X

സൗദിയില്‍ ഓണ്‍ലൈന്‍ ബാങ്കിങ്ങ് സംവിധാനങ്ങളും എടിഎം പണമിടപാടുകളും നടത്തുന്ന ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ്

രാജ്യത്തെ ബാങ്കിങ്ങ് ഇന്‍ഫര്‍മേഷന്‍ ആന്റ് അവയര്‍നെസ് കമ്മിറ്റിയാണ് സുരക്ഷാ മുന്നറിയിപ്പുമായി ഉപഭോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ അയക്കുന്നത്.

സൗദിഅറേബ്യയില്‍ ഇന്റര്‍നെറ്റ് ബാങ്കിങ്ങ് ഓണ്‍ലൈന്‍ വ്യാപാരങ്ങളില്‍ തട്ടിപ്പുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി ബാങ്കുകള്‍ രംഗത്തെത്തി. രാജ്യത്തെ ബാങ്കിങ്ങ് ഇന്‍ഫര്‍മേഷന്‍ ആന്റ് അവയര്‍നെസ് കമ്മിറ്റിയാണ് സുരക്ഷാ മുന്നറിയിപ്പുമായി ഉപഭോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ അയക്കുന്നത്. ഓണ്‍ലൈന്‍ ബാങ്കിങ്ങ് സംവിധാനം ഉപയോഗിക്കുമ്പോഴും എ.ടി.എം കാര്‍ഡുകള്‍ വഴി ഇടപാടുകള്‍ നടത്തുമ്പോഴും ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്‍കരുതലുകളാണ് അതോറിറ്റി ബോധവല്‍ക്കരണം വഴി ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്. ഇന്റര്‍നെറ്റ് ബാങ്കിങ്ങ് ഉപയോഗിക്കുന്നവര്‍ തങ്ങളുടെ ഓണ്‍ലൈന്‍ പാസ് വേഡ് ശക്തിപ്പെടുത്തുക. രഹസ്യ കോഡ് വിവരങ്ങള്‍ മറ്റുള്ളവരുമായി യാതൊരു വിധേനയും പങ്ക് വെക്കാതിരിക്കുക. പബ്ലിക് നെറ്റ് വര്‍ക്കുകളില്‍ ലോഗിന്‍ ചെയ്യാതിരിക്കുക. രഹസ്യ വിവരങ്ങള്‍ സ്വകാര്യ ഇലക്ടോണിക്സുകളില്‍ സേവ് ചെയ്യാതിരിക്കുക. ലോഗിന്‍ ചെയ്യുന്ന ഉപകരണങ്ങളില്‍ മതിയായ ആന്റി വൈറസുകള്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തുക. ആഴ്ചയില്‍ ഒരു തവണയെങ്കിലും അകൗണ്ട് വൈരിഫൈ ചെയ്യുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ഉറപ്പ് വരുത്താന്‍ നിര്‍ദ്ദേശിക്കുന്നതാണ് ബാങ്കിങ്ങ് അതോറിറ്റിയുടെ സന്ദേശം.

എടിഎം കാര്‍ഡുകള്‍ വഴി ഇടപാടുകള്‍ നടത്തുന്നവര്‍ ശക്തമായ പിന്‍ നമ്പര്‍ ഉപയോഗിക്കുക. ഏറ്റവും ചെറിയ തുകയാണെങ്കിലും ഓ.ടി.പി നിര്‍ബന്ധമാക്കുക. കാര്‍ഡ് വിവരങ്ങള്‍ വെബ്സൈറ്റില്‍ സേവ് ചെയ്യാതിരിക്കുക. എ.ടി.എം കാര്‍ഡിന്റെ കോപ്പി എടുക്കാന്‍ ആരെയും അനുവദിക്കാതിരിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളടങ്ങുന്നതാണ് എ.ടി.എം ഉപഭോക്താക്കല്‍ക്കുള്ള സന്ദേശം. മൊബൈലുകളിലും ഈമെയിലുകളിലും ലഭിക്കുന്ന വ്യാജ സന്ദേശങ്ങള്‍ തിരിച്ചറിയണമെന്നും ഔദ്യോഗിക വിവരങ്ങള്‍ ബാങ്കുകളില്‍ നേരിട്ട് മാത്രമെ കൈമറാവു എന്നും അധികൃതര്‍ അറിയിച്ചു.

This post was last modified on August 31, 2019 3:27 pm