ഭരണകക്ഷിക്ക് പോലും അധികാരം പ്രഹേളിക നിറഞ്ഞൊരു ജീവിയാണ്.  കോടിക്കണക്കിന് ഇന്ത്യക്കാരില്‍ അവര്‍ ഉണ്ടാക്കിയെടുത്ത പ്രതീക്ഷകള്‍ക്കൊത്ത് ഉയരണമെങ്കില്‍ അധികാരം നല്‍കുന്ന ഉത്തരവാദിത്തങ്ങളെ ശ്രദ്ധിച്ചേ മതിയാകൂ.

 

This post was last modified on May 17, 2016 1:47 pm