X

ഇരിക്കുന്നവർ എണീറ്റുനിന്നാൽ പൊതുശല്യം ഇല്ലാതാവുമോ?

കോഴിക്കോട് ജില്ലാ കളക്ടർക്ക് ഒരു തുറന്ന കത്ത്…

സാർ, ഞാനും ചില സുഹൃത്തുക്കളും കഴിഞ്ഞദിവസം (കൃത്യമായി പറഞ്ഞാൽ 9/7/2015 വ്യാഴാഴ്ച) കോഴിക്കോട് മാനഞ്ചിറയിലുള്ള പബ്ലിക് ലൈബ്രറിയുടെ ചങ്ങലയിട്ട സിമിന്റ് പടിമേലിരുന്ന് സംസാരിക്കുകയായിരുന്നു.ആ സമയത്ത് രണ്ട് പോലീസുകാർ അവിടേക്ക് വന്ന് അവിടെനിന്ന് എഴുന്നേറ്റ് പോകണമെന്ന് ആവശ്യപ്പെട്ടു. കാരണമന്വേഷിച്ചപ്പോൾ ലൈബ്രറി ശുദ്ധീകരണത്തിന്റെ ഭാഗമാണെന്നും കളക്ടറുടെ പ്രത്യേക ഉത്തരവുണ്ടെന്നും അവർ പറഞ്ഞു. എവിടെയിരിക്കും എന്ന ചോദ്യത്തിന്‌ ലൈബ്രറിയിലേക്ക് വന്നതാണെങ്കിൽ അകത്തിരിക്കാം അല്ലെങ്കിൽ മാനാഞ്ചിറയിലിരിക്കാം എന്ന മറുപടിയും കിട്ടി.

സാമൂഹിക വിരുദ്ധർ ലൈബ്രറി പരിസരത്ത് തമ്പടിച്ചിരിക്കുന്നു എന്നതാണ്‌ പ്രശ്നം എന്നു മനസ്സിലായി. കഴിഞ്ഞ ദിവസം ആർട്ട്ഗാലറി പരിസരത്തും പോലീസ് ഇതേവിധത്തിൽ പെരുമാറി എന്ന് അറിയാൻ കഴിഞ്ഞു.

സാർ, എന്റെ പരാതി ഇതാണ്‌. സമൂഹികവിരുദ്ധരായ ആളുകൾ നാട്ടിലെല്ലായിടത്തുമുണ്ടാവാം. പബ്ലിക് ലൈബ്രറി പരിസരത്തുണ്ടാവാം, ആർട്ട് ഗാലറി പരിസരത്തുണ്ടാവാം, മാനാഞ്ചിറ മൈതാനത്തുണ്ടാവാം, കളക്ടറേറ്റില്‍പോലും ഉണ്ടാവാം. അവരെ നിയന്ത്രിക്കുന്നതിനുപകരം അതിന്റെ പേരിൽ അവിടെയുള്ള ആളുകളെ മുഴുവൻ ഒഴിപ്പിക്കുന്നതോ എണീപ്പിക്കുന്നതോ എന്തടിസ്ഥാനത്തിലാണ്‌. ഇരിക്കുന്നവർ എണീറ്റുനിന്നാൽ പൊതുശല്യം ഇല്ലാതാവുമോ?

വീട്ടിലിരിക്കാൻ സ്ഥലമില്ലാഞ്ഞിട്ടല്ല സാർ (അങ്ങിനേയുമുണ്ടാവാം) ആളുകൾ പൊതുവഴിയിലേക്കിറങ്ങുന്നത്…മാനാഞ്ചിറയിലോ മിഠായിത്തെരുവിലോ ഇരിക്കുന്നതുപോലെയല്ല സാർ ലൈബ്രറിക്കുമുന്നിലോ ആർട്ട് ഗാലറിക്കുമുന്നിലോ ഇരിക്കുന്നത്.

ഒരു നിമിഷം വായിച്ച പുസ്തകങ്ങളെക്കുറിച്ചും കണ്ട കലാസൃഷ്ടികളെക്കുറിച്ചും ഒന്നാലോചിച്ചുനോക്കൂ. മനുഷ്യർക്ക് കൂടിയിരിക്കാനും കുശലം പറയാനുംകൂടിയല്ലെങ്കിൽ ലക്ഷങ്ങൾ ചിലവഴിച്ച ഈ കെട്ടിടങ്ങൾകൊണ്ട് എന്ത് പ്രയോജനമാണു സാർ ഉള്ളത്.

കുറേ വർഷങ്ങൾക്ക് മുൻപ് ഞാനാദ്യമായി ഈ ലൈബ്രറിയുടെ മുന്നിൽ വന്നപ്പോൾ അതിന്റെ സിമിന്റ് പടവുകൾ ചങ്ങലയിട്ട് ബന്ധിച്ചിരിക്കുന്നത് കണ്ട് അതിശയിച്ചിട്ടുണ്ട്. അകത്തെ പുസ്തകങ്ങളും പുറത്തെ ചങ്ങലയും തമ്മിലുള്ള വൈരുദ്ധ്യമോർത്ത്.

സാർ, താങ്കളുടെ ഉദ്ദേശ്യശുദ്ധിയെ ഞാൻ മാനിക്കുന്നു. എന്തെങ്കിലും നവീകരണം താങ്കൾ ആത്മാർഥമായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആ ചങ്ങലകളറുത്തുമാറ്റി അവിടെ കുറേ സിമിന്റ് ബഞ്ചുകൾ സ്ഥാപിക്കൂ. എന്നിട്ടുവേണമെങ്കിൽ അവിടെ ഒരു പോലീസുകാരനേയുമിരുത്തിക്കൊള്ളൂ…പുസ്തകങ്ങളുടെ കാറ്റും വെളിച്ചവും എല്ലാവരുടെ ഉള്ളിലും നിറയട്ടേ…

(പ്രശസ്ത ഫോട്ടോഗ്രാഫറും ക്രൈം നമ്പര്‍ 89ന്റ്റെ ഛായാഗ്രാഹകരില്‍ ഒരാളുമായ പ്രതാപ് ജോസഫിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്)

This post was last modified on July 12, 2015 11:44 am

Related Post
Leave a Comment