X

സൈബര്‍ മേഖലയിലെ വിദഗ്ധര്‍ക്ക്‌ ഗള്‍ഫ് മേഖലയില്‍ വന്‍ തൊഴില്‍ അവസരങ്ങള്‍

നെറ്റ്‌വര്‍ക്ക് എഞ്ചിനീയര്‍മാര്‍, സൈബര്‍ സുരക്ഷ വിദഗ്ധര്‍ എന്നിവര്‍ക്കുള്ള ആവശ്യം വര്‍ദ്ധിച്ചുവരികയാണ്

യുഎസിലെയും  ഓസ്‌ട്രേലിയയിലെയും വിദഗ്ധ തൊഴിലാളി വിസ നിയമങ്ങള്‍ കര്‍ശനമാക്കുന്നത് ഇന്ത്യന്‍ ഐടി വിദഗ്ധരെ പ്രതികൂലമായി ബാധിക്കും എന്ന ആശങ്ക നിലനില്‍ക്കുന്നതിനിടയില്‍ ഇപ്പോള്‍ യുഎഇയില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ പ്രതീക്ഷ നിര്‍ഭരമാണ്. ദുബായ് കമ്പനികളില്‍ ഐടി വിദഗ്ധര്‍ക്കായി ധാരാളം ഒഴിവുകള്‍ വരുന്നുണ്ടെന്നു കമ്പനികള്‍ ഒഴിവുകള്‍ നികത്തുന്നതിനായി മത്സരിക്കുകയാണെന്നും ഗള്‍ഫ് ടാലന്റ് ചൊവ്വാഴ്ച പുറത്തിറക്കിയ പുതിയ പഠനത്തില്‍ പറയുന്നു.

എന്നാല്‍, ഏതെങ്കിലും ഐടി ബിരുദ്ധം നേടിയിട്ട് കാര്യമില്ലന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. സൈബര്‍ സുരക്ഷയിലും സ്മാര്‍ട്ട്‌ഫോണ്‍ ആപ്പുകള്‍ വികസിപ്പിക്കുന്നതിലും വൈദഗ്ധ്യമുള്ളവര്‍ക്കാണ് കൂടുതല്‍ അവസരങ്ങള്‍ തുറുന്നുവരുന്നത്. നെറ്റ്‌വര്‍ക്ക് എഞ്ചിനീയര്‍മാര്‍, സൈബര്‍ സുരക്ഷ വിദഗ്ധര്‍ എന്നിവര്‍ക്കുള്ള ആവശ്യം വര്‍ദ്ധിച്ചുവരികയാണ്. സൈബര്‍ സുരക്ഷ വിദഗ്ധര്‍ക്കുള്ള ആവശ്യം 2012-ലെ നാല് ശതമാനത്തില്‍ നിന്നും 2017-ല്‍ ഒമ്പത് ശതമാനമായി വര്‍ദ്ധിച്ചതായി പഠനം വെളിപ്പെടുത്തുന്നു.

നെറ്റ്‌വര്‍ക്ക് എഞ്ചിനീയര്‍മാര്‍ക്കുള്ള അവസരങ്ങള്‍ ഇതേ കാലയളവില്‍ ആറ് ശതമാനത്തില്‍ നിന്നും 13 ശതമാനമായി വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഡെവലപ്പേഴ്‌സിന്റെ ഒഴിവുകളില്‍ വലിയ കുതിച്ചുചാട്ടമാണ് സംഭവിച്ചിരിക്കുന്നത്. 2012 പൂജ്യം ശതമാനമായിരുന്നു ഇവര്‍ക്കുള്ള ആവശ്യമെങ്കില്‍ 2017-ല്‍ അത് 20 ശതമാനമായി വര്‍ദ്ധിച്ചു. എന്നാല്‍ മുന്‍പരിചയമുള്ളവരെയാണ് 97 ശതമാനം തൊഴില്‍ദാതാക്കള്‍ക്കും പ്രിയം. വെറും മൂന്ന് ശതമാനം കമ്പനികള്‍ മാത്രമാണ് മുന്‍പരിചയമില്ലാത്തവര്‍ക്ക് അവസരം നല്‍കുന്നത്.

ഏതെങ്കിലും സര്‍വകലാശാലയില്‍ നിന്നുള്ള അംഗീകൃത ബിരുദം അനിവാര്യമാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ മൊബൈല്‍ ഉപയോഗത്തില്‍ വന്ന കുതിച്ചുചാട്ടവും കമ്പനിയുടെ വെബ്‌സൈറ്റുകള്‍ തുടര്‍ച്ചയായി ഹാക്ക് ചെയ്യപ്പെടുന്നതും വെബ് സാങ്കേതികവിദ്യകളില്‍ ഉണ്ടായിട്ടുള്ള മുന്നേറ്റവുമാണ് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടാന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

അതിസൂക്ഷമ വിവരങ്ങള്‍ സൂക്ഷിക്കപ്പെടുന്ന ബാങ്കുകള്‍, വ്യോമയാന സ്ഥാപനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ സൈബര്‍ സുരക്ഷ ഉറപ്പാക്കണമെന്ന യുഎഇ സര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശവും സൈബര്‍ സുരക്ഷ മേഖലയിലെ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ആവശ്യം വേണ്ട ഐടി തസ്തികകളിലെ ഒഴിവുകള്‍ നികത്താന്‍ കമ്പനികള്‍ തയ്യാറാവുന്നുണ്ടോ എന്ന ചോദ്യവും ഉയര്‍ന്നുവരുന്നുണ്ടെന്ന് ഗള്‍ഫ് ന്യൂസ് പറയുന്നു.

സൈബര്‍ സുരക്ഷയില്‍ നിക്ഷേപങ്ങള്‍ നടത്താന്‍ തയ്യാറാവാത്തതിനാല്‍ മിക്ക കമ്പനികളും ഭീഷണിയുടെ നിഴലിലാണെന്ന് ഐടി വിദഗ്ധര്‍ തന്നെ ചൂണ്ടിക്കാണിക്കുന്നു. ക്ലൗഡ് സാങ്കേതികവിദ്യയില്‍ പരിചയമുള്ളവര്‍ക്കും ധാരാളം അവസരങ്ങള്‍ തുറന്നുവരുന്നുണ്ട്. കൂടാതെ നിര്‍മ്മാണ, ഉല്‍പാദന, കണ്‍സള്‍ട്ടന്‍സി, ഉപദേശക മേഖലകളില്‍ 2017ല്‍ കമ്പനികള്‍ കൂടുതലായി നിയമനങ്ങള്‍ നടത്തുമെന്നാണ് ചില വിദഗ്ധരുടെ നിഗമനം.

ഇതിനിടെ സൗദി അറേബ്യയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ഭീമന്‍ സൗരോര്‍ജ്ജ പദ്ധതി ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കഴിഞ്ഞ മാസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പദ്ധതിയിലൂടെ 2020 ആകുമ്പോഴേക്കും 7,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് കണക്ക്. ഇതില്‍ 30 ശതമാനം തൊഴിലുകള്‍ സ്വദേശികള്‍ക്കായി നീക്കിവെയ്ക്കണമെന്ന നിഷ്‌കര്‍ഷ ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. എന്നിരുന്നാല്‍ പോലും ഇന്ത്യ പോലെയുള്ള രാജ്യങ്ങളിലെ വിദഗ്ധര്‍ക്ക് ഇത് വലിയ അവസരമാവും തുറന്ന് നല്‍കുക. ചുരുക്കത്തില്‍ വിദഗ്ധ തൊഴിലാളികളായ പ്രവാസികള്‍ക്ക് ഗള്‍ഫ് മേഖലയില്‍ നിന്നും പ്രതീക്ഷാനിര്‍ഭരമായ വാര്‍ത്തകള്‍ തന്നെയാണ് പുറത്തുവരുന്നത്.