X

മയക്കുമരുന്ന് കേസ്; കുവൈറ്റ് സര്‍ക്കാര്‍ നാട് കടത്തിയത് 770 പേരെ

നിലവില്‍ 1650 ആളുകള്‍ കേസില്‍ കോടതി നടപടികള്‍ നേരിടുന്നുണ്ട്

കഴിഞ്ഞ വര്‍ഷം മയക്കുമരുന്ന് കേസില്‍പ്പെട്ട 770 പേരെ നാടുകടത്തിയതായി കുവൈറ്റ് സര്‍ക്കാര്‍. രാജ്യത്ത് അമിത അളവില്‍ മയക്കുമരുന്ന് ഉപയോഗിച്ചതു മൂലം 109 പേര്‍ മരിച്ചെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷം കുവൈത്തില്‍ നിന്ന് 20 ലക്ഷം മയക്കുമരുന്ന് ഗുളികകളും ഒന്നേകാല്‍ ടണ്‍ അനധികൃത മരുന്നുകളും പിടിച്ചെടുത്തന്നാണ് ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ കേസുകളില്‍ 770 വിദേശികളെ നാടുകടത്തി. 35 പേര്‍ക്ക് രാജ്യത്ത് പ്രവേശിക്കാനുള്ള അനുമതി റദ്ദാക്കിയിട്ടുണ്ട്. നിലവില്‍ 1650 ആളുകള്‍ കേസില്‍ കോടതി നടപടികള്‍ നേരിടുന്നുണ്ട്. ഇതില്‍ 60 പേര്‍ 18 വയസിന് താഴെ പ്രായമുള്ളവരാണ്.

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് ഉപയോഗം വര്‍ദ്ധിക്കുന്നതായും രാജ്യത്തെ 18.6 ശതമാനം വിദ്യാര്‍ത്ഥികളും ഏതെങ്കിലും തരത്തില്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അമിതമായ മയക്കുമരുന്ന് ഉപയോഗം മൂലം കഴിഞ്ഞ വര്‍ഷം 109 പേരും ഈ വര്‍ഷം ആദ്യ 6 മാസത്തിനിടെ 40 പേരും മരിച്ചു. കര, വ്യോമ, കടല്‍ മാര്‍ഗങ്ങളിലൂടെയും കുവൈറ്റില്‍ മയക്കുമരുന്ന് എത്തുന്നതായും അധികൃതര്‍ അറിയിച്ചു.

This post was last modified on August 14, 2019 2:43 pm